ഷാർജയിലെ ലൈബ്രറികൾക്ക് പുസ്തകം വാങ്ങാൻ 45 ലക്ഷം ദിർഹം
text_fieldsഷാർജ: എമിറേറ്റിലെ ലൈബ്രറികളിലേക്ക് എറ്റവും പുതിയ പുസ്തകങ്ങൾ ലഭ്യമാക്കുന്നതിനായി സർക്കാർ 45 ലക്ഷം ദിർഹം അനുവദിച്ചു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ലൈബ്രറികൾക്കുവേണ്ടി വൻ തുക അനുവദിച്ചത്. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കെടുക്കുന്ന വിവിധ പ്രസാധനാലയങ്ങളിൽനിന്നാണ് പുസ്തകങ്ങൾ വാങ്ങുക. ഇത് വിവിധ ഗ്രന്ഥശാലകൾക്ക് നൽകുന്നതിലൂടെ സമൂഹത്തിന്റെ വൈജ്ഞാനിക നിലവാരം കൂടുതൽ ഉയർത്തുകയും വിവിധ നാടുകളിലെ അറിവുകളും സാഹിത്യവും പരിചയപ്പെടുത്തുകയുമാണ് ലക്ഷ്യംവെക്കുന്നത്. കൂടുതൽ പുസ്തകങ്ങൾ വാങ്ങുന്ന പദ്ധതി ഷാർജ പുസ്തകോത്സവത്തിന് എത്തിച്ചേർന്ന പ്രാദേശികവും അന്തർദേശീയവുമായ പ്രസാധനാലയങ്ങൾക്ക് വലിയ രീതിയിൽ സഹായകമാവുകയും ചെയ്യും. എല്ലാ വർഷവും അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി ഷാർജയിലെ ഗ്രന്ഥാലയങ്ങൾക്കുവേണ്ടി പുസ്തകങ്ങൾ വാങ്ങുന്നത് പതിവുണ്ട്. ഓരോ വർഷവും വൻതുകയാണ് ഈ ദിനത്തിലേക്ക് പ്രത്യേകം അനുവദിക്കാറുള്ളത്.
95 രാജ്യങ്ങളിൽ നിന്നായി 2213 പ്രസാധകരാണ് ഇത്തവണ പുസ്തകോത്സവത്തിലെത്തിയിട്ടുള്ളത്. ആകെ 15 ലക്ഷം പുസ്തങ്ങളാണ് ഇവർ എത്തിച്ചിട്ടുള്ളത്. 1298 അറബ് പ്രസാധകർക്കുപുറമെ 915 അന്താരാഷ്ട്ര പ്രസാധകരും പങ്കെടുക്കുന്നുണ്ട്.
ഏറ്റവും കൂടുതൽ പ്രസാധകർ യു.എ.ഇയിൽനിന്നാണ് -339. ഈജിപ്ത് 306, ലബനാൻ 125, സിറിയ 95 എന്നിങ്ങനെയാണ് അറബ് ലോകത്തുനിന്നുള്ള പ്രസാധകരുടെ എണ്ണം. അറബ് ലോകത്തിന്റെ പുറത്തുനിന്ന് ഏറ്റവും കൂടുതൽ പ്രസാധകർ എത്തുന്നത് ഇന്ത്യയിൽനിന്നാണ് -112. യു.കെയിൽനിന്ന് 61 പ്രസാധകരെത്തും. ക്യൂബ, കോസ്റ്ററിക്ക, ലൈബീരിയ, ഫിലിപ്പീൻസ്, അയർലൻഡ്, മാൾട്ട, മാലി, ജമൈക്ക, ഐലൻഡ്, ഹംഗറി എന്നിവയും ഷാർജ പുസ്തകോത്സവത്തിൽ അരങ്ങേറ്റം കുറിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.