‘ഉപോവു ദായിന്ത്യ എമറാവിലോസ്’; ലെനേഴ്സൺ പൊലോനിനി പറയുന്നു
text_fieldsതൃശൂർ: കേരള സംഗീത നാടക അക്കാദമിയുടെ 14ാമത് അന്താരാഷ്ട്ര നാടകോത്സവത്തിലെ ഉദ്ഘാടന നാടകമാണ് ബ്രസീലിൽ നിന്നുള്ള അപത്രിദാസ് അഥവാ സ്റ്റേറ്റ്ലസ്. ഭൂമിയിൽ സ്വന്തമായി ഇട മിലാത്തവരുടെ കഥയുമായാണ് അപത്രിദാസ് എത്തുന്നത്. 44കാരനായ ലെനേഴ്സൺ പൊലോനിനിയാണ് നാടകത്തിന്റെ സംവിധായകൻ. നാടകം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം സം ബന്ധിച്ച് ലെനേഴ്സൺ പൊലോനിനി ‘മാധ്യമ’ത്തോട് സംസാരിക്കുന്നു.
അപത്രിദാസ് നാടകത്തെക്കുറിച്ച്?
ഭൂമിയിൽ ഇടമില്ലാത്തവരുടെയും കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും പ്രശ്നങ്ങളാണ് അപത്രിദാസ് കൈകാര്യം ചെയ്യുന്നത്. ലോകത്തെ യുദ്ധങ്ങൾ എല്ലാം നിർത്തി ജനങ്ങൾക്ക് ജീവിക്കാൻ മികച്ച അവസരങ്ങൾ ഒരുക്കണം. അധികാരികൾ അതിനാണ് ശ്രമിക്കേണ്ടത്.
റഷ്യ-യുക്രെയ്ൻ യുദ്ധമാണോ താങ്കൽ ഉദ്ദേശിച്ചത്?
റഷ്യയും യുക്രെയ്നും തമ്മിലാണ് യുദ്ധം നടക്കുന്നതെന്ന് ഞാൻ കരുതുന്നില്ല. ശരിക്കും യുദ്ധം നടക്കുന്നത് റഷ്യയും അമേരിക്കയും തമ്മിലാണ്. യു.എസിന്റെ കളിപ്പാവ മാത്രമാണ് യുക്രെയ്ൻ. അവരുടെ മറവിൽ യു.എസ് റഷ്യയുമായി യുദ്ധം ചെയ്യുകയാണ്. ഒരു യുദ്ധവും നന്നല്ല.
ഇസ്രായേൽ ഫലസ്തീൻ ജനതയോട് ചെയ്യുന്ന യുദ്ധത്തെക്കുറിച്ച്?
സമാനതയില്ലാത്ത ക്രൂരതയാണ് ഇസ്രായേൽ ചെയ്യുന്നത്. ഫലസ്തീന്റെ മണ്ണ് ഫലസ്തീനികൾക്കുള്ളതാണ്. അത് അവർക്ക് വിട്ടു കിട്ടണം. ഒരുകണക്കിൽ ഇതുതന്നെയാണ് എന്റെ നാടകവും പങ്കുവെക്കുന്നത്. ശരിക്കും ഇസ്രായേൽ അതിക്രമത്തിൽ ഫലസ്തീനികൾ രാജ്യമില്ലാത്തവരായി മാറിയിരിക്കുന്നു. ഫലസ്തീൻ ജനതയെ നിരുപാധികമായി പിന്തുണക്കുമ്പോഴും ഞാൻ ഹമാസിന് എതിരാണ്. അവരുടെ പ്രവർത്തനങ്ങൾ അംഗീകരിക്കാൻ കഴിയില്ല. അതുപോശല തീവ്രവാദ പ്രവർത്തനങ്ങളെയും പരിപൂർണമായും എതിർക്കേണ്ടിവരും.
ബ്രസീൽ?
ബ്രസീൽ ഒരു മഹാരാജ്യമാണ്. വളരെയധികം യാഥാസ്ഥിതികരായിട്ടുള്ള ഒരു രാജ്യം കൂടിയാണ് ബ്രസീൽ. ജയിൽ ബോൾസനാരോയുടെ അധികാരത്തിൽ രാജ്യത്തെ കലയും സാഹിത്യവും നാടക വും ഒക്കെ ഞെരുങ്ങിപ്പോയി. തീവ്ര വലതുപക്ഷം ആദ്യം ഉന്നംവെക്കുന്നത് കലയെയും സാഹി ത്യത്തെയും തന്നെയാണ്. അത് ബ്രസീലിലും അങ്ങനെതന്നെ.
താങ്കൾ ബ്രസീലിൽ എവിടെനിന്നാണ് വരുന്നത്?
ബ്രസീലിലെ സാവോ പോളോയാണ് എന്റെ സ്വദേശം. ലോകത്ത് ഏറ്റവും കൂടുതൽ കുടിയേറ്റക്കാരുള്ള പ്രദേശങ്ങളിലൊന്നാണ് സാവോപോളോ. ആ നിലക്ക് കുടിയേറ്റക്കാരും അഭയാർഥികളും യുദ്ധക്കെടുതികൾ അനുഭവിക്കുന്ന ജനതയും ഒക്കെ ഏതുതരം മാനസികാവസ്ഥകളിലൂടെയാണ് കടനനുപോകുന്നതെന്ന് എനിക്ക് വ്യക്തമായി അറിയാം. ബ്രസീലിൽ തന്നെ നിരവധി തർക്ക പ്രദേശങ്ങളുണ്ട്. തദ്ദേശീയരും മറ്റുള്ളവരും തമ്മിൽ ഇവിടങ്ങളിലും സംഘർഷങ്ങൾ നിലവിലുണ്ട്.
എത്ര കാലമായി നാടക രംഗത്തുണ്ട്?
കഴിഞ്ഞ 22 വർഷമായി നാടകമേഖലയിൽ പ്രവർത്തിക്കുന്നു.
ആരൊക്കെയാണ് സഹപ്രവർത്തകർ?
ഞങ്ങൾ ഏഴുപേരടങ്ങുന്ന സംഘമാണ് വന്നിട്ടുള്ളത്. നാലുപേരാണ് നാടകത്തിൽ അഭിനയിക്കുന്നത്. കരീന, രാകലീനി, ഈസിദ്രോ, മിഗാവു എന്നിവരാണ് അരങ്ങിൽ. വെറോണിക്ക, ഫെലിപ്പ് എന്നിവർ ടെക്നീഷ്യൻമാരുമാണ്.
ഇന്ത്യ, കേരളം?
ആദ്യമായാണ് ഇന്ത്യയിൽ വരുന്നത്. ഇനിയും വരണമെന്നുണ്ട്. ഉപോവു ദായിന്ത്യ എമറാവിലോസ് (ഇന്ത്യക്കാർ വളരെ വണ്ടർഫുൾ ജനതയാണ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.