ഇരുട്ടിൽ കൈപിടിക്കുന്ന പുസ്തകം
text_fieldsവായനയുടെ രാഷ്ട്രീയാനുഭവം സമ്മാനിക്കുന്ന പുസ്തകമാണ് നിയമാധ്യാപകനും നാഷനൽ ട്രെയിനറുമായ ഡോ. പി.കെ. അനീസിന്റെ ഇരുട്ടിൽ കൈപിടിക്കുന്ന വെളിച്ചങ്ങൾ. ജീവിതവിജയം, വ്യക്തിത്വവികാസം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട എഴുത്തുകളിലും പ്രസംഗങ്ങളിലും സാധാരണ കാണാറുള്ള അരാഷ്ട്രീയ ഉള്ളടക്കം തൊട്ടുതീണ്ടിയിട്ടില്ല എന്നതാണ് ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നത്.
സ്വന്തം ജീവിതാനുഭവങ്ങൾ, വായനാനുഭവങ്ങൾ, കേട്ടറിവുകൾ, ചരിത്രവസ്തുതകൾ തുടങ്ങിയവയുടെ പിൻബലത്തിലാണ് ഗ്രന്ഥകാരൻ ആശയങ്ങളെ അവതരിപ്പിക്കുന്നത്.
മാനവികത, ജനാധിപത്യബോധം, മതേതരത്വം തുടങ്ങിയ രാഷ്ട്രീയമൂല്യങ്ങൾക്കൊപ്പം സത്യം, കരുണ, ത്യാഗം, സ്നേഹം, സഹനം തുടങ്ങിയ ശാശ്വതമൂല്യങ്ങളെയും ഉൾവഹിക്കുന്ന നാൽപതോളം അധ്യായങ്ങൾ ലളിതമായ ഭാഷകൊണ്ടും ആവിഷ്കാരം കൊണ്ടും ശ്രദ്ധേയമാണ്. ചെറുകഥയോട് ചേർന്നുനിൽക്കുന്ന ആഖ്യാനരീതി വായനക്കാരുടെ ഹൃദയത്തിൽ തൊടുന്നത്രയും വൈകാരികവും ഭാവസാന്ദ്രവുമാണ്.
കേരളത്തിലെ ഒരു ഇന്റനാഷനൽ സ്കൂളിൽ ട്രെയിനറായി എത്തിയപ്പോൾ മൂന്നാം ക്ലാസുകാരിയുടെ Are you a muslim? എന്നചോദ്യത്തിനു മുന്നിൽ പകച്ചുപോയതിനെക്കുറിച്ചെഴുതുന്ന ‘മതിലാവാതിരിക്കട്ടെ മതങ്ങൾ’ എന്ന അധ്യായം മതകേന്ദ്രീകൃതമായ സങ്കുചിതബോധ്യങ്ങൾ സൃഷ്ടിക്കുന്ന അപകടത്തെ തുറന്നുകാണിക്കുന്നു. സോമൻ കടലൂരിന്റെ ‘മിടുക്കർ’ എന്ന കവിത ഈ സന്ദർഭത്തോട് ചേർത്തുവെക്കുകയും ചെയ്യുന്നു.
‘സത്യം പറയണമെന്ന് പഠിപ്പിക്കാൻ നമുക്കൊരു സിലബസുണ്ടോ?’ –എം.പി. മന്മഥന്റെ ഈ ചോദ്യം പരാമർശവിധേയമാകുന്ന ‘വിദ്യാഭ്യാസമല്ല, മനഃസാക്ഷി’ എന്ന അധ്യായം തിരിച്ചറിവായി വികസിക്കാത്ത അറിവിന്റെ നിഷ്ഫലത ചൂണ്ടിക്കാണിക്കുന്നു.
അട്ടപ്പാടിയിൽ മധു എന്ന ആദിവാസിയെ മർദിച്ചു കൊന്നവരും അവരെ സഹായിക്കാനായി കൂറുമാറി കള്ളസാക്ഷി പറഞ്ഞവരുമായ വിദ്യാസമ്പന്നരെയും കള്ളം പറയേണ്ടി വന്നതിൽ ഖേദിച്ച് സത്യം വിളിച്ചു പറഞ്ഞ നിരക്ഷരനായ കക്കി മൂപ്പനെയും മുഖാമുഖം നിർത്തി ഗ്രന്ഥകാരൻ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ പ്രശ്നവത്കരിക്കുന്നു.
ലോകകപ്പ് ഹോക്കി ഫൈനലിൽ ജർമനിയെ 8-1ന് തോൽപിച്ച ഇന്ത്യൻ ടീമിന്റെ നായകനായ ധ്യാൻചന്ദിന് തന്റെ സൈന്യത്തിൽ ഉന്നതപദവി വാഗ്ദാനം ചെയ്ത ഹിറ്റ് ലറെ അദ്ദേഹം സൗമ്യമായി തിരസ്കരിക്കുന്ന ചരിത്രസന്ദർഭം ഭ്രാന്തമായ ദേശസ്നേഹനാട്യങ്ങളെ മറികടക്കുന്ന രാജ്യസ്നേഹത്തെക്കുറിച്ചുള്ള സവിശേഷ ബോധ്യത്തിന്റെ അടയാളമായി ഗ്രന്ഥകാരൻ അവതരിപ്പിക്കുന്നു. ഇത്തരം സന്ദർഭങ്ങളിലെല്ലാം തികഞ്ഞ സാമൂഹിക പ്രതിബദ്ധതയും രാഷ്ട്രീയബോധ്യവും എഴുത്തിന്റെ അടിയടരായി വർത്തിക്കുന്നു.
‘ആരാണ് നായകർ’ എന്ന ചിന്ത നായകത്വത്തെ സംബന്ധിക്കുന്ന വ്യതിരിക്തമായ ധാരണയിലേക്ക് നമ്മെ നയിക്കുന്ന വിധത്തിലാണ് പി.കെ. അനീസ് അവതരിപ്പിക്കുന്നത്. ഇംഗ്ലണ്ടിലെ ലിവർപൂളിൽനിന്ന് കൊൽക്കത്തയിലേക്ക് പുറപ്പെട്ട ‘റാണാഗഞ്ചി’ എന്ന കപ്പലിലെ സ്രാങ്കായിരുന്ന ഹസൻ മറ്റു യാത്രക്കാരാൽ വംശീയാധിക്ഷേപത്തിനിരയാകുന്നു.
എന്നാൽ, വസൂരിബാധയേറ്റ് കപ്പലിലുള്ളവരുടെ ജീവിതം പ്രതിസന്ധിയിലാകുമ്പോൾ ജീവൻപോലും പണയംവെച്ച് അവരെ പരിചരിക്കുന്നത് ഹസനാണ്. ഉചിതവും നിസ്വാർഥവുമായ പ്രവൃത്തി ചെയ്യുന്ന സാധാരണ മനുഷ്യരാണ് യഥാർഥ നായകർ എന്ന് ഹസനെ മുൻനിർത്തി സമർഥിക്കുന്നതിനൊപ്പം പ്ലാച്ചിമട സമരത്തിലെ നായികയായ മയിലമ്മ, മുത്തങ്ങ സമരനായകർ തുടങ്ങിയവരെയും ഓർക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ ലോകവീക്ഷണത്തെ വ്യതിരിക്തമാക്കുന്നത്.
നായകത്വം എന്നത് സവർണ-ഉപരിവർഗ ബോധ്യത്തിന്റെ വാർപ്പുരൂപങ്ങൾക്കതീതമായ, ജീവിതസ്പർശിയായ പ്രവർത്തന മാതൃകയാണെന്ന് ഗ്രന്ഥകാരൻ പറയുന്നു.
വ്യവസ്ഥയുടെ നിയതമായ വ്യാകരണങ്ങളെ അതിലംഘിക്കുന്ന മനുഷ്യരാണ് ചരിത്രം സൃഷ്ടിക്കുന്നത് എന്ന് സൂചിപ്പിക്കാനാണ് റിച്ചാർഡ് ബാക്കിന്റെ ‘ജൊനാഥൻ ലിവിങ്സ്റ്റൺ സീഗൾ’ എന്ന പുസ്തകത്തെ ആഖ്യാനത്തിലേക്ക് ചേർത്തുവെക്കുന്നത്. പരുന്തിനൊപ്പം ഉയരത്തിൽ പറക്കാനാഗ്രഹിച്ച് കുലത്തിൽനിന്നും പുറത്താക്കപ്പെടുകയും ഒടുവിൽ നിശ്ചയദാർഢ്യത്തിലൂടെ തന്റെ ലക്ഷ്യത്തിലെത്തുകയും ചെയ്ത ജൊനാഥൻ എന്ന കാക്കയുടെ കഥ പറഞ്ഞുകൊണ്ട് പി.കെ. അനീസ് എഴുതുന്നു.
‘എപ്പോഴും എല്ലാവരെയും അനുസരിച്ചിരുന്നാൽ ഉയരങ്ങളിൽ എത്താനാവുമോ? ചില ഘട്ടങ്ങളിൽ സ്വന്തമായ, സ്വതന്ത്രമായ തീരുമാനം എടുക്കേണ്ടിവരും’. അച്ചടക്കത്തിന്റെ ചിട്ടവട്ടങ്ങളിലൂടെ വികസിക്കുന്ന വ്യക്തിത്വവികാസത്തെക്കാൾ ‘സർഗാത്മകമായ ധിക്കാരമാണ്’ വ്യവസ്ഥയുടെ നവീകരണത്തിൽ സുപ്രധാനമെന്ന ബോധ്യമാണ് ഇവിടെ എഴുത്തിനെ നയിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിലെല്ലാം എഴുത്തുകാരൻ വിദ്യാർഥികളെ അഭിസംബോധന ചെയ്യുന്നു എന്നതും പ്രസക്തമാണ്.
വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോകുന്നതിനിടയിൽ മറ്റുള്ളവർക്ക് അപായസൂചനയാകുന്ന നായ, വീട്ടിലേക്കോടിക്കയറുന്ന കുറ്റവാളിക്ക് ഒരു നിമിഷംപോലും ആലോചിക്കാതെ അഭയം നൽകുന്ന വീട്ടമ്മ, അജ്ഞേയമായ കാരണങ്ങളാൽ രക്ഷകരാവുന്ന മനുഷ്യർ എന്നിങ്ങനെ വിശദീകരിക്കാനാവാത്ത വൈകാരികസന്ധികളെ ആത്മീയചാരുതയോടെ ആവിഷ്കരിക്കുന്ന അധ്യായങ്ങൾ ഭാഷയുടെ ലാളിത്യവും സൗന്ദര്യവുംകൊണ്ട് വേറിട്ടു നിൽക്കുന്നു.
സാമൂഹിക പ്രതിബദ്ധതയുള്ള മനുഷ്യനായി ഒരു വ്യക്തിയെ പരിവർത്തിപ്പിക്കാനുതകുന്ന നിരവധി ഘടകങ്ങൾ സമന്വയിക്കുന്ന രാഷ്ട്രീയ ഗ്രന്ഥമാണിത്. മനുഷ്യനെ പരിഗണിക്കാത്ത വിജയങ്ങളെല്ലാം പരാജയങ്ങളാണ് എന്ന് സമർഥിക്കുന്നതിലൂടെ യഥാർഥ വിജയങ്ങളുടെ മാനിഫെസ്റ്റോയായി ഈ പുസ്തകം മാറുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.