'പാണ്ഡവർ അസ്ത്രങ്ങൾ സൂക്ഷിച്ച സ്ഥലം -ആസ്ത്രേലിയ'; ശ്രീ ശ്രീ രവിശങ്കറിന് ട്രോളോട് ട്രോൾ
text_fieldsഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ 'എയറിൽ' നിൽക്കുകയാണ് യോഗാചാര്യനും ആത്മീയപ്രഭാഷകനുമായ ശ്രീ ശ്രീ രവിശങ്കർ. ആസ്ട്രേലിയയെ കുറിച്ചുള്ള രവിശങ്കറിന്‍റെ പ്രസ്താവനയാണ് നൂറുകണക്കിന് ട്രോളുകൾക്ക് വഴിയൊരുക്കിയത്.
രവിശങ്കർ ശിഷ്യരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകുന്ന വേളയിലാണ് ആസ്ട്രേലിയക്ക് ആ പേര് വന്നതെങ്ങനെയെന്ന് വിശദീകരിക്കുന്നത്. പാണ്ഡവർ അസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലമാണ് പിന്നീട് 'ആസ്ത്രേലിയ' എന്നറിയപ്പെട്ടത് എന്നാണ് രവിശങ്കറിന്‍റെ വിചിത്ര വാദം. വിഡിയോയും ട്രോളുകളുമെല്ലാം സൈബറിടത്തിൽ വൈറലാണ്.
മഹാഭാരതത്തിലെ കഥാപാത്രങ്ങളായ പാണ്ഡവര്‍ തങ്ങളുടെ ശക്തിയേറിയ അസ്ത്രങ്ങളായ ബ്രഹ്മാസ്ത്രവും പാശുപതാസ്ത്രവുമൊക്കെ എവിടെയാണ് സൂക്ഷിച്ചിരുന്നത് എന്നതായിരുന്നു ശ്രീ ശ്രീ രവിശങ്കറിനോടുളള ഒരു ശിഷ്യന്‍റെ ചോദ്യം. രവിശങ്കര്‍ ഇതിന് നൽകിയ മറുപടിയാണ് വൈറലായത്.
(Video courtesy: NRI affairs)
'ഓസ്‌ട്രേലിയ എന്നുള്ള രാജ്യത്തെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടില്ലേ. എങ്ങനെയാണ് ആ രാജ്യത്തിന് ആ പേര് ലഭിച്ചത്? മഹാഭാരതത്തില്‍ പറയുന്ന അസ്ത്രാലയം ആണ് ആസ്‌ട്രേലിയ ആയി മാറിയത്. ശക്തിയേറിയ എല്ലാ ആയുധങ്ങളും അവിടെ ആയിരുന്നു സൂക്ഷിച്ചിരുന്നത്. അതുകൊണ്ടാണ് ഓസ്‌ട്രേലിയയുടെ മധ്യഭാഗത്ത് മരുഭൂമിയായിരിക്കുന്നത്. ശാസ്ത്രജ്ഞര്‍ പറയുന്നത് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവിടെ ഒരു ആണവ സ്‌ഫോടനം നടന്നിരിക്കാം എന്നാണ്. അവിടെ മരങ്ങളോ ജീവജാലങ്ങളോ ഇല്ല. ഓസ്‌ട്രേലിയയിലെ ആളുകള്‍ താമസിക്കുന്നത് നദിയുടേയും സമുദ്രത്തിന്‍റെയുമൊക്കെ കരകളിലായാണ്. അക്കാലത്ത് അവിടെ അതുണ്ടായിരിക്കാം. ഇനി ഇല്ലെങ്കില്‍ തന്നെയും അതൊരു സങ്കല്‍പം ആണല്ലോ. എല്ലാം തുടങ്ങുന്നത് സങ്കല്‍പ്പത്തില്‍ നിന്നാണ്. പക്ഷി പറക്കുന്നത് കണ്ട് ആരോ ഒരാള്‍ വിമാനത്തെ കുറിച്ച് സങ്കല്‍പ്പിച്ചത് പോലെ' -ഇതായിരുന്നു മറുപടി.
ഇതിനെ വിമർശിച്ചും പരിഹസിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. കോൺഗ്രസ് മുൻ എം.എൽ.എ വി.ടി. ബൽറാം ഫേസ്ബുക്കിൽ എഴുതി- 'ഇതൊക്കെ കേട്ടിട്ടും ശരിവച്ച് തലകുലുക്കുന്ന ആ ചെറുപ്പക്കാരെ ഓർത്താണ് ഏറെ നിരാശ! ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അഭ്യസ്തവിദ്യരായ, എന്നാൽ ശാസ്ത്രാവബോധമോ കോമൺസെൻസോ തൊട്ടുതീണ്ടാത്ത ഇതുപോലുള്ള മണുകുണാഞ്ചന്മാരാണ്'. ശ്രീ ശ്രീ രവിശങ്കറിന്‍റെ വാക്കുകൾ കേട്ട് പുഞ്ചിരിയോടെ തലകുലുക്കുന്ന ശിഷ്യന്മാരെ കുറിച്ചായിരുന്നു ബൽറാമിന്‍റെ വിമർശനം.
'അസ്ത്രം സൂക്ഷിച്ച സ്ഥലം ആസ്‌ത്രേലിയ,
വാഴ തൈ സൂക്ഷിച്ച സ്ഥലം തൈവാൻ' എന്നാണ് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ കളിയാക്കിയത്.
വിഡിയോ വൈറലായതിന് പിന്നാലെ രവിശങ്കറിനെ കളിയാക്കി ഒട്ടനവധി സ്ഥലപ്പേരുകൾ വിശദീകരിച്ചുള്ള ട്രോളുകൾ തന്നെയുണ്ടാക്കി മലയാളികൾ.
സമൂഹമാധ്യമങ്ങളിലെ ഒരു പോസ്റ്റ് ഇങ്ങനെയാണ്;
പാണ്ഡവരും രാമനും ഒക്കെ വനവാസത്തിന് പോയ നാട് .. പോ ലാൻഡ് അഥവാ പോളണ്ട്
അക്ഷയപാത്രം കിട്ടുന്നതിന് മുന്നേ പാണ്ഡവർ വിശന്നു വളഞ്ഞ നാട് .. ഹൻഗ്രി ഹങ്കറി ..
പാണ്ഡവർ വില്ലുണ്ടാക്കാൻ ഈറ്റ വെട്ടിയിരുന്ന കാട് .. ഈറ്റലി
അർജുനൻ സുഭദ്രയ്ക്ക് ലവ് ലെറ്റർ എഴുതാൻ മഷി വാങ്ങാൻ പോയ നാട് .. ഇങ്ക് ലാൻഡ് .. ഇംഗ്ലണ്ട്
യുധിഷ്ഠിരന്‍റെ പിതാജി യമരാജന്റെ വീട് .. യെമൻ
ഇരട്ട സഹോദരന്മാരായ നകുല സഹദേവന്മാരുടെ വീട് .. ദോ ഭായ് .. ദുബായ്
ഓസ്‌ട്രേലിയ നിറഞ്ഞപ്പോ ബാക്കി അസ്ത്രം വച്ച സ്ഥലം .. ആസ്ത്രിയ .. ഓസ്ട്രിയ
പകിട കളിയിൽ ശകുനി ചെക്ക് പറഞ്ഞ സ്ഥലം, ചെക്ക് റിപ്പബ്ലിക്ക്
യുദ്ധം കഴിഞ്ഞ് പാണ്ഡവന്മാർ സ്ലോ മോഷനിൽ നടന്നു (വാക്ക് ചെയ്ത്) വന്ന സ്ഥലം .. സ്ലോ-വാക്കിയ
സ്റ്റോൺ ആയി കിടന്ന അഹല്യക്ക് മോക്ഷം കിട്ടിയ സ്ഥലം .. ഈ സ്റ്റോണിയ .. എസ്റ്റോണിയ
ദൂതുമായി വന്ന കൃഷ്ണന്‍റെ ഓഫർ ദുര്യോധനൻ നോ വേ എന്നുപറഞ്ഞ് നിരസിച്ചത് .. നോർവെയിൽ
ഗുഹയിൽനിന്ന് വരുന്നത് പാലോ ചോരയോ എന്ന് നോക്കാൻ സുഗ്രീവനെ സ്പോട്ട് മാർക്ക് ചെയ്ത് നിർത്തീട്ട് ബാലി യുദ്ധത്തിന് പോയത് .. ഡെന്മാർക്ക്
പാണ്ഡവരുടെ കാലത്തെ മിത്രങ്ങൾ ആദ്യമായി ബൂട്ട് കണ്ട നാട് .. ബൂട്ട് ആനനം .. ഭൂട്ടാൻ
ദ്രോണർ ഏകലവ്യനോട് ദക്ഷിണ താ ഫ്രീക്കാ എന്ന് പറഞ്ഞ സ്ഥലം .. ദക്ഷിണാഫ്രിക്ക
യുദ്ധത്തിന്‍റെ തലേന്ന് വെറും മുപ്പത്തഞ്ച് അമ്പ് കിട്ടിയാൽ ഞങ്ങൾ ജയിക്കും എന്ന് വീമ്പുപറഞ്ഞ ദുര്യോധനനോട് നമുക്ക് കാണാടാ .. എന്ന് ഭീമൻ പറഞ്ഞ സ്ഥലം കാനഡ
ആസ്ട്രേലിയയുടെ ഉത്ഭവം
തെക്കൻ എന്നർത്ഥമുള്ള ആസ്‌ട്രാലിസ് എന്ന ലത്തീൻ വാക്കിൽ നിന്നാണ് ആസ്ട്രേലിയയുടെ പിറവിയെന്ന് വിക്കിപീഡിയ പറയുന്നു. തെക്കെവിടെയോ അജ്ഞാതമായ ഒരു രാജ്യമുണ്ടെന്ന് പുരാതനകാലം തൊട്ട് പാശ്ചാത്യർ വിശ്വസിച്ചിരുന്നു. പതിനേഴാം നൂറ്റാണ്ടിൽ ഓസ്ട്രേലിയൻ വൻകര കണ്ടെത്തിയപ്പോൾ ഡച്ചുകാരാണ് ആസ്ട്രേലിയ എന്ന പേര് ഉപയോഗിച്ചു തുടങ്ങിയത്. ന്യൂ ഹോളണ്ട് എന്നു വിളിക്കപ്പെട്ടുവെങ്കിലും ആസ്ട്രേലിയക്കാണ് സ്വീകാര്യത കിട്ടിയത്. 1824-ൽ ബ്രിട്ടീഷ് ഗവണ്മെന്‍റ് ആ പേര് ഔദ്യോഗികമായി അംഗീകരിച്ചു. 40,000 കൊല്ലം മുമ്പ് തെക്കു കിഴക്കൻ ഏഷ്യയിൽ നിന്നും കുടിയേറിയ ജനവിഭാഗമാണ് ആസ്ട്രേലിയയിലെ ആദ്യമനുഷ്യർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.