അതിരുകൾക്കപ്പുറം പറന്ന് ‘ഫാല്കണറി’
text_fieldsഅറബ് സംസ്കാരവുമായി ഇഴചേര്‍ന്നുകിടക്കുന്ന ഫാല്കണറിക്ക് നാള്‍ക്കുനാള്‍ സ്വീകാര്യത വര്‍ധിച്ചുവരികയാണ്. യുനസ്കോയുടെ ‘ഇന്റാഞ്ചിബിള് കള്‍ച്ചറല്‍ ഹെറിറ്റേജ് ഓഫ് ഹ്യുമാനിറ്റി’ പട്ടികയിലെ ഫാല്കണറി രജിസ്ട്രേഷന്റെ പതിമൂന്നാം വാര്‍ഷികം കഴിഞ്ഞവര്‍ഷം നവംബറിലാണ് ആഘോഷിച്ചത്. പട്ടികയില്‍ രജിസ്റ്റര്‍ ചെയ്ത രാജ്യങ്ങളുടെ എണ്ണം ഇരട്ടിച്ച് 24 ആയി വര്‍ധിച്ചിട്ടുണ്ട്. 90 രാജ്യങ്ങളിലാണ് നിലവില്‍ ഫാല്കണറി പ്രാക്ടീസ് ചെയ്തുവരുന്നത്. ലോകത്താകെ ഒരുലക്ഷത്തിലേറെ ഫാല്‍കണേഴ്സ് ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഫാല്കണറിക്ക് അന്താരാഷ്ട്ര അംഗീകാരം കിട്ടുന്നതില്‍ അബൂദബിയും യു.എ.ഇയും നിര്‍ണായക പങ്ക് വഹിച്ചതായി ഇന്റര്‍നാഷനല്‍ അസോസിയേഷന് ഫോര്‍ ഫാല്കണറി ആന്‍ഡ് കണ്‍സര്‍വേഷന്‍ ഓഫ് ബേഡ്സ് ഓഫ് പ്രേ പ്രസിഡന്റും എമിറേറ്റ്സ് ഫാല്‍കണേഴ്സ് ക്ലബ് സെക്രട്ടറി ജനറലുമായ മാജിദ് അലി അല്‍ മന്‍സൂരി വ്യക്തമാക്കുന്നു.
ഫാല്കണറിയെ സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും വേണ്ടി നിരവധി പദ്ധതികള്‍ നടപ്പാക്കുന്നതിത് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാനും അല്‍ ദഫ്റ റീജിയനിലെ ഭരണാധികാരിയുടെ പ്രതിനിധിയും എമിറേറ്റ്സ് ഫാല്‍കണേഴ്സ് ക്ലബ് ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ സായിദും നൽകുന്ന പിന്തുണക്ക് നന്ദിയും അഭിനന്ദനവും അറിയിക്കുന്നതായും മാജിദ് അല്‍ മന്‍സൂരി കൂട്ടിച്ചേര്‍ത്തു. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താന്റെ പരിശ്രമങ്ങളുടെ തുടര്‍ച്ചയാണ് അവര്‍ നടപ്പാക്കിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. അറബ് ഫാല്കണറിയെക്കുറിച്ചും മരുഭൂമിയിലെ ജീവിത സംസ്കാരത്തെക്കുറിച്ചും പഠിക്കാനെത്തുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നുണ്ട്. 2006 ഡിസംബറില്‍ മുഹമ്മദ് ബിന്‍ സായിദ് ഫാല്കണറി ആന്‍ഡ് ഡെസേര്‍ട്ട് ഫിസിയോഗ്നമി സ്കൂള്‍ ആരംഭിച്ചതു മുതല്‍ ഇതുവരെ 5,039 വിദ്യാര്‍ഥികളാണ് ഫാല്കണറിയെക്കുറിച്ച് പഠിച്ചത്. ഇതിനു പുറമെ ഇവിടെയെത്തുന്ന ടൂറിസ്റ്റുകള്‍ക്കും വി.ഐ.പികള്‍ക്കും പ്രത്യേക ക്ലാസുകളും നല്‍കുന്നുണ്ട്. 2023-2024 ഫാല്കണറി സീസണ് അബൂദബിയില്‍ മൂന്നുമാസത്തോളം നീണ്ടുനിന്നിരുന്നു. കഴിഞ്ഞ ജനുവരിയില്‍ അവസാനിച്ച ഇക്കാലയളവിലായി അബൂദബി പരിസ്ഥിതി ഏജന്‍സി 2,603 പരമ്പരാഗത വേട്ട ലൈസന്‍സുകളാണ് ഒരു സീസണ് കാലത്തേക്കായി അനുവദിച്ചത്. 2023ലെ അബൂദബി ഇന്റര്‍നാഷനല്‍ ഹണ്ടിങ് ആന്‍ഡ് ഇക്വസ്ട്രിയന്‍ എക്സിബിഷനില്‍ നിരവധി ഫാല്‍കണ്‍ വളര്ത്തലുകാരും പരിശീലകരും ബ്രീഡിങ് ചെയ്യുന്നവരും അതുപോലെ ഫാല്കണറിക്കാവശ്യമായി നവീന ഉപകരണങ്ങളും മറ്റും നിര്‍മിക്കുന്നവരും പങ്കെടുക്കുകയുണ്ടായി.
ഇമാറാത്തി-ജാപ്പനീസ് ഫാല്കണേഴ്സുകള്ക്കിടയിലും സാംസ്കാരിക സഹകരണ പദ്ധതികളും മറ്റും പ്രോല്‍സാഹിപ്പിക്കുന്നതിനായി എമിറേറ്റ്സ് ഫാല്‍കണേഴ്സ് ക്ലബ്ബും ജാപ്പനീസ് ഫൗണ്ടേഷനായ ഇന്‍പെക്സ്-ജോഡ്കോയും ഏര്‍പ്പെട്ട കരാര്‍ പ്രകാരം അല്‍ദഫ്റ റീജിയനിലെ ഭരണാധികാരിയുടെ പ്രതിനിധിയും എമിറേറ്റ്സ് ഫാല്‍കണേഴ്സ് ക്ലബ് ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ആല് നഹ്യാന്റെ പിന്തുണയോടെ ജനുവരിയില്‍ യു.എ.ഇ-ജപ്പാന് ഫാല്കണറി ക്യാമ്പ് നടത്തുകയുണ്ടായി. ഇതിനു പുറമേ കഴിഞ്ഞ സപ്റ്റംബറില് ഇന്റര്‍നാഷനല്‍ അസോസിയേഷന് ഫോര്‍ ഫാല്കണറി ആന്‍ഡ് കണ്‍സര്‍വേഷന്‍ ഓഫ് ബേഡ്സ് ഓഫ് പ്രേയുമായി സഹകരിച്ച് എമിറേറ്റ്സ് ഫാല്‍കണേഴ്സ് ക്ലബ് ഇരുപതാം അബൂദബി ഇന്റര്‍നാഷനല്‍ ഹണ്ടിങ് ആന്‍ഡ് ഇക്വസ്ട്രിയന്‍ എക്സിബിഷനും സംഘടിപ്പിച്ചു. ക്ലബ് സംഘടിപ്പിച്ച ‘ദ റോള്‍ ഓഫ് ദ മീഡിയ ഇന്‍ പ്രിസര്വിങ് ഫാല്ണറി ആന്‍ഡ് ഇന്റാഞ്ചിബിള് കള്‍ച്ചറല്‍ ഹെറിറ്റേജ്’ സമ്മേളനവും വിപുലമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. അറബ് ജനതയുടെ പൈതൃക സംസ്ക്കാരത്തിന്റെ നേര്‍ക്കാഴ്ചകളും നൂതന സാങ്കേതിക വിദ്യകളുടെ വിശാല ലോകവും ഒരുക്കി അബൂദബി സംഘടിപ്പിക്കുന്ന ‘അഡിഹെക്സി’ലേക്ക് എല്ലാക്കൊല്ലവും ആയിരക്കണക്കിനു പേരാണ് എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.