സാനു മാഷ് സമാനതകളില്ലാത്ത വ്യക്തിത്വത്തിന് ഉടമയാണെന്ന് മുഖ്യമന്ത്രി
text_fieldsപ്രഫ.എം.കെ സാനുവിന്റെ സമ്പൂര്‍ണ കൃതികള്‍ പ്രകാശനം ചെയ്തു
കൊച്ചി: സമാനതകളില്ലാത്ത വ്യക്തിത്വത്തിന് ഉടമയാണ് സാനുമാഷ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം ടൗണ്‍ഹാളില്‍ പ്രഫ.എം.കെ സാനുവിന്റെ സമ്പൂര്‍ണ കൃതികളുടെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സാനു മാഷിനെ പോലുള്ള മഹത് വ്യക്തികളുടെ ഊര്‍ജം വരുംകാലത്തിനായി സംഭരിച്ച് സൂക്ഷിച്ചു കൈമാറണം. ഇത്തരം ഒരു പ്രസിദ്ധീകരണത്തിന് മുന്‍കൈയെടുത്ത സമൂഹ് എന്ന കൂട്ടായ്മയെ അഭിനന്ദിക്കുന്നു. 100 വയസിനോടടുക്കുന്ന സാനുമാഷിന്റെ തെളിഞ്ഞ ചിന്തയും മൗലികമായ കണ്ടെത്തലുകളുമാണ് അദ്ദേഹത്തെ സമൂഹത്തില്‍ ഉയര്‍ത്തിനിര്‍ത്തുന്നത്.
സമൂഹത്തിനെ നവീകരിക്കുന്ന നിലപാടുകളും ജീവിത മുഹൂര്‍ത്തങ്ങളുമാണ് മാഷിന്റെ സമ്പൂര്‍ണ കൃതികളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മഹത്തായ കൃതികളുടെ വിലപ്പെട്ട ശേഖരമാണിത്. സ്വന്തം ജീവിതം കൊണ്ട് സമൂഹത്തെ പ്രബുദ്ധമാക്കിയ വ്യക്തിയാണ് അദ്ദേഹം.
ശ്രീനാരായണ ഗുരുവിന്റെ നവോഥാന ചിന്തകള്‍ കാലത്തിനനുസരിച്ച് നവീകരിച്ച് സമൂഹത്തിലേക്ക് പകര്‍ന്നുനല്‍കി. പത്രാധിപര്‍, പ്രഭാഷകന്‍, നിരൂപകന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ സാനു മാഷിന്റെ പ്രവര്‍ത്തനം പ്രശംസനീയമാണ്. സമാനതകള്‍ ഇല്ലാത്ത രചനകളാണ് 12 വാല്യങ്ങളിലായി സമൂഹത്തിന് സമ്മാനിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ മധു, നോളജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ് ശ്രീകല, സർവവിജ്ഞാന കോശം ഡയറക്ടര്‍ മ്യൂസ് മേരി ജോര്‍ജ് എന്നിവര്‍ മുഖ്യമന്ത്രിയുടെ കൈയിൽനിന്ന് ആദ്യമായി സാനുമാഷിന്റെ സമ്പൂർണ കൃതികള്‍ ഏറ്റുവാങ്ങി.
ആയുസിന്റെ പ്രവര്‍ത്തന ഫലമാണ് ഈ സമാഹാരമെന്ന് എം.കെ സാനു പറഞ്ഞു. സമൂഹത്തിന്റെ എളിയ സന്താനം എന്ന നിലയില്‍ മാത്രമാണ് കൃതികള്‍ പ്രസിദ്ധീകരിക്കുന്നത്. സ്‌നേഹത്തോടെ എന്നെ സമീപിക്കുന്ന എല്ലാവര്‍ക്കും കൃതജ്ഞത അറിയിക്കുന്നതായും സമ്പൂർണ കൃതികള്‍ പ്രകാശനം ചെയ്ത മുഖ്യമന്ത്രിക്ക് കടപ്പാട് അറിയിക്കുന്നതായും സാനു മാഷ് പറഞ്ഞു.
സംഘാടകസമിതി ചെയര്‍മാന്‍ സി.എന്‍ മോഹനന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മന്ത്രി പി. രാജീവ്, കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, ഹൈബി ഈഡന്‍ എം.പി, ടി.ജെ വിനോദ് എം.എല്‍.എ, ജി.സി.ഡി.എ ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ള, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, പ്രഫ. എം തോമസ് മാത്യു, സുനില്‍ പി. ഇളയിടം തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.