റസാഖ്, റസിയ Vintage Style
text_fieldsഅബ്ദുൽ റസാഖും ഭാര്യ റസിയയും
യാത്രകളെ പ്രണയിച്ച അബ്ദുൽ റസാഖിനും നല്ല പാതി റസിയക്കും അത്രമേൽ ഇഷ്ടമാണ് പുരാവസ്തുശേഖരം. തലശ്ശേരിക്കടുത്ത പുന്നോലിലെ സാഹിൽ എന്ന വീടകത്തെത്തുമ്പോൾ ഒരു കൊച്ചു മ്യൂസിയത്തിലെത്തിയ പ്രതീതിയാണ്. അത്യാധുനിക ആഡംബരങ്ങളെ പടിക്ക് പുറത്തു നിർത്തി മനോഹരമായി രൂപകൽപന ചെയ്ത അകത്തളങ്ങളിൽ ആരെയും വിസ്മയിപ്പിക്കുന്ന പുരാവസ്തുക്കളുടെ അപൂർവ ശേഖരം. ലോകത്തിന്റെ മുക്കു മൂലകളിലെല്ലാം സഞ്ചരിച്ച് സ്വന്തമാക്കിയ വൈവിധ്യമാർന്ന കൗതുക നിർമിതികൾ.
റസാഖിന്റെ പുരാവസ്തു ശേഖരത്തിൽനിന്ന്
ബിസിനസുകാരനായ പിതാവിന്റെ വഴിയിൽ സഞ്ചരിച്ച അബ്ദുൽ റസാഖ് നാല് പതിറ്റാണ്ടുമുമ്പ് മണലാരണ്യത്തിലെത്തി പടുത്തുയർത്തിയ കമ്പനിയുടെ വളർച്ചയുടെ പടവുകൾക്കൊപ്പം തുടങ്ങിയതാണ് ലോക സഞ്ചാരവും. നന്നെ ചെറുപ്പത്തിലേ യാത്രകളോട് കമ്പമേറിയ അബ്ദുൽ റസാഖ് തലശ്ശേരി ബ്രണ്ണൻ കോളജിൽനിന്ന് ബിരുദമെടുത്ത ശേഷം സ്വപ്നങ്ങളുടെ കൂമ്പാരവുമായാണ് മണലാരണ്യത്തിലേക്ക് പറക്കുന്നത്. എഴുപതുകളുടെ ആദ്യമേ അവിടെ ആരംഭിച്ച ക്രോക്കറി വ്യാപാരം ലോകത്തിന്റെ മുക്കിലും മൂലയിലുമെത്തിയതും സഞ്ചാരത്തോടുള്ള അതി പ്രിയം കൊണ്ടായിരുന്നു. യൂറോപ്പിലെ ഏറക്കുറെ എല്ലാ രാജ്യങ്ങളും ചുറ്റിക്കറങ്ങിയ അബ്ദുൽ റസാഖ് ആഫ്രിക്കയിലും സൗത്ത് അമേരിക്കയിലും പോകാത്ത രാജ്യങ്ങൾ വിരളം.
കൗതുകത്തിനപ്പുറം
മുംബൈക്കാരിയായ റസിയ ജീവിത കൂട്ടിനെത്തിയതോടെയാണ് ലോകം കാണുന്നതിനപ്പുറം ചരിത്രമുറങ്ങുന്ന ഏടുകളുടെയും പുരാവസ്തുക്കളുടെയും ശിൽപങ്ങളുടെയും ശേഖരണവും വിനോദമായി മാറി. കേവലം കൗതുകമെന്നതിനപ്പുറം ജീവിതത്തിന്റെ ഭാഗംതന്നെയായി അവ ഓരോന്നും. പിന്നീടുള്ള സഞ്ചാരം ലോകത്തിന്റെ വൈവിധ്യവും വിസ്മയങ്ങളും തേടിയുള്ളതായി. ഓരോ രാജ്യങ്ങളുടെയും സംസ്കൃതിയുടെ അടയാളച്ചെപ്പുകൾ വീടകത്തെ ചില്ലരമാലകളിൽ എത്തിക്കാൻ ചെലവിട്ടത് ലക്ഷങ്ങൾ. ഇസ്തംബൂളിൽനിന്ന് കൊണ്ടുവന്ന പാപ്പിറസ് ഇലയിൽ ഉണ്ടാക്കിയ ചുമർചിത്രങ്ങളും ദക്ഷിണാഫ്രിക്കയിലെ ഗോത്രവർഗക്കാർ ഗോതമ്പ് നാരുകൊണ്ട് നിർമിച്ച ചിത്രപ്പണികളും സാഹിലിലെ ചുമരുകളിലെ അതിവിശിഷ്ട കാഴ്ചകളാണ്.
ജയ്പൂർ കണ്ണാടി മുതൽ ഇറാൻ അടക്കം വിവിധ പൂർവേഷ്യൻ രാജ്യങ്ങളിൽനിന്ന് സമ്പാദിച്ച പളുങ്കുപാത്രങ്ങളും ഇവിടെ അലങ്കാരം തീർക്കുന്നു. സ്വീഡനിൽനിന്ന് കൊണ്ടുവന്ന അപൂർവ തുലാസും ബ്രസീലിൽ ഗോലി കളിക്കുന്ന മരപ്പലകയും ഇവരുടെ വൈവിധ്യങ്ങളുടെ കലവറയിലുണ്ട്.
വെറും പുരാവസ്തു ശേഖരത്തിലൊതുങ്ങുന്നതല്ല അബ്ദുൽ റസാഖിന്റെയും കുടുംബത്തിന്റെയും ഹോബി. 1934 മോഡൽ ഓസ്റ്റിൻ കാറും 1951 മോഡൽ മോറിസ് മൈനറും വിവിധയിടങ്ങളിലെ സൂക്ഷിപ്പ് ശേഖരത്തിലുണ്ട്. ഒപ്പം ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലെയും അപൂർവ കറൻസികളും നാണയങ്ങളും. ലോക സഞ്ചാരം മതിയാക്കി വയനാട്ടിൽ റിസോർട്ട് നടത്തുന്ന അബ്ദുൽ റസാഖിന് ഭാര്യയുടെ പാചക വൈദഗ്ധ്യവും കൂട്ടാണ്. സ്വന്തമായി രൂപ കൽപന ചെയ്ത റിസോർട്ടിലെത്തുന്ന അതിഥികൾക്ക് റസിയയുടെ രുചിട്ടുകൾ ആസ്വാദനത്തിന്റെ പുതു അനുഭവം പകരുന്നു. മക്കളായ റുബീന സ്വീഡനിലും റസീന അമേരിക്കയിലും കരീന യു.എ.ഇയിലുമാണ് താമസം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.