താമരശ്ശേരി ഉപജില്ല സ്കൂൾ കലോത്സവം നാളെ തുടങ്ങും
text_fieldsതാമരശ്ശേരി: താമരശ്ശേരി ഉപജില്ല സ്കൂൾ കലോത്സവം ബുധൻ, വ്യാഴം ദിവസങ്ങളിൽ താമരശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലും കോരങ്ങാട് ജി.എൽ.പി സ്കൂളിലുമായി നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 11 വേദികളിലായി 3000ത്തിൽപരം കലാപ്രതിഭകൾ 285 മത്സരയിനങ്ങളിലായി മാറ്റുരക്കും. മേളയുടെ ഉദ്ഘാടനം ബുധനാഴ്ച രാവിലെ 10ന് എം.കെ. രാഘവൻ എം.പി നിർവഹിക്കും.
കൊടുവള്ളി നിയോജക മണ്ഡലം എം.എൽ.എ എം.കെ. മുനീർ മുഖ്യാതിഥിയാകും. വ്യാഴാഴ്ച വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത് അധ്യക്ഷത വഹിക്കും. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്റഫ് സമ്മാനദാനം നിർവഹിക്കും.
കോഴിക്കോട് ആർ.ഡി.ഡി സന്തോഷ് കുമാർ സർട്ടിഫിക്കറ്റ് വിതരണം നടത്തും. കലോത്സവത്തിന്റെ വിളംബരജാഥ ചൊവ്വാഴ്ച വൈകീട്ട് താമരശ്ശേരിയിൽ നടക്കും.
വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാനായ താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദുറഹ്മാൻ, ജനറൽ കൺവീനർ യു.ബി. മഞ്ജുള, താമരശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ടി. സതീഷ് കുമാർ, പി.ടി.എ പ്രസിഡന്റ് അഷ്റഫ് കോരങ്ങാട്, പബ്ലിസിറ്റി കൺവീനർ പി.പി. സാജിദ്, റിസപ്ഷൻ കമ്മിറ്റി കൺവീനർ കെ.കെ. മുനീർ, പ്രോഗ്രാം കൺവീനർ ബെർലി കെ. മാത്യൂസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.