Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightപി.എസ് വാരിയരും...

പി.എസ് വാരിയരും ഖിലാഫത്തും

text_fields
bookmark_border
പി.എസ് വാരിയരും ഖിലാഫത്തും
cancel

1921ലെ മലബാർ വിപ്ലവത്തെ ഹിന്ദു-മുസ്​ലിം കലാപമായി ചിത്രീകരിക്കുന്നവർക്ക്​ മലപ്പുറം ജില്ലയിലെ കോട്ടക്കലെന്ന ചെറുപട്ടണത്തിൽ വന്നുനോക്കാം. ബ്രിട്ടീഷ്​ അധിനിവേശത്തിനും അവർക്കു താങ്ങായ ജന്മിത്ത ദുഷ്​പ്രഭുത്വത്തിനുമെതിരെ ആഞ്ഞടിച്ച 1921 പോരാട്ടത്തിന്​ വർഗീയ മാനം ഉണ്ടായിരുന്നില്ലെന്ന്​ ഈ ആയുർവേദ നഗരത്തി​െൻറ തിരുശേഷിപ്പുകൾ സാക്ഷ്യപ്പെടുത്തും. കോട്ടക്കൽ ആര്യവൈദ്യശാലയെന്ന മഹത്തായ വൈദ്യപാരമ്പര്യത്തി​െൻറ സ്ഥാപകനായ വൈദ്യരത്നം പി.എസ്. വാരിയരുടെ ഭവനമായ കൈലാസ മന്ദിരത്തി​െൻറ കവാടമുദ്രകളിൽ ഹിന്ദു-മുസ്​ലിം -ക്രൈസ്തവ മതചിഹ്നങ്ങൾ ആലേഖനം ചെയ്യപ്പെട്ടുകിടക്കുന്നു. വിപ്ലവക്കനലുകൾ എരിഞ്ഞുതീർന്നിട്ടില്ലാത്ത 1926ലാണ് കൈലാസ മന്ദിരത്തി​െൻറ നിർമാണം നടന്നതെന്നോർക്കുക.

സമരം കോട്ടക്കലിൽ

1921 ആഗസ്​റ്റ്​ 20. ഖിലാഫത്ത് നേതാവായിരുന്ന ആലി മുസ്​ലിയാരെ അറസ്​റ്റ്​ ചെയ്യാൻ വന്ന ബ്രിട്ടീഷ്​ പട്ടാളം അദ്ദേഹത്തി​െൻറ പ്രവർത്തനകേ​​ന്ദ്രമായിരുന്ന തിരൂരങ്ങാടി പള്ളിക്കുനേരെ വെടിയുതിർത്തു എന്ന വാർത്ത പരന്നതോടെ മറ്റേതൊരു ഏറനാടൻ ഗ്രാമവുമെന്നപോലെ കോട്ടക്കലും സംഘർഷഭരിതമായി. കൈയിൽ കിട്ടിയ പണിയായുധങ്ങളുമായി വലിയൊരു പുരുഷാരം തിരൂരങ്ങാടിയിലേക്കു പുറപ്പെട്ടു. സമരക്കാരിൽ ചിലർ വലിയൊരു സംഘമായി ചേർന്ന് കോട്ടക്കൽ പുത്തൂർ തോടി​െൻറ പാലം പൊളിച്ചുകളഞ്ഞു. രജിസ്ട്രാർ ഓഫിസ്, പോസ്​റ്റ്​ ഓഫിസ്​ എന്നിവക്ക്​ തീവെച്ചു. തുടർന്ന് കോട്ടക്കൽ അങ്ങാടിയിൽ യോഗം ചേർന്ന് തീരുമാനിച്ചപ്രകാരം കോട്ടക്കൽ കോവിലകം ലക്ഷ്യമാക്കി നീങ്ങി. ബ്രിട്ടീഷ് ആധിപത്യത്തെ അംഗീകരിച്ചും പിന്തുണച്ചും പ്രാദേശികഭരണം കൈയാളിയിരുന്നവരായിരുന്നു കോട്ടക്കൽ കിഴക്കേ കോവിലകം എന്നതായിരുന്നു ആ നീക്കത്തിനു പിന്നിൽ.

ആര്യവൈദ്യശാലയുടെ മുന്നിൽകൂടിയാണ് കോവിലകത്തേക്കുള്ള വഴി. സമരക്കാർ കോവിലകത്തേക്കു നീങ്ങുന്ന വിവരമറിഞ്ഞ പി.എസ്. വാരിയർ ആളെ വിട്ട് അവരെ വിളിപ്പിച്ചു. അമ്പതോളം പേരുണ്ടായിരുന്നു അവർ. നേതാക്കളായ നാലഞ്ച് ആളുകളുമായി ആര്യവൈദ്യശാലയിൽ അദ്ദേഹം അനുരഞ്​ജ ചർച്ച നടത്തി. സമരാവേശവുമായി മുന്നേറുന്ന ഒരു ജനസഞ്ചയത്തെ താൻ വിളിച്ചിടത്തേക്കു വരുത്തിക്കാൻ പോന്ന സ്വാധീനശക്തിക്കു​ പിറകിൽ മാപ്പിളമാരുമായി അദ്ദേഹം പുലർത്തിപ്പോന്ന സൗഹൃദംതന്നെയായിരുന്നു. ബ്രിട്ടീഷുകാരെ തുരത്തി ഖിലാഫത്ത്​ രാജ്യം സ്ഥാപിക്കുകയാണു ലക്ഷ്യമെന്നും അതിനായി വാരിയരദ്ദേഹം സഹായിക്കണമെന്നും സമരക്കാർ പറഞ്ഞു. എന്നാൽ, പി.എസ്. വാരിയർ അവരെ നയത്തിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. സർവായുധരായ ബ്രിട്ടീഷ്​ പട്ടാളത്തെ വടിയും കുന്തവുമായി നേരിടുന്നത് ബുദ്ധിശൂന്യതയാണെന്ന് അവരെ ബോധ്യപ്പെടുത്തി.

മാപ്പിളമാരും സാമൂതിരിയും തമ്മിലെ ബന്ധത്തെക്കുറിച്ച്​ സംസാരിച്ച അദ്ദേഹം സാമൂതിരിയുടെ കിഴക്കേകോവിലകം ആക്രമിക്കരുതെന്നും പറഞ്ഞു. സാമൂതിരി അധികാരമേൽക്കുന്ന ചടങ്ങായ 'അരിയാട്ടുവാഴ്ച'യിൽപോലും മാപ്പിളമാർക്ക് പ്രത്യേക അവകാശങ്ങൾ കൽപിച്ചുകൊടുത്തിട്ടുണ്ടെന്ന്​ അദ്ദേഹം ഓർമിപ്പിച്ചു. കോട്ടക്കൽ പാലപ്പുറ പള്ളിയും കാവതി കളം പള്ളിയുമൊക്കെ നിർമിക്കാനാവശ്യമായ സ്ഥലം സൗജന്യമായി നൽകിയതും കോട്ടക്കൽ ചന്ത നടത്താൻ പരപ്പനങ്ങാടിയിൽനിന്ന് മുസ്​ലിം കച്ചവടക്കാരെ കൊണ്ടുവന്നതും അവരെ കോട്ടക്കലിൽ താമസിപ്പിച്ചതുമായ സൗഹൃദത്തി​െൻറ ചരിത്രങ്ങൾ വാരിയരിൽ നിന്നു കേട്ട സമരക്കാർ കോവിലകത്തേക്കു പോകാതെ പിന്തിരിയുകയായിരുന്നു (കച്ചവടത്തിൽ മുസ്​ലിംകൾ പുലർത്തിയ സത്യസന്ധതയാണത്രെ അന്നത്തെ കോവിലകത്തെ കാരണവരായ ഏറാൾപ്പാടു തമ്പുരാനെ (1859-1878) അതിനു പ്രേരിപ്പിച്ചത്.

കോവിലകത്തെ ലക്ഷ്യമാക്കി സമരക്കാർ നീങ്ങുന്നതറിഞ്ഞ് രണ്ടത്താണിയിൽനിന്ന് ഒ. ചേക്കുട്ടിയുടെ നേതൃത്വത്തിൽ ഒരു സംഘമാളുകൾ കോവിലകത്തിനു കാവൽ നിൽക്കാൻ പുറപ്പെട്ടിരുന്നു അപ്പോഴേക്കും. കേരളസിംഹം എന്നറിയപ്പെട്ടിരുന്ന മുഹമ്മദ് അബ്​ദുറഹ്​മാൻ സാഹിബി​െൻറ വലംകൈയായിരുന്നു അദ്ദേഹം. കൽപകഞ്ചേരിയിലെ പ്രാദേശിക കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻറായിരുന്ന ഒ. ചേക്കുട്ടിക്ക് പൊന്നാനി താലൂക്കിലെ വടക്കൻ പ്രദേശങ്ങളുടെയും പടിഞ്ഞാറൻ ഏറനാടി​െൻറയും ഖിലാഫത്ത് സംഘടനാ ചുമതലകൂടിയുണ്ടായിരുന്നു. കോവിലകത്തി​െൻറ ഒരു ഓടിനുപോലും പോറലേൽക്കാതെ കാത്തുസംരക്ഷിച്ചത് കോവിലകത്തെ വലിയൊരു സംഘം മാപ്പിളമാരായിരുന്നുവെന്നതും ശ്രദ്ധേയമാണ്.

മലബാർ സമരം ഹിന്ദു-മുസ്​ലിം കലാപമായിരുന്നില്ലെന്നതി​െൻറ നേർസാക്ഷ്യങ്ങൾ ഇനിയുമുണ്ട് കോട്ടക്കലിൽ. കോട്ടക്കലിനു ചുറ്റുമുള്ള സമരബാധിത പ്രദേശങ്ങളിൽനിന്ന് സ്ത്രീകളും കുട്ടികളുമായി ധാരാളം പേരുണ്ടായിരുന്നു. മുഴുപ്പട്ടിണിയിലായിരുന്നു പലരും. വിപ്ലവ സമരങ്ങളെ തുടർന്ന് പട്ടാളനിയമം പ്രഖ്യാപിക്കുകയും കണ്ണിൽ കണ്ടവരെയൊക്കെ പട്ടാളം പിടിച്ചുകൊണ്ടുപോവുകയും ചെയ്തു. വീട്ടിലെ ആണുങ്ങൾ അറസ്​റ്റ്​ ഭയന്ന് നാടുവിടുകയോ കാട്ടിലൊളിക്കുകയോ ചെയ്തു. മാപ്പിളയാണെന്നു കണ്ടാൽ വെടിവെക്കുകയോ അറസ്​റ്റ്​ ചെയ്യുകയോ നാടുകടത്തുകയോ ആയിരുന്നു പതിവ്. നിരാലംബരായ സ്ത്രീകളും കുട്ടികളും അഭയം തേടിയത് കോവിലകത്തും ആര്യവൈദ്യശാലയിലുമാണ്. കോവിലകവും ആര്യവൈദ്യശാലയും അവർക്ക് ഭക്ഷണവും സംരക്ഷണവുമൊരുക്കി.

സമരക്കാർക്ക്​ സംരക്ഷണം

പൊലീസ് വേട്ടയാടിയ മാപ്പിളമാരിൽ വാരിയരുടെ വിശ്വസ്തരായ രണ്ടു പേരുണ്ടായിരുന്നു. അദ്ദേഹം അവരെ വൈദ്യശാലയിൽ താൻ താമസിക്കുന്ന മുകൾനിലക്കു താഴെയുള്ള 'പൂട്ടറ'യിൽ ഒളിപ്പിച്ചു. താമസിക്കാൻ സൗകര്യപ്രദമായ ഇടങ്ങൾ കോട്ടക്കലിൽ ഇല്ലാതിരുന്ന അക്കാലത്ത് വൈദ്യശാലയുടെ മുകൾനിലയിലായിരുന്നുവത്രെ പട്ടാളക്കാർ താമസിച്ചിരുന്നത്. മാപ്പിളസമരക്കാർക്ക് അഭയം നൽകിയ പി.എസ്. വാരിയർ ഖിലാഫത്ത് പ്രസ്ഥാനക്കാരനെന്നും ലഹളക്കാരെ സഹായിക്കുന്നയാളെന്നുമൊക്കെ ആക്ഷേപിക്കപ്പെട്ടു. ചിലർ അദ്ദേഹത്തിനെതിരെ അധികൃതർക്കു പരാതി നൽകി. പക്ഷേ, അതൊന്നും അദ്ദേഹത്തെ പിന്തിരിപ്പിച്ചില്ല. മലബാർ സമരത്തെത്തുടർന്ന് ഹിന്ദുക്കൾക്ക് ആശ്വാസനടപടികളുമായി പ്രവർത്തിച്ചിരുന്ന ഭാരതസേവാ സംഘത്തോട്​ മാപ്പിള സ്​ത്രീകളുടെ ക്ഷേമത്തിനുവേണ്ടികൂടി പ്രവർത്തിക്കാൻ പി.എസ്​. വാരിയർ ആവശ്യപ്പെടതും ചരിത്രം.

സംഘർഷം നിലനിന്ന ഒരു കൊല്ലക്കാലം ഏറനാട് അക്ഷരാർഥത്തിൽ സ്തംഭിച്ചുനിന്നു. ഗവൺമെൻറി​െൻറ സാധാരണ നിലയിലുള്ള പ്രവർത്തനങ്ങളൊന്നും നടന്നിരുന്നില്ല. എന്നാൽ, ആര്യവൈദ്യശാലയുടെ പ്രവർത്തനങ്ങൾക്കു തടസ്സം നേരിട്ടിരുന്നില്ല എന്ന കാര്യം ശ്രദ്ധേയമാണ്. വൈദ്യശാലയിലേക്ക് ഔഷധനിർമാണത്തിനുള്ള പച്ചമരുന്നുകൾ ശേഖരിച്ച് എത്തിച്ചിരുന്നത് മാപ്പിളമാരായിരുന്നു. കോട്ടക്കൽ പൊലീസ് സ്​റ്റേഷൻ, രജിസ്ട്രാർ ഓഫിസ്, പോസ്​റ്റ്​ ഓഫിസ് എന്നീ മൂന്നു സർക്കാർ സ്ഥാപനങ്ങളും പ്രക്ഷോഭകാലത്ത് പ്രവർത്തിച്ചിരുന്നത് ആര്യവൈദ്യശാല വളപ്പിലാണ്. മാപ്പിളമാരുമായി ആത്മബന്ധം പുലർത്തിയിരുന്ന പി. എസ്. വാരിയരുടെ തട്ടകം സുരക്ഷിതമാണെന്ന ധാരണതന്നെയാവാം അതിനു കാരണം. ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ തടഞ്ഞ നിരവധി സംഭവങ്ങൾ അക്കാലത്തുണ്ടായിട്ടുണ്ട്. വെള്ളക്കാർക്കു സമരത്തെ ഒറ്റുകൊടുത്ത ജന്മിമാർക്കെതിരെയും ശക്തമായ ആക്രമണങ്ങളുണ്ടായിട്ടുണ്ട്. ജന്മിമാരുടെ ജാതി നോക്കിയല്ല സമരക്കാർ അവരെ നേരിട്ടത്. മറിച്ച് ബ്രിട്ടീഷുകാരോടും സമരത്തോടുമുള്ള സമീപനമാണവർ പരിഗണിച്ചത്. എന്നാൽ, സമരക്കാരെ ഒറ്റുകൊടുക്കാത്ത, സമരഫണ്ടിലേക്കു വലിയൊരു തുക സംഭാവന നൽകിയ, മലബാർ സമരത്തെത്തുടർന്ന് ആലംബമറ്റ കുടുംബങ്ങളെ സംരക്ഷിക്കാൻ മുന്നോട്ടുവന്ന വാരിയരുടെ വാഹനം തടയുകയോ ഒരിക്കൽപോലും സമരക്കാർ അദ്ദേഹത്തിനെതിരെ തിരിയുകയോ ചെയ്തിട്ടില്ലെന്നു കാണാം. കോട്ടക്കലിൽ ത​െൻറ വസതിയോടു ചേർന്ന് വിശ്വംഭര ക്ഷേത്രം സ്ഥാപിച്ച അതീവ ഭക്തനായ ഹൈന്ദവവിശ്വാസിയായിരുന്നു വാരിയർ.

പി.എസ്. വാരിയരുടെ വാഹനങ്ങൾ തടയരുതെന്ന് സമരക്കാർക്കിടയിൽതന്നെ ധാരണയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അക്കാലത്ത് കോട്ടക്കലിൽനിന്ന് തിരൂരിലേക്കുള്ള തപാൽ ഉരുപ്പടികളും മറ്റും അദ്ദേഹത്തി​െൻറ കാറിൽ കൊണ്ടുപോയിരുന്നു. സമരത്തിൽ പേടിച്ചുപോയിരുന്ന ഉദ്യോഗസ്ഥരും മറ്റും ഇതിൽ സഞ്ചരിച്ചിരുന്നു. വാഹനത്തിനു മുൻവശത്ത് 'പി.എസ്. വാരിയർ വക' എന്നെഴുതിയിരുന്നത്രെ. സമരക്കാർക്കു തിരിച്ചറിയാൻവേണ്ടിയായിരിക്കണം ഇത്. കോട്ടക്കലിലേതുപോലുള്ള ഇത്തരം സൗഹാർദ ചിത്രങ്ങൾ വിപ്ലവസ്​മരണകളുടെ ശതാബ്​ദിവേളയിൽ പ്രത്യേകമായി മുദ്രണം ചെയ്യപ്പെടേണ്ടതുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaidyaratnam p s warrierkottakkal aryavaidya salakhilafath movement
Next Story