പിതാവിന്‍റെ വരകൾ കണ്ടു വളർന്നു; ഇതിഹാസ കഥാപാത്രങ്ങളുടെ ചിത്രങ്ങളുമായി അപ്പം രാഘവ
text_fieldsഹൈദരാബാദ്: തീക്ഷണമായ ചായത്തിൽ 'അജയ്യന്‍റെ കഥ' എന്ന തുടർ ചിത്രങ്ങളുമായി തെലങ്കാനയിലെ ചിത്രകാരനായ അപ്പം രാഘവ. ഹനുമാന്‍റെ ഭക്തിഭാവങ്ങളാണ് പരീക്ഷണാടിസ്ഥാനത്തിൽ കടുത്ത ചായക്കൂട്ടിൽ തീർത്തിരിക്കുന്നത്. ഹൈദരാബാദിൽ നടന്ന പ്രദർശനത്തിൽ ശില്പങ്ങൾ, ഇൻസ്റ്റലേഷനുകൾ, ഛായാചിത്രങ്ങൾ എന്നിവ ഉണ്ടായിരുന്നു.
അക്രിലിക് ചായം ചെയ്ത ഫൈബർ ഗ്ലാസിൽ തീർത്ത ഹനുമാന്‍റെ ശില്പം ബാല്യകാലം മുതൽ വിവരിക്കുന്നതാണ്. ബാല്യത്തിൽ സൂര്യനടുത്തേക്ക് ചാടിക്കയറിയത് മുതൽ മൃതസഞ്ജീവനിയുമായി വരുന്നതും, രാമനിൽ നിന്നും സീതയിൽ നിന്നും അനുഗ്രഹം വാങ്ങുന്നതുവരെ ഒരേ കാൻവാസിൽ നൃത്തതാളത്തിൽ അവതരിപ്പിച്ചിരിക്കുന്നു. ഹനുമാന്‍റെ സർവ ഭക്തിഭാവങ്ങളെല്ലാം രാഘവ കോറിയിട്ടിട്ടുണ്ട്.
ആദ്യ കാലത്ത് സമൂഹിക വിഷയങ്ങളായിരുന്നു, പിന്നീടാണ് ഇതിഹാസ കഥാപാത്രങ്ങളോട് താൽപര്യം തോന്നി തുടങ്ങിയതെന്ന് രാഘവ പറയുന്നു.
നാടകീയത സൃഷ്ടിക്കുന്ന നിറക്കൂട്ടുകളാണ് ചിത്രത്തിലുടനീളം ഉപയോഗിച്ചിരിക്കുന്നത്. രാമനും സീതയ്ക്കും പുറമെ, ലക്ഷ്മി ദേവിയുടെ ചിത്രങ്ങളും വരച്ചിട്ടുണ്ട്. ഫൈബർ ഗ്ലാസിലാണ് ഇവ വരച്ചിരിക്കുന്നത്. "ചുവപ്പ്, നീല, പച്ച നിറങ്ങളാണ് കൂടുതലായി ഉപയോഗിക്കുന്നത്. ഹനുമാന്‍റെ ചിത്രങ്ങളിലും ഭക്തി ഭാവം പ്രകടിപ്പിച്ചിരിക്കുന്നത് ചായങ്ങളുടെ കലർപ്പിലൂടെയാണ്. അവ ഇടകലർത്തി ഉപയോഗിക്കുന്നതാണ് തന്‍റെ ചിത്രകലയുടെ പ്രത്യേകത," രാഘവ പറയുന്നു.
തെലങ്കാനയിലെ അമങ്കൽ സ്വദേശിയാണ് രാഘവ. കുട്ടിക്കാലത്ത് അച്ഛൻ വരക്കുന്നതും ഗണേശ വിഗ്രഹങ്ങളുണ്ടാക്കുന്നതുമായിരുന്നു പ്രചോദനമായത്. ചില ചലച്ചിത്ര പോസ്റ്ററുകളോട് തോന്നിയ ഇഷ്ടവും ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഉന്നത വിദ്യാഭ്യാസം ഹൈദരബാദിലെ ജെ.എൻ.ടി.യു കോളജ് ഓഫ് ഫൈൻ ആർട്ട്സിൽ നിന്നുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.