അലൻ പറയുന്ന പാഠങ്ങൾ
text_fieldsഒരു കുട്ടിയിലെ പ്രതിഭയെ ഉണർത്താനും തളർത്താനും അധ്യാപകനോളം പങ്ക് മറ്റാർക്കുമില്ല. അധ്യാപനം എന്നത് ഒരു തൊഴിൽ എന്നതിനേക്കാളുപരി ഒരു സാമൂഹിക ദൗത്യമാണെന്നതിനാൽ അധ്യാപനവൃത്തിയോട് അഭിനിവേശമുള്ളവർ മാത്രമേ ഈ തൊഴിലിൽ തുടരാവൂ. ഒരു വ്യക്തിയെ വാർത്തെടുക്കുന്നതിൽ സമൂഹത്തിന് നിസ്തുലമായ പങ്കാണുള്ളത്. വിദ്യാർഥി ജീവിതം ആരംഭിച്ചാൽ പിന്നെ കുട്ടി ഏറിയ പങ്കും ചെലവഴിക്കുന്നത് പാഠശാലകളിലാണ്. അതിനാൽ കുട്ടിയുടെ സ്വഭാവരൂപവത്കരണത്തിൽ അധ്യാപകനും സുപ്രധാന റോൾ വഹിക്കുന്നു. ഭൂരിഭാഗം അധ്യാപകരും സ്നേഹത്തിന്റെയും ചേർത്തുപിടിക്കലിന്റെയും മാതൃകകളാണെങ്കിലും അപവാദമായി നിൽക്കുന്ന ചിലരെങ്കിലും സമൂഹത്തിലുണ്ട്. ഇവിടെയാണ് ഇയ്യ വളപട്ടണത്തിന്റെ ‘അലൻ’ എന്ന ചെറിയ നോവലിന്റെ പ്രസക്തി.
കുട്ടികളുടെ മനസ്സറിയാത്ത വിദ്യാഭ്യാസവും ഓരോ കുട്ടിയും മറ്റൊരു കുട്ടിയിൽനിന്നും തീർത്തും വ്യത്യസ്തനാണെന്ന തിരിച്ചറിവില്ലാത്ത അധ്യാപകരും കാരണം, മുറിവേറ്റ മനസ്സും ആത്മവിശ്വാസക്കുറവുമായി സമൂഹത്തിൽ നിന്നും ജീവിതത്തിൽനിന്നുതന്നെയും ഉൾവലിഞ്ഞു കഴിയുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളും അനുഭവിക്കുന്ന യാതനകളുടെ കഥ പറയുകയാണ് ഈ കൊച്ചു നോവൽ. ഈ നോവലിലെ അമ്മ പറയുന്ന ‘അധ്യാപകനെ ഇഷ്ടമായാലാണ് പഠിക്കുന്നത് ഇഷ്ടമാകുക, അധ്യാപകനെ ഇഷ്ടമായില്ലെങ്കിൽ വിഷയം ഒരിക്കലും പഠിക്കാൻ കഴിയില്ല’ എന്ന വാക്കുകൾ ഓരോ അധ്യാപകന്റെയും കാതിൽ അധ്യാപന കാലഘട്ടം മുഴുവൻ പ്രതിധ്വനിച്ചുകൊണ്ടേയിരിക്കണം. അധ്യാപകർ നിക്ഷേപകരും വിദ്യാർഥികൾ കലവറകളുമാണെന്ന ചിന്തയിൽനിന്നും പുറത്തുവന്ന്, ഓരോ കുട്ടിയുടെയും ഉള്ളിലുള്ള കഴിവിനെ കണ്ടെത്തി അതിനെ പരിപോഷിപ്പിക്കാൻ തനിക്ക് കഴിയാത്തതാണോ വിദ്യാലയ കാലഘട്ടത്തിൽ ഇടറിപ്പോകുന്ന വിദ്യാർഥികളുടെ പരാജയത്തിന് കാരണമെന്ന് പരാജിത ബാല്യങ്ങളെ അവഗണനയോടെയും അവജ്ഞയോടെയും നോക്കുന്ന അധ്യാപകർ ആത്മഗതം ചെയ്യേണ്ടതുണ്ടെന്ന് അലന്റെ കഥ നമ്മളോട് വിളിച്ചുപറയുന്നു.
വെറും 86 പേജുകൾക്കുള്ളിൽ വായിച്ചുതീരുന്ന ഈ കൊച്ചു നോവൽ അധ്യാപക സമൂഹത്തിന് വലിയ പാഠങ്ങൾ നൽകുന്ന ഒന്നാണ്. അതേസമയം, തങ്ങളുടെ കുട്ടികളിലെ കഴിവുകളും കഴിവുകേടുകളും സ്വയം തിരിച്ചറിഞ്ഞും അവരെ പൂർണമായി വിശ്വസിച്ചും പതർച്ചകളിൽ കൈത്താങ്ങായിനിന്നും അവരുടെ ഉന്നതിക്കായി പൂർണമായും സമർപ്പിക്കേണ്ടവരാണ് രക്ഷിതാക്കൾ എന്നും കഥാകൃത്ത് നമ്മെ ഉണർത്തുന്നു. അധ്യാപകരിൽനിന്നും നിരന്തരമായി മനസ്സിനേൽക്കുന്ന മുറിവുകൾ കാരണം മാനസികാഘാതത്തിൽ കഴിയുന്ന എത്രയോ കുട്ടികളുണ്ട് നമുക്ക് ചുറ്റും. പലപ്പോഴും ഇത്തരം വിഷമതകൾ രക്ഷിതാക്കളുമായി പങ്കുവെക്കാൻപോലും കഴിയാതെ സ്വയം നീറുന്ന ബാല്യങ്ങളും ഏറെയാണ്. എന്നാൽ, പങ്കുവെച്ചാൽ തന്നെയും യഥാർഥ പ്രശ്നം തിരിച്ചറിഞ്ഞ് പരിഹാരം കാണാൻ കഴിയാതെ നിസ്സഹായരാവുന്ന രക്ഷിതാക്കളെയും കാണാം. ഇവിടെയാണ് സ്വന്തം തെറ്റുകൾ തിരിച്ചറിയാതെ കുട്ടിയിൽ മാത്രം പ്രശ്നങ്ങൾ ആരോപിച്ചു ന്യായീകരിച്ചുകൊണ്ടിരിക്കുന്ന ടീച്ചറെ, നിയമവും സിസ്റ്റവും കുട്ടികൾക്ക് നൽകുന്ന പരിരക്ഷയെക്കുറിച്ച് ഉണർത്തിയും വ്യക്തിഗതമായി ടീച്ചറെ ഈ പ്രശ്നം ബാധിക്കുന്നത് എങ്ങനെയെന്ന് ബോധ്യപ്പെടുത്തിയും പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കി സ്വയം പുനർവിചിന്തനം നടത്താൻ ടീച്ചറെ പ്രാപ്തനാക്കുന്ന നോവലിലെ അച്ഛൻ മാതൃകയാകുന്നത്. അധ്യാപകരെ തിരുത്തേണ്ടിടത്ത് തിരുത്താനുള്ള ആർജവം രക്ഷിതാക്കൾ കാണിച്ചില്ലെങ്കിൽ മാനസികമായി തകർന്നുപോകുന്നത് നമ്മുടെ കുഞ്ഞുങ്ങളായിരിക്കും.
കുട്ടികളിലെ വൈവിധ്യങ്ങളെ അംഗീകരിച്ച് അവരെ സ്നേഹത്തോടെ ചേർത്തുപിടിച്ച് പ്രോത്സാഹിപ്പിക്കുന്ന അധ്യാപകർക്ക് കുട്ടികളിലെ എത്ര നീറുന്ന മുറിവുകളെയും ഉണക്കി അവർക്ക് പുതുജീവൻ നൽകാൻ കഴിയുമെന്നും നോവലിലൂടെ കഥാകൃത്ത് അടിവരയിടുന്നു. കളിച്ചും ചിരിച്ചും കഴിയേണ്ട കെ.ജി ക്ലാസുകളിലെ കൊച്ചുകുട്ടികളുടെ മനസ്സറിയാതെ നൽകുന്ന പ്രവർത്തനങ്ങളും അവരുടെ ചെറിയ പിഴവുകൾ പോലും പർവതീകരിച്ച് കുട്ടിയെ കൊള്ളരുതാത്തവനാക്കുന്ന ടീച്ചറുടെ ചെയ്തികളെയും ചോദ്യം ചെയ്യുന്നുണ്ട് നോവലിലെ അച്ഛൻ. അധ്യാപകരുടെ അപക്വമായ പെരുമാറ്റത്തിലൂടെ തിരിച്ചറിയപ്പെടാതെ പോകുന്ന കുട്ടികളുടെ ജീവിതത്തെ തിരിച്ചറിയാനുള്ള ആഹ്വാനം കൂടിയാണ് ‘അലൻ’ എന്ന കൊച്ചു കൃതി. കുട്ടികൾക്കുവേണ്ടി രചിച്ച ഈ ചെറു നോവൽ മാതാപിതാക്കളും അധ്യാപകരും നിർബന്ധമായും വായിച്ചിരിക്കേണ്ട നോവലുകൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.