അറബ് റീഡിങ് ചാലഞ്ച്: യുദ്ധഭൂമി താണ്ടി വായനയുടെ കിരീടംചൂടി ഏഴു വയസ്സുകാരി
text_fieldsദുബൈ: ശാമൽ ബകൂറിന് അന്ന് ആറുമാസം മാത്രമായിരുന്നു പ്രായം. സിറിയയിൽ യുദ്ധം കൊടുമ്പിരികൊള്ളുന്നു. മാതാപിതാക്കൾക്കൊപ്പം ഒന്നുമറിയാതെ അവളും അലപ്പോ നഗരം വിട്ട് രക്ഷപ്പെടുകയായിരുന്നു. അപ്പോഴാണ് അവർ സഞ്ചരിച്ച കാറിന് മുന്നിൽ ഒരു മിസൈൽ വന്ന് പതിക്കുന്നത്. അഗ്നിഗോളങ്ങൾ വിഴുങ്ങിയ ആ വൈകുന്നേരത്തെ കുറിച്ച് അവൾക്ക് ഓർമകളൊന്നുമില്ല.
എന്നാൽ അവൾക്കൊന്നറിയാം, അന്ന് മുതൽ അവൾ ഉപ്പയെ കണ്ടിട്ടില്ല. ഒരിക്കലും തിരിച്ചുവരാത്ത ലോകത്തേക്ക് പിതാവ് പോയിക്കഴിഞ്ഞു. പിന്നീട് അവൾ പ്രിയപ്പെട്ട ഉമ്മയോടൊപ്പമായിരുന്നു. മഴകണക്കെ ബോംബുകൾ വർഷിക്കുന്ന തെരുവിൽ അവൾ വളർന്നു. ഉമ്മയായിരുന്നു എല്ലാം. അക്ഷരങ്ങൾ പഠിപ്പിച്ചതും പുസ്തകങ്ങളെ പ്രണയിക്കാൻ ശീലിപ്പിച്ചതും അവർ തന്നെ.
ഇന്ന് ശാമൽ ബകൂർ ഏഴാമത്തെ വയസ്സിൽ ലോകത്തിന്‍റെ നെറുകയിലെത്തിയിരിക്കുന്നു. വ്യാഴാഴ്ച ദുബൈ നഗരത്തിലെ ഓപേറ ഹീസിൽ തിങ്ങിക്കൂടിയ ആയിരങ്ങൾ അവളുടെ പേര് പ്രഖ്യാപിച്ചപ്പോൾ ഹർഷാരവങ്ങൾ മുഴക്കി. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിൽനിന്ന് അവളൊരു അവാർഡ് സ്വീകരിച്ചു. ചെറിയ അവാർഡല്ലത്. അറബ് ലോകത്തെ ഏറ്റവും പ്രശസ്തമായ വായനാ പുരസ്കാരം, അറബ് റീഡിങ് ചാലഞ്ച് ചാമ്പ്യൻ.
ലോകമെമ്പാടുമുള്ള 44 രാജ്യങ്ങളിൽനിന്നുള്ള 2.27 കോടി വിദ്യാർഥികൾ പങ്കാളികളായ മത്സരമാണിത്. അഞ്ചുലക്ഷം ദിർഹം (ഒരു കോടിയിലേറെ രൂപ) സമ്മാനത്തുകയുള്ള അവാർഡ് മേഖലയിലെ തന്നെ ഏറ്റവും വലിയ വായനാ പുരസ്കാരമാണ്. മാതാവ് മനാൽ മതാറിനൊപ്പമാണ് അവാർഡ് വാങ്ങാനായി ശാമൽ എത്തിച്ചേർന്നത്. കുട്ടിക്കാലം മുതൽ മകൾക്ക് വായനയോട് അതീവ താൽപര്യമുണ്ടായിരുന്നെന്നും മൂന്നാമത്തെ വയസ്സിൽ പഠനം ആരംഭിച്ചിരുന്നെന്നും മനാൽ പറഞ്ഞു.
ചാലഞ്ചിൽ പങ്കെടുക്കുന്നതിനായി 70 പുസ്തകങ്ങളാണ് ഈ കൊച്ചു മിടുക്കി വായിച്ചു തീർത്തത്. വിജയിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും വായന ആത്മാവിനും മനസ്സിനും ഭക്ഷണമാണെന്നും ശാമൽ അവാർഡ് സ്വീകരിച്ചുകൊണ്ട് പറഞ്ഞു. അവാർഡ് തുക എന്തുചെയ്യുമെന്ന ചോദ്യത്തിന് ഉമ്മക്ക് നൽകുമെന്നായിരുന്നു മറുപടി.
അറബ് റീഡിങ് ചലഞ്ചിന്‍റെ ആറാം പതിപ്പായ ഇത്തവണ വിദ്യാർഥികളുടെ പങ്കാളിത്തം വർധിച്ചിട്ടുണ്ട്. മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റിവ്സ് സംഘടിപ്പിക്കുന്ന മത്സരത്തിൽ മികച്ച സ്കൂളിന് 10 ലക്ഷം ദിർഹം സമ്മാനം നൽകുന്നുണ്ട്. ഇത്തവണ മൊറോക്കോയിൽനിന്നുള്ള സ്കൂളിനാണ് ഈ അവാർഡ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.