എവിടെയാണെന്റെ സ്വാതന്ത്ര്യം...
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യ സ്വാതന്ത്ര്യദിനാഘോത്തിന്റെ മറ്റൊരു പുലരിയിലേക്ക് പ്രവേശിക്കവേ, സ്ത്രീജനങ്ങൾ അനുഭവിക്കുന്ന യാഥാർഥ്യങ്ങളെ വരച്ചിട്ട് ഒരു ചിത്രം. സ്വതന്ത്ര ഇന്ത്യയുടെ 76 വർഷങ്ങൾ പിന്നിടുമ്പോൾ എവിടെയാണെന്റെ ഭാവി,സ്വാതന്ത്ര്യം എന്ന മൂർച്ചയേറിയ ചോദ്യം ചിത്രത്തിലൂടെ ഉന്നയിക്കുകയാണ് സോനാ സോബൻ.
ഉള്ളിൽ ഒരായിരം കിനാക്കളും നിറങ്ങളുമായി പിറന്നു വീഴുന്ന പെൺകുട്ടികൾ സമ്പന്നമായ, വിവേചനരഹിതമായ ഒരു ജീവിതം സ്വപ്നം കാണുമ്പോഴും അവളുടെ കാലുകൾ ഇപ്പോഴും ചങ്ങലകളിലാണെന്ന് ചിത്രം പറഞ്ഞുവെക്കുന്നു. മൈലാഞ്ചിയും പാദസരവും അണിഞ്ഞ കാൽ ചങ്ങലകളാൽ ബന്ധിതമായ നിലയിൽ ഇന്ത്യൻ ദേശീയ പതാകയുടെ പശ്ചാത്തലത്തിലാണ് ചിത്രം.
എല്ലാ രംഗത്തും ഇന്ത്യ മുന്നേറുമ്പോൾ സ്ത്രീകളും അതിനനുസരിച്ച് മുന്നേറുന്നുണ്ട്. എന്നാൽ അവളുടെ കാലിലെ ചങ്ങലകൾ പൂർണമായും നീങ്ങിയിട്ടില്ലെന്നും അദൃശ്യമായി അവളെ പിന്തുടരുന്നുണ്ടെന്നും സോനാ സോബൻ തെൻറ ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നു.
പ്രാചീന കാലം മുതൽ സമൂഹത്തിലെ അരക്ഷിതാവസ്ഥയുടെ ഇരയാക്കപ്പെടുന്നത് സ്ത്രീകളായിരുന്നു.നവഭാരതത്തിലും അത് നിർദയം തുടർന്നു കൊണ്ടേയിരിക്കുന്നു. അടുത്തിടെ മണിപ്പൂരിൽ അത് നാം കണ്ടു. മറ്റു പലയിടത്തും എത്രയോ തവണ കണ്ടുകഴിഞ്ഞു.
ഇതിന് മാറ്റം വരേണ്ടിയിരിക്കുന്നു. ലിംഗനീതി പ്രധാന പ്രശ്നമായി കണക്കാക്കിയാല്‍ മാത്രമേ ജനാധിപത്യം പൂർണമാകുകയുളളു. ഈ ചിത്രം വരക്കാനുണ്ടായ സാഹചര്യം ഇതാണെന്നും സോനാ സോബൻ പറഞ്ഞു.
കോട്ടയം ജില്ലയിലെ കടുവാക്കുളത്ത് വീട് സോബൻ ജയിംസിന്റെയും ലീനാ സോബന്റെയും മകളായ സോനാ സോബൻ ചെറുപ്പം മുതൽ വരയെ ഇഷ്ടപ്പെടുന്നയാളാണ്. പെൻസിൽ ഡ്രോയിങ്ങാണ് ഇഷ്ട മേഖല. കുവൈത്തിലെ പ്രതിഭ ആർട്സിൽ നിന്ന് ചിത്രകല പഠിച്ചുവരുന്നു.
കുവൈത്ത് ഭാരതീയ വിദ്യാഭവനിൽ പഠനം പൂർത്തിയാക്കി ഉപരിപഠനത്തിനായി യു.കെയിലേക്ക് പോകാനിരിക്കുകയാണ് സോനാ സോബൻ. ചിത്രരചന തുടരാനും തന്റെ ആശയങ്ങൾ അതിലൂടെ അവതരിപ്പിക്കാനും കഴിയുമെന്നാണ് ശുഭപ്രതീക്ഷ.
25 വർഷമായി കുവൈത്തിലുള്ള സോബൻ ജയിംസ് ടൂറിസ്റ്റ് എന്റർപ്രൈസസ് കമ്പനിയിൽ മെക്കാനിക്കൽ സൂപ്പർവൈസറാണ്. ലീനാ സോബൻ ആരോഗ്യമന്ത്രാലയത്തിൽ സ്റ്റാഫ് നഴ്സായി ജോലിചെയ്യുന്നു. സഹോദരി ഡോനാ സോബനും സോനക്ക് പിന്തുണയുമായി കൂടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.