നിറങ്ങളിൽ ചാലിച്ച തെയ്യക്കോലങ്ങൾ
text_fieldsമഹാമാരി മനുഷ്യരെ മുൾമുനയിൽ നിർത്തിയപ്പോൾ, 'കോവിഡിനെ വെട്ടാൻ കാർട്ടൂൺ' എന്ന പരമ്പരയിൽ ഒട്ടനവധി ബോധവത്കരണ സന്ദേശങ്ങൾ ചിത്രീകരിച്ച് ജനശ്രദ്ധ നേടിയ മനോജ് മത്തശ്ശേരിൽ. ചുവപ്പും മഞ്ഞയും കലർന്ന തെയ്യക്കോലങ്ങളുടെ 62 ജലച്ചായ ചിത്രങ്ങളൊരുക്കി ശ്രദ്ധനേടുകയാണ് ഇപ്പോൾ അദ്ദേഹം. ആദ്യമായാണ് ഇത്രയധികം തെയ്യങ്ങളെ ഒരു കലാകാരൻ കാൻവാസിൽ ആവിഷ്കരിക്കുന്നത്. "സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ അംഗീകാരമുള്ള 27 അനുഷ്ഠാന കലകളിൽ ഏറ്റവും പ്രശസ്തമായ അവതരണമാണ് തെയ്യാട്ടം, അല്ലെങ്കിൽ കളിയാട്ടം. അവയിൽ ഏറ്റവും പ്രചാരത്തിലുള്ള തെയ്യങ്ങൾക്കാണ് ഞാൻ ഭാവം നൽകിയത്" -മനോജ് പറഞ്ഞുതുടങ്ങുന്നു.
കഠിനമായ ആത്മീയ ധ്യാനം
കലാജീവിതത്തിൽ ഇതുവരെ അനുഭവിച്ചിട്ടില്ലാത്തൊരു വെല്ലുവിളിയാണ് തെയ്യങ്ങളെ വരക്കേണ്ടിവന്നപ്പോൾ നേരിട്ടത്. ഓരോ തെയ്യവും രൂപകൽപന ചെയ്തത് തുടർച്ചയായ പിരിമുറുക്കങ്ങൾക്കൊടുവിലായിരുന്നു. ഓരോ കഥാപാത്രത്തിനു പിറകിലും ഒരു കഥയുണ്ട്. ആ കഥ ഉൾക്കൊണ്ടാൽ മാത്രമേ അവയുടെ തനതായ സ്വരൂപം കാൻവാസിൽ കൊണ്ടുവരാൻ കഴിയൂ. മനോഹരമാണെങ്കിലും, പെട്ടെന്ന് പിടികിട്ടാത്തതാണ് തെയ്യങ്ങളുടെ മുഖഭാവങ്ങൾ. പണിപ്പുരയിൽ കൂനിപ്പിടിച്ചിരുന്ന് തെയ്യങ്ങൾ ദൃശ്യവത്കരിച്ച ആ കാലയളവ് കഠിനമായ ഒരു ആത്മീയ ധ്യാനത്തിനു സമാനമായിരുന്നു.
എഴുത്തുകാരൻ സജീവൻ മൊകേരി രചിച്ച 'തെയ്യം തിറ കഥകൾ' എന്ന പുസ്തകമാണ് തെയ്യങ്ങളെ മനസ്സിലേറ്റാൻ കൂടെ നിന്നത്. കളിയാട്ടം കാണാനും അത് കാമറയിൽ പകർത്താനും പോകാറുണ്ടായിരുന്നത് ഗുണം ചെയ്തു. തെയ്യങ്ങളുടെ ഫോട്ടോകളും പുസ്തകങ്ങളും ഉപകരിച്ചു. എന്നിട്ടും മിനിയേച്ചർ ഡീറ്റെയിലിങ് വഴങ്ങാതെ നിലകൊണ്ടു. ഗ്രന്ഥകർത്താവ് പലതും സൂക്ഷ്മമായി വിവരിച്ചുതന്നു. യഥാർഥത്തിൽ, അദ്ദേഹമാണ് തെയ്യ സങ്കൽപങ്ങളുടെ ഉള്ളറകൾ തുറന്നുതന്നത്.
തെയ്യങ്ങൾക്ക് കണ്ണുകളിലാണ് ഭാവസാന്ദ്രത നൽകേണ്ടിയിരുന്നത്. അതിനാൽ ചുവർചിത്ര രചനയിലുള്ള മുൻപരിചയം തെയ്യം വരകൾക്ക് മുതൽക്കൂട്ടായി. വിവരശേഖരണങ്ങൾക്കും രൂപ സാക്ഷാത്കാര ചർച്ചകൾക്കും, വരക്കാനെടുത്തതിനേക്കാൾ കൂടുതൽ സമയമെടുത്തു. വാമൊഴിയേക്കാൾ മികവുറ്റതായിരിക്കണം വരമൊഴി എന്നതായിരുന്നു ഉദ്ദേശ്യം.
ചുവപ്പും മഞ്ഞയും വർണങ്ങൾ
തെയ്യം വരകളുടെ പ്രാഥമിക നിറങ്ങൾ ചുവപ്പും മഞ്ഞയുമാണ്. ജ്വലിക്കുന്ന ചുവപ്പും ദൈവികഭാവം നൽകുന്ന മഞ്ഞയും ചേരുമ്പോൾ തെയ്യങ്ങൾ ഭാവസമ്പൂർണമാകുന്നു. കറുപ്പും വെളുപ്പും വേണ്ട വിധം കലർത്തിയാണ് കണ്ണുകളിലെ തീക്ഷ്ണഭാവം വെളിപ്പെടുത്തിയത്. കുരുത്തോലച്ചാർത്തണിഞ്ഞ മാരിത്തെയ്യം പോലെയുള്ളവ മഞ്ഞ-പച്ച നിറങ്ങളുടെ സംയോജനത്തിൽ വരക്കുമ്പോൾ, കുട്ടിച്ചാത്തൻ പോലെയുള്ളവയിൽ കറുപ്പാണ് മുന്തിനിൽക്കുന്ന നിറം. ചിലതിൽ മാത്രം ക്രിംസൺ റെഡ് ഉപയോഗിച്ചു. വെളുപ്പും അതിന്റെ ഷേഡുകളും ശ്രദ്ധാപൂർവം പ്രയോഗിച്ചാണ് വെള്ളിയാഭരണങ്ങൾ വരച്ചത്. മഞ്ഞയുടെ ഏറ്റക്കുറച്ചിലുകൾ ചിത്രങ്ങളിൽ ഉടനീളം തെളിഞ്ഞു കാണാം. വാട്ടർകളർ രചനയായതിനാൽ തിരുത്തലുകൾക്ക് അവസരമില്ല.
മുക്രി പോക്കർ അഭിമാനം
സർക്കാർ അംഗീകാരമുള്ള അനുഷ്ഠാന കലകളിൽ മാപ്പിളത്തെയ്യങ്ങളുടെ സ്ഥാനം ഒട്ടും പിറകിലല്ല. മുക്രി പോക്കർ തെയ്യവും ആലിത്തെയ്യവും ഉമ്മച്ചിത്തെയ്യവും ബീവിത്തെയ്യവും ബപ്പൂരിയൻ രൂപങ്ങളും ഉൾപ്പെടെ മാപ്പിളത്തെയ്യങ്ങൾ നിരവധിയാണ്. ഘടനയിലും പ്രമേയ സാക്ഷാത്കാരത്തിലും ഞാൻ നെഞ്ചോട് ചേർത്തുപിടിച്ച ഒരു സൃഷ്ടിയാണ് മുക്രി പോക്കർ. മുച്ചിലോട്ടമ്മയാണ് തെയ്യക്കോലങ്ങളിലെ സൗന്ദര്യത്തികവ്. ചന്തത്തിലും ആകാരസൗഷ്ഠവത്തിലും കേളൻകുളങ്ങര ഭഗവതിയും ചോന്നമ്മ ഭഗവതിയും ഒട്ടും പിറകിലായിരുന്നില്ല. പരംപൂജ്യനായ മുത്തപ്പനും കതിവനൂർ വീരനും പുലിമറഞ്ഞ തൊണ്ടച്ചനും തച്ചോളി ഒതേനനും പയ്യമ്പള്ളി ചന്തുവും ചേരമാൻ കെട്ടിൽ പടനായരും ആസ്വദിച്ചു വരച്ച മറ്റു തെയ്യങ്ങളാണ്.
കോവിഡിനെതിരെ സർഗ പ്രതിരോധം
2020 ജനുവരിയിൽ സംസ്ഥാനത്തെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തതു മുതൽ കോവിഡ് സുരക്ഷ
ബോധവത്കരണ കാർട്ടൂണുകൾ രൂപകൽപന ചെയ്തുതുടങ്ങി. ആക്ഷേപഹാസ്യ സ്വഭാവമുള്ള ഈ കലാരൂപം, ആദ്യമായാണ് ജാഗ്രത സന്ദേശം നൽകാൻ ഉപയോഗിച്ചത്. കേരള സർക്കാറിന്റെ കീഴിലുള്ള കാർട്ടൂൺ അക്കാദമിക്കു (കെ.സി.എ) വേണ്ടിയായിരുന്നു ദൗത്യം. സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള പാതയോരങ്ങളിലെ മതിലുകളിൽ സുരക്ഷാസന്ദേശങ്ങൾ ജനപ്രിയമായ കാർട്ടൂണുകളിലൂടെ വരച്ചിട്ടു. കോവിഡിന്റെ രൂക്ഷസ്വഭാവം മയപ്പെട്ടപ്പോഴാണ് തെയ്യവരകൾ ഏറ്റെടുത്തത്.
കാൻസർ ആശുപത്രികൾ, അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ മുതലായ ഇടങ്ങളിൽ സ്വന്തം നിലയിൽ പോയി അവർക്കുവേണ്ടി എന്തെങ്കിലും വരക്കാറുണ്ട്. ചുമർചിത്രകലാ ക്ലാസുകളും ചിത്രരചന വർക് ഷോപ്പുകളും നടത്തിവരുന്നു.
അംഗീകാരങ്ങൾ
മികച്ച കാർട്ടൂണിനുള്ള കേരള സംസ്ഥാന പുരസ്കാരം രണ്ടു തവണയും 'മാവേലി കണ്ട കേരളം' എന്ന ഇതിവൃത്തം ആവിഷ്കരിച്ച് സംസ്ഥാനതലത്തിൽ മറ്റൊരു മത്സരത്തിൽ ഒന്നാം സമ്മാനവും നേടിയിട്ടുണ്ട്. എറണാകുളം നഗരത്തിലുള്ള ചിറ്റൂരിലാണ് താമസം. പത്നി അനു സൗത്ത് ചിറ്റൂരിലെ എസ്.ബി.ഒ. എ പബ്ലിക് സ്കൂളിൽ അധ്യാപികയാണ്. മകൻ ഭരത് യു.എസ്.എയിൽ വിഷ്വൽ ഡിസൈനറായി ജോലിചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.