പഠിച്ചത് എൻജിനീയറിങ്; പാഷനും ജോലിയും ചിത്രകല
text_fieldsതിരുവനന്തപുരം: പഠനവിഷയത്തിൽ നിന്നുമാറി തങ്ങളുടേതായ കർമമേഖലകൾ കണ്ടെത്തി വിസ്മയം തീർക്കുകയാണ് ഈ ചെറുപ്പക്കാർ. ചിത്രകല പഠിച്ചിട്ടേ ഇല്ലാത്ത രണ്ട് ചിത്രകാരന്മാരാണിവർ. മെക്കാനിക്കൽ എൻജിനീയറിങിൽ പോളി ഡിേപ്ലാമയും വെൽഡിങ്ങിൽ ഐ.ടി.ഐയും പൂർത്തിയാക്കിയ രണ്ടുപേർ ഇന്ന് തിരക്കേറിയ ‘വാൾ ആർട്ടിസ്റ്റു’കളാണ്.
തിരുവനന്തപുരം മലയം സ്വദേശി ഉത്തമരാജും (31), നെയ്യാറ്റിൻകര ചെങ്കൽ സ്വദേശി വിനിൽ ചന്ദ്രനുമാണ് (27) ഇവർ. നഗരത്തിലെ ബേക്കറി ജങ്ഷൻ മേൽപാലത്തിന്റെ അഞ്ച് തൂണുകളിൽ മനോഹര ഇലസ്ട്രേഷനുകൾ വരച്ചാണ് ഇവർ ശ്രദ്ധേയരാകുന്നത്.
നിർമിത കേന്ദ്രക്ക് വേണ്ടി അവർ നൽകിയ മാതൃകയാണ് ഇവർ പത്ത് ദിവസമെടുത്ത് പൂർത്തിയാക്കിയത്. എമൽഷൻ പെയിന്റ് ഉപയോഗിച്ച് നീല, പീച്ച്, പച്ച, മഞ്ഞ, തുടങ്ങി നിറങ്ങളുടെ വിവിധ നിറവൈവിധ്യങ്ങളാണ് ഒാരോ തൂണുകളിലും ഉപയോഗിച്ചത്. നേരത്തേ കൊച്ചിൻ മെട്രോ, തിരുവനന്തപുരം കലക്ടറേറ്റ് എന്നീ പൊതുഇടങ്ങളിൽ മ്യൂറൽ പെയിന്റിങ് പൂർത്തിയാക്കിയിട്ടുണ്ട്.
രണ്ടുപേർക്കും പാഷനാണ് ചിത്രകല. അക്കാദമികായി പഠിച്ചില്ലെങ്കിലും ഉത്തമരാജിന് കുട്ടിക്കാലം മുതലേ വിവിധ ചിത്രകലാ മത്സരങ്ങളിലും സ്കൂൾ മേളകളിലും പങ്കെടുത്ത് സമ്മാനങ്ങൾ നേടാനായിട്ടുണ്ട്. വാർത്താ ഏജൻസിയായ പി.ടി.ഐയിൽ ജീവനക്കാരനായിരുന്ന അച്ഛൻ ഉണ്ണിക്കൃഷ്ണൻ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.
എന്നാൽ വിനിലിന്റെ സ്ഥിതി മറിച്ചാണ്. ഇതുവരെ ഒരുമത്സരത്തിലും പങ്കെടുത്തിട്ടില്ല. കാരണം ചോദിച്ചാൽ കൂലിപ്പണിക്കാരനായ അച്ഛനും അമ്മക്കും അക്കാര്യമൊന്നും അറിയില്ലായിരുന്നു എന്ന് നിഷ്കളങ്കമായി ചിരിക്കും. വ്ലാത്തങ്കര സ്വർഗാരോപിത മാത ദേവാലയത്തിൽ നിന്ന് താനാണ് വിനിലിനെ കണ്ടെത്തിയതെന്ന് ഉത്തമരാജ് പറയുന്നു. പൂൽക്കൂട് ഒരുക്കാൻ പള്ളിയിലെത്തിയപ്പോൾ ഉത്തമരാജ് സമീപത്ത് ഒട്ടകത്തിന്റെ മാതൃക നിർമിക്കുന്ന െചറുപ്പക്കാരനെ കണ്ടു.
‘പോരുന്നോ എന്റെ കൂടെ’ എന്ന് ചോദിച്ച് കൂടെ കുട്ടിയതാണ്. ചാനലുകളിലും സിനിമകളിലും ആർട്ട് വർക്കുമായി പ്രവർത്തിക്കുന്നുണ്ട് വിനിൽ ഇന്ന്. ഉത്തമരാജ് ചുമർ ചിത്രകലക്കൊപ്പം നൃത്തസംഘങ്ങൾക്കും മറ്റും ആവശ്യമായ സെറ്റ് തയാറാക്കുന്നു. സമയലഭ്യതക്ക് അനുസരിച്ച് ഇരുവരും ക്രാഫ്റ്റിലും ചിത്രകലയിലും കുട്ടികൾക്ക് പരിശീലനവും നൽകുന്നുണ്ട്. ഈ തിരക്കിനിടയിലും ഫാഷൻ ഡിസൈനിങ് പഠിക്കാനും വിനിൽ ചന്ദ്രൻ സമയം കണ്ടെത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.