അന്നം തരുന്ന രാജ്യത്തിന് അരിമണി കൊണ്ട് ചിത്രമെഴുതി ഷാജിത്തിെൻറ ആദരം
text_fieldsറിയാദ്: അന്നം തരുന്ന രാജ്യത്തോട് ആദരവ് പ്രകടിപ്പിക്കാൻ അരിമണികളാൽ രാഷ്ട്ര നേതാക്കളുടെ ചിത്രം വരഞ്ഞ് മലയാളി ചിത്രകാരൻ. ആധുനിക സൗദി അറേബ്യയുടെ സ്ഥാപകനായ അബ്ദുൽ അസീസ് രാജാവ്, ഭരണാധികാരി സൽമാൻ രാജാവ്, കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ എന്നിവരുടെ ചിത്രം അരിമണികൾ കൊണ്ട് വിസ്മയം തീർത്തത് റിയാദിൽ പ്രവാസിയായ കണ്ണൂർ മേലെ ചൊവ്വ സ്വദേശി ഷാജിത്ത് നാരായണനാണ്.
സൗദി ദേശീയദിനാഘോഷങ്ങളിൽ തേൻറയും പങ്ക് എന്ന നിലയിലാണ് പച്ച പ്രതലത്തിൽ വെള്ള അരിമണികൾ കൊണ്ട് അത്ഭുത ചിത്രം രചിച്ചത്. ഏകദേശം അഞ്ച് മണിക്കൂർ കൊണ്ടാണ് ഇത് ചിത്രീകരിച്ചത്. അരിമണികൾ പച്ച നിറത്തിലുള്ള ബോർഡിൽ സൂക്ഷ്മതയോടെ അണി നിരത്തി മൂന്ന് നേതാക്കളുടെയും രൂപം വരഞ്ഞെടുക്കുകയായിരുന്നു. സൗദിയിലെ പ്രമുഖ റസ്റ്റോറൻറ് ശൃംഖല ഗ്രൂപ്പായ 'കുഡു'വിൽ ഗ്രാഫിക് ഡിസൈനറായ ഷാജിത്ത് 29 വർഷമായി പ്രവാസിയാണ്. സൗദി ദേശീയ ദിനത്തോടനുബന്ധിച്ചു ഏതു മീഡിയം ഉപയോഗിച്ച് ചിത്രം വരക്കണമെന്ന് ചിന്തിച്ചപ്പോഴാണ് അരി എന്ന ആശയം മനസ്സിലുദിച്ചത്. ലോകത്തിെൻറ നാനാദിക്കുകളിൽ നിന്നെത്തിയ തൊഴിലന്വേഷകർക്ക് അഭയം നൽകുക വഴി അന്നം പ്രദാനം ചെയ്യുന്ന രാജ്യമെന്ന നിലയിൽ ആദരവ് പ്രകടിപ്പിക്കാൻ ഏറ്റവും ഉചിതമായ മീഡിയം അരിയാണെന്ന് തെരഞ്ഞെടുക്കുകയായിരുന്നു.
വിശേഷ ദിവസങ്ങളിൽ ഇതിനു മുമ്പും വ്യത്യസ്ത രീതിയിലുള്ള കലാസൃഷ്ടികൾ രചിച്ചിട്ടുണ്ട്. കലാഭവൻ മണിയുടെ പാട്ടുകളുടെ വരികൾ എഴുതി അദ്ദേഹത്തിെൻറ ഛായാചിത്രം വരച്ചത് ഏറെ ജനശ്രദ്ധ നേടിയിരുന്നു.
ചെറുപ്പം മുതൽ ചിത്രം വരക്കാറുണ്ടായിരുന്നു. ചിത്രരചന പഠിച്ചിട്ടില്ല. സ്വയം പരിശീലിച്ചും മറ്റുള്ളവർ ചെയ്യുന്നത് മനസിലാക്കിയുമാണ് വരച്ചു തുടങ്ങിയത്. അക്രിലിക്, ഓയിൽ കളർ, വാട്ടർ കളർ, സോഫ്റ്റ് പാസ്റ്റൽ, പെൻസിൽ, ഡോട്ട് ഡ്രോയിങ് തുടങ്ങി വ്യത്യസ്ത മീഡിയം ഉപയോഗിച്ച് വരക്കാനാണ് താൽപര്യം. മിക്ക ചിത്രങ്ങൾക്കും നല്ല പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. വർഷങ്ങളായി റിയാദിൽ കുടുംബത്തോടൊപ്പം താമസിക്കുകയാണ് ഷാജിത്ത്. ഷൈജയാണ് ഭാര്യ. മക്കൾ: അശ്വിൻ, ഐശ്വര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.