പരിധികളില്ലാതെ ഉയരുന്ന ഭാവന
text_fieldsചരിത്രത്തെ തലതിരിച്ചിട്ട് അതിരുകളില്ലാത്ത ഭാവനയിൽ കുത്തി നിർത്തുകയാണ് ആഗസ്റ്റ് 17 എന്ന നോവലിൽ എസ്. ഹരീഷ് ചെയ്യുന്നത്. 368 പേജുകളുള്ള ഈ പരീക്ഷണാത്മക നോവൽ പ്രസിദ്ധീകരിച്ചത് ഡി.സി ബുക്സാണ്. ഹരീഷ് കൈകാര്യം ചെയ്യുന്നത് ചരിത്രമോ പ്രതിചരിത്രമോ അല്ല, മറിച്ച് ചരിത്ര സന്ദർഭങ്ങളെയും ചരിത്രം രചിച്ച മനുഷ്യരെയും തന്റെ ഭാവനയുടെ ഉലയിൽ ഉരുക്കി പുതിയ കാലത്തെ രാഷ്ട്രീയ കാലാവസ്ഥയോട് കൂട്ടിയിണക്കുന്ന സങ്കീർണവും അതേസമയം മനോഹരവുമായ കൊല്ലപ്പണിയാണ്.
എന്താണ് ചരിത്രം? അത് കേവലം ശിലാരേഖകളോ, ഓലകളോ, കല്ലുകളോ, പാത്രങ്ങളോ നാണയങ്ങളോ അല്ല. നടന്ന സംഭവങ്ങളുടെ യഥാതഥ വിവരണങ്ങൾ പോലുമല്ല. മറിച്ച് നിരന്തരം പുതുക്കപ്പെടുന്ന മൂല്യങ്ങളുടെയും ബോധ്യങ്ങളുടെയും അടിസ്ഥാനത്തിലുള്ള പുനർവായന കൂടിയാണ്. വായനക്കാരന് മിനിമം ചരിത്രബോധമോ ചുരുങ്ങിയത് ഇന്ത്യൻ ദേശീയ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും അതിന്റെ നേതാക്കളെക്കുറിച്ചും സാമാന്യമായ ഒരറിവോ ഉണ്ടായിരിക്കണം. പ്രത്യേകിച്ച് തിരുവിതാംകൂർ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങൾ, സർ സി.പിയുടെ നിലപാടുകൾ, അയാളെ അവിടന്ന് കെട്ടുകെട്ടിച്ച സംഭവ പരമ്പരകളെക്കുറിച്ചൊക്കെ. ഇല്ലെങ്കിൽ ഈ നോവൽ വായിക്കാതിരിക്കുന്നതാവും നല്ലത്. കാരണം, ഇത് ചരിത്രമല്ല മറിച്ച് ചരിത്രത്തിന് മേലുള്ള കഥാകാരന്റെ സർഗാത്മകമായ ഇടപെടലുകളാണ്.
തിരുവിതാംകൂർ ഇന്ത്യൻ യൂനിയനിൽ ലയിക്കാതെ ഒരു സ്വതന്ത്ര രാഷ്ട്രമായി നിൽക്കുന്നു. 1947 ആഗസ്റ്റ് 17നാണ് ആ സ്വാതന്ത്ര്യ പ്രഖ്യാപനം. ദിവാൻ സി.പി. രാമസ്വാമി അയ്യർ പുതിയ രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി ആവുന്നു. ഇന്ത്യൻ യൂനിയനിൽ ലയിക്കാതെ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ച മറ്റൊരു നാട്ടുരാജ്യം നൈസാമിന്റെ ഹൈദരാബാദാണ്. അതൊരു മുസ്‍ലിം രാജ്യമാണെങ്കിൽ തിരുവിതാംകൂർ ഒരു ഹിന്ദു രാജ്യമാണ്. ബ്രിട്ടീഷ് കോളനി വാഴ്ച അവസാനിപ്പിക്കുമ്പോൾ നാട്ടുരാജ്യങ്ങൾക്ക് ഒന്നുകിൽ ഇന്ത്യൻ യൂനിയനിൽ ചേരാം അല്ലെങ്കിൽ സ്വതന്ത്ര രാജ്യങ്ങളാകാം എന്ന ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് ഈ സ്വാതന്ത്ര്യ പ്രഖ്യാപനം. തിരുവിതാംകൂർ രാജ്യത്തിന്റെ പ്രതിനിധിയായി ബാരിസ്റ്റർ എ.കെ പിള്ള ഐക്യരാഷ്ട്ര സഭയിൽ നിയമിതനായി. യു.എന്നിന്റെയും ബ്രിട്ടന്റെയും പാകിസ്താൻ പ്രസിഡന്റ് ജിന്നയുടെയും ഇന്ത്യക്കുള്ളിൽനിന്ന് സവർക്കറുടെയും പിന്തുണ സി.പിക്കും അയാളുടെ സ്വതത്ര ഹിന്ദുരാഷ്ട്രത്തിനും ഉണ്ട്. എങ്കിലും, പലപ്പോഴും കരാർ വ്യവസ്ഥകൾ ലംഘിച്ച് അയൽരാജ്യമായ ഇന്ത്യ ചില കടന്നുകയറ്റങ്ങളും രാഷ്ട്രീയമായ ഇടപെടലുകളും എന്തിന് രണ്ടു യുദ്ധങ്ങൾ വരെ ഈ രാജ്യത്തോട് ചെയ്യുന്നുണ്ട്.സി.പി. രാമസ്വാമി അയ്യരുടെ വലംകൈയായ ഒരു സി.ഐ.ഡിയാണ് ഇതിലെ ആഖ്യാതാവ്. വൈക്കം മുഹമ്മദ് ബഷീർ എന്ന ഒവു എഴുത്തുകാരന്റെ കൂടെ ഒരു ചാരനായിനിന്നാണ് അയാൾ സ്റ്റേറ്റ് കോൺഗ്രസിന്റെ നേതൃത്വത്തിലേക്ക് നുഴഞ്ഞുകയറി വിവരങ്ങൾ ചോർത്തി കൃത്യമായ റിപ്പോർട്ടുകൾ മേലേക്ക് അയക്കുന്നത്.
സ്റ്റേറ്റ് കോൺഗ്രസുകാരും കമ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും തമ്മിൽ യോജിപ്പുണ്ടാകുന്നത് തടയാൻ ഈ ചാരൻ നന്നായി പണി എടുക്കുന്നുണ്ട്. ഭരണകൂട അടിച്ചമർത്തലുകളേക്കാൾ ഫലപ്രദമാണ് ഇത്തരം ഒറ്റുകാരുടെ പ്രവർത്തനങ്ങൾ എന്നത് ആധുനിക ഇന്ത്യയുടെ നേർചിത്രമാണ്. പുസ്തകത്തിന്റെ ബ്ലർബിൽ സൂചിപ്പിച്ച പോലെ മലയാളിയുടെ വലിയ എഴുത്തുകാരും രാഷ്ട്രീയനേതാക്കളും തങ്ങൾ അണിയാത്ത വേഷങ്ങളിൽ ഈ നോവലിലൂടെ പ്രത്യക്ഷപ്പെടുന്നു. പരിധികളില്ലാതെ ഭാവന ചെയ്യാൻ മാത്രം സ്വതന്ത്രമാണ് സാഹിത്യം എന്ന് പ്രഖ്യാപിക്കുകയാണ് ആഗസ്റ്റ് 17.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.