അർജന്റീനയുടെ ഫുട്ബാൾ മാമാങ്കത്തിനായി എത്ര പണമാണ് മുടക്കുന്നതെന്ന് ഞങ്ങളോട് പറയണം - ദീപൻ ശിവരാമൻ
text_fieldsകോഴിക്കോട്: കേരള സംഗീത നാടക അക്കാദമി വർഷംതോറും നടത്തുന്ന അന്താരാഷ്ട്ര നാടകോത്സവം (ഇറ്റ്ഫോക്) സർക്കാറിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം ഇക്കുറി ഉണ്ടാവില്ലെന്ന തീരുമാനത്തിനെതിരെ രൂക്ഷ പ്രതികരണവുമായി നാടകകാരന്മാർ രംഗത്ത്. 2025 ഫെബ്രുവരിയിൽ നടക്കേണ്ട നാടകോത്സവം ഇക്കുറി നടക്കില്ലെന്ന് സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളിയാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. സാമ്പത്തിക പ്രതിസന്ധി കാരണം കൊച്ചി ബിനാലെ, കേരളീയം തുടങ്ങിയ പരിപാടികളും മാറ്റിവെക്കുമെന്നാണ് അറിയുന്നത്. എന്നാൽ, കേരളത്തിന്റെ 29ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തെ ഈ തീരുമാനം ബാധിക്കില്ല.
ഇന്ത്യക്കകത്തും പുറത്തും പ്രശസ്‍തനായ ദീപൻ ശിവരാമൻ രൂക്ഷമായ ഭാഷയിലാണ് ഇറ്റ്ഫോക് ഉപേക്ഷിച്ചതിനെതിരെ പ്രതികരിച്ചത്. സാമ്പത്തിക ബാധ്യതയുടെ പേരിൽ നാടകോത്സവം ഉപേക്ഷിക്കുന്ന സർക്കാർ, അർജന്റീനയുടെ ഫുട്ബാൾ മാമാങ്കത്തിനായി എത്ര പണമാണ് മുടക്കുന്നതെന്ന് തങ്ങളോട് പറയണമെന്ന് ദീപൻ ശിവരാമൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. തലസ്ഥാന നഗരിയിൽ ഏതാനും മാസങ്ങൾക്കു മുമ്പ് നടത്തിയ ഓണാഘോഷ മാമാങ്കത്തിന് സർക്കാർ ചിലവിട്ട തുകയെത്ര എന്ന് വ്യക്തമാക്കണമെന്നും ദീപൻ ആവശ്യപ്പെട്ടു. കേരളീയ സമൂഹത്തോട് ഏറ്റവും കൂടുതൽ പ്രതിബദ്ധത കാണിച്ചിട്ടുള്ള കലാകാരന്മാരാണ് നാടകക്കാരെന്നും എന്നിട്ടും ഇവിടത്തെ സർക്കാർ സംവിധാനങ്ങൾ അവർക്ക് ഒരുകാലത്തും ഒരു ചുക്കും കൊടുത്തിട്ടില്ല. ഇവിടെ നാടകക്കാർ നിലനിൽക്കുന്നതും, നാടകങ്ങൾ ഉണ്ടാകുന്നതും അവരുടെ സ്വയപ്രയത്നത്താൽ മാത്രമാണെന്നും ദീപൻ പറയുന്നു. നാടകോത്സവം നിർത്തുന്നതിലൂടെ വലിയ ധിക്കാരവും അനീതിയുമാണ് ചെയ്യുന്നതെന്നും ദീപൻ പറയുന്നു. സർക്കാറിനെതിരെയും നാടക അക്കാദമി നയിക്കാൻ സിനിമക്കാരെ ഏൽപ്പിക്കുന്നതിനെതിരെയും അതിരൂക്ഷമായാണ് ദീപൻ പ്രതികരിച്ചത്. ഒ.വി വിജയന്റെ വിഖ്യാത നോവൽ ‘ഖസാക്കിന്റെ ഇതിഹാസം’ അടക്കം നിരവധി നാടകങ്ങൾ സംവിധാനം ചെയ്ത ദീപൻ ശിവരാമൻ അന്തരാഷ്ട്ര തലത്തിൽ തന്നെ ഏറെ ശ്രദ്ധ നേടിയ മലയാളിയാണ്.
ദീപൻ ശിവരാമന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
അന്തർദേശീയ നാടകോത്സവം നിറുത്തിവെക്കാനുള്ള സർക്കാർ തീരുമാനത്തോട് ശക്തമായി പ്രതിഷേധിക്കുന്നു.
സർക്കാരിന് സാമ്പത്തിക പ്രതിസന്ധികൾ ഉള്ളത് കൊണ്ടാണ് ഇന്ത്യയുടെ തന്നെ അഭിമാനമായ അന്തദേശീയ നാടക ഫെസ്റ്റിവൽ നിറുത്തന്നത് അല്ലെങ്കിൽ നീട്ടിവെക്കുന്നത് എന്ന ന്യായം പറയുമ്പോൾ നിങ്ങൾ എത്ര പണമാണ് കേരളത്തിൽ നടത്താൻ പോവുന്ന അർജന്റീനയുടെ ഫുട്ബോൾ മാമാങ്കത്തിന് ചിലവിടാൻ പോകുന്നത് എന്ന് ഞങ്ങളോട് പറയണം. തലസ്ഥാന നഗരിയിൽ ഏതാനും മാസങ്ങൾക്കു മുൻപ് നടത്തിയ ഓണാഘോഷ മാമാങ്കത്തിന് നിങ്ങൾ ചിലവിട്ട തുകയെത്ര എന്ന് പറയണം.
കേരളത്തിൽ ഏറ്റവും സാമൂഹിക പ്രതിബദ്ധത കാണിച്ചിട്ടുള്ള കലാകാരൻമാർ നാടകക്കാരാണെന്നുള്ളത് ചരിത്രമാണ്. എന്നിട്ടും ഇവിടത്തെ മാറിവരുന്ന സർക്കാർ സംവിധാനങ്ങൾ അവർക്കു ഒരുകാലത്തും ഒരു ചുക്കും കൊടുത്തിട്ടില്ല. ഇവിടെ നാടകക്കാർ നിലനിൽക്കുന്നതും, നാടകങ്ങൾ ഉണ്ടാകുന്നതും അവരുടെ സ്വയപ്രയത്നത്താൽ മാത്രമാണ്.
കേരളത്തിൽ അന്തർദേശീയ നാടകോത്സവം ഉണ്ടായിവന്നത് ഇവിടെ പണിയെടുക്കുന്ന നാടകക്കാർ അത്തരമൊരുഫെസ്റ്റിവൽ ഉണ്ടാക്കിയെടുക്കാൻ, അതിൽ പങ്കെടുക്കാൻ പ്രാപ്തമാകുന്ന വിധം സ്വയം പ്രയത്നത്താൽ വളർന്നു വന്നത് കൊണ്ടാണ്. കേരളത്തിലുള്ള നാടകക്കാർക്കു അഭിമാനത്തോടെ ഒത്തുചേരാവുന്ന പ്രധാനമേറിയ ഇടമാണ് ITFOK. ആയതുകൊണ്ട് തന്നെ ഈ ഫെസ്റ്റിവൽ നിറുത്തുന്നത് വഴി നിങ്ങൾ ചെയ്യുന്നത് വലിയ ധിക്കാരവും അനീതിയുമാണ്.
നാടകം കൊണ്ടും നാടകക്കാരെ കൊണ്ടും സർക്കാരിന് എന്ത് ഗുണം എന്നാലോചിക്കുന്നുണ്ടാകും? സിനിമ താരത്തിന്റെ കൂടെ നിന്ന് കുടുംബ സമേതം സെൽഫി എടുക്കാൻ തിക്കും തിരക്കുമിട്ടു കൈയും കാലും ഒടിക്കുന്ന രാഷ്ട്രീയക്കാരൻ കേരള സംഗീത നാടക അക്കാദമി നടത്താൻ സിനിമാനടി നടന്മാരെ നമുക്ക് ഏർപ്പാടാക്കി തരുന്ന നാടാണ്. അല്പരും, അജ്ഞരും അഭിമാന രഹിതരുമായ ആളുകൾ ഇവരുടെ പിന്നാലെ ഇരന്നു നടന്നു കലയുടെ പേരിൽ നീക്കി വച്ചിട്ടുള്ള ഇത്തിരിപ്പോന്ന കസേരകളിൽ കയറി ഇരുന്നു, കലാകാരന്മാർക്കായി പണിതിട്ടുള്ള സ്ഥാപനങ്ങളുടെ ഗേറ്റ് അടച്ചു താക്കോൽ കഴുത്തിൽ ഇട്ടു ഗമയിൽ പ്രമാണിമാരായി നടക്കുന്ന നാട്. അത്തരം വഷളന്മാർക്ക് എന്ത് അന്തർദേശീയ നാടകോത്സവം!
ഏതാനും വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ പബ്ലിക് റിലേഷൻസ് വകുപ്പ് നേരാം വണ്ണം നടത്തികൊണ്ടുപോയിരുന്ന ഒരു നാഷണൽ തീയറ്റർ ഫെസ്റ്റിവൽ ഉണ്ടായിയിരുന്നു. അന്ന് അത് നിറുത്തി കളഞ്ഞത് ഇതേ ന്യായം പറഞ്ഞു തന്നെയായിരുന്നു . ഇപ്പോഴിതാ ലോകത്തിലെ ഒന്നാംതരം നാടക ഫെസ്റ്റിവലുകളിൽ ഒന്നായ ഇറ്റ്ഫോക്കും. നാടകക്കാരെല്ലാം പാർട്ടിക്കാരായതു കൊണ്ട് സംഗതി സമാധാനമായി പോയിക്കൊള്ളും എന്ന് നമ്മുടെ സർക്കാരിന് അറിയാം. ഞങ്ങടെ പോലീസ് ഞങ്ങളെ തല്ലിയാൽ നിങ്ങൾക്കെന്താ കോൺഗ്രെസ്സെ എന്ന പഴയ മുദ്രാവാക്യമാണ് ഓർമ വരുന്നത്.
ഈ ഭോഷ്ക് ഇനിയും എത്ര നാൾ കേരളത്തിലെ മൂല്യബോധമുള്ള നാടകക്കാർ കാണണം!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.