ഇങ്ങുനിന്നുതന്നെ...
text_fieldsആദ്യം സ്വന്തം പരിമിതികളെ തിരിച്ചറിയുക. പിന്നെ അതിനെ അതിജീവിക്കാൻ കഠിനപ്രയത്നം ചെയ്യുക. അങ്ങനെ ജീവിതത്തിൽ ഒരിടം ഉറപ്പിക്കുക. പിന്നിട്ട പാതകളെക്കുറിച്ച് മറക്കാതിരിക്കുക. നിറയെ നന്മകൾ ഹൃദയത്തിൽ നട്ടുവളർത്തുക. സഹജീവികൾക്കായി കരുതലുണ്ടാവുക. മതി. ഇത്രയുമായാൽ ജലാൽ റഹ്മാൻ എന്ന മനുഷ്യന്റെ വേദപുസ്തകമായി.
‘ഒരു കോളജ് കാന്റീൻകാരന്റെ കുറിപ്പുകൾ’ എന്നായിരുന്നു ജലാൽ റഹ്മാന്റെ ആദ്യ പുസ്തകത്തിന്റെ പേര്. വളരെ ചർച്ചചെയ്യപ്പെടുകയും മൂന്നുപതിപ്പുകൾ വിജയകരമായി പിന്നിടുകയും ചെയ്ത കൃതി ഇംഗ്ലീഷ് ഭാഷയിലേക്ക് മൊഴിമാറ്റുകയും ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെ കുറവുകളെക്കുറിച്ചുള്ള വൈയക്തികമായ ആകുലതകൾ ആ പുസ്തകത്തിന്റെ അടരാണ്. എന്നാൽ, അനുഭവങ്ങൾ പകർന്നുനൽകിയ ജീവിതപാഠങ്ങൾ എത്രമേൽ ഒരാളെ മാറ്റിമറിക്കുന്നുവെന്ന് ആ പുസ്തകം പറഞ്ഞുവെക്കുന്നുണ്ട്. ആ പുസ്തകത്തിന്റെ തുടർച്ചയും വളർച്ചയും എന്ന നിലയിലാണ് ജലാലിന്റെ ‘അങ്ങും ഇങ്ങും എങ്ങും’ എന്ന പുതിയ പുസ്തകം നിലകൊള്ളുന്നത്.
ഓർമകൾ വളമാക്കിയാണ് മനുഷ്യൻ മുന്നേറുന്നത്. സ്മരണകളെ എപ്രകാരം സർഗാത്മകമായി വിനിയോഗിക്കാമെന്ന് ജലാൽ പറഞ്ഞുതരുന്നു. ജീവനുള്ള അറുപത്തിയെട്ട് കുറിപ്പുകളാണ് ഈ പുസ്തകത്തിന്റെ പ്രമേയം. കേരളം, ലോകം, വ്യത്യസ്ത മനുഷ്യർ, അവരുടെ ചിന്തകൾ, അവരുടെ നന്മകൾ, തിക്താനുഭവങ്ങൾ എല്ലാമെല്ലാം പുസ്തകത്തിൽ അടുക്കോടും അഴകോടും പ്രത്യക്ഷപ്പെടുന്നു. ഒരനഭ്യസ്തവിദ്യൻ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ ഹൃദയഭാഷയെ ഹൃദ്യമായി വെളിപ്പെടുത്തുന്നതായി ഭാവുകർക്ക് ബോധ്യപ്പെടുന്ന ആഖ്യാനം പുസ്തകത്തെ വേറിട്ട അനുഭവമാക്കുന്നു.
മക്കയെന്ന വിശുദ്ധ നഗരത്തിന്റെ പശ്ചാത്തലത്തിലാണ് ഇതിലെ ആദ്യ കുറിപ്പ് ഇതൾവിരിയുന്നത്. തീർഥാടനത്തിലെ ഭക്തിനിർഭരമായ തിരക്കുകൾക്കിടയിലും അവിടത്തെ വഴിത്താരകളിലെ വൃത്തിയിലേക്ക് ജലാൽ നമ്മെ നടത്തിക്കുന്നു. മലയാളിയുടെ ഹിപ്പോക്രസിയെക്കുറിച്ച് അദ്ദേഹം പറയാതെ പറയുന്നു.
വാത്സല്യങ്ങളുടെ അടയാളം എന്നാണ് ഒരധ്യായത്തിന്റെ പേര്. ചുംബനത്തെക്കുറിച്ചാണ് അതിൽ ആലോചന. ഉമ്മയെന്ന നാടൻപദമാണ് ചുംബനം എന്ന ശൈലീകരിക്കപ്പെട്ട വാക്കിനു പകരമായി ജലാൽ ഉപയോഗിക്കുന്നത്. ചുംബനത്തിന്റെ വിവിധ സന്ദർഭങ്ങളെ അദ്ദേഹം കാട്ടിത്തരുന്നു. സംസ്കാരസമ്പന്നമായ ഒരു ലോകവീക്ഷണം പ്രവാസിയിൽ പ്രതിഫലിക്കുന്നത് വായനക്കാരനിൽ കൗതുകമുണർത്തുന്നുണ്ട്. വിവാദങ്ങളോടും കാലുഷ്യത്തോടും ഒട്ടും മമതപുലർത്താത്ത ജലാൽ പറയുന്നു: ‘ഇപ്പറഞ്ഞതൊക്കെ എല്ലാവരെയും ജീവിതത്തിലുള്ള കാര്യംതന്നെ. വേണ്ടിടത്ത് വേണ്ടതു മറയ്ക്കാൻ മലയാളിക്കറിയാം. വെറുതെ വിവാദങ്ങളുണ്ടാക്കാനും പേരെടുക്കാനും ചിലർ കാട്ടിക്കൂട്ടുന്ന വിക്രിയ അല്ലാതെ വേറെന്താ ഈ ഉമ്മ വിവാദം’. ഒപ്പം, ഭാഷാപരമായ വലിയൊരു സത്യംകൂടി പറഞ്ഞാണ് കുറിപ്പ് അദ്ദേഹം അവസാനിപ്പിക്കുന്നത്.
‘വിവേകം വരുമ്പോൾ ചിന്തിക്കേണ്ടത് ലോകത്തെല്ലായിടത്തും ഭാഷാവ്യത്യാസമില്ലാതെ പിഞ്ചു പൈതങ്ങളോട് മാതാവ് ചോദിക്കുന്നത് പ്രത്യേക ശബ്ദഭാഷയിൽ ‘മ്മ്മ്മ താ’ എന്നാണ്.’
എഴുത്തുകാരന്റെ എല്ലാ വീക്ഷണങ്ങളോടും വായനക്കാർ യോജിക്കണമെന്നില്ല. എങ്കിലും, കാലുഷ്യത്തിന്റെ എതിരിടങ്ങളെ നിശ്ശബ്ദമാക്കാൻ സ്നേഹത്തിനു കഴിയുമെന്നാണ് ജലാൽ ഉറച്ചുവിശ്വസിക്കുന്നത്. അദ്ദേഹത്തിന്റെ രചനകൾ അതിനു തെളിവാണ്. അനുബന്ധമായി രണ്ടു പഠനങ്ങൾ ഉൾപ്പെടുന്നു. ലോകവീക്ഷണവും അനുഭവപാഠങ്ങളും ചേർന്ന് ഒരു സാധാരണ മനുഷ്യനെ ശുഭാപ്തിയാക്കുന്നതെങ്ങനെയെന്നാണ് പുസ്തകം മുന്നോട്ടുവെക്കുന്ന ദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.