കലയുടെ കടലാഴം
text_fieldsചെറിയ മക്കയിലെ രാവുകൾക്കിന്നും പാട്ടിെൻറ ഉന്മാദഗന്ധമാണ്. ഒാരോ കവലക്കും ഒരോ പാട്ടുകൂട്ടമെന്ന കണക്കെ, ഇൗ നാടാകെ സംഗീത ക്ലബുകളാണ്. കിണർപടിയിലെ 'ബസന്ത് ബഹാർ', അൽപം മുന്നോട്ടുനീങ്ങിയാൽ ജിം റോഡിൽ 'ഹംസധ്വനി', വണ്ടിപ്പേട്ടയിലെ പീപ്ൾസ് മ്യൂസിക് ക്ലബ്, അൽപംമാറി പള്ളപ്രത്തെ 'ലയം കലാവേദി'... രാവിരുട്ടിയാൽ പൊന്നാനിത്തെരുവിൽ സജീവമാകുന്ന സംഗീതസദസ്സുകളിലൂടെ ഒരു യാത്ര...
അരങ്ങൊഴിഞ്ഞേറെ കഴിഞ്ഞിട്ടും ചമയവും ആടയാഭരണങ്ങളുമഴിച്ചുവെക്കാതെ ആരെയോ കാത്തിരിക്കുന്ന നർത്തകിയെ പോലെയാണ് ഇൗ തെരുവിെൻറ നിൽപ്. പൗരാണിക തുറമുഖ നഗരിയുടെ പൊടിപ്പും പത്രാസും ഇറക്കിവെക്കാനും പുതുമയെ പുൽകാനും അറച്ചുനിൽക്കുന്ന മണ്ണും കുറേയേറെ മനസ്സുകളും. കാലപ്പഴക്കത്താൽ നിലംപൊത്തുമെന്ന് തോന്നിക്കുന്ന ഇരുനില പീടികമുറികളാണ് പൊന്നാനി വണ്ടിപ്പേട്ട മുതൽ കോടതിപ്പടി വരെയുള്ള റോഡിന് അതിരിടുന്നത്. പലതിലും താഴെ നിലയിൽ കച്ചവടക്കാരുണ്ട്. രാവിരുട്ടിയാൽ മുകൾ നിലയിൽനിന്ന് തബലയുടെ പെരുക്കമുയരും. തെരുവാകെ ഹാർമോണിയത്തിെൻറ മാന്ത്രികനാദം പടരും. സൈഗാളും റഫിയും ബാബുരാജും ഉമ്പായിയും വിരുന്നുവന്ന പോലെയൊരു അനുഭൂതി പന്തലിക്കും. ഒരിടത്തുനിന്നല്ല, ഇൗ നാടാകെ സംഗീത ക്ലബുകളാണ്; ഒാരോ കവലക്കും ഒരോ പാട്ടുകൂട്ടം കണക്കെ! കിണർപടിയിലെ 'ബസന്ത് ബഹാർ', അൽപം മുന്നോട്ടുനീങ്ങിയാൽ ജിം റോഡിൽ 'ഹംസധ്വനി', വണ്ടിപ്പേട്ടയിലെ പീപ്ൾസ് മ്യൂസിക് ക്ലബ്, തെരുവിെൻറ ബഹളത്തിൽനിന്ന് അൽപംമാറി പള്ളപ്രത്തെ 'ലയം കലാവേദി'. അഥവാ, കാലമിത്ര കഴിഞ്ഞിട്ടും ചെറിയ മക്കയിലെ രാവിന് ഇന്നും പാട്ടിെൻറ ഉന്മാദഗന്ധമാണ്.
പാട്ടുകാരും പാട്ടുകമ്പക്കാരും തേട്ടറിയിട്ടുണ്ട്. കുത്തനെയുള്ള മരഗോവണിക്കുനീളെ തൂക്കിയിട്ട നീളൻ കയറിൽ ഏന്തിപ്പിടിച്ച് കയറിവേണം പാട്ടുസദസ്സിലെത്താൻ. ഉത്തരേന്ത്യൻ മെഹ്ഫിലുകളെ അനുസ്മരിപ്പിക്കും വിധമാണ് പാട്ടുമുറിയുടെ സജ്ജീകരണം. പിന്നിൽ മുഹമ്മദ് റഫിയുടെ സാമാന്യം വലിയ ചിത്രം. യേശുദാസും എസ്.പി.ബിയും തൊട്ടടുത്ത്.
അല്ലാവെ നാം തൊഴുതാൽ
സുഖം എല്ലാമെ ഒാടിവരും
വല്ലോനൈ നിനൈത്തിരുന്താൽ
നല്ല വാഴ്ക്കയും തേടിവരും
നല്ല വാഴ്ക്കയും തേടിവരും
അലി പൊന്നാനിയെന്ന 68കാരെൻറ പെരുത്തുകയറുന്ന മാന്ത്രിക ശബ്ദത്തിൽ അലിഞ്ഞിരിക്കുകയാണ് 'ബഹന്ത് ബഹാറി'ലെ പാട്ടുകമ്പക്കാർ. പ്രായത്തിൽ മുതിർന്നവർ മുതൽ രാത്രി ദർസിലേക്കുവന്ന കുട്ടികൾ വരെയുണ്ട് അതിൽ. അലിക്കയുടെ പാട്ടും ഗണേശന്റെ ഹാർമോണിയം വായനയും അഷ്റഫിെൻറ തബലയും മുന്ന ഭായിയുടെ ഡ്രംസും തീർത്ത ഉന്മാദാനന്ദത്തിനൊപ്പം താളം പിടിക്കുന്നതിനിടെ കയറിവന്ന അപരിചിതരെ സ്വീകരിച്ചിരുത്താൻ അവർ മറന്നില്ല. നാഗൂർ ഹനീഫയുടെ സ്പെഷലിസ്റ്റാണ് അലിക്ക. അദ്ദേഹത്തിെൻറ പാട്ടുകൾ മാത്രമേ, സദാ കൈയിൽ കരുതുന്ന ആ പാട്ടുപുസ്തകത്തിലുള്ളൂ. എവിടെയും എപ്പോഴും പാടുന്നതും ഇഷ്ടക്കാർ അദ്ദേഹത്തെക്കൊണ്ട് പാടിക്കുന്നതും ഇൗ പാട്ടുകൾ തന്നെ. നാഗൂരിലെയും ഏർവാടിയിലെയുമെല്ലാം ദർഗകളിൽ വരെ അദ്ദേഹം ഇൗ പാട്ടുകൾ പാടിയിട്ടുണ്ട്. പാട്ടുപെയ്ത്ത് തുടർന്നു, ഹരിദാസൻ പോത്തന്നൂരും മുജീബ് കൂട്ടിലുങ്ങലും ഉസ്മാൻ പൊന്നാനിയും നസീറും ഇസ്മായിലും ബാബു പൂളക്കലുമെല്ലാം മാറിമാറി വന്നു. പാട്ടുകാർ മാത്രമല്ല, ഹാർമോണിയം സീറ്റിലും തബലക്കുപിന്നിലും കലാകാരന്മാർ ഇരിപ്പുമാറ്റി. പി.എം. ആറ്റുണ്ണി തങ്ങളും ലിയാക്കത്തലിയും വാദ്യപ്പെട്ടിയിൽ പകരമിരുന്നപ്പോൾ ഉമർ തബല വായിച്ചുതുടങ്ങി.
പാെട്ടാഴുകിയ മണ്ണ്
ഇന്ത്യൻ സമുദ്രതീര നഗരങ്ങൾക്കെല്ലാം പൊതുവായുള്ള സംഗീതപാരമ്പര്യം പൊന്നാനിക്ക് ഒരൽപം കൂടുതലാണെന്ന് പറയാം. ചന്ദ്രതാര കലാസമിതി, ടൗൺ മ്യൂസിക് ക്ലബ്, നൗജവാൻ, പീപ്ൾസ് മ്യൂസിക് ക്ലബ്, ജനകീയ കലാസമിതി, ബസന്ത് ബഹാർ, കൽപന മ്യൂസിക് ക്ലബ്, ബ്ലൂ ബേർഡ്സ്, അപ്സര തിയറ്റേഴ്സ്, ഉദയകലാസിമിതി, പ്രഗ് വോയ്സ്, വോയ്സ് ഓഫ് പൊന്നാനി തുടങ്ങി എത്രയോ ക്ലബുകൾ ഇൗ നാടിെൻറ പാട്ടുചരിത്രത്തിൽ ഇടംനേടി. പൊന്നാനിയിൽ ഒതുങ്ങുന്നില്ല അവരുടെ പാട്ടുകൾ. പാട്ടുകാരിൽ പലരും ഉത്തരേന്ത്യയിലെ ഉസ്താദുമാരുടെ ശിഷ്യരായിരുന്നു. കോഴിക്കോെട്ടയും ബോംബെയിലെയും സംഗീതസദസ്സുകളിൽ പാടിത്തെളിഞ്ഞവരായിരുന്നു. സംഗീത സംവിധായകൻ ബാബുരാജും കോഴിക്കോട് അബ്ദുൽഖാദറും അടക്കമുള്ള പ്രശസ്തരായ പല ഹിന്ദുസ്ഥാനി സംഗീതജ്ഞരും ഇന്നാട്ടിെല സ്ഥിരം സന്ദർശകരായിരുന്നു. ഉസ്താദ് കെ.വി. അബൂബക്കർ മാസ്റ്റർ, ഉസ്മാൻ മാസ്റ്റർ, അടാനശ്ശേരി ഹംസ, യു. അബൂബക്കർ മാസ്റ്റർ, പൊള്ള മൊയ്തീൻ, പാലക്കൽ അബ്ദുറഹിമാൻ മാസ്റ്റർ, വി. ബാവക്കുട്ടി മാസ്റ്റർ തുടങ്ങിയ പ്രതിഭാധനർ കെട്ടിയ പാട്ടുകൾക്ക് ഈണം പകർന്നത് പൊന്നാനി അസീസ്, കെ.പി. അസീസ്, വി.കെ. മായിൻ, പക്കി മുഹമ്മദ് അടക്കമുള്ളവരായിരുന്നു. കാലം ആർത്തലച്ചൊഴുകിയപ്പോൾ മേൽ ക്ലബുകളിൽ പലതും ഒാർമയിലൊതുങ്ങി. എങ്കിലും ആ പാരമ്പര്യം വേരറ്റുപോകാതെ നോക്കുകയാണ് അവശേഷിക്കുന്ന നാല് ക്ലബുകളും മറ്റു കൂട്ടായ്മകളും.
കടലൊഴിയുന്ന പാട്ടുദിനങ്ങൾ
വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ക്ലബുകൾ കൂടുതൽ സജീവമാവുക. അതിനൊരു കാരണമുണ്ട്. ക്ലബുകളിലെ കലാകാരന്മാരിൽ മിക്കവരും മത്സ്യത്തൊഴിലാളികളാണ്. ആഴ്ചയിൽ അഞ്ചുദിവസവും നടുക്കടലിലായിരിക്കും. കടലിെൻറ ഉൗക്കിനോടും അനിശ്ചിതത്വങ്ങളോടും മല്ലിട്ടുള്ള അവരുടെ പെടാപ്പാടുകൾക്കിടയിൽ കിട്ടുന്ന രണ്ടുദിവസം പാടിയും പറഞ്ഞും അവർ ആേഘാഷിച്ചുതീർക്കും. പൊന്നാനിയിൽ ഇന്ന് പ്രവർത്തിക്കുന്നവയിൽ പഴക്കം ചെന്ന ക്ലബുകളിലൊന്നാണ് ബസന്ത് ബഹാർ. മത്സ്യത്തൊഴിലാളികളായ ഉസ്മാൻ പ്രസിഡൻറും ചെമ്പൻറകത്ത് ഇസ്മായിൽ സെക്രട്ടറിയുമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
പൊന്നാനി നഗരസഭയുടെ പ്രഥമ ചെയർമാനും അറിയപ്പെടുന്ന തൊഴിലാളി നേതാവുമായിരുന്ന ഇ.കെ. അബൂബക്കറാണ് ക്ലബിെൻറ സ്ഥാപകൻ. പൊന്നാനിയിൽനിന്നും കോഴിക്കോട്ടുനിന്നും ബോംബെയിലേക്ക് ചരക്കുമായി പോയിരുന്ന ഉരുവിലെ സ്രാങ്കായിരുന്ന അദ്ദേഹം നാടറിയുന്ന പാട്ടുകാരനുമായിരുന്നു. ഖവാലിയായിരുന്നു അദ്ദേഹത്തിന് ഏറെ പ്രിയം. ഹാർമോണിയവും തബലയുമെല്ലാം ആ കൈകൾക്ക് വഴങ്ങുമായിരുന്നു. ബസന്ത് ബഹാറിെൻറ ആഭിമുഖ്യത്തിൽ കല്യാണ വേദികളിലും രാഷ്ട്രീയ സമ്മേളനങ്ങളിലും സാംസ്കാരിക സദസ്സുകളിലുമെല്ലാം അദ്ദേഹത്തിെൻറ നേതൃത്വത്തിൽ പാട്ടരങ്ങുകൾ നടന്നത് പൊന്നാനിയുടെ പഴയ തലമുറ ഒാർക്കുന്നു.
ജബ് ജബ് ബഹാർ ആയി
ഒൗർ ഫൂൽ മുസ്കുരായെ
മുജെ തും യാദ് ആയെ
മുജെ തും യാദ് ആയെ
റഫി സാബിെൻറ മാന്ത്രിക ശബ്ദം കേട്ടുകൊണ്ടാണ് 'ഹംസധ്വനി' യുടെ ഏണിപ്പടി കയറിയത്. പൊന്നാനിയുടെ റഫി എന്ന് വിളിപ്പേരുള്ള നാസർ ഏഴുകുടിക്കലാണ് പാടുന്നത്. വെറും പാട്ടുകാരനല്ല നാസർ; റഫി സാബിെൻറ സംഗീത ജീവിതം സംബന്ധിച്ച വിജ്ഞാനകോശമാണ് അദ്ദേഹം. അദ്ദേഹം പാടിയ ഏത് പാട്ടും മനഃപാഠമാണ് എന്നതുകൊണ്ടുതന്നെ പാട്ടുപുസ്തകം കൂടെ കരുതുന്ന പതിവില്ല നാസറിന്. റഫിയുടെ ഏതു പാട്ടുമാകെട്ട, പാട്ടിെൻറ പല്ലവി പാടിയാൽ ചരണവും ചരണം പാടിയാൽ പല്ലവിയും കരോക്കെ കേട്ടാൽ പാട്ടും നിഷ്പ്രയാസം നാസർ പാടും. 1980കളിൽ കോഴിക്കോട് തുറമുഖത്ത് പത്തേമാരി തൊഴിലാളിയായി തൊഴിൽ ജീവിതം തുടങ്ങിയ അദ്ദേഹം ഇപ്പോൾ മത്സ്യത്തൊഴിലാളിയാണ്. നാസറിനെപ്പോലുള്ള ഒരുപാട് പാട്ടുകാരുടെ സംഗമവേദിയാണ് 'ഹംസധ്വനി'യും. പൊന്നാനിയുടെ സംഗീത ചരിത്രത്തിൽ അതുല്യ ഇടമുള്ള ഉസ്താദ് ഹംസക്ക സ്ഥാപിച്ചതാണ് ഇൗ ക്ലബ്. പൊന്നാനിക്കാരായ ഒേട്ടറെ പേരെ ഇൗ രംഗത്തേക്ക് കൈപിടിച്ചുയർത്തിയ അദ്ദേഹത്തിെൻറ സംഗീതകളരിയിൽ പാടി വളർന്നവരാണ് ഇന്ന് ക്ലബിെൻറ ചുക്കാൻ പിടിക്കുന്നത്. ഹംസത്ത് പ്രസിഡൻറും താജുദ്ദീൻ സെക്രട്ടറിയുമായുള്ള 12 അംഗ കമ്മിറ്റിയാണ് നേതൃത്വം നൽകുന്നത്.
ദുഃഖമേ നിനക്കു പുലർകാല വന്ദനം
ദുഃഖമേ നിനക്കു പുലർകാല വന്ദനം
കാലമേ നിനക്കഭിനന്ദനം
എെൻറ രാജ്യം കീഴടങ്ങി
എെൻറ ദൈവത്തെ ഞാൻ വണങ്ങി
ലയം കലാവേദിയുടെ പാട്ടുസദസ്സിൽ വൈദ്യർ പൊന്നാനി തകർക്കുകയാണ്. റഫിക്കെന്ന പോലെ യേശുദാസിനും ആരാധകരെമ്പാടുമുണ്ട് ഇന്നാട്ടിൽ. യേശുദാസിെൻറ ഗാനമേളകൾക്ക് പലകുറി സാക്ഷിയായ മണ്ണുകൂടിയാണിത്.
1984ൽ പൊന്നാനിക്കാരായ അബ്ദുൽ ഖാദർ, പി. അഷ്റഫ്, അഷ്റഫ് കൊഴമ്പ്രം, സി.പി. ഹംസത്ത് എന്നിവർ ചേർന്ന് രൂപവത്കരിച്ചതാണ് ഇൗ ക്ലബ്. പൊന്നാനി മീൻതെരുവിൽ ഹംസത്ത്, അഷ്റഫ് എന്നിവരുടെ വീടിെൻറ തട്ടിൻപുറത്തായിരുന്നു ആദ്യ കൂടാരം. ഉസ്താദ് ഹംസക്ക തന്നെയാണ് എല്ലാവരെയും പാട്ടും തബലയും ഹാർമോണിയവുമെല്ലാം പഠിപ്പിച്ചത്. ഒപ്പന, കോൽക്കളി തുടങ്ങിയ മാപ്പിള കലകളും ക്ലബിെൻറ കീഴിൽ അവതരിപ്പിച്ചിരുന്നു. ഇ.എം. ഹംസ, ഉമർ എം.വി, ഹാരിസ്, സക്കീർ, ബഷീർ, അതീഖ്, നവാസ് തുടങ്ങിയവരാണ് സ്ഥിരം പാട്ടുകാർ. ഇത്രതന്നെ സജീവമായ മറ്റൊരു കൂട്ടായ്മയാണ് വണ്ടിേപ്പട്ടയിലെ പീപ്ൾസ് മ്യൂസിക് ക്ലബ്. ഏഴു പതിറ്റാണ്ടിെൻറ പാരമ്പര്യം അവകാശപ്പെടുന്ന ഇൗ കൂട്ടായ്മക്ക് തുടക്കമിട്ടത് അനുഗൃഹീത ഗായകനായിരുന്ന മായിൻ പൊന്നാനിയാണ്. ആദ്യകാലത്ത് ജുമുഅത്ത് പള്ളി റോഡിലായിരുന്നു ക്ലബ്. പ്രശസ്തരായ പല ഉസ്താദുമാരും ക്ലബിൽ സംഗീത ക്ലാസുകൾ നയിച്ചിരുന്നു. ഹാർമോണിയം വിദഗ്ധനായ എം. ജലീൽ പ്രസിഡൻറും പാട്ടുകാരനായ യു.െക. അബൂബക്കർ, സെക്രട്ടറിയുമായ കമ്മിറ്റിയാണ് ക്ലബിെൻറ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഗസൽ, നസീർ എന്നിവരാണ് തബലക്കാർ. ഉസ്മാൻ, അഷ്റഫ് ബാവ, ഇബ്രാഹീം, ജസീം, റഷീദ്, മുഹമ്മദ് ഹനീഫ് തുടങ്ങിയ പ്രതിഭാധനരായ ഗായകർ ഇൗ കൂട്ടായ്മയുടെ കരുത്താണ്. ക്ലബിൽ ദിവസവുമുള്ള പാട്ടുസദസ്സിനുപുറമെ മാസത്തിലൊരിക്കൽ രാത്രി ഒരാളുടെ വീട്ടിൽ പാട്ടുകൂട്ടം സംഘടിപ്പിക്കുന്ന പതിവും ഇൗ കൂട്ടായ്മക്കുണ്ട്.
നാലും നാല് ക്ലബാണെങ്കിലും കലാകാരന്മാർ തമ്മിൽ വലിയ സ്നേഹവും സൗഹൃദവുമാണ്. ഒരു ദിവസം തന്നെ ക്ലബുകളിൽ മാറിമാറി പാടി നടക്കുന്ന പാട്ടുകാരുണ്ട്. തബലിസ്റ്റുകളും വാദ്യപ്പെട്ടി വായനക്കാരുമെല്ലാം ക്ലബുകൾ മാറിമാറിക്കയറും. ഗാനമേളകളിലും മറ്റു പരിപാടികളിലുമെല്ലാം ഇൗ സഹകരണമുണ്ട്.
യാത്രപറഞ്ഞിറങ്ങവെ, നാലിടത്തുനിന്നും പൊതുവായി കേട്ട ഒരു ചോദ്യമിതായിരുന്നു. ഒരു പാട്ടു പാടാമോ?
ഒടുവിലെ സദസ്സിൽനിന്ന് ഗോവണി തിരിച്ചിറങ്ങവേ ആ ഇൗരടികൾ പെയ്തുതുടങ്ങി, മൂസക്ക ആകാശമിറങ്ങിവന്നപോലെ!
മൂകാനുരാഗത്തിൻ ഇൗരടിപോലും
മൂളാനറിയാത്തവൻ ഞാൻ സഖീ
മൂളാൻ അറിയാത്തവൻ ഞാൻ
മൂളാൻ അറിയാത്തവൻ
പാടാനറിയാത്തെനിക്കെന്തിനായൊരു
ഒാടക്കുഴൽ തന്നു നീ മത്സഖീ
ഒാടക്കുഴൽ തന്നു നീ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.