പാഴ്ത്തടികളിൽ കരവിരുതിന്റെ മിഴിവ്; കഴിവ് തെളിയിച്ച് അഭിലാഷ്
text_fieldsപൂച്ചാക്കൽ: പാഴ്ത്തടിയിൽ ജീവൻ തുടിക്കുന്ന ശിൽപങ്ങൾ തീർക്കുന്നത് അഭിലാഷിന് ഒരു രസമാണ്. ഇത്രകാലവും സ്വകാര്യമായി നടത്തിവന്ന ഈ കലാസപര്യ അടുത്തിടെയാണ് നാട്ടുകാർ അറിഞ്ഞ് തുടങ്ങിയത്. പെരുമ്പളം പഞ്ചായത്ത് രണ്ടാം വാർഡ് കുറുഞ്ഞിക്കാട് പരേതനായ നാരായണന്റെയും സാവിത്രിയുടെയും മകനാണ് 43 കാരനായ അഭിലാഷ്. അവിവാഹിതനായ ഇദ്ദേഹം കൂലിപ്പണിക്കാരനാണ്. മൂന്നുമാസം മുമ്പ് ഔദ്യോഗിക ആവശ്യത്തിന് വാർഡ് മെംബർ പി.സി ജിബീഷ് അഭിലാഷിന്റെ വീട് സന്ദർശിച്ചപ്പോഴാണ് കലാരൂപങ്ങൾ കാണുന്നത്.
ചെറുപ്പം മുതൽ കരകൗശല വിദ്യകളോട് താൽപര്യം ഉണ്ടായിരുന്നു. ഉപേക്ഷിച്ചതോ ഉപയോഗശൂന്യമായതോ ആയ തടികളിലാണ് ശിൽപങ്ങൾ തീർക്കുന്നത്. ചെറിയൊരു ഇരുമ്പ് കമ്പിയുടെ അറ്റം മൂർച്ച വരുത്തിയതാണ് പ്രധാന ഉപകരണം. ചെറിയ ഉളിയും ചുറ്റികയും ഉപയോഗിക്കും. പഴയ വാതിൽ പലകയിൽ മയിൽ രൂപം, ഒറ്റ തടിയിൽ തീർത്ത വിവിധതരം മത്സ്യങ്ങൾ, മൂങ്ങ, പരുന്ത്, കോഴി, പാമ്പ്, മൊബൈൽ സ്റ്റാൻഡ്... ഇങ്ങനെ പോകുന്നു അഭിലാഷിന്റെ കരവിരുതുകൾ. വലിയൊരു തടി കിട്ടിയാൽ ആനയെ ഉണ്ടാക്കാൻ തയാറെടുത്തിരിക്കുകയാണ് ഈ കലാകാരൻ. ഒരു പരിശീലനവുമില്ലാതെയാണ് അഭിലാഷ് ശിൽപങ്ങൾ തീർക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.വി. ആശ ഇദ്ദേഹത്തെ സന്ദർശിച്ച് എല്ലാ പിന്തുണയും ഉറപ്പുനൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.