ആത്രേയകത്തിന്റെ ഔഷധഗന്ധം
text_fieldsആത്രേയകം മൂന്ന് രാജ്യങ്ങൾക്ക് അതിർത്തി ഗ്രാമമാണ്. പാഞ്ചാലദേശത്തിന്റെ ഭാഗമായ ഈ വൈദ്യഗ്രാമത്തിന് ഒരു രാജ്യത്തിന്റെയും പരിഗണന ഒരിക്കൽപോലും ലഭിച്ചിരുന്നില്ല. ഒരങ്ങാടിയിലും ചെലവാകാത്ത ചരക്കുപോലെ ഓരോ രാജ്യവും അതിനെ സൂക്ഷിച്ചുപോന്നു. ഔഷധഗന്ധം ആധാരശ്രുതിയായ ആത്രേയകത്തിലേക്ക് അഭയം തേടി അനേകർ എത്തിച്ചേർന്നു. മുറിവേറ്റവരേയും രാജ്യദ്രോഹികളേയും അവിടെ തള്ളും. ഉടലുപേക്ഷിച്ച ആത്മാക്കൾക്ക് താവളമായ പുനർജനി മരങ്ങളുണ്ടവിടെ. മനുഷ്യരുടെ വിചാരങ്ങളറിയുന്ന പുഴയും കാടുമുണ്ട്. ആത്മാവ് നഷ്ടപ്പെട്ടവരെ പൂക്കൾകൊണ്ടലങ്കരിച്ച് അവിടേക്ക് കൊണ്ടുപോകും. മരങ്ങൾക്ക് ചുവട്ടിൽ ആഴമുള്ള കുഴിയെടുത്ത് അവരെ മറവു ചെയ്യും. ആ കാട്ടിലെ ഓരോ മരവും ഓരോ ആത്മാവാണ്. ഏത് ദേശത്തുനിന്നും തിരസ്കരിക്കപ്പെട്ടവർക്ക് ആത്രേയകത്തിലിടമുണ്ട്. ജീവനുകളെ മരണത്തിൽനിന്നും തിരിച്ചു കൊണ്ടുവരിക എന്നത് ആത്രേയ ഗ്രാമത്തിന്റെ നിയോഗമാണ്. മരിക്കാൻ വരുന്നവരെയല്ല, മരിച്ചു വന്നവരെ മാത്രമേ അവിടുന്ന് യാത്രയയച്ചിരുന്നുള്ളൂ. മരണത്തെ ആ ഗ്രാമത്തിന് ഭയമില്ല. പുറംകൈകൊണ്ട് തട്ടി നീക്കിക്കളയാവുന്ന വികൃതിക്കുട്ടിയാണ് മരണം എന്നും ആേത്രയകത്തിന്.
മലയാളികൾ നെഞ്ചേറ്റിയ, കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ ‘കത’ പറഞ്ഞ് വായനയിൽ വിസ്ഫോടനം സൃഷ്ടിച്ച ആർ. രാജശ്രീ ‘ആത്രേയകം’ എന്ന തന്റെ പുതിയ നോവലിലൂടെ ഒരിക്കൽകൂടി വിസ്മയം തീർക്കുകയാണ്. ഇതിഹാസങ്ങളിലൊരിടത്തും അടയാളപ്പെട്ടിട്ടില്ലാത്ത, ക്ഷാത്ര നാഗരികതക്ക് തീർത്തും അപരിചിതമായ ‘ആത്രേയകം’ എന്ന വൈദ്യഗ്രാമത്തിന്റെ അടരുകളിലൂടെ നിസ്സഹായരും പരാജിതരുമായ കുറേ ജീവിതങ്ങളുടെ വിങ്ങുന്ന കഥ പറയുകയാണ് രാജശ്രീ. അവിടെ ചതിയും പ്രതികാരവുമുണ്ട്, പ്രണയവും ആർദ്രതയുമുണ്ട്, രതിയും രണവുമുണ്ട്, ധർമത്തിന്റെ മേൽകുപ്പായത്തിൽ പൊതിഞ്ഞു വെച്ച കടുത്ത അന്യായങ്ങളുണ്ട്, ആൺകോയ്മയിൽ കെട്ടിപ്പടുത്ത ചരിത്രത്തിന്റെ കറുത്ത ഇടനാഴികകളുണ്ട്.
പുരാണങ്ങളെ പുനർവായനക്ക് വിധേയമാക്കുന്ന ഒട്ടേറെ ഗ്രന്ഥങ്ങൾ മലയാളത്തിലിറങ്ങിയിട്ടുണ്ട്. രണ്ടാമൂഴം, ഇനി ഞാനുറങ്ങട്ടെ, ശകുനി തുടങ്ങിയ പുനരാഖ്യാനങ്ങളൊക്കെ പുരാണങ്ങളിലേക്ക് തുളഞ്ഞിറങ്ങുന്ന തിരനോട്ടങ്ങളാണ്. മലയാള വായനക്കാർ അവ എന്നും ആർത്തിയോടെ വായിച്ചിട്ടുമുണ്ട്. ഇതിഹാസങ്ങളിൽ ചെന്ന് കഥാപാത്രങ്ങളെ തപ്പിയെടുത്ത കഥാകാരി തനിക്കൊട്ടും പരിചിതമല്ലാത്ത ദേശത്തേയും കാലത്തേയും ഭാഷയേയും മനുഷ്യരേയും അസാമാന്യ മെയ് വഴക്കത്തോടെ പുനർസൃഷ്ടിക്കുകയാണ് ആത്രേയകത്തിൽ. വർത്തമാനകാലത്ത് കാലൂന്നി ഭൂതകാലത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിടുന്ന കഥപറച്ചിൽ എഴുത്തുകാരിയുടെ ഹൃദയംകൊണ്ടുള്ള രചനയാണ്. യുദ്ധങ്ങൾക്കും രാഷ്ട്രീയ അട്ടിമറികൾക്കും ഒട്ടും പഞ്ഞമില്ലാത്ത ഒരു കാലത്തിരുന്ന്, വായനക്കാരെ പുരാണങ്ങളുടെ ഉള്ളടരുകളിലേക്ക് നടത്തിക്കൊണ്ടു പോയി ധർമാധർമങ്ങളും പാപപുണ്യങ്ങളുമെല്ലാം പലയളവിൽ പകുത്തെടുക്കപ്പെടുന്ന ജീവിതത്തിന് പുത്തൻ ആഖ്യാനം നൽകുകയുമാണ് കഥാകാരി. ലോകത്ത് നടന്ന ഒരു യുദ്ധത്തിലും ആരും വിജയിച്ചിട്ടില്ലെന്നും, കീഴടക്കിയതൊക്കെ സ്വന്തം നിഴലുകളെ മാത്രമാണെന്നുമുള്ള ഉൾക്കാഴ്ചയോടെ, ജയം എന്ന വാക്കിന്റെ അർഥത്തെ ഈ കൃതി അട്ടിമറിക്കുകയാണ്.
പാഞ്ചാല രാജ്യത്തെ ദ്രുപദ രാജാവിന്റെ കിരീടാവകാശിയാണ് നിരമിത്രൻ. സ്ത്രീയാണോ പുരുഷനാണോ എന്ന് തിരിച്ചറിയാനാവാത്ത ജന്മമായിരുന്നു അദ്ദേഹത്തിന്റേത്. അയൽ രാജ്യമായ ദശാർണവുമായി സൗഹൃദം സ്ഥാപിക്കുന്നതിന് വേണ്ടി പാഞ്ചാല രാജാവ് ദ്രുപദൻ നിരമിത്രനും ദശാർണ രാജകുമാരിയുമായുള്ള വിവാഹമുറപ്പിക്കുന്നു. എന്നാൽ കാമ്പില്യത്തിലെ ആദ്യരാത്രിയിൽതന്നെ നിരമിത്രനിലെ സ്ത്രീത്വം തിരിച്ചറിഞ്ഞ രാജകുമാരി അദ്ദേഹത്തെ ഉപേക്ഷിച്ച് സ്വന്തം ദേശത്തേക്ക് ഓടിപ്പോകുന്നു. ഇരു രാജ്യങ്ങൾക്കും നാണക്കേടുണ്ടാക്കിയ നിരമിത്രൻ അതോടെ പാഞ്ചാല ദേശത്തുനിന്നു തിരസ്കൃതനാവുകയും ആത്രേയകത്ത് അഭയം തേടുകയും ചെയ്യുന്നു.
തുടർന്നു തീർത്തും ശൂന്യനായിപ്പോയ നിരമിത്രന്റെ കരളു പിടയുന്ന ജീവിതത്തിന്റെ പ്രക്ഷുബ്ധമായ ചില മുഹൂർത്തങ്ങളെ അതീവ സൂക്ഷ്മതയോടെ കുരു ക്ഷേത്ര യുദ്ധവുമായി ബന്ധപ്പെടുത്തി കഥയെ മുന്നോട്ടു കൊണ്ടുപോകുന്നു. നിരന്തരം പെയ്തുകൊണ്ടിരിക്കുന്ന ഓർമകളാണ് പല താളുകളിലും ഘനം തൂങ്ങി നിൽക്കുന്നത്. മുറിവേറ്റവരുടേയും പോകാനിടമില്ലാത്തവരുടേയും കൂടിയാണ് ആത്രേയകം. പ്രായം കൊണ്ട് കണ്ണ് പാതിയടഞ്ഞു പോയ മുത്തച്ഛൻ ചൂഡകന്റെ ഔഷധക്കൂട്ട് അവിടെയെത്തുന്നവരുടെ ശരീരത്തേയെന്ന പോലെ മനസ്സിനേയും സുഖപ്പെടുത്തി.
ഭയത്തെ ഭയപ്പെടരുത്, നേരിടണം എന്നതാണ് ഓരോ മനുഷ്യനോടും അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്. കാഴ്ചശക്തി കുറഞ്ഞുവരുന്ന വൈദ്യ മുഖ്യനെ ഇള സഹായിച്ചു. ഇലകൾ കണ്ടെത്താനും മരുന്ന് പാകം നോക്കാനും കുഞ്ഞു നാളിലേ ഇള മിടുക്കു കാണിച്ചിരുന്നു. ചികിത്സക്കും ആയുധ പരിശീലനത്തിനുമായി എത്രയോ അപരിചിതർ ആത്രേയകത്തിലെത്തുന്നുണ്ട്. ഗ്രാമത്തിലെ ഓരോ കുട്ടിക്കും ആയുധങ്ങളും അവയുടെ സീൽക്കാരങ്ങളും പരിചിതമാണ്.
പാഞ്ചാല ദേശം നോവലിലെ പ്രധാന കഥാ കേന്ദ്രമാണ്. അതിർത്തി ഗ്രാമങ്ങളിലെ പടയൊരുക്കങ്ങൾ മഹാരാജാവ് ദ്രുപദനും പാഞ്ചാല ദേശവും എക്കാലവും തടഞ്ഞു നിർത്തിയിരുന്നത് യുക്തി തോറ്റു പോകുന്ന കഥകൾ മെനഞ്ഞുകൊണ്ടായിരുന്നു. കൊട്ടാരത്തിനകത്തും പുറത്തും ചായം കൂട്ടിയ നുണകൾ എപ്പോഴും പരന്നൊഴുകും. ആ കഥകളിൽ പ്രജകൾ അതിശയംകൊള്ളും. സിംഹാസനങ്ങൾക്ക് വേണ്ടി പാണർ പാട്ടു പാടിക്കൊണ്ടിരിക്കും. ഏറെക്കാലം മക്കളില്ലാതിരുന്ന ദ്രുപദ രാജാവിന്റെ കിരീടാവകാശിയായി നിരമിത്രൻ പിറന്നതിൽപോലും വലിയ വ്യാജങ്ങളുടെ കഥകൾ പെരുകി.
രാജ കൊട്ടാരങ്ങളെപ്പറ്റി എപ്പോഴും ഭയം നിലനിന്നു. അതവർ ചുറ്റും വിതക്കുകയുംചെയ്തുകൊണ്ടിരുന്നു. വിങ്ങലുകളും കണ്ണുനീരും അന്തഃപുരങ്ങളിൽ തളംകെട്ടിനിന്നു. രാവിന്റെ അന്ത്യയാമങ്ങളിൽപോലും അവർ കണ്ണീരുകൊണ്ടു തലയണ നനച്ചു. അടക്കിപ്പിടിച്ച വിതുമ്പലുകളും അനുഭവങ്ങളുടെ ചുട്ടു പൊള്ളലുമായി കുറേ പെണ്ണുങ്ങൾ ജീവിതം ജീവിച്ചുതീർത്തു. തേങ്ങലുകളിലും നെടുവീർപ്പുകളിലും തളർന്നു വീഴുന്ന മഹാറാണിമാർ. ലാഭമുണ്ടാകുമ്പോൾ ചിരിക്കാനും നഷ്ടമുണ്ടാവുമ്പോൾ കരയാനും മാത്രമേ അവർക്കറിയുമായിരുന്നുള്ളൂ.
മഹാറാണി എന്ന വിളി പോലും അവർക്കരോചകമാണ്. സ്വന്തം ശരീരത്തിൽ അന്യമായതെന്തോ സ്ഥാനം പിടിച്ചതുപോലെയുള്ളൊരപരിചിതത്വം അവർക്കനുഭവപ്പെടും. അവരുടെ കണ്ണീർ തൊണ്ടയിൽ കുടുങ്ങിക്കിടക്കും. ഓർമകൾ മാത്രമാണവർക്ക് ജീവിതം. തങ്ങളുടെ ശരീരത്തിന് മാത്രമേ എന്നും ആവശ്യക്കാരുള്ളൂ എന്നത് അവർക്ക് നല്ല ബോധ്യമുണ്ട്. ശരീരം പുരുഷന്റെ ക്ഷേത്രമാണ്. അതിനെ അതിഥിയെപ്പോലെ മാനിേക്കണ്ടതുണ്ട്. ബീജം ഏറ്റുവാങ്ങുന്ന ഗർഭപാത്രങ്ങളും വിത്തു വിതക്കാനുള്ള ഭൂമിയും മാത്രമാണ് ഓരോ സ്ത്രീ ശരീരവും. കൊട്ടാരത്തിൽ തളംകെട്ടി നിൽക്കുന്ന നിശ്ശബ്ദത പോലും ഉറക്കെയുള്ള നിലവിളികളാണ്.
മഹാഭാരതത്തിലെ കഥാപാത്രങ്ങളെയും കഥാസന്ദർഭങ്ങളെയും അതിവിദഗ്ധമായി പുനർസൃഷ്ടിച്ച് പുതിയ ജീവിതസമസ്യകളെ വ്യാഖ്യാനിക്കുന്ന നോവൽ ഒരു കാലത്തിന്റെ സാക്ഷിയോ അല്ലെങ്കിൽ ആ കാലം തന്നെയോ ആയി മാറിയിട്ടുണ്ട്. പുരാണങ്ങളിലെ ദേശപാതയിലൂടെ വായനക്കാരെ നടത്തിക്കൊണ്ടുപോകുന്ന ഈ നോവൽ അരികുജീവിതങ്ങളുടെ പരിസരത്തുകൂടി യാത്ര ചെയ്യുകയാണ്. നോവലിന്റെ അവസാന ഭാഗത്ത് കുരുക്ഷേത്ര യുദ്ധത്തിന്റെ തീക്ഷ്ണമായ ചില മുഹൂർത്തങ്ങളെ പുനരാഖ്യാനം ചെയ്തിരിക്കുന്നു.
പെൺമനസ്സുകളെ അതീവ തന്മയത്വത്തോടെ ഈ പുസ്തകത്തിൽ വരച്ചിട്ടിരിക്കുന്നു. നോവലിലെ നിരവധി സ്ത്രീ കഥാപാത്രങ്ങളിൽ ഇള വായനക്കാരന്റെ ഹൃദയംകവരും. ചിരപരിചിതമായ മഹാഭാരതത്തിലെ കഥാപാത്രങ്ങളെയും കഥാസന്ദർഭങ്ങെളയും രാജശ്രീ മനുഷ്യപക്ഷത്തുനിന്ന് നോക്കിക്കാണാൻ ശ്രമിക്കുകയാണ്. ഇന്ദ്രപ്രസ്ഥവും ഹസ്തിനപുരവും മദ്രയും ദശാർണവുമൊക്കെ നോവലിൽ പലയിടത്തായി കടന്നുവരുന്നുണ്ടെങ്കിലും ആത്രേയകം പുസ്തകത്തിലെ കഥാകേന്ദ്രമായി നിലനിൽക്കുന്നു.
നാനൂറോളം പേജുകളുണ്ട് ഈ കൃതിക്ക്. ഇതിഹാസ കഥനത്തിന് ചേർന്ന മനോഹരമായ ഭാഷാശൈലിയും പാത്രനിർമിതിയും ഈ ഏറെ ശ്രദ്ധയോടെയാണ് രാജശ്രീ നിർവഹിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.