സി.എച്ചിന്റെ അഭ്യർഥനപ്രകാരം എസ്.കെ. പൊറ്റക്കാട് എഴുതിയ നോവൽ; നോർത്ത് അവന്യു
text_fields1962ലെ ലോക്സഭ തെരഞ്ഞെടുപ്പിന് ഒരു സവിശേഷത ഉണ്ടായിരുന്നു. തലശ്ശേരിയിൽ സ്വതന്ത്രനായി മത്സരിച്ച പ്രശസ്ത സാഹിത്യകാരൻ എസ്.കെ. പൊറ്റെക്കാട്, വടകരയിലെ സ്വതന്ത്ര സ്ഥാനാർഥി എ.വി. രാഘവൻ എന്നിവർക്ക് മുസ്ലിം ലീഗ് പിന്തുണ പ്രഖ്യാപിച്ചു. ഇരുവർക്കും കമ്യൂണിസ്റ്റ് പാർട്ടിയുടെയും പിന്തുണയുമുണ്ടായിരുന്നു. തെരഞ്ഞെടുപ്പിൽ ഇരുവരും വിജയിച്ചു.
ഫലപ്രഖ്യാപനം വന്നശേഷം ബാഫഖി തങ്ങളോട് നന്ദി പറയാൻ സി.എച്ച്. മുഹമ്മദ്കോയയോടൊപ്പം എസ്.കെ. പൊറ്റെക്കാട്, ബാഫഖി തങ്ങളുടെ വസതിയിലെത്തി. ‘‘ഞാൻ എന്താണ് പകരം ചെയ്യേണ്ടത്’’? പൊറ്റെക്കാട് തങ്ങളോട് ചോദിച്ചു. പാർട്ടി ഫണ്ടിലേക്ക് വല്ല സംഭാവനയും തരേണ്ടതുണ്ടോ എന്നായിരുന്നു അദ്ദേഹം ഉദ്ദേശിച്ചത്. ബാഫഖി തങ്ങൾ കുലുങ്ങിച്ചിരിച്ചു. അദ്ദേഹം എസ്.കെയോട് പറഞ്ഞു. ‘‘പൊറ്റെക്കാടിനെപ്പോലുള്ളവരുടെ നല്ല മനസ്സും സന്തോഷവുമാണ് ഞങ്ങൾക്ക് വേണ്ടത്.
അതിൽപ്പരം മറ്റൊരു സംഭാവനയുമില്ല.’’ അപ്പോൾ സി.എച്ച്. ഇടപെട്ട് മറ്റൊന്നുകൂടി പറഞ്ഞു. ‘‘ഞങ്ങൾക്കു വേണ്ടി പാർലമെന്റിന്റെ പശ്ചാത്തലത്തിൽ പൊറ്റെക്കാട് ഒരു നോവൽ എഴുതണം. എന്നിട്ട് അത് പബ്ലിഷ് ചെയ്യാൻ ചന്ദ്രിക ആഴ്ചപ്പതിപ്പിന് തരികയും വേണം’’. എസ്.കെ. അത് സമ്മതിക്കുകയും പിന്നീട് വാക്ക് പാലിക്കുകയും ചെയ്തു.
അതുപ്രകാരം അദ്ദേഹം എഴുതിയ നോവലാണ് പ്രസിദ്ധമായ ‘നോർത്ത് അവന്യൂ’. അന്ന് കേരളത്തിലെ ആകെയുള്ള 18 ലോക്സഭ സീറ്റിൽ കമ്യൂണിസ്റ്റ് പാർട്ടി-ആറ്, കോൺഗ്രസ്-ആറ്, മുസ്ലിം ലീഗ്-രണ്ട്, ആർ.എസ്.പി-ഒന്ന്, സ്വതന്ത്രർ-മൂന്ന് എന്നിങ്ങനെയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.