നെതന്യാഹുവിനെന്തു കോടതി?
text_fieldsറഫയിലെ അഭയാർഥി ക്യാമ്പിൽ ബോംബ്, 45 മരണം. സാധാരണപോലുള്ള ഒരസാധാരണ വാർത്ത! റഫയിലെ ടെന്റും അതിലെ മനുഷ്യരെയും മാത്രമല്ല, സാർവദേശീയ കോടതിയുടെ ഉത്തരവിനെയും കൂടിയാണവർ കത്തിച്ചുകളഞ്ഞത്. യു.എൻ ക്യാമ്പ് പ്രവർത്തിക്കുന്ന ടെന്റുകളാണ് ആക്രമിക്കപ്പെട്ടത്. അവിടെ അഭയം തേടിയ മനുഷ്യരാണ് കത്തിക്കരിഞ്ഞ് ഒരുപിടി ചാരമായത്. ഫലസ്തീൻ മക്കൾക്ക് ഒരിടത്തും രക്ഷയില്ല. മറവുചെയ്യാൻ ഒരു മൃതദേഹംപോലും ബാക്കിവെക്കാതെ സർവവും ഭക്ഷിക്കുന്ന നവഭീകരതയുടെ ആക്രമ നൃത്തമാണ് റഫയിൽ നടന്നത്.
ലോകമനഃസാക്ഷിക്കും ഐക്യരാഷ്ട്രസഭയുടെ നിസ്സഹായതകൾക്കും ലോകകോടതിയുടെ ഉത്തരവുകൾക്കും മനുഷ്യാവകാശ സംഘടനകളുടെ ആവശ്യങ്ങൾക്കും മുകളിൽ സയണിസ്റ്റ് അലർച്ചയുടെ അവസാനമില്ലാത്ത ഇടിമുഴക്കങ്ങളാണ് തുടർന്നുകൊണ്ടിരിക്കുന്നത്. ഫലസ്തീനിൽ അർഥനഷ്ടം സംഭവിച്ച അനേകം വാക്കുകളിലൊന്നായി മരവിച്ച നിഘണ്ടുവിൽ ക്രൂരതയും ഇടംപിടിച്ച് കഴിഞ്ഞിരിക്കുന്നു! ആ വാക്കിന് ഉൾക്കൊള്ളാൻ കഴിയുമെന്ന് മുമ്പ് കരുതപ്പെട്ടുപോന്ന, അർഥങ്ങൾ ഇന്നതിന് എത്തിപ്പിടിക്കാനാവാത്തവിധം വളർന്നിരിക്കുന്നു.
ഗസ്സ ഭൂമിയിലെ നരകമാണെന്ന് യു.എൻ സഹായ ഏജൻസി വിലപിക്കുമ്പോൾ, സത്യമായും ആ സാർവദേശീയ സംഘടനക്ക് എന്താണ് സംഭവിച്ചതെന്നുകൂടി അവർ പറയേണ്ടതുണ്ടായിരുന്നു. മധ്യപൗരസ്ത്യദേശത്തെ വെറുമൊരു ഭീകരരാഷ്ട്രത്തിന്റെ മുന്നിൽ ഇത്രമേൽ നിസ്സഹായമായി നിൽക്കാനാണെങ്കിൽ ഐക്യരാഷ്ട്രസഭക്ക്, സ്വയം മാപ്പ് പറഞ്ഞ് ചരിത്രത്തിൽനിന്നും പിരിഞ്ഞുപോവുന്നതാണ് നല്ലത്. ഐക്യരാഷ്ട്ര സഭയെ സംബന്ധിച്ചിടത്തോളം ഇസ്രായേൽ ഭീകരതക്കെതിരെ ശക്തമായി ഇടപെടാനുള്ള എത്രയെത്രയോ സന്ദർഭങ്ങൾ അവർ നഷ്ടപ്പെടുത്തിയിട്ടുണ്ട്. ഒരുതവണയെങ്കിൽ ഒരൊറ്റ തവണ, സമാനതകളില്ലാത്ത അനീതിക്കെതിരെ ശിരസ്സുയർത്തി അവർ നിവർന്നു നിൽക്കുന്നില്ലെങ്കിൽ, പിന്നെ അവരുടെ ആ അശ്ലീല ശിരസ്സ് ഏറ്റുവാങ്ങാൻ ശ്മശാനങ്ങൾപോലും വിസമ്മതിച്ചേക്കും! റഫയിലിപ്പോൾ ചുട്ടുകരിക്കപ്പെട്ടത് നിസ്സഹായരായ അഭയാർഥികളാണ്. ഒരർഥത്തിൽ മരിച്ചവരെപ്പോലെ ജീവിക്കേണ്ടിവരുന്നവരെ വീണ്ടും കൊല്ലുകയാണവർ ചെയ്തുകൊണ്ടിരിക്കുന്നത്.
ഐക്യരാഷ്ട്രസഭയോടും അതിന്റെ കോടതിയോടും, പോയി വേറെ പണി നോക്കാനാണ്; കിടന്ന് ചിലക്കാതെ വാലും ചുരുട്ടി കഴിയാനാണ്, ഇസ്രായേൽ സയണിസം കൽപിച്ചുകൊണ്ടിരിക്കുന്നത്! ഇനിയുമീ അയ്യോപാവം കളിയും ഇരയാക്കപ്പെട്ടവരുടെ ജീവിതങ്ങളെക്കുറിച്ചുള്ള പതിവ് കരച്ചിലും, നോക്കിനിൽക്കില്ല എന്നൊക്കെയുള്ള പതിവ് സ്റ്റോക്ക് ഡയലോഗും അവസാനിപ്പിക്കുന്നില്ലെങ്കിൽ കാലം കരിയാലല്ല, കരിങ്കല്ലുകൊണ്ട്, കവിളിലല്ല, ശരീരത്തിലും മനസ്സിലും, ആത്മാവെന്നൊന്നുണ്ടെങ്കിൽ അതിലും, േദ്രാഹി എന്നല്ല, അതിനുമപ്പുറത്തേക്ക് ക്രൂരതകളിൽ വളർന്ന നെതന്യാഹു എന്ന് വിളിച്ചാർക്കും!
കഷ്ടി ഒന്നര നൂറ്റാണ്ട് മുമ്പാണ്, അയർലൻഡിലെ ഏൺപ്രഭുവിന്റെ മാനേജരായ ചാൾസ് കണ്ണിങ്ഹാം ബോയ്കോട്ട്, പാവപ്പെട്ട കുടിയാന്മാരോട്, അക്കാലത്തെ സാധാരണ ജന്മിമാർ കാണിക്കുന്നതിലധികം ക്രൂരതകൾ കാണിച്ചത്. സഹികെട്ട കുടിയാന്മാർ ഐറിഷ്ലാൻഡ് ലീഗ് എന്ന സമരസംഘടനയുടെ നേതൃത്വത്തിൽ, കുടിയാന്മാർക്കെതിരെ ക്രൂരതകൾ നടപ്പാക്കുന്ന ചാൾസ് കണ്ണിങ്ഹാം ബോയ്കോട്ടിനെ എല്ലാ അർഥത്തിലും ഒറ്റപ്പെടുത്തി. സർവ വിനിമയ ബന്ധങ്ങളും നഷ്ടപ്പെട്ട് മറ്റൊരു തുരുത്തുപോലെ കിടന്നയാൾ തളർന്നു! അയാൾക്കുള്ള കത്ത് കൊണ്ടുക്കൊ ടുക്കാൻപോലും പോസ്റ്റ്മാൻമാർ തയാറായില്ല. അദ്ദേഹം സമ്പൂർണമായും ബഹിഷ്കരിക്കപ്പെട്ടു.
അതിൽനിന്ന് ഇംഗ്ലീഷ് ഭാഷക്ക് കിട്ടിയ ഒരു വാക്കാണ്, ബഹിഷ്കരണം എന്ന അർഥത്തിലുള്ള ‘ബോയ്കോട്ട്’. ആ ജന്മി മാനേജരുടെ പേര് സമരച്ചൂടിൽ ചുരുങ്ങി വെറും ബോയ്കോട്ടായി! പിന്നെ അയാൾ മനുഷ്യനാമം എന്ന നിലയിൽനിന്നും മാറി ഒരു ക്രിയയായി! ഐറിഷ് എഴുത്തുകാരനായ ജോർജ് മൂറിന്റെ വാക്കുകളിൽ ഒരു ധൂമകേതുപോലെ ബോയ്കോട്ട് എന്ന ക്രിയ ബഹിഷ്കരണം എന്ന അർഥത്തിൽ ഭൂമിയിലേക്ക് അറ്റുവീണു! എന്നാലിന്ന് അതുപോലെ ഇസ്രായേൽ പ്രധാനമന്ത്രിയായ ബിന്യമിൻ നെതന്യാഹു എന്ന പേര് കണ്ണീരിന്റെ തീയിൽ വെന്ത് വെറും അനീതിന്യാഹു എന്നാവേണ്ടതുണ്ട്. ലോകത്തിലെ സർവ ഭാഷകളിലും!
നെറികേടിന്റെ, നീതിരാഹിത്യത്തിന്റെ വിശ്വവാക്കായി അത് വികസിപ്പിക്കപ്പെടേണ്ടതുണ്ട്. നെതന്യാഹുവിനെക്കൊണ്ട് മനുഷ്യത്വത്തിന് പ്രയോജനമില്ലെങ്കിൽ, ഭാഷക്കെങ്കിലും അങ്ങനെയൊരു പ്രയോജനമുണ്ടാവട്ടെ! 2023 ഒക്ടോബർ ഏഴിന്റെ ഹമാസ് പ്രതിരോധ പശ്ചാത്തലത്തിൽ, ഒരൊറ്റദിവസംകൊണ്ട് ഹമാസിനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുമെന്ന് ഊറ്റംകൊണ്ട, അതേ ഡാഷ്ന്യാഹുവാണ്, ഏഴുമാസത്തിനുശേഷവും ഹമാസ് വേട്ടയുടെ പേരിൽ അഭയാർഥികൾക്കും ആശുപത്രിയിലെ രോഗികൾക്കും ഗർഭത്തിലുള്ള ഭ്രൂണങ്ങൾക്കുമെതിരെ മിസൈൽ പ്രയോഗിച്ച് വീരസ്യപ്രകടനം തുടരുന്നത്! അകത്തും പുറത്തുമുള്ള ഭീകരതകൾ ജനാധിപത്യപരമായി അവസാനിപ്പിക്കേണ്ടതിനെക്കുറിച്ച് പുസ്തകമെഴുതിയ മനുഷ്യസ്നേഹിയാണ് നെതന്യാഹു!
മിലി കൗസ്തൈ എന്ന പഴയപേര്, ദൈവത്താൽ നൽകപ്പെട്ടത് എന്നർഥം വരുംവിധം ദൈവവത്കരിച്ച്, ഹീബ്രുവിലേക്ക് മാറ്റിയ മഹാനാണ് ഇന്നത്തെ ന്യാഹു എന്നുള്ളത് മറക്കരുത്. സർവ ഭാഷകളിലും നെറികേടിെന്റ അങ്ങേയറ്റം എന്ന നിലയിൽ ഈ പേര്, വളർന്നാൽ, അതാവും ബിന്യമിൻ നെതന്യാഹുവിന്, ആധുനിക കാലത്തിന് നൽകാനാവുന്ന മികച്ച പുരസ്കാരം. സത്യത്തിൽ ആയൊരു പുരസ്കാര സമർപ്പണത്തിനുള്ള അരങ്ങേറ്റമാണ് അമേരിക്കൻ യൂനിവേഴ്സിറ്റികളിലെ വിദ്യാർഥി പ്രേക്ഷാഭവും അയർലൻഡ് അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളുടെ വൈകിയുദിച്ച വിവേകവുമെല്ലാം സാക്ഷ്യപ്പെടുത്തുന്നത്.
1979ൽ ഹവാനയിൽ നടന്ന ചേരിചേരാ രാഷ്ട്രങ്ങളുടെ സമ്മേളനത്തിൽ ഫിദൽകാസ്േട്രാ പറഞ്ഞതുപോലെ, ഐക്യരാഷ്ട്ര സഭപോലുള്ള, നിഷ്ക്രിയരായ മാലാഖമാർ വാചാടോപങ്ങൾ അവസാനിപ്പിച്ച് സയണിസ്റ്റ് ഇസ്രായേലിനെതിരായ ശക്തമായ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കണം. സർവരെയും പരിഹസിക്കുന്ന, വീണുകിടക്കുന്ന മനുഷ്യരെ പിന്നെയും ചവിട്ടുന്ന, എന്തിന് മരിച്ചവരെപ്പോലും കൊല്ലുന്ന മുമ്പേ വിവരിച്ച ആ ന്യാഹുത്തരത്തിന് അന്ത്യംകുറിക്കാൻ കഴിയുന്നില്ലെങ്കിൽ, പിന്നെന്തിന് ലോകത്തിനൊരു ഐക്യരാഷ്ട്രസഭ! ഐക്യരാഷ്ട്രസഭയിൽപോലും വിദ്വേഷപ്രഭാഷണം മാത്രം നടത്തുന്ന ഇസ്രായേൽ പ്രതിനിധി ഗിലാദ്എർദാനെപ്പോലുള്ളവർക്ക് തടയിടാനാവുന്നില്ലെങ്കിൽ ലോകത്തിനെന്തിന് ഇത്തരമൊരു സമാധാനസഭ? ‘യു.എന്നിലെ ഉടുത്തൊരുങ്ങിയ മാന്യന്മാരോട്’ എന്ന സമീഹ് അൽക്വാസിമിന്റെ കവിത, മുമ്പത്തേക്കാൾ ഇന്നാണധികം പ്രസക്തം.
മോടിയിലുടുപ്പിട്ടെ–
ല്ലാടത്തുനിന്നും വന്നുകൂടിയ
യു.എന്നിലെ മാന്യരേ,
ഈ നട്ടുച്ചനേരം നിങ്ങളുടെ
തിളങ്ങുന്ന ടൈകളും
പൊടിപാറുന്ന വിവാദവും!
ഞങ്ങടെയീ വേളയി-
ലവയാൽ പ്രയോജന-
മെന്തുമാന്യരേ, എന്റെ
ഹൃദയത്തിൻ മേലാകെ-
പ്പായലു വളർന്നല്ലോ!
പായൽ നിങ്ങടെ ചുറ്റും
കണ്ണാടിച്ചുമരിലും മൂടി,
എന്നിട്ടും സമ്മേളനങ്ങൾ!
പ്രസംഗങ്ങൾ
(വിവ: രാധാകൃഷ്ണൻ വെങ്കിടങ്ങ്).
പൊരുതുന്ന ഫലസ്തീനെപ്പറ്റി നിരവധി പുസ്തകങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. ഇനിയും പുറത്തിറങ്ങേണ്ടതുണ്ട്. എഡ്വേർഡ് സൈദ്, നോം ചോംസ്കി മുതൽ ഇലാൻപാപ്പ വരെയുള്ളവരുടെ കൃതികളിൽ ആ കണ്ണീരും തീയുമുണ്ട്. എന്നാൽ, എനിക്കേറ്റവും ഇഷ്ടമായ ഫലസ്തീൻ സംബന്ധിയായ പുസ്തക തലക്കെട്ട്, 1988ൽ പ്രസിദ്ധീകരിച്ച, പുണ്യപ്രിയദാസ് ഗുപ്തയുടെ, ‘Cheated by the World’ എന്ന പുസ്തകമാണ്. ഒരു വളച്ചുകെട്ടുമില്ലാതെ ആ തലവാചകം വിളിച്ചുപറയുന്നത്, ലോകത്താൽ വഞ്ചിക്കപ്പെട്ട ഫലസ്തീൻ ജനതയുടെ അനുഭവമാണ്. ഒരാളെങ്കിലും ഒരു േപക്ഷയുമില്ലാതെ നിവർന്നുനിന്ന് അക്കാര്യം പറയാൻ ഇന്നു നാം ധീരരാവണം.
ബർലിൻ മതിൽ പൊളിഞ്ഞപ്പോൾ കാലുളുക്കുംവിധം നൃത്തം ചവിട്ടിയ മാധ്യമങ്ങൾ, ഫലസ്തീനെ ശ്വാസം മുട്ടിച്ച ഇസ്രായേലിന്റെ കൂറ്റൻ അപ്പാർത്തൈറ്റ് മതിലിനെക്കുറിച്ച്, അതിന്റെ ഭീകരത അർഹിക്കുംവിധം വേണ്ടത്ര ഒന്നും പറയുന്നില്ല! അപ്പോഴും സാർവദേശീയ നീതിന്യായ കോടതി അത് പൊളിക്കാൻ മുമ്പേ ആവശ്യപ്പെട്ടിരുന്നു എന്നുള്ളത് സത്യമാണ്. അന്നും ബധിരകർണങ്ങളിൽ വെടിയുണ്ടപോലെ ആ വാക്കുകൾക്ക് തുളച്ചു കയറാൻ കഴിഞ്ഞില്ല. അത് സംഭവിച്ചത് രണ്ടായിരാമാണ്ടിലാണ്. ഏകദേശം കാൽ നൂറ്റാണ്ട് കഴിഞ്ഞു. ഫലസ്തീൻ കുഞ്ഞുങ്ങളുടെ കുരുന്നുചോര എത്രയോ ഒഴുകിപ്പോയി. പ്രാണൻ എത്രയോ പൊലിഞ്ഞുപോയി. സ്വപ്നങ്ങളൊക്കെയും ചോരയിൽ മുങ്ങിപ്പോയി. എന്നിട്ടുമിപ്പോഴും പോടാ കോടതി എന്നാണ് ന്യാഹുവിന്റെ നിലപാട്!
1986ൽ മൃതദേഹ കൂമ്പാരങ്ങൾക്കിടയിൽ ഒറ്റപ്പെട്ടുപോയ ഫലസ്തീൻകാർ അന്ന് തങ്ങളുടെ മതപണ്ഡിതരോട് കണ്ണീരോടെ വിളിച്ചുചോദിച്ചത്, ജീവൻ നിലനിർത്താൻ, മൃതദേഹം ഭക്ഷിക്കാൻ മതത്തിൽ വകുപ്പുണ്ടോ എന്നായിരുന്നു. അവർക്കുമുന്നിൽ അന്ന് വേറെ വഴികളില്ലായിരുന്നു. എന്നാൽ ഇന്ന് റഫയിൽ അങ്ങനെയൊരു ചോദ്യംപോലും സാധ്യമാവാത്തവിധം എല്ലാം അവസാനിച്ച് പോയിരിക്കുന്നു.
അമേരിക്കയുടെ അമ്പത്തിയൊന്നാം സംസ്ഥാനം എന്നായിരുന്നു മുമ്പ് ഇസ്രായേൽ അടയാളപ്പെടുത്തപ്പെട്ടത്. എന്നാൽ, ഇന്നത് അതിനുമപ്പുറം മധ്യപൗരസ്ത്യദേശത്തെ അമേരിക്കതന്നെയായി സൂപ്പർ ഗുണ്ടകൂടിയായി മാറിയിരിക്കുന്നു. അമേരിക്കയിലെ അമ്പത് സംസ്ഥാനങ്ങളേക്കാളും കൂടുതൽ പരിഗണന അമേരിക്ക നൽകുന്നത് ഇസ്രായേലിനാണെന്ന് ചോംസ്കി! പരിഗണനയെന്ന് പറഞ്ഞാൽ കൊല്ലാനുള്ള ആയുധങ്ങൾ, കുതികാൽവെട്ടിനുള്ള സൗകര്യങ്ങൾ, ആപൽസന്ധികളിൽ വീറ്റോ പ്രയോഗിച്ച് രക്ഷപ്പെടുത്തൽ, വേണ്ടിവന്നാൽ സയണിസത്തിനുവേണ്ടി സ്വന്തം പൗരരെപ്പോലും ഒറ്റുകൊടുക്കൽ!
2003 മാർച്ച് 16ന് എവർഗ്രീൻ കോളജിലെ സാർവദേശീയ സമാധാനപ്രവർത്തക റേച്ചൽ കോറിയെ ഇസ്രായേൽ ബുൾഡോസർ കയറ്റി കൊന്നപ്പോഴും അതുകൊണ്ടാണ്, അമേരിക്ക വാളൂരാതിരുന്നത്! ലോകം പ്രതിഷേധിച്ചിട്ടും കാര്യമായ ഒരന്വേഷണവും ഇസ്രായേൽ സർക്കാർ നടത്തിയില്ല. വലിയ സമ്മർദമൊന്നും ഇക്കാര്യത്തിൽ ഇസ്രായേലിനുമേൽ അമേരിക്ക ചുമത്തുകയും ചെയ്തില്ല! ഇസ്രായേലിനൊത്ത അമേരിക്ക എന്നൊരു ചൊല്ലിന് സ്കോപ്പുണ്ട്! ഒപ്പം അവർക്ക് കുടചൂടാനൊരു യു.എന്നും!
സയണിസം സ്വപ്നം കാണുന്നത് നൈൽ മുതൽ യൂഫ്രട്ടീസ് വരെ വ്യാപിച്ചുകിടക്കുന്ന വിസ്തൃത ഇസ്രായേലാണ്. ഭീകരതയിലൂടെ നിലവിൽവന്ന നിലവിലുള്ള ഇസ്രായേൽ, അതേ ഭീകരതയിലൂടെ മറ്റൊരു വിസ്തൃത ഇസ്രായേൽ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ്. അവർക്ക് റഫ മോഡൽ കൂട്ടക്കുരുതികൾ, ആ ക്രൂരദൗത്യം സാക്ഷാത്കരിക്കാനുള്ള ദിവ്യ അനുഷ്ഠാനങ്ങളാണ്! വിദ്വേഷപരാമർശങ്ങൾ അത്തരം കുടിലതകൾക്ക് കരുത്ത് പകരാനുള്ള പവിത്ര വഴിപാടുകളാണ്. 1945ൽ ആംഗ്ലോ-അമേരിക്കൻ അന്വേഷണ കമ്മിറ്റിക്കുമുന്നിൽ ഇസ്രായേലിന്റെ രാഷ്ട്രപിതാവായി പിന്നീട് മാറിയ ബൻഗുറിയാൻ പറഞ്ഞത് ഞങ്ങൾക്ക് ഇസ്രായേൽ രാജ്യം വേണമെന്നായിരുന്നില്ല. ജ്യൂയിഷ് സ്വാതന്ത്ര്യവും ജ്യൂയിഷ് മണ്ണും ജ്യൂയിഷ് പുഴയും ജ്യൂയിഷ് കടലും ജ്യൂയിഷ് ഭാഷയും ജ്യൂയിഷ് വ്യവസായവും ജ്യൂയിഷ് സമ്പദ്ഘടനയും ജ്യൂയിഷ് സുരക്ഷിതത്വവും ജ്യൂയിഷ് സ്വാതന്ത്ര്യവും വേണമെന്നായിരുന്നു.
ജ്യൂയിഷ് എന്നതിനുപകരം സയണിസ്റ്റ് എന്നാക്കിയാൽ മതി, അതോടെ അതിനകത്തെ തേറ്റകളും ദംഷ്ട്രകളും പുറത്തുചാടും! ഇന്ന് സയണിസം ഐക്യരാഷ്ട്ര സഭക്കെതിരെ ആേക്രാശിക്കുമ്പോൾ, മനുഷ്യാവകാശ പ്രവർത്തകരെ അപഹസിക്കുമ്പോൾ, മാധ്യമപ്രവർത്തകരെയും എഴുത്തുകാരെയും തടവിലിടുമ്പോൾ, നിസ്സഹായരായ ജനതയെ കൊന്നുതള്ളി അക്രമം ആഘോഷിക്കുമ്പോൾ, ചരിത്രബോധമുള്ളവർ ഒരിക്കലും മറക്കാൻ പാടില്ലാത്തൊരു പേരുണ്ട്. ഭാഗികമായ നീതിയെങ്കിലും ഫലസ്തീൻ ജനതക്കുകൂടി ലഭ്യമാകുംവിധം ഇസ്രായേൽ, ഫലസ്തീൻ എന്നിങ്ങനെ മുമ്പേ നിലനിന്നുപോരുന്ന ഫലസ്തീൻ രാജ്യത്തെ വിഭജിക്കാനുള്ള തീരുമാനത്തെ, പരമാവധി സംഘർഷങ്ങൾ ഒഴിവാക്കാനാവുംവിധം സമാധാന പദ്ധതി ആവിഷ്കരിച്ച, റെഡ്േക്രാസിന്റെ നേതൃത്വം വഹിച്ച, ലോകം ആദരിക്കുന്ന, ഐക്യരാഷ്ട്രസഭയുടെ ആദ്യരക്തസാക്ഷിയായ ബർണാഡോട്ടയെ!
ഫലസ്തീൻ മാത്രമാണ് മുമ്പുണ്ടായിരുന്നത്. അതിനെ വെട്ടിപ്പിളർത്തി ലക്ഷങ്ങളെ കൂട്ടക്കൊല ചെയ്ത് കൃത്രിമമായുണ്ടാക്കിയതാണ് ഇസ്രായേൽ എന്നുള്ളത് മിനിമം ചരിത്രബോധമുള്ളവർക്ക് അറിയാവുന്ന സത്യമാണ്. എന്നാൽ, ചരിത്രപരമായ പലകാരണങ്ങളാലും സാമ്രാജ്യത്വസയണിസ്റ്റ് കുടിലതകളാലും നിലവിൽ വന്ന ഇസ്രായേലിനെയും പീഡിത ഫലസ്തീനെയും പരമാവധി സൗഹൃദപ്പെടുത്തും വിധമുള്ള ഒരു സമാധാന പദ്ധതിയാണ് ബെർണാഡോട്ട തയാറാക്കിയത്. അതിനെപോലും പക്ഷേ ഇസ്രായേൽ സ്വാഗതം ചെയ്തില്ലെന്ന് മാത്രമല്ല, ആ സമാധാന പദ്ധതി ഐക്യരാഷ്ട്രസഭക്ക് സമർപ്പിക്കുന്നതിനു മുമ്പേ, 1948 സെപ്റ്റംബർ 17ന് അദ്ദേഹത്തെ കൊല്ലുകയും ചെയ്തു! അങ്ങനെ സമാധാനത്തിന്റെയും ഐക്യരാഷ്ട്രസഭയുടെയും ആദ്യരക്തസാക്ഷിയായി ബർണാഡോട്ട. ഈയൊരൊറ്റ കാരണം മതിയായിരുന്നു ഇസ്രായേലിനെ ശിക്ഷിക്കാൻ! യു.എന്നിൽനിന്ന് പുറത്ത് നിർത്താൻ! ഇതുരണ്ടുമുണ്ടായില്ല.
യു.എൻ അസംബ്ലിഹാളിൽ ബർണാഡോട്ടയുടെ അർധകായ പ്രതിമസ്ഥാപിച്ചു, അത്രമാത്രം! എന്നാൽ, അതിൽപോലും ഇസ്രായേൽ ഭീകരത അടയാളപ്പെടുത്തിയിട്ടില്ല. ഇസ്രായേലാകട്ടെ ബർണാഡോട്ട വധത്തിനെതിരെ പല ഭാഗത്തുനിന്നും പ്രതിഷേധം ശക്തമായപ്പോൾ താൽക്കാലികമായി, ഇസ്രായേൽ കെട്ടിപ്പൊക്കാൻ സഹായിച്ച സ്റ്റേൺഗാങ് അഥവാ ലേഹി എന്ന ഭീകരസംഘടനക്കെതിരെ നടപടിയെടുത്തെങ്കിലും, വളരെവേഗം അവരെ വിട്ടയക്കുകയും ചെയ്തു! അവിടെയും അവസാനിച്ചില്ല. ബർണാഡോട്ട വധത്തിലെ മുഖ്യപ്രതിയായ നഥാൻഫ്രീഡ്മാൻയെല്ലിനെ, ഉന്നത പദവിയിലേക്കുയർത്തി! ഭീകര സംഘടനകളെ ഇസ്രായേൽ പട്ടാളത്തിന്റെ ഭാഗവുമാക്കി!
മഹാത്മാഗാന്ധി വധത്തെ അനുസ്മരിപ്പിക്കുംവിധമുള്ള ഒരു ഭീകരപ്രവർത്തനമായിരുന്നു, 1948 സെപ്റ്റംബർ 17ന് ഇസ്രായേലിൽ നടന്നത്. ഏറക്കുറെ ഗോദ്െസയെ ഓർമിപ്പിക്കുംവിധം നാഥാൻഫ്രീഡ്മാൻയെല്ലി ബർണാഡോട്ട വധത്തെ മഹത്തായ കാര്യമായാണ് സ്വയമുൾക്കൊണ്ടത്. ഇന്ന് വീണ്ടും മറ്റൊരു രീതിയിൽ ചരിത്രം ആവർത്തിക്കുകയാണ്. ഐക്യരാഷ്ട്രസഭ ബർണാഡോട്ട വധത്തിൽ അന്ന് സ്വീകരിച്ച അതേ അഴകൊഴമ്പൻ നിലപാട് ഇന്നും തുടരുമോ, അതോ തിരുത്തുമോ? മനുഷ്യരായ മനുഷ്യർ മുഴുവൻ കാത്തിരിക്കുകയാണ്. അതെന്തായാലും, ഒരു രണ്ടാംവട്ട പരാജയം തന്നെയാവും ഇസ്രായേലിനെ കാത്തിരിക്കുന്നത്. 2023 ഒക്ടോബർ 7നാണ്, എഴുപത്തിയഞ്ച് വർഷങ്ങളുടെ അധിനിവേശ വിജയങ്ങൾക്കുശേഷം അവരാദ്യമായി പരാജയത്തിന്റെ കയ്പ് രുചിച്ചതെങ്കിൽ, രണ്ടാംവട്ട പരാജയത്തിന് റഫയിൽ അവർ നടത്തിയ, വംശഹത്യയാവും വഴിയൊരുക്കുക.
“I Shall not Compromise
And to the last pulse in my veins
I shall resist
‘O’ enemy of the Sun…
I shall resist resist resist and resist”
(Samih Al Quasim)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.