റിയൽ പിക്ചർ
text_fieldsസ്വപ്നങ്ങൾ സ്വന്തമാക്കിയ നിരവധിപേരുണ്ട്. ചിലർ കഠിനാധ്വാനംകൊണ്ട്, ചിലർ നിരന്തര പ്രയത്നംകൊണ്ട്... എന്നാൽ മറ്റുചിലരുണ്ട്, ജന്മനാ വെല്ലുവിളികൾ പലതുമുണ്ടായിട്ടും അതിലൊന്നും പതറിപ്പോകാതെ ആത്മവിശ്വാസംകൊണ്ട് സ്വപ്നങ്ങളെ കീഴടക്കിയവർ. ഇത് അങ്ങനെയൊരു കഥയാണ്. ഇരുകൈയുമില്ലാതിരുന്നിട്ടും തന്റെ ചിത്രങ്ങളിലൂടെ സ്വപ്നങ്ങളെ തന്റെ കാൽച്ചുവട്ടിലാക്കിയ കോതമംഗലം പൈങ്ങോടൂർ സ്വദേശി സ്വപ്ന അഗസ്റ്റിന്റെ കഥ. ചിത്രകലയിൽ കാൽവിരൽകൊണ്ട് അത്ഭുതങ്ങൾ തീർക്കുകയാണ് അവൾ. ജന്മനാ കൈകളില്ലാത്ത സ്വപ്ന ആത്മവിശ്വാസത്തിന്റെ നിറങ്ങൾകൊണ്ട് തന്റെ ജീവിതംതന്നെ വരച്ചിടുകയാണ്.
മൗത്ത് ആൻഡ് ഫൂട്ട് പെയിന്റിങ്
കോതമംഗലം പൈങ്ങോട്ടൂരിൽ പരേതനായ അഗസ്റ്റിന്റെയും സോഫിയുടെയും നാലു മക്കളിൽ മൂത്തയാളാണ് സ്വപ്ന. ചങ്ങനാശ്ശേരിയിലുള്ള സ്പെഷൽ സ്കൂളിലും ആലപ്പുഴ സെന്റ് ജോസഫ്സ് കോളജിലുമാണ് സ്വപ്ന പഠനം പൂർത്തിയാക്കിയത്. ഡിഗ്രി കഴിഞ്ഞ് വീട്ടിൽനിന്ന് 12 കി.മീറ്റർ അകലെയുള്ള നെല്ലിക്കുഴിയെന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന കലാഗ്രാമത്തിൽ ചിത്രരചന ക്ലാസിൽ ചേർന്നു. ആർട്ടിസ്റ്റ് ഡെന്നി മാത്യുവിന്റെ ശിക്ഷണത്തിൽ ചിത്രകലയിൽ പ്രാവീണ്യം നേടി. വരക്കാനുള്ള സ്വപ്നയുടെ കഴിവ് തിരിച്ചറിഞ്ഞ അയൽവാസിയാണ് സ്വിറ്റ്സർലാൻഡ് കേന്ദ്രീകരിച്ചുള്ള മൗത്ത് ആൻഡ് ഫൂട്ട് പെയിന്റിങ് ആർട്ടിസ്റ്റുകളുടെ സംഘടനയിൽ ചേരാൻ നിർദേശിച്ചത്. കേരളത്തിൽനിന്ന് ഏഴ് അംഗങ്ങളാണ് ഈ സംഘടനയിലുള്ളത്.
ആത്മവിശ്വാസത്തിന്റെ 5000 ചിത്രങ്ങൾ
സ്വപ്ന ഇതുവരെ 5000 ത്തോളം മനോഹര ചിത്രങ്ങൾ വരച്ചുകഴിഞ്ഞു. മദർ തെരേസ, ലിയനാഡോ ഡാവിഞ്ചി, എ.പി.ജെ. അബ്ദുൽ കലാം എന്നിവരുടെ ആരാധകയായ സ്വപ്ന ജീവൻ തുടിക്കുന്ന ഇവരുടെ ചിത്രങ്ങളും തന്റെ കാൻവാസിൽ പകർത്തിയിട്ടുണ്ട്. ബ്രഷ് പിടിക്കാനും ചിത്രങ്ങൾ വരക്കാനും ഇടതുകാലാണ് ഈ കലാകാരി ഉപയോഗിക്കുന്നത്.
‘സ്വപ്നം’ യാഥാർഥ്യമാകുന്നു
സ്വപ്ന ജനിക്കുന്നതിനുമുമ്പ് അഗസ്റ്റിൻ ഒരു സ്വപ്നംകണ്ടു. കൈയില്ലാത്ത ഒരു കുഞ്ഞു ജനിക്കുന്നതും, പിന്നീട് ആ കുഞ്ഞ് ലോകപ്രശസ്തയാകുന്നതും. അത്ഭുതമായിരുന്നു, സോഫി പ്രസവിച്ച ആദ്യ പെൺകുഞ്ഞിന് കൈകൾ ഉണ്ടായിരുന്നില്ല. കുഞ്ഞിന് പേരിടാൻ നേരമായപ്പോഴാണ് അഗസ്റ്റിൻ മുമ്പുകണ്ട സ്വപ്നത്തിന്റെ കാര്യം വീട്ടുകാരോടു പറയുന്നത്. അങ്ങനെ സ്വപ്നത്തിൽ കണ്ടപോലുള്ള കുഞ്ഞിന് ‘സ്വപ്ന’ എന്നവർ പേരിട്ടു.
പരിമിതികൾക്കിടയിലും ദൈവം എനിക്ക് കലയിൽ ഒരു കഴിവു തന്നിട്ടുണ്ടെന്നും അതിലൂടെ താൻ ബുദ്ധിമുട്ടുകളെ തരണം ചെയ്തുവെന്നും അഭിമാനത്തോടെ പറയുന്നു സ്വപ്ന. കഴിഞ്ഞ 10 വർഷമായി സ്വപ്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ചിത്രപ്രദർശനങ്ങൾ സന്ദർശിക്കുകയും പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിലും വിദേശത്തുമായി നിരവധി ചിത്രപ്രദർശനങ്ങൾ ഈ കലാകാരി സംഘടിപ്പിച്ചുകഴിഞ്ഞു. 2015ൽ എറണാകുളം ദർബാർ ഹാളിലായിരുന്നു ആദ്യ ചിത്രപ്രദർശനം. ആദ്യത്തെ എക്സിബിഷനിലൂടെതന്നെ ആളുകൾ സ്വപ്നയെ അറിഞ്ഞുതുടങ്ങി. പ്രദർശനം നടക്കുന്ന ദിവസങ്ങളിൽ അവിടെ പോയി ആളുകൾക്കു മുന്നിലിരുന്ന് കാലുകൊണ്ട് അവൾ ചിത്രങ്ങൾ വരച്ചു. സ്വിറ്റ്സർലൻഡ്, ഖത്തർ, ദുബൈ, തുർക്കിയ എന്നിവിടങ്ങളിലെല്ലാം തന്റെ ചിത്രങ്ങളോടൊപ്പം സ്വപ്ന സഞ്ചരിച്ചുകഴിഞ്ഞു.
‘‘ആദ്യമൊക്കെ കൈയില്ലാത്തതോർത്തു വിഷമിച്ചിരുന്നു. പക്ഷേ, ഇപ്പോൾ ആ കുറവിനെ സ്വീകരിച്ച്, ഇനിയൊരിക്കലും വരാൻ ഇടയില്ലാത്ത കൈകളെ കുറിച്ചോർക്കാതെ വര വഴങ്ങുന്ന കാലുകൾ കിട്ടിയതോർത്ത് സന്തോഷിക്കുകയാണ്. ചെറുപ്പത്തിൽ എല്ലാ കുട്ടികളും കളിക്കുമ്പോൾ കളിക്കാൻ ഒരുപാടാഗ്രഹിച്ചിരുന്നു. പക്ഷേ, എന്തെങ്കിലും അപകടം പറ്റുമെന്നോർത്ത് ‘മോൾ ഇവിടിരുന്ന് കളി കണ്ടാൽ മതി’ എന്നുപറഞ്ഞ് ആളുകൾ എന്നെ മാറ്റിയിരുത്തും. അന്നൊക്കെ എന്നോടാളുകൾക്ക് ഇഷ്ടമില്ലാത്തതുകൊണ്ടാണ് അങ്ങനെ പറയുന്നതെന്നാണ് വിചാരിച്ചിരുന്നത്. പപ്പയായിരുന്നു സ്വപ്നക്ക് എല്ലാ പ്രോത്സാഹനവും നൽകിയത്.
ഒറ്റയ്ക്കിരുന്ന് കുറെ വിഷമിക്കും. ആരോടും പരാതി പറയില്ല.’’ സ്വപ്ന പറയുന്നു. കുട്ടിക്കാലത്ത് പെയിന്റിങ് എന്നും അവൾക്ക് വിസ്മയമായിരുന്നു. പിന്നീട് പെയിന്റിങ് ഒരു ഹോബിയായി. കാലക്രമേണ ജീവിത സഹയാത്രികയായി. ചിത്രകലയിൽ സ്വപ്നയുടെ അഭിനിവേശം മനസ്സിലാക്കിയ മാതാപിതാക്കൾ അവൾക്ക് എല്ലാ പിന്തുണയും നൽകി. ഇന്ന് വിവിധ പ്ലാറ്റ്ഫോമുകളിൽനിന്നായി ഈ അതുല്യ പ്രതിഭ നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.