ഗാന്ധി മുതൽ ഗാന്ധി വരെ
text_fieldsപഴയ ബോംബെയിൽനിന്ന് പുതിയ മുംബൈയിലേക്ക് മഹാനഗരം രൂപാന്തരപ്പെടുന്നതിനിടയിൽ ഗാന്ധിയുടെ സ്പർശമേറ്റ അടയാളങ്ങളിൽ പലതും മാഞ്ഞുപോയെങ്കിലും ഒരു പോറലുമേൽക്കാതെ തലയുയർത്തി മണിഭവൻ നിൽക്കുന്നുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യ പോരാട്ടചരിത്രത്തിലെ നാഴികക്കല്ലായ ദക്ഷിണ മുംബൈയിലെ ഗാംദേവി, ലാബർണം റോഡിലെ ആ പഴയ മൂന്നുനില കെട്ടിടം ഇന്നും ഗാന്ധിസത്തിലേക്കുള്ള പ്രചോദനമാവുകയാണ്.
ബോംബെയിലെ ഗാന്ധി
19ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തടികളാൽ പണികഴിപ്പിച്ച മണിഭവനിലായിരുന്നു ബോംബെയിലെത്തിയപ്പോഴൊക്കെ ഗാന്ധി താമസിച്ചത്. ഇംഗ്ലണ്ടിലെ പഠനകാലത്ത് സുഹൃത്തായിരുന്ന, പിന്നീട് രത്നവ്യാപാരിയായി മാറിയ രേവശങ്കർ ജവേരി തന്റെ കെട്ടിടം ഗാന്ധിക്ക് താമസിക്കാൻ നൽകുകയായിരുന്നു. നിസ്സഹകരണ, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനങ്ങൾക്ക് അദ്ദേഹം തുടക്കമിട്ടതും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നതും ബോംബെയിൽവെച്ചാണ്. അതിലേറെയും മണിഭവനിലിരുന്നും. ചർക്കയിൽ നൂൽനൂൽക്കാൻ പഠിച്ചതും സ്വദേശി, സ്വരാജ് ആശയങ്ങൾക്ക് പ്രചാരണ തുടക്കമിട്ടതും മണിഭവനിലിരുന്നാണ്. 1917 മുതൽ 1934 വരെയാണ് ഗാന്ധി മണിഭവനിൽ പാർത്തത്. അദ്ദേഹത്തിന്റെ മരണശേഷം കേന്ദ്ര ഗാന്ധിസ്മാരകനിധി കെട്ടിടം വാങ്ങി പിന്നീട് മ്യൂസിയമാക്കി മാറ്റുകയായിരുന്നു.
മൂന്നു ഘട്ടങ്ങളിലായാണ് ഗാന്ധി അന്നത്തെ ബോംബെയിലെത്തിയത്. 1891ൽ ലണ്ടനിലെ നിയമപഠനം കഴിഞ്ഞ് യുവ അഭിഭാഷകനായിട്ടായിരുന്നു ആദ്യവരവ്. ഗിർഗാവിലായിരുന്നു അന്ന് താമസം. അവിടെനിന്ന് 45 മിനിറ്റോളം നടന്നാണ് അദ്ദേഹം സ്മാൾ കോസ് കോടതിയിലും ബോംബെ ഹൈകോടതിയിലുമെത്തിയിരുന്നത്. നടന്നെത്തിയ ക്ഷീണംകൊണ്ട് വാദമുന്നയിക്കാനാകാതെ ഉറങ്ങിപ്പോകുന്നത് പതിവായത് ചരിത്രം. കോടതി പ്രാക്ടിസ് മതിയാക്കി പോർബന്ദറിൽ ജ്യേഷ്ഠനടുത്തേക്കുപോയ ഗാന്ധി അവിടെനിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് പോയി. 11 വർഷങ്ങൾക്കുശേഷമാണ് അടുത്തവരവ്. അന്ന് ചർണിറോഡിലെ ഇടുങ്ങിയ ഫ്ലാറ്റിലായിരുന്നു താമസം. മകൻ മണിലാൽ അസുഖബാധിതനായതോടെ കൂടുതൽ വായുസഞ്ചാരമുള്ള സാന്താക്രൂസിലെ ബംഗ്ലാവിലേക്ക് താമസം മാറി. ഗാന്ധി അന്ന് താമസിച്ച സ്ഥലങ്ങളൊന്നും ഇന്ന് ആർക്കും അറിയില്ല. ഇന്ന് സാന്താക്രൂസിൽ താമസിക്കുന്ന പ്രപൗത്രൻ തുഷാർ ഗാന്ധിക്കും ഗാന്ധി എവിടെയാണ് താമസിച്ചിരുന്നതെന്ന് കണ്ടെത്താനായില്ല.
ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള മൂന്നാംവരവ് ഇന്ത്യൻ സ്വാതന്ത്ര്യ സമരങ്ങളിലേക്കുള്ള കാൽവെപ്പായിരുന്നു. 1915 ജനുവരി ഒമ്പതിന് അപ്പോളോ ബന്ദറിൽ എസ്.എസ് അറേബ്യ കപ്പലിൽ വന്നിറങ്ങിയ ഗാന്ധിയെയും കസ്തൂർബയെയും ഹാരങ്ങളണിയിച്ചാണ് ജനം സ്വീകരിച്ചത്. അന്ന് അദ്ദേഹത്തിന് സ്വീകരണം നൽകിയ പെഡ്ഡർറോഡിലെ ജെബി പെറ്റിറ്റ് ബംഗ്ലാവും അന്ന് താമസിച്ച ലെമിങ്ടൺ റോഡിലെ മംഗൾദാസ് ഹൗസും ഇന്നില്ല.
സ്വദേശി, സ്വരാജ്, സ്വയാശ്ര
ഗോപാൽകൃഷ്ണ ഗോഖലെയുടെ ഉപദേശാനുസരണം രാജ്യത്തുടനീളം സഞ്ചരിച്ച് ബ്രിട്ടീഷ് ഭരണത്തെക്കുറിച്ചുള്ള ജനാഭിപ്രായങ്ങൾ കേട്ടശേഷം 1917ൽ ബോംബേയിൽ തിരിച്ചെത്തിയ ഗാന്ധി അന്നുതൊട്ട് മണിഭവനിലാണ് താമസിച്ചതും അവിടെയിരുന്നാണ് അഹിംസയിലൂന്നിയ സമരമുറകൾക്ക് രൂപംനൽകിയതും. സത്യഗ്രഹത്തിന്റെ ശക്തിയെന്തെന്ന് ആദ്യം നേതാക്കൾക്കും പിന്നീട് ജനങ്ങളിലേക്കും പകർന്നുനൽകുകയായിരുന്നു. അതിസാരത്തെ തുടർന്ന് തളർന്ന ഗാന്ധി ആട്ടിൻപാൽ കുടിക്കാനാരംഭിച്ചതും ഇവിടെവെച്ചാണ്. വേദനിപ്പിക്കാതെയാണ് ആടിനെ കറക്കുന്നതെന്ന് ഗാന്ധിയെ കസ്തൂർഭ ബോധ്യപ്പെടുത്തുകയായിരുന്നു. സ്വദേശി, സ്വരാജ്, സ്വയാശ്ര ആശയങ്ങളിലേക്കുള്ള തുടക്കമായാണ് ഗാന്ധി നൂൽനൂൽക്കാൻ പഠിക്കുന്നത്. മണിഭവനു മുന്നിലൂടെ പോകാറുള്ള നൂൽപുകാരന് അയാൾ പറയുന്ന പ്രതിഫലം നൽകി നൂൽനൂൽപ് പഠിച്ചെടുത്തു.
സമരാഹ്വാനങ്ങളുടെ നാട്
എതിരാളികളെ വിചാരണകൂടാതെ ജയിലിലടക്കാനും മാധ്യമസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടും ബ്രിട്ടീഷ് ഭരണകൂടം കൊണ്ടുവന്ന റൗലറ്റ് ആക്ടിനെതിരെ സത്യഗ്രഹത്തിനും ആദ്യ രാജ്യവ്യാപക ബന്ദിനും ഗാന്ധി ആഹ്വാനംചെയ്യുന്നത് മണിഭവനിലിരുന്നാണ്. 1919 ഏപ്രിൽ ആറിനായിരുന്നു ‘ബ്ലാക്ക് സൺഡെ’ എന്നു വിശേഷിപ്പിക്കപ്പെട്ട ബന്ദ്. ബന്ദിനൊപ്പം ഉപവാസവും നിസ്സഹകരണവും നിർദേശിച്ച ഗാന്ധി അന്ന് മണിഭവനിൽനിന്ന് നടന്ന് ചൗപ്പാട്ടി കടലിലെത്തി മുങ്ങിക്കുളിച്ച് ഉപവാസമാരംഭിച്ചു. എല്ലാ മത, ജാതി വിഭാഗങ്ങളിൽപ്പെട്ടവരും സ്ത്രീകളും അന്ന് ഗാന്ധിയെ അനുഗമിച്ചു.
തൊട്ടടുത്ത ദിവസം അരപ്പേജുള്ള ‘സത്യഗ്രഹി’ പത്രം ഗാന്ധി മണിഭവനിലിരുന്ന് പ്രസിദ്ധീകരിച്ചു. രജിസ്റ്റർ ചെയ്യാതെയായിരുന്നു പ്രസിദ്ധീകരണം. അതുമൂലമുള്ള എല്ലാ ബാധ്യതയും പത്രത്തിലെ കുറിപ്പിലൂടെ ഗാന്ധി ഏറ്റെടുത്തു. ഗാന്ധിയുടെ ഒപ്പോടുകൂടി തിങ്കളാഴ്ചകളിലിറങ്ങിയ പത്രത്തിന് ഒരു പൈസയായിരുന്നു വില. വായിച്ചവർ മറ്റുള്ളവർക്ക് നൽകിയും കോപ്പിയെടുത്തും പത്രം പ്രചരിപ്പിച്ചു. തൊട്ടുപിന്നാലെ യങ് ഇന്ത്യ എന്ന ഇംഗ്ലീഷ് ആഴ്ചപ്പതിപ്പും നവജീവൻ എന്ന ഗുജറാത്തി ആഴ്ചപ്പതിപ്പും ഇറക്കി. സത്യം, അഹിംസ, സ്വരാജ്, സ്വദേശി ആശയങ്ങളുടെ പ്രചാരണംകൂടിയായിരുന്നു ആഴ്ചപ്പതിപ്പുകൾ. സത്യഗ്രഹത്തെ കൂടുതൽ പ്രചാരമുള്ളതാക്കാനും ഇവക്ക് സാധിച്ചു.
ഖിലാഫത്തും ബോംബെയും
ബ്രിട്ടീഷുകരുടെ തുർക്കിയോടുള്ള സമീപനത്തിൽ പ്രതിഷേധിച്ച് മൗലാന മുഹമ്മദലി, ഷൗക്കത്തലി സഹോദരങ്ങളും അബുൽ കലാം ആസാദും രൂപംനൽകിയ ഖിലാഫത്തിന്റെ ഭാഗമായതും മണിഭവനിലെ ചരിത്രം. ഹിന്ദു-മുസ്ലിം ഐക്യത്തിലേക്കുള്ള പാലമായിരുന്നു അത്. ഇന്ത്യൻ മുസ്ലിംകളുടെ വികാരം വ്യക്തമാക്കി വൈസ്രോയിക്ക് കത്തെഴുതിയ ഗാന്ധി ദക്ഷിണാഫ്രിക്കയിലെ സേവനത്തിന് ലഭിച്ച കൈസറേ ഹിന്ദ് പുരസ്കാരം തിരിച്ചുനൽകി. 1921ൽ നിസ്സഹകരണത്തിനും വിദേശ വസ്ത്രങ്ങൾ ഉപേക്ഷിക്കാനുമുള്ള ഗാന്ധിയുടെ ആഹ്വാനം കേട്ട് എൽഫിൻസ്റ്റൺ മിൽ കോമ്പൗണ്ടിലെത്തിയ സ്ത്രീകളടക്കമുള്ളവർ വിദേശ തുണികൾക്ക് തീയിട്ടു. സ്ത്രീകളുടെ പൊതുരംഗപ്രവേശനത്തിന്റെ തുടക്കമായാണ് ഇതിനെ ഗവേഷകർ കണ്ടത്. സമരഫണ്ടിലേക്ക് ആഭരണമടക്കം സ്ത്രീകൾ ഊരിനൽകി. 1931ൽ ഗാന്ധിയെ വട്ടമേശ സമ്മേളനത്തിന് അയക്കാൻ തീരുമാനിച്ച യോഗമടക്കം മൂന്നുതവണ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പ്രവർത്തക സമിതി കൂടിയത് മണിഭവനിലാണ്. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങളെടുത്ത 1934 ജൂണിലെ കോൺഗ്രസ് യോഗത്തിന് ശേഷമാണ് ഗാന്ധി മണിഭവൻ വിടുന്നത്.
ഗാന്ധി ഇവിടെയുണ്ട്
ഇന്ന് ഗാന്ധിയുടെ ചരിത്രംപറയുന്ന മ്യൂസിയമാണ് മണിഭവൻ. താഴേ നിലയിൽ ഗാന്ധി വായിച്ചതും ഗാന്ധിയെക്കുറിച്ചുള്ളതുമായ 5,000ത്തിലേറെ വരുന്ന പുസ്തകങ്ങളുള്ള ലൈബ്രറിയാണ്. ഒന്നാംനിലയിൽ ഗാന്ധിയുടെ ചരിത്രം പറയുന്ന പാവ, ചിത്ര ഗാലറിയും. ഗാന്ധിയുടെ കൈയക്ഷരത്തിലുള്ള കത്തുകളും മറ്റു പ്രധാന രേഖകളും മലയാളമടക്കം വിവിധ ഇന്ത്യൻ ഭാഷകളിലുള്ള കൈയൊപ്പും ഇവിടെ കാണാം. രണ്ടാം നിലയിലാണ് ഗാന്ധിയുടെ കിടപ്പുമുറി. ഫോണും ചർക്കകളും മെത്തയും അടക്കം ഗാന്ധി ഉപയോഗിച്ച വസ്തുക്കളോടെ അത് അതേപടി സൂക്ഷിച്ചിരിക്കുന്നു.
1959ൽ ഇന്ത്യയിലെത്തിയ മാർട്ടിൻലൂദർ കിങ്ങും ഭാര്യ കൊരെട്ട കിങ്ങും രണ്ടു ദിവസം താമസിച്ചത് മണിഭവനിലാണ്. മണിഭവൻ കാണാനെത്തിയ അദ്ദേഹം അവിടെ തങ്ങാൻ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. 2010ൽ മണിഭവൻ സന്ദർശിച്ച അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ സമ്മാനിച്ച മാർട്ടിൻ ലൂദർ കിങ് ജൂനിയർ മെമ്മോറിയലിന്റെ കല്ലിൻ കഷ്ണം മണിഭവനിലെ സ്വീകരണ മുറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. മണിഭവൻ വിട്ടതിനുശേഷവും ഗാന്ധി ബോംബെയിലെത്തി. 1942ൽ മണിഭവന് തൊട്ടടുത്തുള്ള ഗോവാലിയ ടാങ്ക് മൈതാനത്തുവെച്ചാണ് (ആഗ്സ്റ്റ്ക്രാന്തി മൈതാനം) ക്വിറ്റ് ഇന്ത്യ ആഹ്വാനം ചെയ്തത്. പൂർണ സ്വാതന്ത്ര്യമെന്ന ആവശ്യം തള്ളിയ ബ്രിട്ടീഷ് ഭരണകൂടം തൊട്ടടുത്ത ദിവസം മണിഭവന്റെ ടെറസിൽനിന്ന് ഗാന്ധിയെ അറസ്റ്റ്ചെയ്തു. 1944ൽ മലബാർ ഹില്ലിലെ ബിർള ഹൗസിൽ താമസിച്ച ഗാന്ധി വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ജിന്നയുടെ വസതിയായ ജിന്ന ഹൗസിലേക്ക് നടന്നാണ് പോയത്. ഗാന്ധി അവസാനമായി മുംബൈയിലെത്തിയത് 1946ലാണ്.
ഗാന്ധിയുടെ കാൽപാദങ്ങൾ പതിഞ്ഞ ബൈഖുളയിലെ ഖിലാഫത്ത് ഹൗസ് ഇന്നില്ല. തൊട്ടുകൂടായ്മക്കെതിരെ, കരാർ തൊഴിലിനെതിരെ ഗാന്ധി രംഗത്തിറങ്ങിയ പ്രദേശങ്ങളും മാറി. അവിടങ്ങൾ കച്ചവട സ്ഥാപനങ്ങളോ തിയറ്ററുകളോ ആയി. എങ്കിലും, വിദേശികളടക്കം കാണാനെത്തുന്നവർക്ക് പ്രചോദനമേകി ഗാന്ധി ചരിത്രവുമായി മണിഭവൻ തലയുയർത്തിനിൽക്കുന്നു.
l
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.