നാടാകെ നാടകം...സ്ത്രീസ്വാതന്ത്ര്യത്തിെൻറ നേർക്കാഴ്ചയായി ‘പാരിജാത’
text_fieldsതൃശൂർ: മഹാഭാരതത്തിലെ പാരിജാതം എന്ന കഥാസന്ദർഭത്തെ ആസ്പദമാക്കി കെ.വൈ. നാരായണ സ്വാമിയുടെ രചനയിൽ ബി. ജയശ്രീ അണിയിച്ചൊരുക്കിയ നാടകം ‘പാരിജാത’ വേറിട്ട കാഴ്ചയായി. മറ്റു നാടക ശൈലികളിൽനിന്ന് വ്യത്യസ്തമായി നൃത്തവും സംഗീതവും ഇഴകലർന്ന പാരിജാത, വടക്ക് കർണാടകയിലെ ഏറ്റവും ശ്രദ്ധേയമായ സന്നട എന്ന കലാരൂപത്തിന്റെ ശൈലിയിലാണ് അവതരിപ്പിച്ചത്. കർണാടകയിൽ നാടക രൂപേണ അവതരിപ്പിക്കുന്ന ശ്രീകൃഷ്ണ പാരിജാതവും ആസാമിൽ ശാസ്ത്രീയമായി അവതരിപ്പിക്കുന്ന പാരിജാത ഹരണും സമന്വയിപ്പിച്ച് നൂതന രീതിയിലാണ് നാടകം ആവിഷ്കരിച്ചത്.
500 വർഷത്തിലേറെ പഴക്കമുള്ള കലാരൂപമായിട്ട് കൂടി ഇന്നും ലോകശ്രദ്ധ നേടാത്ത ഇന്ത്യൻ കലാരൂപങ്ങളിൽ ഒന്നാണ് സന്നട. അതിനെ ജനശ്രദ്ധയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം കൂടി നാടകത്തിനുണ്ട്. കേട്ട് പഴകിയ കഥകളുടെ പുനരാവിഷ്കാരമല്ല ‘പാരിജാത’. സ്ത്രീ ഒരു വസ്തുവല്ലെന്നും ആശ്രയമില്ലാതെയും അവൾക്ക് നിലനിൽപ്പുണ്ടെന്നും നാടകം പ്രതിപാദിക്കുന്നു.
ഏറെ സംഗീത പ്രാധാന്യമുള്ള നാടകത്തിൽ ഹിന്ദുസ്ഥാൻ സംഗീതത്തിന്റെ സ്വാധീനം ഉടനീളം കാണാം. സംഭാഷണങ്ങളിലധികവും ഗാനമാലപിക്കുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയത്. സ്പന്ദന തിയറ്ററിന്റെ നിർമാണത്തിൽ ഇറങ്ങുന്ന 100 മിനിറ്റ് ദൈർഘ്യമുള്ള നാടകം സമകാലികതയും പുരാണവും ഇഴകലർന്ന വ്യത്യസ്തമായ ദൃശ്യാനുഭവം കാണികൾക്ക് സമ്മാനിച്ചു.
നാടകങ്ങൾ ജനാധിപത്യത്തിന്റെ മാധ്യമങ്ങൾ
തൃശൂർ: അന്താരാഷ്ട്ര നാടകോത്സവത്തിന്റെ നാലാം ദിനത്തിൽ ‘നാടകവും ജനാധിപത്യവും’ എന്ന വിഷയത്തിൽ സംവാദ സദസ്സ് സംഘടിപ്പിച്ചു. നാടക അഭിനേതാവും സംവിധായകനുമായ എം.കെ. റെയ്ന, നാടക തിരക്കഥാകൃത്തും സംവിധായകനുമായ പ്രളയൻ ഷണ്മുഖസുന്ദരം എന്നിവർ പങ്കെടുത്തു.
സമൂഹം നേരിടുന്ന അപകടകരമായ വെല്ലുവിളികൾ ദുർബലമായ ജനാധിപത്യ വ്യവസ്ഥകൊണ്ടാണെന്ന് എം.കെ. റെയ്ന കുറ്റപ്പെടുത്തി. നാടകങ്ങൾക്ക് ജനാധിപത്യത്തെ സംരക്ഷിക്കുന്നതിൽ വലിയ പങ്കുണ്ടെന്നും സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ നാടകവേദികൾ സുപ്രധാന ഘടകമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാടകങ്ങളിലൂടെ പ്രതിരോധങ്ങൾക്കായി പുതിയ വഴികൾ സൃഷ്ടിക്കപ്പെടുന്നുണ്ട്. നമ്മുടെ മതം നമ്മുടെ ഭരണഘടനയാണെന്നും എന്നാൽ ഇന്നത്തെ ഇന്ത്യൻ വ്യവസ്ഥിതിയിൽ മതങ്ങൾ രാഷ്ട്രീയവത്കരിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അധികാരത്തിനു മുന്നിൽ സത്യം ഉറക്കെ വിളിച്ചുപറയാനുള്ള മാധ്യമമാണ് നാടകമെന്ന് പ്രളയൻ അഭിപ്രായപ്പെട്ടു. രാഷ്ട്രീയത്തിലെ വൈവിധ്യങ്ങളെ ബഹുമാനിക്കണമെന്നും പാർശ്വവത്കരിക്കപ്പെട്ടവരെ ഉൾക്കൊള്ളാൻ സമൂഹം തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. രക്തസാക്ഷികളാകാതെ വിവേകത്തോടെയാണ് രാഷ്ട്രീയ ശക്തികളെ എതിർക്കേണ്ടതെങ്കിലും ഇന്നത്തെ തലമുറയുടെ അരാഷ്ട്രീയ മനോഭാവം വെല്ലുവിളിയാണെന്ന് റെയ്ന ഓർമപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.