അഷിത എഴുത്തിൽ സത്യസന്ധത കാത്തുസൂക്ഷിച്ച സാഹിത്യകാരി - ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്
text_fieldsകോഴിക്കോട്: സത്യസന്ധയായ എഴുത്തുകാരിയായിരുന്നു അഷിതയെന്ന് പ്രശസ്ത സാഹിത്യകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പറഞ്ഞു. കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അഷിത സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അനുഭവങ്ങൾ കലർപ്പില്ലാതെ ചേർത്തു വെച്ചു കൊണ്ട് സത്യസന്ധമായ ഭാഷയിലാണ് അഷിത എഴുതിയത്. ആത്മീയതയിൽ നിന്ന് രൂപപ്പെട്ട രചനകളാണ് അവരുടേത്. യഥാർഥ ആത്മീയത എന്നത് മതാധിഷ്ഠിതമല്ല. അത് മനുഷ്യനെ സ്‌നേഹിക്കാൻ പ്രേരിപ്പിക്കുന്ന ഒന്നാണ്. അത്തരമൊരു വികാരം വായനക്കാരിലേക്ക് പകരാൻ കഴിയുന്നു എന്നതുകൊണ്ട് അഷിതയുടെ കഥകൾ എക്കാലവും വേറിട്ടു നിൽക്കും -അദ്ദേഹം പറഞ്ഞു. സന്തോഷ് ഏച്ചിക്കാനത്തിന്റെയും സ്മിത ദാസിന്റെയും രചനകൾ ആ ഗണത്തിലേക്ക് ചേർത്തു വെക്കാവുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രഥമ അഷിത സ്മാരക സാഹിത്യ പുരസ്‌കാരം സന്തോഷ് ഏച്ചിക്കാനത്തിനും യുവ എഴുത്തുകാരിക്കുള്ള പുരസ്‌കാരം സ്മിത ദാസിനും ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് സമ്മാനിച്ചു. 15,000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ജൂറി ചെയർമാൻ ഡോ. എം.ടി. ശശി അധ്യക്ഷത വഹിച്ചു. അവാർഡ് നേടിയ സ്മിത ദാസിന്റെ കഥാസമാഹാരം 'ശംഖുപുഷ്പങ്ങൾ' എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ എം. കുഞ്ഞാപ്പ പരിചയപ്പെടുത്തി. പാലക്കാട് പട്ടാമ്പി തിരുമിറ്റക്കോട് സ്വദേശിയാണ് സ്മിതദാസ്. ജൂറി എക്സി. അംഗം പി.കെ. റാണി സ്വാഗതവും ബാലസാഹിത്യകാരൻ ഉണ്ണി അമ്മയമ്പലം നന്ദിയും പറഞ്ഞു. ഇന്ത്യൻ റൈറ്റേഴ്‌സ് ഫോറം ആണ് ചടങ്ങ് സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.