ഓർമകൾക്കപ്പുറം
text_fieldsഡോക്ടർ, സാംസ്കാരിക പ്രവര്ത്തകന്, എഴുത്തുകാരന് എന്നീ നിലകളിൽ ദീര്‍ഘകാലം പ്രവര്‍ത്തിച്ച ഡോ.കെ.കെ. ഉസ്മാന് തന്റെ സുദീര്‍ഘമായ കഴിഞ്ഞകാല ജീവിതത്തിലേക്ക് നടത്തുന്ന തിരിഞ്ഞുനോട്ടമാണ് ‘എന്റെ കഥ, അവരുടെയും’. വൈപ്പിന്കരയിലെ എടവനക്കാട് പ്രദേശത്ത് 1939ല്‍ ജനിച്ച അദ്ദേഹം സ്വന്തം ജീവിതകഥ ഈ പുസ്തകത്തിലൂടെ പറയാന്‍ ശ്രമിക്കുമ്പോള്‍ അതിലൂടെ ഒരു പ്രദേശത്തിന്റെ കഥകൂടി അനാവൃതമാകുന്നുണ്ട്.
1940കളിലും അമ്പതുകളിലും എടവനക്കാട് ചെലവിട്ട ബാല്യകാലം, സ്കൂള്‍-മദ്റസാ കാലം, അലീഗഢ് ദിനങ്ങള്‍, മഹാരാജാസ് കോളജ്, പാലക്കാട് ചിറ്റൂര്‍ ഗവണ്മെന്റ് കോളജ്, മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെ പഠനകാലം, ഡോക്ടറെന്ന നിലയില്‍ ഗവണ്മെന്റ് സർവിസിലുണ്ടായ ഹ്രസ്വകാലം, ഗ്യാസ്ട്രോ എന്ററോളജിസ്റ്റ് എന്ന നിലയില്‍ കാനഡയിലെയും അമേരിക്കയിലെയും ഔദ്യോഗിക ജീവിതം ഇവയെല്ലാം 606 പേജ് വരുന്ന ഈ ഓര്മക്കുറിപ്പില് ഇടംപിടിച്ചിട്ടുണ്ട്.
സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, സൗഹൃദവേദി, ഫോറം ഫോര്‍ ഫെയ്ത്ത് ആൻഡ് ഫ്രറ്റേണിറ്റി, ആലുവ പരിസ്ഥിതി സംഘം തുടങ്ങിയവയുടെ രൂപവത്കരണത്തിലെ പങ്കാളിയെന്നനിലയില് അതേക്കുറിച്ചുള്ള വിവരങ്ങളും കാണാം.
വൈക്കം മുഹമ്മദ് ബഷീര്‍, പി. കേശവദേവ്, പി.കെ. ബാലകൃഷ്ണന്, കമല സുരയ്യ, സുഗതകുമാരി, ഡോ. പുനത്തില്‍ കുഞ്ഞബ്ദുല്ല തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ചകളും അവരോടൊത്തുള്ള അനുഭവങ്ങളും പങ്കുവെക്കുന്ന ഗ്രന്ഥകാരന് സഹോദരന് അയ്യപ്പന്, പി. കേശവദേവ്, പി.കെ. ബാലകൃഷ്ണന്, കൗമുദി ബാലകൃഷ്ണന്, കമ്യൂണിസ്റ്റ് നേതാവ് എം.കെ. കൃഷ്ണന്, ഇന്ത്യയുടെ ഭരണഘടനാ നിർമാണസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 15 വനിതകളിലൊരാളായ ദാക്ഷായണി വേലായുധന്, ഡോ.എന്‍.എ. കരീം, പ്രഫ.കെ.എ. ജലീല്‍, കെ.എ. സിദ്ദീഖ് ഹസന് തുടങ്ങിയവരെക്കുറിച്ച് പുതിയ തലമുറ അറിയാനെന്നവണ്ണം അവരുടെ ജീവിതരേഖ സംബന്ധിച്ച ഹ്രസ്വമായ വിവരണവും ഈ ഗ്രന്ഥത്തിലൂടെ ഗ്രന്ഥകാരൻ നൽകുന്നു. അമേരിക്കയിലെ ഡിട്രോയിറ്റില്‍ അനശ്വര ഹിന്ദി ഗായകന് മുകേഷിന്റെ ഗാനമേള കേള്‍ക്കാന്‍ കാത്തിരിക്കുമ്പോള്‍ മുകേഷിന്റെ മരണവാര്‍ത്ത അപ്രതീക്ഷിതമായി അവിടെ അനൗണ്‍സ് ചെയ്തത്, പത്തൊമ്പതാം വയസ്സില്‍ വിമോചനസമരത്തില്‍ പങ്കെടുത്തത് (പിന്നീട് അതില്‍ പശ്ചാത്താപം തോന്നിയ അനുഭവവും വിവരിക്കുന്നുണ്ട്), ജയില്‍വാസം അനുഭവിച്ചത്, ഹജ്ജ് യാത്രയടക്കമുള്ള ഒട്ടേറെ അവിസ്മരണീയ മുഹൂർത്തങ്ങൾ എന്നിവയുടെ അനുഭവങ്ങള്‍ അദ്ദേഹം 44 അധ്യായങ്ങളിലായി വായനക്കാരുമായി പങ്കിടുന്നു. അധ്യായങ്ങള്‍ ഓരോന്നും കാലാനുക്രമത്തിലായതിനാല് തുടര്‍ച്ചയുടെ സ്വഭാവമുണ്ടെങ്കിലും ഓരോ അധ്യായവും സ്വയം സമ്പൂര്‍ണമായ രീതിയിലാണ് രചിച്ചിരിക്കുന്നത്.
സാധാരണ ആത്മകഥകളിലെപോലെ ‘ഞാന്‍’ ഇതില്‍ നിറഞ്ഞുനില്‍ക്കുന്നില്ല എന്നതും പ്രത്യേകതയാണ്. താന്‍ സാക്ഷിയായ സംഭവങ്ങളെ വായനക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക മാത്രമാണ് ഗ്രന്ഥകാരന് ചെയ്യുന്നത്. ബഷീറിയന്‍ ശൈലിയുടെ ആരാധകനായ ഗ്രന്ഥകാരന്റെ നര്‍മത്തിന്റെ സ്പര്‍ശമുള്ള സരളമായ ഭാഷ പുസ്തകത്തെ കൂടുതല്‍ വായനക്ഷമമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.