കാൻവാസിന്റെ ത്രിമാനങ്ങൾ
text_fieldsയാഥാർഥ്യവും വരയും തമ്മിലുള്ള അന്തരം നേർത്തതാണെന്ന് ഒരുപക്ഷേ തോന്നിപ്പോകും രമേഷിന്റെ ചിത്രങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ. പുഴകൾ ഇവിടെ ഒഴുകിക്കൊണ്ടേയിരിക്കുന്നു. വന്യതയിൽ ഒരു കലർപ്പും തോന്നാത്ത വനപ്രദേശവും നാട്ടുപാതകളും മരങ്ങളുമൊക്കെ മനോഹരമായി കാഴ്ചക്കാരന് അനുഭവിക്കാനാകുംവിധം വരച്ചിട്ടിരിക്കുകയാണ് ഈ കലാകാരൻ. രമേഷ് ക്രിഷ് എന്നപേരിൽ അറിയപ്പെടുന്ന തിരുവനന്തപുരം സ്വദേശിയായ കെ. രമേഷ് ഇപ്പോൾ എറണാകുളത്ത് ടെക്നോ മൊബൈൽസിൽ മാർക്കറ്റിങ് വിഭാഗം തലവനായി ജോലിചെയ്തുവരുകയാണ്. ചിത്രം വരക്കാനുള്ള തന്‍റെ കഴിവിനെ തിരിച്ചറിഞ്ഞ രമേഷ്, സ്വന്തം വഴികളിലൂടെ സഞ്ചരിച്ച് ചിത്രരചനയിൽ കൈയൊപ്പ് ചാർത്തുകയായിരുന്നു. ചിത്രരചന സ്വന്തമായി അഭ്യസിച്ചു. കാലമേറെ പിന്നിട്ടപ്പോൾ വരച്ചു വരച്ച് കൂടുതൽ മികവ് പുലർത്താനായി. ത്രീഡി ഇഫക്ടിൽ ഇന്ന് അദ്ദേഹം വരക്കുന്ന ചിത്രങ്ങൾ ആളുകൾക്കിടയിൽ ഏറെ സ്വീകാര്യത നേടിയിട്ടുണ്ട്. വേഗത്തിൽ രമേഷ് ചിത്രങ്ങൾ വരക്കുന്നത് കാണുന്നതിൽതന്നെ ഒരു ഭംഗിയുണ്ടെന്ന് ആസ്വാദകർ പറയുന്നു. അതിവേഗത്തിൽ അത് കാഴ്ചക്കാരുടെ ഉള്ളം കീഴടക്കുന്നുവെന്ന് പറയുന്നതാകും ഉചിതം.
സമൂഹ മാധ്യമങ്ങളിലെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഇദ്ദേഹം നിരവധി ചിത്രങ്ങൾ വരക്കുന്നുണ്ട്. തന്‍റെ ഇൻസ്റ്റഗ്രാം പേജിലൂടെ അദ്ദേഹം ചിത്രങ്ങൾ വരക്കുന്നതിനെക്കുറിച്ച് ചെറിയ അറിവും പകർന്നു നൽകുന്നുണ്ട്. തിരുവനന്തപുരം, കൊച്ചി, തൃശൂർ, ചെന്നൈ, ബംഗളൂരു തുടങ്ങി നിരവധി സ്ഥലങ്ങളിൽ നടന്ന രമേഷിന്‍റെ ചിത്രങ്ങളുടെ പ്രദർശനങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സൂര്യ ഫെസ്റ്റിവൽ ആർട്ട് ക്യാമ്പ്, കാമലിൻ ആർട്ടിസ്റ്റ് ക്യാമ്പ് തുടങ്ങിയ ക്യാമ്പുകളിലും അദ്ദേഹത്തിന്‍റെ ചിത്രങ്ങൾ ശ്രദ്ധനേടി. വൺ സ്ട്രോക് പെയിൻറിങ്, അക്രിലിക് പെയിൻറിങ്, ഓയിൽ പെയിൻറിങ് എന്നിവ കൂടാതെ ശിൽപങ്ങളുടെ നിർമാണവും ഇദ്ദേഹത്തിന്‍റെ കരവിരുതിൽ ഉൾപ്പെടുന്നു. സ്കൂൾതലം മുതൽ നിരവധി പുരസ്കാരങ്ങളാണ് രമേഷിനെ തേടിയെത്തിയത്.
വൺ സ്ട്രോക് പെയിൻറിങ്ങിന്‍റെ സാധ്യതകൾ ഇത്രയധികം പ്രയോജനപ്പെടുത്തിയ ചിത്രകാരന്മാർ സംസ്ഥാനത്ത് വിരളമായിരിക്കും. ഒരു ബ്രഷിൽതന്നെ ഒന്നിലധികം നിറങ്ങളെടുത്ത് അദ്ദേഹം വരച്ചപ്പോഴൊക്കെ നിരവധിയാളുകൾ പ്രോത്സാഹനവുമായി എത്തി. വരയുടെ ലോകത്തെ സഞ്ചാരത്തിന് കുടുംബവും നിറഞ്ഞ പിന്തുണയാണ് നൽകുന്നതെന്ന് രമേഷ് പറഞ്ഞു. കെ.എസ്.ആർ.ടി.സി ജീവനക്കാരനായി വിരമിച്ച പി. കൃഷ്ണൻ ആചാരി, ഭഗവതി അമ്മ ദമ്പതികളുടെ മകനാണ് കെ. രമേഷ്. മഞ്ജുവാണ് ഭാര്യ. അദ്വൈത് കൃഷ്ണൻ, അതുൽ കൃഷ്ണൻ എന്നിവരാണ് മക്കൾ. കഴിഞ്ഞ ഇരുപത് വർഷത്തിനിടെ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലായി ആയിരത്തിലധികം പെയിൻറിങ് വർക് ഷോപ്പുകൾ രമേഷ് നടത്തിയിട്ടുണ്ട്. വ്യത്യസ്ത ആശയങ്ങളിൽ നൂറിലധികം ചിത്രങ്ങളാണ് വരച്ചിട്ടുള്ളത്. ചിന്മയ വിദ്യാലയ കുന്നുംപുറം, എസ്.എം.വി മോഡൽ എച്ച്.എസ് തിരുവനന്തപുരം, ഗവ. ആർട്സ് കോളജ് തിരുവനന്തപുരം എന്നിവിടങ്ങളിലാണ് രമേഷ് വിദ്യാഭ്യാസം നടത്തിയത്.
l
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.