ഏകാന്ത കാലത്തെ ‘വസ്ജുദ് വഖ്തരിബ്’
text_fieldsസിനിമ ചരിത്രത്തിൽ മക്കയെയും മസ്ജിദുൽ ഹറാമിനെയും കേന്ദ്രീകരിച്ചുള്ള സൃഷ്ടികൾ അപൂർവമാണ്. കഴിഞ്ഞ ദിവസം തിരശ്ശീല വീണ കാൻ ചലച്ചിത്ര മേളയോടനുബന്ധിച്ചു നടന്ന ‘അനിമേസ് അനിമേഷൻ’ എന്ന പ്രചാരണ വിഭാഗം സെഷനിൽ മികച്ച അനിമേഷൻ ചിത്രത്തിനുള്ള ‘അനിമേഷൻ ദാറ്റ് മാറ്റേഴ്സ്’ പുരസ്കാരം നേടിയ സൗദി അറേബ്യൻ എൻട്രിയായ ‘വസ്ജുദ് വഖ്തരിബ്’ (സാഷ്ടാംഗം ചെയ്യുക,സാമീപ്യം തേടുക)ഇത്തരമൊരു വിഷയമാണ് കൈകാര്യം ചെയ്യുന്നത്.
കോവിഡ് മഹാമാരിക്കാലത്ത് വിജനമായ ഹറം പള്ളിയിൽ ശുചീകരണ തൊഴിലാളികൾ മാത്രമായപ്പോൾ, അവരിലൊരാൾ ഏകാന്തനായി പ്രാർഥിക്കുന്ന പെയിന്റിങ് ആസ്പദമാക്കി സൗദി വനിത സുരയ്യ അൽ ശഹ്രിയും മകൾ നബീല അബുൽജദായീലും ചേർന്ന് ഒരുക്കിയതാണ് ‘വസ്ജുദ് വഖ്തരിബ്’. നബീലയാണ് ചിത്രം വരച്ചത്.
രചനയും സംവിധാനവും നിർമാണവുമെല്ലാം ഇരുവരും കൂടിയാണ് നിർവഹിച്ചത്. ‘‘മക്കയെയും വിശുദ്ധ മസ്ജിദിനെയും പ്രതിപാദിക്കുന്ന സിനിമകൾ, പ്രത്യേകിച്ച് അനിമേഷൻ സൃഷ്ടികൾ ഏറെ കുറവാണ്. അതുകൊണ്ടുതന്നെ മകളുമൊത്തുള്ള ഈ ഉദ്യമം ഒത്തിരി സന്തോഷം നൽകുന്നു’’ -സുരയ്യ പറയുന്നു. പരമ്പരാഗത രചനാസങ്കേതവും 2ഡി അനിമേഷനും ചിത്രം സമന്വയിപ്പിക്കുന്നു.
ഇസ്ലാമിക ചരിത്രത്തിൽ, തീർഥാടകരില്ലാത്ത വിശുദ്ധഭൂമിയുടെ അപൂർവനിമിഷം ചിത്രീകരിച്ചതെന്നതാണ് ചിത്രത്തിന്റെ പ്രാധാന്യമെന്നും അവർ കൂട്ടിച്ചേർക്കുന്നു. ഉടൻ പുതിയ പ്രോജക്ടുമായി വരാനിരിക്കുകയാണ് ഈ ഉമ്മ-മകൾ കോംബോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.