സഞ്ചാരി അഭിനയത്തിലൂടെ ചിന്താവിഷ്ടയായ സീത
text_fieldsപാലക്കാട്: ‘സുതർ മാമുനിയോടയോധ്യയിൽ ഗതരായോരളവന്നൊരന്തിയിൽ അതിചിന്ത വഹിച്ചു സീത പോയ് സ്ഥിതി ചെയ്താളുടജാന്തവാടിയിൽ...’കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത എന്ന ഖണ്ഡകാവ്യത്തെ മോഹിനിയാട്ടത്തിലൂടെ വേദിയിലാവിഷ്കരിച്ചപ്പോൾ കാണികൾക്ക് അത് പുത്തനനുഭവമായിരുന്നു. മട്ടന്നൂർ പഴശ്ശി എൻ.എസ്.എസ് കോളജിലെ മലയാള അധ്യാപികയും നർത്തികയുമായ ഡോ. സുമിത നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വരലയ സംഗീതോത്സവ വേദിയിൽ ചിന്താവിഷ്ടയായ സീതയുടെ മോഹിനിയാട്ടവുമായി എത്തിയത്.
അധികാരശക്തികളെ ചോദ്യം ചെയ്യുന്ന സീതയെ സഞ്ചാരി അഭിനയത്തിലൂടെ വേദിയിൽ ആവിഷ്കരിക്കുകയാണെന്നും, ഞാൻ കേവലം പാവയല്ലെന്നും ഒരു സ്ത്രീയാണെന്നും പറയുന്ന സീതയെ അവതരിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് സുമിത നായർ പറഞ്ഞു. പദാനുപദങ്ങളുടെ അർഥങ്ങൾക്ക് പ്രധാന്യം കൊടുക്കുന്നതോടൊപ്പംതന്നെ സംവേദനം ചെയ്യപ്പെടാൻ സഞ്ചാരി അഭിനയത്തിന് വലിയ സാധ്യതകളുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
കവിതയിലെ പ്രധാനപ്പെട്ട 15 ശ്ലോകങ്ങളാണ് എടുത്തിട്ടുള്ളത്. സംഗീതം പകർന്നത് വയലാർ രാജേന്ദ്രനാണ്. പാടിയത് വിജീഷ് കൃഷ്ണയാണ്. മൃദംഗം ചാരുദത്തും ഇടക്ക അജിത്ത് കുമാറുമാണ്. രംഗശ്രീ പുരസ്കാരം, നാട്യരത്നം അവാർഡ്, കലരത്ന അവാർഡ്, സ്ത്രീശക്തി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. പത്മശ്രീ കലാമണ്ഡലം ക്ഷേമാവതിയാണ് സുമിത നായരുടെ ഗുരു. ബാങ്ക് ഉദ്യോഗസ്ഥനായ ഭർത്താവ് രാജീവും ഏകമകനായ ശ്രീവിഷ്ണുവും പിന്തുണവുമായി കൂടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.