‘ഇതാ എന്റെ മകൻ, ഞാൻ വാക്കുപാലിച്ചിരിക്കുന്നു’
text_fieldsകോഴിക്കോട്: ‘ഇതാ ഞാൻ വാക്കുപാലിച്ചു... എന്റെ മകനെ നിങ്ങളുടെ മുന്നിൽ കൊണ്ടുവരുമെന്ന് പറഞ്ഞ വാക്ക് ഞാൻ പാലിച്ചിരിക്കുന്നു...’ ഈ രാജ്യത്ത് നീതിക്കായി ഒരമ്മ നടത്തിയ പോരാട്ടത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായ അർപുതമ്മാൾ അങ്ങനെ പറഞ്ഞപ്പോൾ നിറഞ്ഞ കൈയടികളോടെയാണ് തിങ്ങിനിറഞ്ഞ സദസ്സ് ഏറ്റുവാങ്ങിയത്. ആറാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ആദ്യ ദിനം നടന്ന ‘രാജീവ് ഗാന്ധിയും എന്റെ ജീവിതവും’ സെഷനിലായിരുന്നു മകൻ പേരറിവാളനെ ചൂണ്ടി അർപുതമ്മാൾ പറഞ്ഞത്.
രാജീവ് ഗാന്ധി വധക്കേസിൽ പ്രതിചേർത്ത് 31 വർഷം ജയിലിൽ കഴിഞ്ഞശേഷം മോചിതനായ പേരറിവാളനും അമ്മ അർപുതമ്മാൾക്കും കോഴിക്കോട്ടെ ജനാവലി ഹൃദയംനിറഞ്ഞ സ്വീകരണമാണ് നൽകിയത്.‘എന്റെ മകനായി നടത്തിയ പോരാട്ടത്തിൽ എനിക്ക് ഏറ്റവും കൂടുതൽ പിന്തുണ കിട്ടിയത് കേരളത്തിൽനിന്നാണ്. പലവട്ടം ഞാൻ കേരളത്തിൽ വന്നിട്ടുണ്ട്. അന്ന് ഞാൻ പറഞ്ഞിരുന്നു, എന്റെ മകനെ ഞാൻ നിങ്ങൾക്കു മുന്നിൽ കൊണ്ടുവരുമെന്ന്... ഇന്നിതാ ഞാനാ വാക്കുപാലിച്ചു...’ അർപുതമ്മാൾ പറഞ്ഞു.
‘ജയിലിലായിരിക്കുമ്പോൾ മാക്സിം ഗോർക്കിയുടെ ‘അമ്മ’ എന്ന നോവൽ പലവട്ടം വായിച്ചിട്ടുണ്ട്... ഇങ്ങനെയൊരു അമ്മ ഇല്ലായിരുന്നുവെങ്കിൽ ഞാൻ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല... ഞാൻ മരിച്ചുപോയിരുന്നെങ്കിൽ അമ്മയുടെ പോരാട്ടം പാഴായിപ്പോകുമായിരുന്നു...’ അമ്മയെക്കുറിച്ച് പേരറിവാളൻ പറഞ്ഞു. പേരറിവാളനെപ്പോലെ നിരപരാധികളും ശിക്ഷാ കാലാവധി കഴിഞ്ഞവരുമായി നിരവധി പേർ ഇപ്പോഴും ജയിലിലുണ്ട്. അവർക്കുവേണ്ടിയുള്ള നിയമയുദ്ധംകൂടിയായിരുന്നു തങ്ങൾ നടത്തിയത്.
ഇനിയുള്ള പോരാട്ടം ആ മനുഷ്യർക്കുവേണ്ടിയായിരിക്കും. പേരറിവാളനും അർപുതമ്മാളും പറഞ്ഞുറപ്പിച്ചു. 19ാമത്തെ വയസ്സിൽ ചെയ്യാത്ത കുറ്റത്തിന് ജയിലിലായ താൻ 31 വർഷത്തെ ജയിൽവാസത്തിനുശേഷം പുറത്തുവരുന്നതിനിടയിൽ നടത്തിയ നിയമപോരാട്ടങ്ങളുടെ ദീർഘകാലം പേരറിവാളൻ സദസ്സുമായി പങ്കുവെച്ചു. ‘മാധ്യമം’ സീനിയർ റിപ്പോർട്ടർ അനുശ്രീ മോഡറേറ്ററായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.