Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightവൈവിധ്യങ്ങളുടെ...

വൈവിധ്യങ്ങളുടെ സൗന്ദര്യം, അച്ചടക്കത്തിന്റെയും

text_fields
bookmark_border
വൈവിധ്യങ്ങളുടെ സൗന്ദര്യം, അച്ചടക്കത്തിന്റെയും
cancel

‘‘ഷാ സാഹിബിനോടൊപ്പം ഞാൻ ആനക്കയത്തു ചെന്ന് മൗലവിയെ പരിചയപ്പെട്ടു. ആറ് വിദ്യാർഥികളെ തിരഞ്ഞെടുത്ത് കൊടുക്കാൻ അദ്ദേഹം ഞങ്ങളോടാവശ്യപ്പെട്ടു. പലതരത്തിലുള്ള എതിർപ്പുകളുണ്ടായെങ്കിലും കഷ്ടിച്ച് ആറുപേരെ കിട്ടി. അങ്ങനെ കോളജ് തുടങ്ങി’’.

ഫാറൂഖ് കോളജിന്റെ 40ാം വാർഷികപ്പതിപ്പിൽ സി.എൻ. അഹ്മദ് മൗലവി എഴുതിയ കുറിപ്പിൽനിന്ന് എടുത്ത വാചകമാണ് മുകളിൽ. ഇതിൽ പറയുന്ന ഷാ സാഹിബ്, ഫാറൂഖ് കോളജിന്റെ ആദ്യ പ്രിൻസിപ്പലായി സർക്കാർ സർവിസിൽനിന്ന് വന്ന സയ്യിദ് മുഹ്‍യിദ്ദീൻ ഷാ ആണ്. ഇതിൽ പരാമർശിച്ച മൗലവി, അബുസ്സബാഹ് അഹ്മദലിയും -ഫാറൂഖ് കോളജിന്റെ സ്ഥാപകൻ.

മഞ്ചേരിക്കടുത്ത ആനക്കയത്തുനിന്ന് തുടങ്ങിയ ഒരു വിദ്യാഭ്യാസ നവോത്ഥാന പ്രസ്ഥാനം ഇന്ന് മുപ്പതിലേറെ ബിരുദ, ബിരുദാനന്തര കോഴ്സുകൾ നടത്തുന്ന, എട്ട് വിഭാഗങ്ങളിൽ അംഗീകൃത ഗവേഷണ കേന്ദ്രങ്ങളുള്ള, സംസ്ഥാനത്തെ ഏറ്റവും വലിയ റെസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായി വളർന്നിരിക്കുന്നു. അറബിക് കോളജിലേക്ക് ‘കഷ്ടിച്ച് ആറുപേരെ’ എതിർപ്പുകൾ നേരിട്ട് സംഘടിപ്പിച്ചിരുന്ന ആ അവസ്ഥയിൽനിന്ന്, പ്രവേശനത്തിന് ഏറ്റവും കൂടുതൽ മത്സരമുള്ള ഓട്ടോണമസ് കോളജായി സ്ഥാപനം വികസിച്ചു.

ഈജിപ്തിലെ അൽ അസ്ഹർ സർവകലാശാലയിലെ പഠനത്തിനുശേഷം ഇന്ത്യയിലേക്ക് തിരിക്കുമ്പോഴേ അബുസ്സബാഹ് അഹ്മദലി സാഹിബിന്, മലബാറിൽ ഒരു സർവകലാശാല എന്ന സ്വപ്നമുണ്ടായിരുന്നു. ആനക്കയത്തുനിന്ന് ഫറോക്കിലേക്ക് മാറിയതോടെ ആ സ്വപ്നത്തിന് ചിറകുവിരിഞ്ഞു. സീതി സാഹിബും ഹൈദ്രോസ് വക്കീലും അവറാൻകുട്ടി ഹാജിയുമടക്കം അനേകം പേരുടെ സജീവ സഹകരണത്തോടെ സർവകലാശാലക്ക് സമാനമായ ഒരു വിദ്യാകേന്ദ്രം വികസിച്ചുവന്നു.

ധർമനിഷ്ഠമായ ആധുനിക വിദ്യാഭ്യാസ ക്രമമാണ് അവർ ലക്ഷ്യമിട്ടത്. മുസ്‍ലിം സ്ഥാപനമായിരിക്കുമ്പോ​ഴും മറ്റ് സമുദായങ്ങളിലെ പിന്നാക്കക്കാർക്ക് പരിഗണന നൽകിവന്നിട്ടുണ്ട് ഫാറൂഖ് കോളജ്. അര ഡസനോളം ഹോസ്റ്റലുകൾ നിർമിച്ചപ്പോൾ അവയിൽ ഒന്ന് പൂർണ വെജിറ്റേറിയൻ ഭക്ഷണം നൽകുന്ന എൻ.ഇ ഹോസ്റ്റലായിരുന്നു.

ഭൗതികമായി ദാരിദ്ര്യത്തിലും പരിമിതികളിലുമാണ് തുടക്കമെങ്കിലും സമൂഹത്തിന് ഊർജസ്വലരായ പൗരന്മാരെ സംഭാവന ചെയ്യാൻ തുടക്കംമുതലേ കോളജിന് കഴിഞ്ഞു. പ്രതിഭാധനരായ വിദ്യാർഥികളെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ പേരിൽ മാറ്റിനിർത്തുന്ന രീതിയിൽനിന്ന് വ്യത്യസ്തമായി, അവരുടെ കഴിവിനെ അംഗീകരിക്കുന്ന സമീപനം ഫാറൂഖ് കോളജ് അധികൃതർ സ്വീകരിച്ചതിന്റെ ഗുണഭോക്താക്കൾ കുറേയുണ്ട്. അവരിലൊരാളായിരുന്നു പിന്നീട് കേരള യൂനിവേഴ്സിറ്റി പ്രോ വൈസ് ചാൻസലറായ ഡോ. എൻ.എ. കരീം. കോളജിന്റെ ആദ്യത്തെ ബി.എ ബാച്ചിൽ പഠിച്ച നാല് വിദ്യാർഥികളിൽ ഒരാളായിരുന്നു കരീം (മറ്റു മൂന്നുപേർ, പിന്നീട് ദീർഘകാലം കോളജ് സൂപ്രണ്ടായിരുന്ന മമ്മദ്, വക്കീലായിത്തീർന്ന എം.കെ. മാധവ മേനോൻ, ഫറോക്ക് സ്വദേശി നമ്പീശൻ എന്നിവരായിരുന്നു). എൻ.എ. കരീം എങ്ങനെ ഫാറൂഖ് കോളജിൽ ചേരാനിടയായി എന്നത്, രണ്ടാം ബാച്ചിൽ വിദ്യാർഥിയായിരുന്ന പ്രഫ. എം.ജി.എസ്. നാരായണൻ ഒരിക്കൽ വിവരിച്ചിട്ടുണ്ട്.

എറണാകുളം മഹാരാജാസിലാണ് കരീം പഠിച്ചിരുന്നത്. അവിടെ കെ.എസ്.പി എന്ന സംഘടനയുടെ സജീവ പ്രവർത്തകൻ. അക്കാരണത്താൽ പുറത്താക്കപ്പെട്ടു. പഠനം വഴിമുട്ടി. ഒരു കോളജിൽനിന്ന് പുറത്താക്കിയ വിദ്യാർഥിയെ മറ്റു കോളജുകൾ എടുക്കില്ല. എന്നാൽ, അന്നത്തെ ഫാറൂഖ് കോളജ് പ്രിൻസിപ്പൽ മുഹ്‍യിദ്ദീൻ ഷാ കരീമിന് പ്രവേശനം നൽകാൻ തയാറായി.

‘ദേശാഭിമാനി’ ചീഫ് എഡിറ്ററായിരുന്ന വി.വി. ദക്ഷിണാമൂർത്തി സമാനമായ അനുഭവം വർണിച്ചിട്ടുണ്ട്. ഗുരുവായൂരപ്പൻ കോളജിൽ ഇൻറർമീഡിയറ്റിന് പഠിക്കുമ്പോൾ മലബാർ ഐക്യവിദ്യാർഥി സംഘടനയുടെ സജീവ പ്രവർത്തകനായിരുന്ന ദക്ഷിണാമൂർത്തിക്ക് ഡിഗ്രിക്ക് അവിടെ പ്രവേശനം കൊടുത്തില്ല. കാരണമന്വേഷിക്കാൻ ചെന്ന അദ്ദേഹത്തോട് അവിടത്തെ പ്രിൻസിപ്പൽ പറഞ്ഞത്, ‘‘ഫാറൂഖ് കോളജിൽ ചേർന്ന് എനിക്കെതിരെ പ്രവർത്തിച്ചോളൂ’’ എന്നായിരുന്നത്രേ. അദ്ദേഹത്തെ ഏതായാലും ഫാറൂഖ് സ്വീകരിച്ചു; പിന്നീടദ്ദേഹം പത്രപ്രവർത്തകനും എം.എൽ.എയുമൊക്കെയായി.

‘അധഃകൃതരെ’ന്ന് വിളിക്കപ്പെടുന്നവരെ ഫാറൂഖ് കോളജ് പൂർണമനസ്സോടെ സ്വീകരിക്കുന്നതിനെപ്പറ്റി സ്വന്തം അനുഭവംകാട്ടി വിസ്തരിച്ചിട്ടുണ്ട് കഥാകാരനായിരുന്ന പാറന്നൂർ പത്മനാഭൻ. ‘മേൽജാതിക്കാർ’ നടത്തുന്ന കോളജ് പത്മനാഭനെ തിരസ്കരിച്ചപ്പോൾ സാമ്പത്തിക സഹായമടക്കം നൽകി പ്രിൻസിപ്പൽ പ്രഫ.​ കെ.എ. ജലീൽ അദ്ദേഹത്തിന് അഡ്മിഷൻ നൽകിയത് അൽപം വൈകാരികമായിത്തന്നെ അദ്ദേഹം വിവരിച്ചു.

വൈവിധ്യങ്ങളെ ആഘോഷിക്കുന്ന കാമ്പസാണ് ഫാറൂഖിന്റേത്. കേരളത്തിലെ എല്ലാ പ്രാദേശികഭാഷാ ഭേദങ്ങളും -കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള തനത് മൊഴികൾ- കോളജിന്റെ ഹോസ്റ്റലുകൾ കേട്ടുവന്നിട്ടുണ്ട്. ലക്ഷദ്വീപിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും വിദേശങ്ങളിൽനിന്നും വിദ്യാർഥികൾ ഇവിടെ എത്താറുണ്ട്. വിവിധ മതവിശ്വാസക്കാർക്കായി കോളജ് തുറന്നുകിടന്നു. 1949ലെ കണക്കനുസരിച്ച്, ആ വർഷം കോളജിൽ 129 വിദ്യാർഥികളിൽ 71 മുസ്‍ലിം, 46 ഹിന്ദു, 11 ക്രിസ്ത്യൻ എന്നിങ്ങനെ ഉണ്ടായിരുന്നു. ദലിത് വിദ്യാർഥികൾ ഹോസ്റ്റൽ സൗജന്യങ്ങളോടെ പഠിക്കാൻ ഫാറൂഖ് കോളജിന് മുൻഗണന നൽകി; അവരെ കോളജ് സ്വാഗതം ചെയ്യുകയും ചെയ്തു. മറ്റു പിന്നാക്ക വിഭാഗവിദ്യാർഥികൾക്കും കോളജിൽ പരിഗണന കിട്ടി. അധ്യാപകരിലും അനധ്യാപക ജീവനക്കാരിലും ഈ വൈവിധ്യമുണ്ട്.

ഒരപവാദം പെൺസാന്നിധ്യം ആദ്യം ഒന്നോ രണ്ടോ അധ്യാപികമാരിൽ ഒതുങ്ങി എന്നതായിരുന്നു. 1948ൽ തുടങ്ങിയ കോളജിൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകിത്തുടങ്ങിയത് 1959ലാണ്. 13 പെൺകുട്ടികൾ അക്കൊല്ലം ചേർന്നു. അതിൽ മുസ്‍ലിം പെൺകുട്ടി ഒന്നുമാത്രം (ആദ്യമായി ചേർന്ന വിദ്യാർഥിനി ‘ചെറുമി’ എന്നുപേരുള്ള ദലിത് പെൺകുട്ടിയായിരുന്നു). ഓരോ വർഷവും പെൺകുട്ടികളുടെ എണ്ണം വർധിച്ചുവന്നു. വനിത ഹോസ്റ്റലുകൾ തുറന്നു. മൂന്നരപ്പതിറ്റാണ്ട് തികയുമ്പോഴേക്കും (ഏകദേശം 1995ഓടെ) ആൺ-പെൺ എണ്ണം തുല്യമായി. പിന്നീടങ്ങോട്ട് ‘പെൺകോയ്മ’ വർധിച്ചു. ഇന്ന് ഫാറൂഖ് കോളജിന് ആദ്യത്തെ വനിത പ്രിൻസിപ്പലുമായി -ഡോ. ആയിഷ സ്വപ്ന. അധ്യാപകരിലും വകുപ്പു മേധാവികളിലും വനിത സാന്നിധ്യം ശക്തമാണ്. വിദ്യാർഥിനികൾ എണ്ണത്തിൽ ആൺകുട്ടികളെ കവച്ചുവെക്കുന്നു.

സാമ്പത്തികശാസ്ത്ര അധ്യാപകനായിരുന്ന പ്രഫ. എച്ച്.എം.എ. ഷുക്കൂർ മൈസൂർ സംസ്ഥാനക്കാരനായിരുന്നു; ഇംഗ്ലീഷിൽ അന്ന ബാർബർ എന്ന അധ്യാപിക ബ്രിട്ടനിൽനിന്ന് വന്ന് ഒരുവർഷം സേവനം ചെയ്തു. ഇംഗ്ലീഷിലെ സ്ഥിരം അധ്യാപകരിലൊരാൾ ഉത്തർ​പ്രദേശുകാരൻ ഗുലാം മുസ്തഫ ആയിരുന്നു. കശ്മീരിൽനിന്നുള്ള യൂനുസ് ഗീലാനി ചരിത്രാധ്യാപകനായിരുന്നു. ഏറ്റവും കൂടുതൽ വൈവിധ്യങ്ങളെ ഉൾക്കൊണ്ട കാലത്തുതന്നെയാണ് ഫാറൂഖ് കോളജിന് അതിന്റെ മുസ്‍ലിം സ്വത്വം നന്നായി പ്രകാശിപ്പിക്കാനും സാധിച്ചത്.

പിന്നാക്കം നിന്നുപോയ സമുദായത്തെ ഉയർത്താൻ സ്ഥാപിക്കപ്പെട്ട കലാലയം ദുർബലരോട് പ്രത്യേകം സഹാനുഭൂതി കാട്ടി. ഭിന്നശേഷിക്കാർക്ക് സവിശേഷ സൗകര്യങ്ങൾ ഇവിടെയുണ്ട്. കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡിന്റെ നേതൃത്വത്തിലുള്ള ഡോ. സി. ഹബീബ്, ഇരട്ട സഹോദരൻ അക്ബറും ഇവിടെ പഠിച്ചുയർന്നവരാണ്. ഹബീബ് ഫാറൂഖിലും അക്ബർ സർക്കാർ സർവിസിലും ഇംഗ്ലീഷ് പ്രഫസർമാരാണ് ഇപ്പോൾ.

ഫാറൂഖ് കോളജ് 75 വർഷം തികച്ചിരിക്കുന്നു. ഈ പ്ലാറ്റിനം ജൂബിലി വർഷത്തിൽ കോളജിന്റെ പൂർവവിദ്യാർഥികൾ ഇന്ന് പ്രിയ കാമ്പസിൽ ഒത്തുചേരുകയാണ്. ‘ഫൊസ്റ്റാൾജിയ 23’ എന്ന പേരിലുള്ള ഈ ആഗോള സംഗമം പഴയകാല വിദ്യാർഥികൾക്ക് സവിശേഷമായ അനുഭവമാകും. ഇതിനുമുമ്പും ‘ഫൊസ്​റ്റാൾജിയ’ സംഗമങ്ങൾ നടന്നിട്ടു​ണ്ടെങ്കിലും ഇക്കുറി പതിവിൽ കവിഞ്ഞ പങ്കാളിത്തം ഉണ്ടാകുമെന്നാണ് കരുതുന്നത്.

ഏത് കലാലയവും സമൂഹത്തിന് എന്തുനൽകി എന്നതിന്റെ ആദ്യത്തെ ഉത്തരം അതിന്റെ പൂർവവിദ്യാർഥികൾ തന്നെയാവും. ഫാറൂഖ് കോളജിന്റെ സംഭാവനകളിൽ മന്ത്രിമാരും എം.പിമാരും എം.എൽ.എമാരും അനേകമുണ്ട്. ​വൈസ് ചാൻസലർമാരും അന്താരാഷ്ട്ര സംഘടനകളിൽ ഉന്നതസ്ഥാനം വഹിച്ചവരും ഇന്ത്യൻ സിവിൽ സർവിസിൽ പ്രവർത്തിച്ചവരും സ്​പോർട്സ്, സിനിമ, സാഹിത്യ, മാധ്യമമേഖലകളിൽ മുദ്രപതിപ്പിച്ചവരുമുണ്ട്. നാല് പ്രധാനമന്ത്രിമാർക്കു കീഴിൽ സെക്രട്ടറിയായിരുന്ന പി.എം.എ. ഹക്കീമാണ് ഫാറൂഖ് പൂർവ വിദ്യാർഥികളിൽനിന്നുള്ള ആദ്യ ഐ.എ.എസുകാരൻ. മാഡം ക്യൂറി റിസർച് അവാർഡ് മുതൽ ഇന്ത്യയിലെ പത്മ അവാർഡുകൾ വരെ നേടിയവർ പൂർവവിദ്യാർഥികളിലുണ്ട്. പത്മശ്രീ നേടിയവരാണ് പ്രഫ. ടി. പ്രദീപും ഡോ. ആസാദ് മൂപ്പനും.

ബൗദ്ധികമേഖലയിലെ നിക്ഷേപത്തോളം വിപുലവും ഗാഢവുമാണ് ​വൈകാരിക മേഖലയിലെ അതിന്റെ നിക്ഷേപം. ആ നിക്ഷേപത്തിന്റെ മൂർത്തരൂപമാണ് ‘ഫോസ’ എന്ന പൂർവവിദ്യാർഥി സംഘടന.

ഫാറൂഖ് കോളജിന്റെ അക്കാദമിക, അടിസ്ഥാന സൗകര്യ മണ്ഡലങ്ങളിൽ പൂർവവിദ്യാർഥികൾ കനത്ത സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്നത് ആ നിക്ഷേപത്തിന്റെ ഫലമായിട്ടാണ്. വിദ്യാർഥിക്കാലം എല്ലാവർക്കും നിത്യഹരിതമായ ഗൃഹാതുരതയാണ്. ഫാറൂഖ് കോളജിൽ അത് ​അങ്ങേയറ്റം സാന്ദ്രവും സജീവവുമായി നിലനിൽക്കുന്നു. സഹായമർഹിക്കുന്ന മേഖലകളിലെല്ലാം പൂർവവിദ്യാർഥികളുടെ സാമ്പത്തികവും അല്ലാത്തതുമായ വിഹിതം എത്തുന്നുണ്ട്. എജു സപ്പോർട്ട്, വൺ ഫോർ വൺ തുടങ്ങിയ വിദ്യാഭ്യാസ സഹായ സംരംഭങ്ങൾ മുതൽ ഡയാലിസിസ് സെന്റർ അടക്കമുള്ള പരിചരണ സംരംഭങ്ങൾ വരെ വിവിധ ‘ഫോസ’ ഘടകങ്ങളുടെ കരുതലിൽകൂടിയാണ് നടന്നുവരുന്നത്. കാരണം, ഫാറൂഖ് കോളജ് അവിടെ പഠിച്ചവർക്ക് -പഠിപ്പിച്ചവർക്കും- അവരുടെ നാഡിമിടിപ്പുപോലെ സ്വന്തമാണ്. അവിടെ ഏഴുവർഷം പഠിക്കുകയും 31 വർഷം അധ്യാപകനായിരിക്കുകയും ചെയ്ത എനിക്ക് മാത്രമല്ല, ഏതാനും മാസം മാത്രം അവിടെ പഠിച്ച് വിട്ടുപോയവർക്കും ആ കാമ്പസ് എന്നും മാടിവിളിക്കുന്ന സുവർണകാലമാണ്.

ബി.എക്കും എം.എക്കുമായി എന്റെ സഹപാഠികളായിരുന്ന എ.പി. കുഞ്ഞാമു, അഹ്മദ്കുട്ടി ശിവപുരം, എ.ഐ. റഹ്മത്തുല്ല, കൃഷ്ണകുമാർ, ശൈലജ മണി, സൈഫുദ്ദീൻ എന്നിങ്ങനെ നീളുന്ന പട്ടികയിൽ ഒരേപോലെ ചിന്തിക്കുന്ന രണ്ടുപേരില്ല. പക്ഷേ, കോളജിനോടുള്ള ഗാഢമായ മാനസികബന്ധത്തിന്റെ കാര്യത്തിൽ വിയോജിക്കുന്ന ഒരാളുമില്ല. ഇത് ഞങ്ങളുടെ കാര്യത്തിൽ മാത്രമല്ല, എക്കാലത്തെയും എല്ലാ ക്ലാസുകളുടെയും കാര്യത്തിലും ശരിയാണ്.

എന്തുകൊണ്ടെന്നാൽ ഫാറൂഖ് കോളജ് വെറുമൊരു സ്ഥാപനമല്ല. വെറുമൊരു കാലമല്ല. അതൊരു ദീപ്ത വികാരമാണ്.

എന്തിന് ഫാറൂഖ് കോളജിൽ ചേരണം എന്നതിന് പണ്ട് കേട്ടിരുന്ന പ്രധാന ഉത്തരം ‘അച്ചടക്കമുള്ള സ്ഥാപനം’ എന്നായിരുന്നു. അച്ചടക്കമെന്നത് പുറമെനിന്ന് വരുന്ന ശിക്ഷാവിധികളല്ല, മറിച്ച് അകമേ പിറക്കുന്ന ബോധ്യങ്ങളുടെ കരുത്താണ്. അൽപായുസ്സായ മുദ്രാവാക്യങ്ങളുടെയും പുരോഗമന നാട്യങ്ങളുടെയും കാറ്റിൽ ആലോലമാടാൻ വിസമ്മതിക്കുന്ന മൂല്യബോധമാണത്. അച്ചടക്കം സൗന്ദര്യമാണെന്നു പഠിപ്പിച്ചതാണ് ഫാറൂഖ് കോളജിന്റെ നേട്ടമെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

ആ സൗന്ദര്യം തിരിച്ചുപിടിക്കാൻ പഴയ ഓർമകളുടെ ഊർജവും പുതിയ സാധ്യതകളുടെ ഊറ്റവും സാഹചര്യമൊരുക്കട്ടെ.

ചടുലമായ നീക്കങ്ങൾ അനിവാര്യം

പൂർവികരുടെ ദീർഘദൃഷ്ടിയുടെ ഫലമാണ് ഇന്ന് കാണുന്ന ഫാറൂഖ് കോളജെങ്കിലും, സങ്കൽപ്പിക്കാനാവാത്ത ഗതിവേഗത്തിൽ മാറുന്ന കാലത്തിൽ, വരും തലമുറക്ക് വേണ്ടി സന്നദ്ധമാക്കുന്ന ചടുലമായ നീക്കങ്ങളാണ് ഇന്ന് കോളജിന്റെ അനിവാര്യത. അതിലേക്ക് കാമ്പസിനെ സജ്ജമാക്കാനുള്ള പ്രയത്നത്തിൽ ഫാറൂഖിയൻസിനെ അണിച്ചേർത്ത് മുന്നേറാൻ തയാറാക്കുകയാണ് മുഖ്യ ദൗത്യം. കേവലം അക്കാദമികമായ മുന്നേറ്റത്തിന് അപ്പുറം ധാർമികതയുടെയും നന്മയുടെയും പ്രതീകങ്ങൾ ആവേണ്ടതുണ്ട് ഈ പുതു തലമുറ.

അതിലേക്കുള്ള പ്രയാണത്തിൽ അമരക്കാരായ ഓരോരുത്തർക്കും സജീവ പങ്കാളികളാകാം. നാളത്തെ ലോകത്തിനു വിജ്ഞാനത്തോടൊപ്പം വ്യവസായിക അനുഭവ സമ്പത്തും പിന്നെ മലബാറിന്റെ മനോഹരമായ നൈർമല്യവും നെഞ്ചിലേറ്റുന്ന പുതു തലമുറയാണ് ഞങ്ങളുടെ മുതൽക്കൂട്ടാവുക-ഡോ. കെ.എ ആയിഷ സ്വപ്ന, പ്രിൻസിപ്പൽ, ഫാറൂഖ് കോളേജ്


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farook CollegeYaseen Ashrafkozhikode News
News Summary - 75 years of Farook College
Next Story