സംസ്ഥാന നാടകപ്രതിഭ പുരസ്കാരം ശശി നീലേശ്വരത്തിന്
text_fieldsനീലേശ്വരം: എ. ശാന്തകുമാറിന്റെ സ്മരണക്ക് നാടക് സംസ്ഥാന കമ്മറ്റി ഏർപ്പെടുത്തിയ രണ്ടാമത് നാടക പ്രതിഭ പുരസ്കാരം നടനും സംവിധായക നുമായ വി. ശശി നീലേശ്വരത്തിന്. ഗ്രാമീണ നാടക വേദിയെ ശക്തിപ്പെടുത്താൻ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന വി. ശശി മലബാറിലെ നാടക രംഗത്തെ സജീവ സാന്നിധ്യമാണ്. കേരള സംഗീത നാടക അക്കാദമി അവാർഡുകൾ ഉൾപ്പെടെ നേടിയ ശ്രദ്ധേയമായ നിരവധി നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
1993ലെ കേരള സംഗീത നാടക അക്കാദമി അവാർഡ് നേടിയ ‘മരമീടൻ’ സംവിധാനം ചെയ്തു. നാടകത്തിന്റെ രീതിശാസ്ത്രത്തെ മാറ്റിയെഴുതിയ ഏകലവ്യൻ, മാനസാന്തരത്തിന്റെ ബാക്കിപത്രം, ആശാസദനത്തിലെ അന്തേവാസികൾ എന്നീ നാടകങ്ങൾ സംസ്ഥാന സ്ക്കൂൾ കലോൽസവത്തിൽ സമ്മാനം നേടിയിരുന്നു, കോഴിക്കോട് സർവകലാശാല എ സോൺ, ഇന്റർസോൺ കലോത്സവങ്ങളിൽ അവതരിപ്പിച്ച സർപ്പ, പാക്കനാർ സൂക്തം എന്നീ നാടകങ്ങൾ എ ഗ്രേഡ് നേടി. കേരളത്തിലുടനീളം തെരുവുനാടകത്തിന് പുതിയ ഭാഷ്യം തീർത്ത കൂകിപ്പായും തീവണ്ടി, അമേച്വർ നാടക മത്സരത്തിൽ പുരസ്കാരം നേടിയ ബൊളീവിയ, സക്കറാം, മരങ്ങൾ, വെള്ളപ്പൊക്കം, ശേഷം, ശ്വാസം, വാണിഭം, പെൺവിളക്ക്, ഹൃദയത്തിലേക്കൊരു ചക്രം തുടങ്ങി നിരവധി നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. മെഫസ്റ്റോഫിലിസ്, തീയ്യാട്ട്, റിസറക്ഷൻ തുടങ്ങിയ നാടകങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്.
കേരളത്തിൽ റീഡിംഗ് തീയേറ്റർ എന്ന പുതിയ ആശയത്തിന് തുടക്കംകുറിച്ചത് വി. ശശിയാണ്. ഈഡിപ്പസ്, ദൂത് എന്നീ നാടകങ്ങൾ നിരവധി വേദികളിൽ അവതരിപ്പിച്ചു.
കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ പയ്യന്നൂരിൽ നടക്കുന്ന നാടകത്തിന്റെ പണിപ്പുരയിലാണ്. പി.ജെ. ഉണ്ണികൃഷ്ണൻ, ഇ.ജെ. ജോസഫ്, പി. രഘുനാഥൻ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. 25000 രൂപയും ശിൽപ്പവും പ്രശസ്തി പത്രവും ജൂൺ 16ന് കോഴിക്കോട് ടൗൺ ഹാളിൽവെച്ച് സമ്മാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.