അയ്യൻകാളിയുടെ നോട്ടം
text_fieldsമഞ്ചാടിക്കര റെസിഡഷ്യൽ ഏരിയക്കും
നാടാർ പള്ളിക്കുമിടയിൽ
കോളനിയിലേക്കുപോകും ചെറുപാതയിൽ
ഞെങ്ങിഞെരുങ്ങി നില്പാണയ്യങ്കാളി പ്രതിമ
കഷ്ടമാണാനിൽപെങ്കിലുമാത്മധൈര്യം സ്ഫുരിക്കുമാ
നോട്ടമിതെന്തൊരുനോട്ടം!
പുലരാത്ത നീതിവാക്യങ്ങളും അസോസിയേഷന്റെ
നൂറുകല്പനകളും കരിച്ചുകളയുന്നുണ്ടാ
ധീരന്റെ തീപാറും നോട്ടം.
കോളനിയിലെ മനുഷ്യരെയും നായ്ക്കളെയും
കാണാത്ത മട്ടിൽ കടന്നുപോകുന്നവരുടെ നെഞ്ചിൽ
ആഴ്ന്നിറങ്ങുന്നുണ്ടാ കർമസാക്ഷിയുടെ കൂർത്തനോട്ടം.
പണ്ടു താൻസ്വപ്നം കണ്ട ബീയേക്കാരിലൊരുവനതാ ,
കിട്ടിയ തൊഴിലിന്നാലസ്യത്തിൽ,സുഖത്തിൽപ്പെട്ടു
ശവം പോൽ നടന്നുപോകുന്നതു കാൺകെ
സങ്കടം കൊണ്ടുരുകുന്നു നെഞ്ചകമെന്ന
തിരിച്ചറിവേകുന്നുണ്ടാ ഊർജദായകമാം നോട്ടം.
ആ നോട്ടം, ആ ഓർമ മാത്രം മതിയെനിക്കെന്റെയടിമ ജന്മത്തിൻ തുടലഴിച്ചു തിരിച്ചടിക്കാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.