ചങ്ങമ്പുഴ പാർക്കിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
text_fieldsകൊച്ചി: ജനപ്രതിനിധികൾ ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഫലമാണ് ചങ്ങമ്പുഴക്ക് മഹത്തായ സാംസ്കാരിക കേന്ദ്രം ഒരുക്കാൻ സാധിച്ചതെന്ന് ജിസിഡിഎ മുൻ ചെയർമാൻ കെ.ബാലചന്ദ്രൻ. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് നവീകരണ പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരവധി സാംസ്കാരിക സദസുകൾ ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിന്റെ ഭാഗമാണ്. നൃത്ത, സംഗീത സദസുകൾ, സീനിയർ സിറ്റിസൺ ഫോറം, ചെറുകഥ സദസുകൾ, കാവ്യമൂല, അക്ഷര ശ്ലോക സദസുകൾ എന്നിങ്ങനെ നിരവധി സാംസ്കാരിക പരിപാടികൾക്ക് വേദിയാണ് ചങ്ങമ്പുഴ പാർക്ക്. ഇവിടത്തെ കലാ സദസുകൾ അതത് മേഖലകളിൽ നിന്നും ഏറ്റവും മികച്ചവരെ ഉൾപ്പെടുത്തിയാണ് സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചങ്ങമ്പുഴയെ പോലെ ഒരു കവി നമ്മുടെ അഭിമാനമാണ്. 37 വർഷം കൊണ്ട് 37 പുസ്തകങ്ങൾ രചിച്ചു. ചങ്ങമ്പുഴയെ കൂടാതെ ഇടപ്പള്ളി രാഘവൻപിള്ള, വൈലോപ്പിള്ളി ശ്രീധരമേനോൻ, ജി ശങ്കരക്കുറുപ്പ് എന്നിവരുടെയെല്ലാം പ്രവർത്തനങ്ങൾ കൊണ്ട് സമ്പന്നമാണ് കൊച്ചി. ഇവർക്കെല്ലാം ഉതകുന്ന ഒരു സാംസ്കാരിക സമുച്ചയം തീർക്കേണ്ടത് നമ്മുടെ ആവശ്യമാണ്. ഒരു സാംസ്കാരിക തലസ്ഥാനത്തിന് യോജിച്ച എല്ലാ ഗുണങ്ങളും ചേർന്ന സ്ഥലമാണ് കൊച്ചി. സർക്കാർ പിന്തുണയും എല്ലാവരുടെയും കൂട്ടായ പ്രവർത്തനവും ഉണ്ടെങ്കിൽ ഇത്തരത്തിൽ ഒരു സമുച്ചയം നമുക്ക് ആരംഭിക്കാമെന്നും അദ്ദേഹം പറഞ്ഞു.
4.01 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡിന്റെ സാമ്പത്തിക സഹായത്തോടുകൂടിയാണ് നടപ്പിലാക്കുന്നത്. രണ്ട് ഏക്കര്‍ വരുന്ന പ്രദേശത്ത് ആറ് മാസംകൊണ്ട് നവീകരണ പ്രവര്‍ത്തികള്‍ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഒരു ദിവസം പോലും പാര്‍ക്ക് പൂർണമായും അടച്ചിടാതെ, സാംസ്‌കാരിക പരിപാടികള്‍ക്ക് മുടക്കം വരാതെ തന്നെ നവീകരണം സമയബന്ധിതമായി തീര്‍ക്കുന്ന രീതിയിലാണ് നിർമാണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
ചങ്ങമ്പുഴ പാർക്കിൽ നടന്ന ചടങ്ങിൽ ജി.സി.ഡി.എ ചെയർമാൻ കെ.ചന്ദ്രൻപിള്ള അധ്യക്ഷത വഹിച്ചു. മേയർ അഡ്വ. എം അനിൽ കുമാർ, ഹൈബി ഈഡൻ എം പി, ഉമ തോമസ് എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.