ആഞ്ഞെറിയുന്ന പ്രതീക്ഷകൾ
text_fieldsഒരു ബ്രിട്ടീഷുകാരി 1955ൽ ഇംഗ്ലീഷ് ചാനൽ നീന്താൻ ഒരുങ്ങുന്നതറിഞ്ഞ് മിഹിർ സെൻ സ്വയം ചോദിച്ചു, ''ഇന്ത്യക്കാർക്ക് എന്തുകൊണ്ടാണ് ഈ സാഹസികത ഇല്ലാത്തത്? അവർ ഭീരുക്കളാണോ? ഇംഗ്ലണ്ടിൽ നിയമപഠനത്തിനെത്തിയ മിഹിർ സെൻ ബ്രിട്ടനിലെ കൗമാര, യുവത്വങ്ങളുടെ സാഹസികതയിൽ ആകൃഷ്ടനാവുകയായിരുന്നു. ''ഞാനൊരിക്കലും നീന്തൽ താരമാകാൻ കൊതിച്ചതല്ല. ഇന്ത്യക്കാരന്റെ മുന്നിൽ...
Your Subscription Supports Independent Journalism
View Plansഒരു ബ്രിട്ടീഷുകാരി 1955ൽ ഇംഗ്ലീഷ് ചാനൽ നീന്താൻ ഒരുങ്ങുന്നതറിഞ്ഞ് മിഹിർ സെൻ സ്വയം ചോദിച്ചു, ''ഇന്ത്യക്കാർക്ക് എന്തുകൊണ്ടാണ് ഈ സാഹസികത ഇല്ലാത്തത്? അവർ ഭീരുക്കളാണോ? ഇംഗ്ലണ്ടിൽ നിയമപഠനത്തിനെത്തിയ മിഹിർ സെൻ ബ്രിട്ടനിലെ കൗമാര, യുവത്വങ്ങളുടെ സാഹസികതയിൽ ആകൃഷ്ടനാവുകയായിരുന്നു.
''ഞാനൊരിക്കലും നീന്തൽ താരമാകാൻ കൊതിച്ചതല്ല. ഇന്ത്യക്കാരന്റെ മുന്നിൽ കീഴടങ്ങാൻ കടലുകളില്ല എന്നു ലോകത്തെ ബോധ്യപ്പെടുത്താനാണ് ഞാൻ നീന്തിയത്. ഏഴു മഹാസമുദ്രങ്ങളും (കടലിടുക്കുകൾ) നീന്തി; അഞ്ചു ഭൂഖണ്ഡങ്ങളിലും എത്തി'' -ലോകം കണ്ട എക്കാലത്തെയും മികച്ച ദീർഘദൂര നീന്തൽ താരമായി ഗിന്നസ് ബുക്ക് വിശേഷിപ്പിച്ച മിഹിർ സെൻ എഴുതി.
നീരജ് ചോപ്ര തെളിയിച്ചതും മറ്റൊന്നുമല്ല. ഇന്ത്യക്കാർ ഭീരുക്കളല്ല. അവർക്കും ഇതൊക്കെ സാധിക്കുമെന്ന് നീരജ് ഒരിക്കൽകൂടി വ്യക്തമാക്കിയിരിക്കുന്നു. ടോക്യോ ഒളിമ്പിക്സിൽ ജാവലിൻ േത്രായിൽ സ്വർണം നേടിയ നീരജ് യു.എസിലെ യൂജിനിൽ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിക്കൊണ്ട് മികവ് ആവർത്തിച്ചു. താനൊരു ലോകോത്തര താരമാണെന്ന് ഒരിക്കൽകൂടി കായികലോകത്തെ ബോധ്യപ്പെടുത്തി.
പൊതുവെ ഇന്ത്യൻ അത്ലറ്റുകൾ നാട്ടിലെ പ്രകടനം വിദേശത്ത് ആവർത്തിക്കാൻ ബുദ്ധിമുട്ടുന്നു. പലപ്പോഴും അവരുടെ വിദേശത്തെ പ്രകടനം നാട്ടിൽ തങ്ങളുടെ മികച്ച പ്രകടനത്തിന്റെ അടുത്തെങ്ങും എത്താറില്ല; നീരജ് ചോപ്രയുടെ ചരിത്രം വ്യത്യസ്തമാണ്. നീരജ് വിദേശത്ത് മികവ് തുടർക്കഥയാക്കുന്നു. പരിക്കുമൂലം 2019ൽ ദോഹ ലോക ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ കഴിയാതെപോയ നീരജ് ഫോം വീണ്ടെടുത്ത് ടോക്യോ ഒളിമ്പിക്സിന് ഇറങ്ങിയപ്പോൾ ഒരു വെങ്കലമെങ്കിലും കിട്ടും; കിട്ടണം എന്നായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. എല്ലാവരെയും അത്ഭുതപ്പെടുത്തി നീരജ് സ്വർണം നേടി (87.58 മീറ്റർ). ഒളിമ്പിക്സ് ട്രാക്ക് ആൻഡ് ഫീൽഡിലെ ഇന്ത്യയുടെ പ്രഥമമെഡലിന് സുവർണത്തിളക്കം.
പിന്നീട് എട്ടുമാസം നീരജ് മത്സരരംഗത്തില്ലായിരുന്നു. കഴിഞ്ഞ ജൂണിലാണ് മടങ്ങിയെത്തിയത്. ഫിൻലൻഡിൽ പാവോ നുർമി ഗെയിംസിൽ 89.30 മീറ്റർ താണ്ടി ദേശീയ റെക്കോഡ് തിരുത്തി. തുടർന്ന് സ്റ്റോക്ഹോമിൽ ഡയമണ്ട് ലീഗിൽ ഗ്രനേഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സനു (90.31 മീറ്റർ) പിന്നിൽ വെള്ളി. അവിടെ താണ്ടിയ ദൂരം ദേശീയ റെക്കോഡ് മെച്ചപ്പെടുത്താൻ പോന്നതായിരുന്നു (89.94 മീറ്റർ). ഇതിന്റെ തുടർച്ചയാണ് യൂജിനിൽ കണ്ട മികവ്.
ലോക യൂത്ത് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണവുമായി തുടക്കമിട്ട നീരജ് ചോപ്രയെന്ന, ഹരിയാനയുടെ കർഷകപുത്രൻ 2018ൽ കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും സ്വർണം കരസ്ഥമാക്കി. ഈ വിജയങ്ങളും വിദേശപരിശീലനവും മത്സരങ്ങളും നൽകിയ ആത്മവിശ്വാസത്തിന്റെ പ്രതിഫലനമാണ് ടോക്യോവിൽ കണ്ടത്. നീരജിന്റെ കാര്യത്തിൽ അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യക്കു നല്ല ആസൂത്രണം സാധ്യമായി. ഒപ്പം ജെ.എസ്.
ഡബ്ല്യു സ്പോർട്സിന്റെ പിന്തുണയും.
ടോക്യോ ഒളിമ്പിക്സിനുമുമ്പ് വിദേശ പരിശീലനത്തിനിടെ; തുടരെ 90 മീറ്ററിനപ്പുറം ജാവലിൻ പായിച്ച, ഇതിഹാസ താരം ജൊഹാൻസ് വെറ്ററിനെ പരിചയപ്പെട്ട കാര്യം നീരജ് പറഞ്ഞത് ഓർക്കുന്നു. വിമാനത്താവളത്തിലേക്ക് നീരജിന് വെറ്റർ തന്റെ വാഹനത്തിൽ ലിഫ്റ്റ് കൊടുത്തു. വെറ്ററിനോട് സംസാരിച്ചതോടെ, അദ്ദേഹത്തെയും പിന്തള്ളാമെന്നൊരു ധൈര്യം ഉടലെടുത്തേത്ര.
ഇതേ വെറ്ററിന് തന്റെ മികവ് ടോക്യോവിൽ ആവർത്തിക്കാനായില്ല. സൂപ്പർതാരം ഫൈനലിൽ കടക്കാതെ പുറത്തായി. വെറ്ററിനു ഫോം നഷ്ടമായത് മറ്റു താരങ്ങൾക്ക് ഉണർവുമായി. മറിച്ച്, യൂജിൻ ലോക ചാമ്പ്യൻഷിപ്പിൽ, സീസണിലെ മികച്ച ദൂരത്തിന് ഉടമയും നിലവിലെ ലോകചാമ്പ്യനുമായ ആൻഡേഴ്സൻ പീറ്റേഴ്സ് ആദ്യ ശ്രമത്തിൽതന്നെ 90 മീറ്റർ താണ്ടി. നീരജാകട്ടെ ഈ ദൂരം പിന്നിട്ടിട്ടുമില്ല. മാത്രമല്ല, നീരജിന്റെ ആദ്യ ശ്രമം ഫൗളുമായി. ആൻഡേഴ്സൻ 90 മീറ്ററിനപ്പുറം വീണ്ടും കടന്നപ്പോൾ, നീരജ് ഫോം കണ്ടെത്താൻ വിഷമിക്കുന്നു. പക്ഷേ, പതറിയില്ല. നാലാം ശ്രമത്തിൽ 88.13 മീറ്റർ എറിഞ്ഞ് വെള്ളി ഉറപ്പിച്ചു.
മറ്റേതൊരു ഇന്ത്യൻ താരമായിരുന്നെങ്കിലും പതറിയേനെ, ആത്മവിശ്വാസം കൈമോശം വന്നേനെ, പ്രകടനം കൂടുതൽ മോശമായേനെ. പക്ഷേ, ഇതൊക്കെ മത്സരത്തിൽ സ്വാഭാവികമാണെന്നു മനസ്സിലാക്കി, ഉജ്ജ്വലമായൊരു തിരിച്ചുവരവ് സാധ്യമാക്കി. യോഗ്യതാ റൗണ്ടിൽ ആദ്യ ശ്രമത്തിൽതന്നെ 88.39 മീറ്റർ ജാവലിൻ പായിച്ച് ഫൈനൽ ബർത്ത് ഉറപ്പാക്കിയതുവഴി കൈവന്ന ആത്മവിശ്വാസവും തുണച്ചു. ഇതാണ് നീരജ് ചോപ്രയെ ഇതര ഇന്ത്യൻ താരങ്ങളിൽനിന്നു വ്യത്യസ്തനാക്കുന്നത്.
നാട്ടിൽ അതിഗംഭീര പ്രകടനം കാഴ്ചവെക്കുകയും വിദേശത്ത് യഥാർഥ മത്സരവേദിയും എതിരാളികളെയും കാണുമ്പോൾ പതറുകയും ചെയ്യുന്നഎത്രയോ താരങ്ങളെ നമ്മൾ കണ്ടുകഴിഞ്ഞു. ഇനിയും എത്രപേരെ കാണാനിരിക്കുന്നു. വിദേശത്തെ പരിശീലനവും മത്സരങ്ങളും ഒരു താരത്തെ എത്രത്തോളം വ്യത്യസ്തനാക്കുന്നു എന്ന് നീരജ് ചോപ്ര നമ്മെ പഠിപ്പിക്കുന്നു.
യൂജിനിൽ നീരജിനു പുറമെ ജാവലിനിൽതന്നെ രോഹിത്ത് യാദവും വനിതാവിഭാഗത്തിൽ അന്നു റാണിയും ഫൈനലിൽ മത്സരിച്ചു. അന്ന് 2019ൽ ദോഹയിലും ഫൈനലിൽ കടന്നിരുന്നു. ഇവർക്കു പുറമെ എം. ശ്രീശങ്കർ (ലോങ് ജംപ്), എൽദോസ് പോൾ (ട്രിപ്പിൾ ജംപ്), അവിനാശ് സാബ്ലെ (സ്റ്റീപ്പിൾ ചേസ്) എന്നിവരും ഫൈനലിൽ മത്സരിച്ചു. അവിനാശ് ദോഹയിലും ഫൈനലിൽ എത്തിയിരുന്നു.
ലോക ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്തി എന്നാൽ, ലോകത്തിലെ മികച്ച 12 അത്ലറ്റുകളിൽ ഒരാളായി എന്നാണല്ലോ അർഥം. ചില സൂപ്പർതാരങ്ങൾക്കു മത്സരിക്കാൻ കഴിയാതെ വരുകയോ ഫോമിലെത്താൻ സാധിക്കാതെ പോകുകയോ ചെയ്യുന്നതുകൂടി കണക്കിലെടുത്താൽ ലോകത്തിലെ മികച്ച 15 അത്ലറ്റുകളിൽ ഒരാളെന്നുതന്നെ പറയാം. ഇതു ചെറിയ കാര്യമല്ല. എന്നാൽ, ഫൈനലിൽനിന്നു മെഡലിലേക്കുള്ള ദൂരവും ഉയരവും സമയവുമൊക്കെ ചെറുതല്ല.
1976ലെ മോൺട്രിയോൾ ഒളിമ്പിക്സിൽനിന്ന് പുരുഷന്മാരുടെ 50 കിലോമീറ്റർ നടത്തം ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ് (2019 വരെ വേൾഡ് ചാമ്പ്യൻഷിപ്സ് ഇൻ അത്ലറ്റിക്സ്) തുടങ്ങിയെങ്കിലും എല്ലാ ഇനങ്ങളും ഉൾപ്പെടുത്തിയ പ്രഥമ മീറ്റ് 1983ലാണ് ഉദ്ഘാടനംചെയ്തത്. രണ്ടു പതിറ്റാണ്ടിനുശേഷം, 2003ൽ പാരിസിലാണ് ഇന്ത്യൻ അത്ലറ്റുകൾ ഫൈനലിൽ കടക്കുന്നതും ഒരാൾ മെഡൽ നേടുന്നതും. നീലം ജെ. സിങ്ങാണ് ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ താരം; ഡിസ്കസ് േത്രായിൽ. നീലത്തിനു പിന്നാലെ, ലോങ് ജംപ് ഫൈനൽ ബർത്ത് നേടിയ അഞ്ജു ബോബി ജോർജ് വെങ്കലം നേടി. 19 വർഷത്തിനുശേഷമാണ് ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ദേശീയപതാക ഉയരുന്നത്.
പാരിസിനു ശേഷവും വിരലിൽ എണ്ണാവുന്ന ഇന്ത്യക്കാർ മാത്രമാണ് ഫൈനൽ ബർത്ത് നേടിയത്. ഇക്കാര്യം കണക്കിലെടുക്കുമ്പോൾ യൂജിനിലെ ഇന്ത്യയുടെ പ്രകടനം ഏറെ മെച്ചമാണ്. വലിയ പ്രതീക്ഷ നൽകുന്നു. അടുത്ത ചുവട് എന്താണെന്നതിനെ ആശ്രയിച്ചിരിക്കും ഭാവി. വ്യക്തമായ ആസൂത്രണത്തോടെ വേണം ഇനിയുള്ള ചുവടുകൾ.
നീരജ് ചോപ്ര യൂജിനിലെ ഫൈനലിനുമുമ്പ് ഓർമിപ്പിച്ചതുപോലെ മികവിന് ഓരോ ദിവസത്തിന്റെയും പ്രത്യേകതയുണ്ട്. എല്ലാ ദിവസവും ഒരേ ഫോമിൽ എത്താൻ കഴിയില്ല. കാലാവസ്ഥയും കായികശേഷിയും മനക്കരുത്തും സാങ്കേതികമികവുമെല്ലാം നിർണായകമാണ്. പക്ഷേ, വിദേശവേദികളിൽ ലോകോത്തര താരങ്ങളോട് മത്സരിച്ചു തെളിഞ്ഞൊരു താരത്തിന് നിശ്ചിത നിലവാരം പുലർത്താൻ എപ്പോഴും സാധിക്കും.
വിദേശ പരിശീലകൻ വന്നതുകൊണ്ടുമാത്രം ഒരു താരം മെഡൽ നേടില്ല. ആസ്േട്രലിയയുടെ ഗാരി കൽവർട്ടിന്റെ ശിക്ഷണത്തിലാണ് നീരജ് ചോപ്ര ലോക യൂത്ത് ചാമ്പ്യനായത്. കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും സ്വർണം നേടിയപ്പോൾ ജർമനിയുടെ യുവേ ഹോൻ ആയിരുന്നു പരിശീലകൻ. 1984ൽ 104.80 മീറ്റർ ജാവലിൻ പായിച്ച ചരിത്രപുരുഷൻ (പിന്നീട് ജാവലിൻ പരിഷ്കരിച്ചതോടെ 100 മീറ്റർ കടക്കുക അസാധ്യമായി). പക്ഷേ, ഹോനിനും നീരജിലെ പ്രതിഭ മുഴുവൻ കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് ജർമനിയുടെ തന്നെ ക്ലോസ് ബർടോനീറ്റ്സ് എത്തി. ക്ലോസിന്റെ കീഴിലാണ് നീരജ് ഒളിമ്പിക്സിലും ലോക ചാമ്പ്യൻഷിപ്പിലും മെഡൽ നേടിയത്. ഹോനിന്റെ ശിക്ഷണത്തിൽ 88.06 മീറ്റർ എറിഞ്ഞ നീരജ് ക്ലോസിന്റെ കീഴിൽ 89.94 മീറ്ററിൽ എത്തി.
ഒരു കായികതാരത്തെ വളർത്തി രാജ്യാന്തര നേട്ടങ്ങൾ കൈവരിക്കുന്ന ഘട്ടത്തിൽ എത്തിക്കുന്ന ഇന്ത്യൻ പരിശീലകർക്കു പലപ്പോഴും വിദേശ കോച്ചിനെ ഉൾക്കൊള്ളാൻ കഴിയാറില്ല. താരം മെഡൽ നേടുമ്പോൾ െക്രഡിറ്റ് വിദേശകോച്ച് കൊണ്ടുപോകുമെന്നും ഇതുവരെ തങ്ങൾ കഷ്ടപ്പെട്ടത് അംഗീകരിക്കപ്പെടാതെ വരുമെന്നുമുള്ള ആശങ്കയാണു പലർക്കും. ഇക്കൂട്ടർ ഗോപീചന്ദിനെ കണ്ടു പഠിക്കണം. ഏതു വിദേശകോച്ചിനോടും കിടപിടിക്കുന്ന സാങ്കേതികത്തികവുള്ളയാളാണ് ഗോപീചന്ദ് എന്ന ഇന്ത്യയുടെ ബാഡ്മിന്റൺ ചീഫ് കോച്ച്. എന്നാൽ, മുന്നോട്ടുള്ള യാത്രയിൽ സൈന നെഹ് വാളിനും പി.വി. സിന്ധുവിനും ക്വാളിറ്റി കോച്ചിങ് വേണമെന്ന നിർദേശം ഗോപീചന്ദാണു മുന്നോട്ടുവെച്ചത്. അങ്ങനെയാണ് കൊറിയൻ കോച്ച് കിം ജി ഹ്യൂൻ എത്തിയത്.
നമ്മുടെ പരിമിതികൾ നമ്മൾതന്നെ മനസ്സിലാക്കണം. വിദേശത്താണെങ്കിൽ ഒരു താരം നിശ്ചിത നിലവാരത്തിലെത്തിയാൽ പിന്നെ ഭാവി പരിശീലന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ കായികസംഘടനകൾക്കും സർക്കാറിനുമൊക്കെ നിർണായക പങ്കുണ്ട്. അവിടെയൊക്കെ താരങ്ങൾ രാജ്യത്തിന്റെ സ്വത്താണ്. ഇന്ത്യക്കാരായ പരിശീലകരെ പുറത്താക്കാതെതന്നെ വിദേശ കോച്ചിന്റെ സേവനം പ്രയോജനപ്പെടുത്തണം. നമ്മുടെ പരിശീലകർക്കു വിദേശ പരിശീലനവും അനിവാര്യമാണ്. കോച്ചിങ് വേറെ, ഹൈ പെർഫോമൻസ് അഥവാ ക്വാളിറ്റി കോച്ചിങ് വേറെ എന്ന ചിന്ത ഉണ്ടാകണം.
യൂജിനിൽ ഫൈനലിൽ കടന്ന താരങ്ങളിൽ പലരും ഇരുപതുകളുടെ ആദ്യ പകുതിയിൽ നിൽക്കുന്നവരാണ്. 2023ലെ ഏഷ്യൻ ഗെയിംസും 2024ലെ പാരിസ് ഒളിമ്പിക്സും മാത്രമല്ല, അതിനപ്പുറവും അവർക്കു ലക്ഷ്യമിടാം. പക്ഷേ, ആസൂത്രണം ഇപ്പോൾതന്നെ തുടങ്ങണം. ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ അത്ലറ്റ് താണ്ടിയ ദൂരമോ എടുത്ത സമയമോ താൻ നാട്ടിൽ കുറിച്ചിട്ടുണ്ടെന്നു പറഞ്ഞിട്ടു കാര്യമില്ല. ലോക ചാമ്പ്യൻഷിപ്പും ഒളിമ്പിക്സുമൊക്കെ മറ്റൊരു തലത്തിലാണെന്നു മനസ്സിലാക്കണം. ലോക ചാമ്പ്യൻഷിപ് തുടങ്ങുന്നതുവരെ ഒളിമ്പിക്സ് സ്വർണമെഡൽ ജേതാക്കളെ അതത് ഇനങ്ങളിലെ ലോക ചാമ്പ്യൻമാരായാണ് കണക്കാക്കിപ്പോന്നിരുന്നത്.
ഒളിമ്പിക്സിലൊക്കെ എതിരാളികളാകാൻ പോകുന്നവരോട് നേരത്തേ മത്സരിച്ചിരിക്കണം. അതിന് അവസരങ്ങൾ ഏറെയുണ്ട്. ഇന്ത്യയിൽ നടക്കുന്ന ഗ്രാൻഡ് പ്രീകൾ കണക്കിലെടുക്കേണ്ടതില്ല. യഥാർഥ മത്സരം ഉണ്ടാകുന്ന ഗ്രാൻഡ് പ്രീകളിൽ മത്സരിക്കാൻ കഴിയണം. ഡയമണ്ട് ലീഗും ലക്ഷ്യമിടണം. ഇപ്പോൾ ഇന്ത്യൻ താരങ്ങൾക്ക് റോൾ മോഡൽ ആയി. ഇനി നീരജ് ചോപ്ര തെളിച്ച പാതയിലൂടെ മുന്നേറിയാൽ മതി. ചെറിയ സാങ്കേതിക പിഴവുകൾക്കുപോലും വലിയ വില നൽകേണ്ടിവരുമെന്നു മനസ്സിലാക്കി ലോകപ്രശസ്ത പരിശീലകരുടെ സേവനം ലഭ്യമാക്കണം. വിദേശത്തെ വേദികളുമായും കാലാവസ്ഥയുമായും അത്യാധുനിക സൗകര്യങ്ങളുമായും ഒത്തിണങ്ങണം. ഒളിമ്പിക്സ്, ലോക വിജയങ്ങൾ നമുക്ക് ഇനിയും സാധ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.