തെരുവിലെ മുഖങ്ങള്‍ കാന്‍വാസിലാക്കി സതീഷ്
text_fieldsജോലിഭാരത്താല്‍ വീര്‍പ്പുമുട്ടുന്ന പ്രവാസികളുടെ മുഖത്ത് ഒരിത്തിരിനേരമെങ്കിലും പുഞ്ചിരി വിടരാന്‍ താന്‍ കാരണമായെങ്കില്‍, അത് നല്കുന്ന സംതൃപ്തിയും സന്തോഷവും വേറെയൊന്നുമില്ല. സതീഷ് കാവിലകത്ത്, തന്റെ കലാമികവിനെ ജീവിതത്തിലേക്ക് ചേര്‍ത്തുവയ്ക്കുന്ന വാചകങ്ങളാണിത്. 'ബി സ്മൈല്‍ വിത്ത് ആര്‍ട്ട്' എന്നാണ് തന്റെ വരകള്‍ക്ക് സതീഷ് നല്‍കിയിരിക്കുന്ന പേര്.
അബൂദബിയിലെ ജോലിത്തിരക്കിനിടെ യാത്രകളിലും മറ്റുമായി തെരുവുകളില്‍ കണ്മുന്നിലെത്തുന്ന ജീവിതങ്ങളെ പകര്‍ത്തുന്നതാണ് രീതി. സ്ട്രീറ്റ് ലൈവ് ഡ്രോയിങ് എന്നും പേരും നല്കി. പുറത്തേക്കു പോകുമ്പോള്‍ എപ്പോഴും ബുക്കും പെന്‍സിലും കൈയില്‍ കരുതിയിട്ടുണ്ടാവും. വരക്കാന്‍ കാമ്പുള്ളത് എന്നു കണ്ടാല്‍ അവര്‍ അറിയാതെ വീഡിയോയും ഫോട്ടോസും പകര്‍ത്തും.
മറ്റുള്ളവര്‍ അറിയാതെ ചിത്രങ്ങള്‍ പകര്‍ത്തുന്നത് ശിക്ഷാര്‍ഹമാണ് എന്നതിനാല്‍, പരാതികളോ നടപടികളോ ഉണ്ടാവില്ല എന്ന് ബോധ്യമുള്ളവരെ മാത്രമേ വരകള്‍ക്കായി തിരഞ്ഞെടുക്കാറുള്ളൂ. പകര്‍ത്തുന്ന ചിത്രങ്ങള്‍, അവര്‍ കണ്മുന്നില് നിന്നു മറയും മുമ്പുതന്നെ വരച്ച് പൂര്‍ത്തിയാക്കി, സര്‍പ്രൈസായി സമര്‍പ്പിക്കും. തന്റെ ചിത്രം വരച്ച് കൈയില്‍ കിട്ടുമ്പോഴുണ്ടാവുന്ന ആ സന്തോഷമാണ് സതീഷിന്റെ സംതൃപ്തി.
അതു തന്നെയാണ് സ്ട്രീറ്റ് ഡ്രോയിങ് തുടരാനുള്ള പ്രചോദനവും. അധികംപേരും ഏറെ വൈകാരികമായിട്ടാവും തങ്ങളുടെ സന്തോഷവും സ്നേഹവും പ്രകടിപ്പിക്കാറ്, ചിലര്‍ കെട്ടിപ്പിടിക്കും. സ്ട്രീറ്റ് ഡ്രോയിങ്ങിന്റെ ഫോട്ടോസും വീഡിയോസുമൊക്കെ സമൂഹ മാധ്യമത്തില്‍ ഇടുമ്പോഴും ഏറെ പിന്തുണയും പ്രോല്‍സാഹനവുമാണ് ലഭിക്കാറ്.
ഇനിയും ഒരുപാട് പേരുടെ സന്തോഷത്തിന് കാരണമാവണമെന്നും അതിനാല്‍ തന്നെ തെരുവിലെ വര തുടരണമെന്നുമാണ് സതീഷിന്റെ ആഗ്രഹം. കോഫി പൗഡര്‍ ഉപയോഗിച്ചും ചിത്രങ്ങള്‍ വരയ്ക്കുന്നതില്‍ സമര്‍ഥനാണ് സതീഷ്. കോഫി പൗഡര്‍, പെന്‍സില്‍, വാട്ടര്‍ കളര്‍, അക്രലിക് എന്നീ മാധ്യമങ്ങള്‍ മുഖേന ചിത്രങ്ങള്‍ വരയ്ക്കാറുണ്ട്. എന്നാല്‍, കോഫി പൗഡര്‍, പെന്‍സില്‍ ഡ്രോയിങ്ങുമാണ് ഓര്‍ഡറുകളായി അധികവും എത്താറ്.
ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍, ശൈഖ് മുഹമ്മദ് ബിന്‍ റാശിദ്, ശൈഖ് ഖലീഫ, യോശുദാസ്, കെ.എസ്. ചിത്ര തുടങ്ങിവരുടെ ചിത്രങ്ങള്‍ കോഫി പൗഡറില്‍ ഏറെ സുന്ദരമായി സതീഷ് ഒരുക്കിയിട്ടുണ്ട്. മൂത്ത സഹോദരന് രാജനാണ് ചിത്രരചനയില്‍ പ്രോല്സാഹനമായത്.
മലപ്പുറം വൈലത്തൂര്‍ സ്വദേശിയായ സതീഷ് 12 വര്‍ഷമായി അബൂദബിയിലെ കമ്പനിയില്‍ ലാബ് ജീവനക്കാരനാണ്. ഭാര്യ ഷിന്‍സി. അലന്, ആരോണ്‍ മക്കളാണ്. അത്താണിക്കല്‍ ചിലവില്‍ എ.എം.എല്‍.പി. സ്കൂള്‍ എല്‍.കെ.ജി വിദ്യാര്‍ഥിയായ അലനും അച്ഛന്റെ പാത പിന്തുടര്ന്ന് ചിത്ര രചന തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.