കഥ: ഗ്രൂപ് അഡ്മിൻ
text_fieldsഗ്രൂപ് അഡ്മിൻ
ഓഫിസിലെ പല ഡിപ്പാർട്മെൻറിൽ ഉള്ളവരും ചേർന്ന് അവരവരുടെ വകുപ്പുകളുടെ കാര്യങ്ങൾ ഔദ്യോഗികമായി കൈകാര്യംചെയ്യുന്നതിന് വാട്സ്ആപ് ഗ്രൂപ്പുണ്ട്. ഇതറിഞ്ഞതു മുതൽ വാച്ച്മാൻ ഗംഗാധരന് ഒരാഗ്രഹം, ഓഫിസിലെ എല്ലാവരെയും ചേർത്ത് ഒരു വാട്സ്ആപ് ഗ്രൂപ് വേണം. പക്ഷഭേദം പാടില്ല. മാനേജർ മുതൽ ഓഫിസ് ബോയ് വരെ എല്ലാവരുമുള്ള ഒരു വാട്സ്ആപ് ഗ്രൂപ്. ഒഫീഷ്യലായ കാര്യങ്ങൾ മാത്രമല്ല, അൽപസ്വൽപം തമാശകളും പോസ്റ്റ് ചെയ്യാം.
പക്ഷേ, നിർബന്ധമായും പോസ്റ്റ് ചെയ്യുന്ന ഓരോ വിഡിയോക്കും ഫോട്ടോക്കും താഴെ അടിക്കുറിപ്പ് നിർബന്ധമാണ്. ആവർത്തനവിരസത ഉണ്ടാക്കുന്ന രീതിയിൽ മെസേജ് അയക്കരുത്, വ്യക്തിഹത്യ ഗ്രൂപ്പിൽ അരുത്, മതവും രാഷ്ട്രീയവും ഗ്രൂപ്പിൽ ചർച്ചചെയ്യാൻ പാടില്ല, അങ്ങനെ ഒരുപാട് നിബന്ധനകളോടുകൂടി ഗംഗാധരൻ ഒരു ഗ്രൂപ് ഉണ്ടാക്കി. ആർക്കും എതിരഭിപ്രായമില്ല എന്നു മാത്രമല്ല, ചിലരൊക്കെ പ്രശംസിക്കുകകൂടി ചെയ്തതോടെ ഗംഗാധരൻ താൻ ചെയ്ത കാര്യം ഓർത്ത് അഭിമാനപുളകിതനായി. ബാത്റൂമിലെ കണ്ണാടിക്കു മുന്നിൽ നിന്ന് വലിയൊരു ഓഫിസിലെ വാട്സ്ആപ് ഗ്രൂപ്പിന്റെ പ്രധാന അഡ്മിൻ എന്ന നിലയിൽ അഭിമാനംകൊണ്ടു. അതിന്റെ സന്തോഷത്തിൽ ഒരു സെൽഫികൂടി പാസാക്കി. അടുത്തകാലത്ത് ഇത്ര തനിമയോടെ ചിരിച്ച ഒരു സെൽഫി അയാൾക്ക് എടുക്കാൻ സാധിച്ചിരുന്നില്ല.
ഗ്രൂപ് തുറന്നതിന്റെ ആവേശത്തിൽ മെസേജുകളുടെ പ്രവാഹമായിരുന്നു ആദ്യ രണ്ടു നാളുകളിൽ. പതിയെ മറ്റു ഗ്രൂപ്പുകളുടെ അതേ അവസ്ഥതന്നെ ഈ ഗ്രൂപ്പിനും പിടിപെട്ടു. വല്ലപ്പോഴും ആരെങ്കിലും പോസ്റ്റ് ചെയ്യുന്ന ഗുഡ് മോണിങ്, ഗുഡ് നൈറ്റ് അല്ലാതെ മറ്റൊരു മെസേജും ആ ഗ്രൂപ്പിലേക്ക് വരാതായതോടെ ഗംഗാധരൻ അതീവദുഃഖിതനായി. ഗ്രൂപ്പിനെ ഇങ്ങനെ ഉറങ്ങാൻ സമ്മതിക്കരുത്, എന്തെങ്കിലും ചെയ്തേ പറ്റൂ... എന്തുചെയ്യാൻ പറ്റും, ഗംഗാധരൻ പല പൊടിക്കൈകളും പ്രയോഗിച്ചിട്ടും ആവേശകരമായ ഒരു ചലനവും ഗ്രൂപ്പിന് ഇല്ലാതായതോടെ ഗംഗാധരന്റെ നിരാശ വർധിച്ചു. ഓഫിസിന് കാവലിരിക്കുന്നതിനേക്കാൾ കൂടുതൽ സമയം അയാൾ ഗ്രൂപ്പിന്റെ ചലനത്തിനുവേണ്ടി ചെലവഴിച്ചിട്ടും ഒരു മാറ്റവും ഇല്ലാതായതോടെ
തന്റെ ദുഃഖം ഭാര്യയുമായി പങ്കുവെച്ചു. ‘ഇതാണോ മനുഷ്യാ ഇത്രയും വലിയ കാര്യം? നാളെ ഡ്യൂട്ടിക്ക് പോകുമ്പോൾ നിങ്ങൾ നിങ്ങളുടെ ടോർച്ച് കൊണ്ടുപോകേണ്ട. പകരം നിങ്ങളുടെ ടോർച്ച് കാണാനില്ല, ആരെങ്കിലും കണ്ടവരുണ്ടോ എന്ന് ചോദിച്ചു ഗ്രൂപ്പിൽ ഒരു മെസേജ് അയക്കൂ...’ കൊള്ളാം അതാവുമ്പോൾ ഒഫീഷ്യലുമാണ്. എവിടെ വെച്ചാണ്, എപ്പോഴാണ്, കിട്ടിയോ തുടങ്ങിയ ചെറിയ ചെറിയ അന്വേഷണങ്ങളോട് പ്രതികരിച്ച് ഗ്രൂപ്പിൽ ചെറിയൊരു അനക്കം സൃഷ്ടിക്കാം. അവസാനം വീട്ടിൽ വെച്ച് മറന്നതാണെന്ന കാര്യം പറയുന്നതോടെ പ്രശ്നം തീരുകയും ചെയ്യും. ഐഡിയ കൊള്ളാം. പെൺബുദ്ധി പിൻ ബുദ്ധി എന്ന് പറഞ്ഞവനെ കുറ്റപ്പെടുത്തിക്കൊണ്ട് തന്റെ ഭാര്യയെയോർത്ത് അയാൾ അഭിമാനംകൊണ്ടു.
പിന്നെ അൽപംപോലും താമസിച്ചില്ല, ഗ്രൂപ്പിലേക്ക് ടോർച്ച് കാണാതായ വിവരം പറഞ്ഞ് ഒരു മെസേജ് അറിയിച്ചു. എന്നാൽ, അയാളുടെ പ്രതീക്ഷകളെ ആകെ തകിടംമറിച്ചുകൊണ്ട് ഗ്രൂപ്പിൽ അതിനുശേഷം ഒറ്റ മെസേജ് മാത്രമേ വന്നുള്ളൂ! ‘സ്വന്തം ടോർച്ച് പോലും സൂക്ഷിക്കാൻ അറിയാത്ത നിങ്ങൾ എങ്ങനെ നമ്മുടെ ഓഫിസിന് കാവൽ നിൽക്കും? നിങ്ങളുടെ ജോലിയിലെ കാര്യക്ഷമത ഇതോടെ കമ്പനിക്ക് ബോധ്യമായി. ഇനി താങ്കളുടെ സേവനം കമ്പനിക്കാവശ്യമില്ല.’ ഇംഗ്ലീഷിലുള്ള ആ മെസേജ് വായിച്ചതോടെ ഗംഗാധരൻ തലകറങ്ങിവീണു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.