കാക്കിക്കുള്ളിലെ കലാകാരൻ ഇനി കാലയവനികക്കുള്ളിൽ
text_fieldsപാലക്കാട്: കളിച്ചും ചിരിച്ചും സൗഹൃദത്തിന്റെ ഊഷ്മളത പരത്തി കാക്കിക്കുള്ളിലെ കലാകാരനായി നാടകത്തെ ജീവവായു പോലെ പ്രണയിച്ച പാലക്കാട്ടെ മുതിർന്ന നാടക അഭിനേതാവും ടാപ് നാടക വേദി വൈസ് പ്രസിഡന്റുമായ കെ.പി. ഹരി ഗോകുൽദാസ് ഇനി കാലയവനിക്കുള്ളിൽ.
വർഷങ്ങൾക്ക് മുമ്പ് പാലക്കാട് നഗര മധ്യത്തിലെ ഏറെ ജനത്തിരക്കുള്ള സുൽത്താൻപേട്ട ജങ്ഷനിൽ സദാസമയവും ട്രാഫിക് നിയന്ത്രിച്ചിരുന്ന പൊലീസുകാരനായ കെ.പി. ഹരിഗോകുൽദാസെന്ന നാടകക്കാരൻ പാലക്കാട്ടുകാർക്ക് പ്രിയങ്കരനായിരുന്നു. പൊലീസ് സേനയിൽനിന്ന് സബ് ഇൻസ്പെക്ടറായി വിരമിച്ച ഹരിഗോകുൽദാസ് അരനൂറ്റാണ്ട് പിന്നിടുന്ന ടാപ് നാടക വേദിയിൽ 2008ൽ അംഗമായതോടെ നാടകാഭിനയ ശാഖയിൽ സജീവ സാന്നിധ്യമാവുകയായിരുന്നു.
കേരള സംഗീത നാടക അക്കാദമിയുടെ നാടകയാത്രയുടെ ഭാഗമായി പാലക്കാട് ടാപ് നാടക വേദി 2012ൽ കേരളത്തിലെ വിവിധ ജില്ലകളിലായി 72 വേദികളിൽ അവതരിപ്പിച്ച കെ.എ. നന്ദജൻ സംവിധാനം ചെയ്ത വി.ടി. ഭട്ടതിരിപ്പാടിന്റെ അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് എന്ന നാടകത്തിലെ കാര്യസ്ഥന്റെ കഥാപാത്രം കെ.പി. ഹരി ഗോകുൽദാസിനെ ശ്രദ്ധേയനാക്കി.
2013ൽ ടാപ് നാടക വേദി അരങ്ങിലെത്തിച്ച കെ.എ. നന്ദജൻ സംവിധാനം ചെയ്ത ചെഗുവേര, 2017ൽ രവി തൈക്കാട് സംവിധാനം ചെയ്ത അഞ്ചു വിളക്ക് പറഞ്ഞ കഥ തുടങ്ങിയ നാടകങ്ങളിൽ ഹരി ഗോകുൽദാസ് അവതരിപ്പിച്ച പൊലീസ് ഓഫിസറുടെ കഥാപാത്രവും ഏറെ മികവുറ്റതായിരുന്നു.
ടാപ് നാടകവേദിയുടെ രംഗോത്സവത്തിൽ അരങ്ങിലെത്തിയ നാടകങ്ങളിലൊക്കെ വൈവിധ്യമാർന്ന കഥാപാത്രങ്ങൾക്കാണ് ഇദ്ദേഹം ജീവൻ നൽകിയത്. രംഗോത്സവത്തിന് തുടക്കം കുറിച്ച 2010ൽ അരങ്ങിലെത്തിയ എം. രാജഗോപാൽ സംവിധാനം ചെയ്ത ഒരു പിടി ചോറ്, സി.എച്ച്. അനിൽകുമാറിന്റെ ആനന്ദം (2011), ശ്രീറാംകല്പാത്തിയുടെ മറുപുറം (2012), പുത്തൂർ രവിയുടെ ഹൗസ് ഫോർ സെയിൽ (2013), രവി തൈക്കാടിന്റെ സൈരന്ധ്രിയിലേക്ക് ഒരു യാത്ര (2014) , പുത്തൂർ രവിയുടെ ഉമ്മു കുൽസുവിന്റെ വിശേഷം (2015) രവി തൈക്കാടിന്റെ ബ്ലാക്ക് വാഗൺ (2010), രാധാകൃഷ്ണൻ പള്ളത്തിന്റെ എ ഷോർട്ട് സ്റ്റോറി (2017), ബേബി ഗിരിജയുടെ ആത്മവാച്യം, അശോകൻ രാജീവന്റെ അംബ (2019 ), ബേബി ഗിരിജയുടെ കനൽ (2020) തുടങ്ങിയ നാടകങ്ങളിൽ മികവാർന്ന അഭിനയം കാഴ്ചവെച്ചു.
കഴിഞ്ഞ ആഗസ്റ്റ് 15ന് നടന്ന 13ാമത് ടാപ് ഗോത്സവത്തിൽ അരങ്ങിലെത്തിയ അജീഷ് മുണ്ടൂർ സംവിധാനം ചെയ്ത കൂട് എന്ന നാടകത്തിലാണ് ഹരി ഗോകുൽദാസ് അവസാനമായി അഭിനയിച്ചത്. ഈ നാടകത്തിലെ അൽഷെയ്മേഴ്സ് രോഗിയുടെ കഥാപാത്രത്തെ ഹരി ഗോകുൽദാസ് മിഴിവുറ്റതാക്കി.
1968ൽ ഹേമാംബിക ഹൈസ്കൂളിൽ പഠിക്കുമ്പോൾ മൂച്ചിപ്രാന്ത് എന്ന നാടകത്തിൽ അഭിനയിച്ചാണ് അഭിനയയാത്രക്ക് തുടക്കം കുറിച്ചത്. കോരപ്പൻ ദി ഗ്രേറ്റ്, ഉൾക്കൽ, വികല്പം തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.