വിവാൻ സുന്ദരം: ഖനനം ചെയ്തെടുത്ത മൺപാത്രങ്ങൾ വഴിതെളിച്ചപ്പോൾ മുസ്രിസിനെ പുനരാവിഷ്കരിച്ച കലാകാരൻ
text_fieldsകൊച്ചി: ചരിത്രാന്വേഷിയുടെ വഴികളിലൂടെ സഞ്ചരിച്ച് മുസ്രിസ് പട്ടണത്തെ കലയിലൂടെ ആവിഷ്കരിച്ച് ബിനാലെയിലൂടെ അവതരിപ്പിച്ച വിവാൻ സുന്ദരത്തെ കേരളം മറക്കില്ല. 2012ലെ ആദ്യ കൊച്ചി മുസ്രിസ് ബിനാലെയിൽ പിറവിയെടുത്ത ബ്ലാക്ക് ഗോൾഡ് എന്ന അദ്ദേഹത്തിന്റെ ഇൻസ്റ്റലേഷൻ കാഴ്ചക്കാരെ അമ്പരപ്പിക്കുന്നതായിരുന്നു.
മുസ്രിസിൽനിന്ന് ഖനനം ചെയ്തെടുത്ത, നൂറ്റാണ്ടുകൾ പഴക്കമുള്ള മൺപാത്രങ്ങളുടെ അവശിഷ്ടങ്ങൾ പലവിധത്തിൽ കൂട്ടിച്ചേർത്തും നിരത്തിവെച്ചും കെട്ടിയുയർത്തിയും ഒരു നഗരരൂപത്തെ പുനഃസൃഷ്ടിക്കുകയായിരുന്നു അദ്ദേഹം. അക്കാലത്ത് വിദേശികളെ വരെ ആകർഷിച്ചിരുന്നെന്ന് കരുതപ്പെടുന്ന മുസ്രിസിന്റെ ശക്തമായ വാണിജ്യ ബന്ധങ്ങൾ സൂചിപ്പിക്കാൻ കുരുമുളകും ഉൾപ്പെടുത്തി. സൃഷ്ടിയുടെ വിവിധ ഘട്ടങ്ങൾ ചിത്രീകരിച്ച് വിഡിയോയും തയാറാക്കി.
മുസ്രിസിന്റെ ഭാഗമായി ഖനന പര്യവേക്ഷണങ്ങൾക്ക് നേതൃത്വം നൽകിയ കേരള ചരിത്ര ഗവേഷണ കൗൺസിൽ നേതൃത്വവുമായുള്ള കൂടിക്കാഴ്ചയാണ് അദ്ദേഹത്തെ ഇൻസ്റ്റലേഷനിലേക്ക് നയിച്ചത്. മൺപാത്ര അവശിഷ്ടങ്ങളെക്കുറിച്ച് വിവരം ലഭിച്ചതോടെ വിഷയത്തിൽ കൂടുതൽ പഠനം നടത്തി. ബാർട്ടർ സംവിധാനം നിലനിന്നിരുന്നുവെന്ന് കരുതുന്ന മുസ്രിസ് തകർന്നതിനെക്കുറിച്ച് അദ്ദേഹം വായിച്ചറിയുകയും ചെയ്തു.
ഇറാഖ് യുദ്ധകാലത്ത് അദ്ദേഹം ചെയ്ത ഇൻസ്റ്റലേഷൻ ഇന്ത്യൻ കലാചരിത്രത്തിലെ തന്നെ ഏറ്റവും ബൃഹത്തായ ആവിഷ്കാരമായിരുന്നുവെന്ന് കലാലോകം അനുസ്മരിക്കുന്നു.മെക്സിക്കൻ യാത്ര, മാച്ചുപിച്ചുവിന്റെ ഉയരങ്ങൾ എന്നീ ഡ്രോയിങ് പരമ്പരകളിൽ ഉൾപ്പെട്ട അദ്ദേഹത്തിന്റെ ആവിഷ്കാരങ്ങൾ ഇത്തവണത്തെ ബിനാലെയിൽ ഫോർട്ട്കൊച്ചി ആസ്പിൻവാൾ ഹൗസിലുണ്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയ, സാമൂഹിക പ്രതിബദ്ധത പ്രകടമാക്കുന്നതാണ് ഇവ. ഒരിക്കൽ കാൻകൂണിൽനിന്ന് മെക്സികോ സിറ്റിയിലേക്ക് വിവാൻ സുന്ദരം നടത്തിയ സഞ്ചാരമാണ് ‘മെക്സിക്കൻ യാത്ര’ എന്ന രചനക്ക് ആധാരം.
മായൻ ക്ഷേത്രങ്ങളിലെ വാസ്തു രൂപങ്ങൾ, ചുവർശിൽപങ്ങൾ, ചിഹ്നവിദ്യകളുള്ള ശിൽപ പ്രതലങ്ങൾ തുടങ്ങിയവയിലൂടെ കടന്നുപോയ കലാകാരൻ മെക്സികോയുടെ ഭൂതകാലവും അവശേഷിപ്പുകളും ഭൂപ്രകൃതിയുമൊക്കെ അവതരിപ്പിക്കുന്നു. 25 ഡ്രോയിങ്ങുകളുടെ പരമ്പരയിൽനിന്നുള്ള സൃഷ്ടികളാണ് ‘മാച്ചു പിച്ചുവിന്റെ ഉയരങ്ങൾ’.
വിഖ്യാത ചിലിയൻ കവി പാബ്ലോ നെരൂദയുടെ 1944ലെ കവിതയുടെ പ്രചോദനത്തിൽ അതേ പേരുതന്നെ നൽകി വിവാനും വരയിൽ ആവിഷ്കാരമൊരുക്കുകയായിരുന്നു. ’80കളിൽ പഠനകാലം മുതൽ അദ്ദേഹവുമായി അടുത്തിടപെടാൻ സാധിച്ചുവെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി ‘മാധ്യമ’ത്തോട് പറഞ്ഞു.കൊച്ചി ബിനാലെ ഫൗണ്ടേഷൻ സാമ്പത്തിക പ്രയാസം നേരിട്ടപ്പോഴൊക്കെ പിന്തുണ നൽകി. ഭാര്യയുമായി ഇത്തവണ ബിനാലെ സന്ദർശിക്കാനെത്തുമെന്ന് തന്നോട് പറയുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.