ജീവിതത്തിന്റെ ഗന്ധയാമിനി
text_fieldsഭൂതവര്‍ത്തമാനങ്ങളെ കൽപനയും യാഥാര്‍ഥ്യവും ചേര്‍ത്ത് അവതരിപ്പിക്കുന്ന നോവലുകള്‍ വായനക്കാരെ വളരെ വേഗത്തില്‍ ആകര്‍ഷിക്കുന്നു. ചരിത്രത്തിനിടയിലൂടെ സ്വന്തം കഥാപാത്രങ്ങളെ ഇറക്കിവിട്ടാണ് നോവലിസ്റ്റ് കഥ പറയുന്നത്. ഇതില്‍ ചരിത്രവും വര്‍ത്തമാനവും ഇഴചേര്‍ന്നിരിക്കും. ഇത്തരത്തില്‍ ആഖ്യാനത്തിലും ശിൽപനിര്മിതിയിലും ഏറെ പുതുമകള്‍ നിറഞ്ഞതാണ് ഷാനവാസ് പോങ്ങനാടിന്റെ ‘ഗന്ധയാമിനി’ എന്ന നോവല്‍. പുതിയ നോവലില്‍ ഗുജറാത്തിലെ വര്‍ഗീയ കലാപത്തിൽ ജീവിതം തകര്‍ന്നവരെയാണ് എഴുത്തുകാരൻ അവതരിപ്പിക്കുന്നത്. മനുഷ്യമനസ്സിന്റെ ആഴങ്ങളിലൂടെ സഞ്ചരിക്കാനും നോവലിസ്റ്റിന് കഴിഞ്ഞിരുന്നു. പ്രണയത്തിന്റെ നിശ്ശബ്ദഭംഗിയാണ് ‘ഗന്ധയാമിനി’യെ കഥാബന്ധിതമാക്കുന്നത്.
തെക്കൻ കേരളത്തിലെ കീഴ്പേരൂര്‍ എന്ന ഗ്രാമത്തിന്റെ നിഷ്കളങ്കതയിലേക്ക് എവിടെനിന്നോ വന്നുചേരുന്ന കനകരാജന് എന്ന മനുഷ്യനിലൂടെയാണ് നോവല്‍ തുറക്കപ്പെടുന്നത്. ഈ മനുഷ്യന്റെ പൂര്വചരിത്രമൊന്നും നാട്ടുകാര്‍ അറിയുന്നില്ല. നഷ്ടങ്ങളുടെ നെരിപ്പോടും നെഞ്ചത്തൊതുക്കി ജീവിക്കുന്ന കനകരാജന്റെ കഥാകഥനത്തിലൂടെ നോവല്‍ വികസിക്കുന്നു.
ഒരു നാട്ടിന്‍പുറത്തിന്റെ കഥയായി തുടങ്ങുന്നു, നോവലിന്റെ ആന്തരികതലത്തിലേക്ക് കടക്കുമ്പോള്‍ വര്‍ഗീയതയുടെ കനലാണ് ജ്വലിക്കുന്നത്. രണ്ടായിരത്തിരണ്ടിലെ ഗുജറാത്ത് വര്‍ഗീയകലാപത്തിന്റെ അഗ്നിപഥത്തിലേക്ക് വായനക്കാരെ നോവലിസ്റ്റ് അതിവേഗം കൊണ്ടുപോകുന്നു. കെട്ടടങ്ങാത്ത ആര്‍ത്തനാദങ്ങള്‍ക്കിടയിലൂടെ, ചോരപുരണ്ട വാളുകള്‍ക്കിടയിലൂടെ വര്‍ഗീയ കലാപത്തിന്റെ പരിസരത്തിലേക്കാണ് വായനക്കാരെ നോവല്‍ ആനയിക്കുന്നത്.
എല്ലാം ഇട്ടെറിഞ്ഞുപോയ നൂറുക്കണക്കിന് മനുഷ്യരുടെ ജീവിതമാണ് നോവലിന്റെ അകമ്പൊരുള്‍. അറ്റുപോയ പ്രണയത്തെ തിരിച്ചുപിടിക്കാനുള്ള മനസ്സിന്റെ അദമ്യമായ ത്വര. പക്ഷേ, പ്രണയനിരാസത്താല് വീണ്ടും മുറിവേറ്റുപോകുന്ന സുധീശന്‍ എന്ന കഥാപാത്രം കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമാണ്. വൃദ്ധസദനത്തിലൂടെ ജീവിതസായാഹ്നത്തിലെത്തിയവര്ക്ക് അത്താണിയാണ് ഈ മനുഷ്യന്. ഭൂതകാല നഷ്ടങ്ങളുടെ നോവുകള്‍ പേറുമ്പോഴും ആശ്വാസത്തിന്റെ നനുത്ത സാന്നിധ്യമായി തോന്നിയ രഞ്ജിനിയും വേദനയാണ് അയാള്‍ക്ക് സമ്മാനിക്കുന്നത്.
കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാറിയ മുഖത്തെയും നോവല്‍ അവതരിപ്പിക്കുന്നു. സുജാത, ആശ്രിതനിയമനത്തിനായി എത്രകാലമാണ് ആ സ്ത്രീ സര്‍ക്കാര്‍ ഓഫിസുകളില്‍ കയറിയിറങ്ങിയത്. കരുണയില്ലാത്ത അധികാരിവര്‍ഗം അവളുടെ ജോലി തട്ടിത്തെറിപ്പിക്കുകയാണ്. അവിടെ രഞ്ജിനിയെന്ന സമർഥയായ ഉദ്യോഗസ്ഥയുടെ പോരാട്ടവീര്യമാണ് അവള്‍ക്ക് സഹായത്തിനുണ്ടായിരുന്നത്. വര്‍ത്തമാനകാല സാമൂഹികാവസ്ഥയെയും ബ്യൂറോക്രസിയെയും നോവല്‍ തുറന്നുകാട്ടുന്നു.
ആത്മവിചാരത്തിലൂടെയും സംഭാഷണങ്ങളിലൂടെയുമാണ് കഥ വാര്ന്നുവീഴുന്നത്. കനകരാജന്-സുജാത, സുധീശന്‍-രഞ്ജിനി എന്നീ ദ്വന്ദ്വകഥാപാത്രങ്ങളിലൂടെയാണ് നോവല്‍ വളരുന്നത്. സുധീശന്റെയും കനകരാജന്റെയും ജീവിതകഥനത്തില് മനഃസാക്ഷിയെ പിടിച്ചുലക്കുന്ന എത്രയോ സംഭവങ്ങളാണ് നിരന്നുനില്ക്കുന്നത്. ഇവര്‍ക്കൊപ്പം സുജാതയും രഞ്ജിനിയും തനത് വ്യക്തിത്വത്തിന്റെ സവിശേഷതയാല്‍ വര്‍ത്തമാനകാല പെണ്ജീവിത്തിന്റെ പ്രതിരൂപങ്ങളായി മാറുന്നു. സുജാതയുടെ ദുരിതകഥ നീറ്റുന്ന ചിത്രമായി വായനക്കാരുടെ മനസ്സില്‍ നിലനില്ക്കുകതന്നെ ചെയ്യും.
ലളിതവും സുന്ദരവുമായ ആഖ്യാനശൈലി നോവലിന് വായനസുഖം തരുന്നു. വര്‍ഗീയകലാപത്തിന്റെ ഇടയിലൂടെ വായനക്കാരെ സൂക്ഷ്മതയോടെ നോവലിസ്റ്റ് കൊണ്ടുപോകുന്നു. ഗോധ്രാ കലാപ പശ്ചാത്തലം കേരളത്തിന്റെ പശ്ചാത്തലത്തിലേക്ക് എത്തിക്കാനും കഴിഞ്ഞിരിക്കുന്നു. ഗുജറാത്ത് കലാപം നിറയുമ്പോഴും നോവലില്‍ കേരളത്തനിമ നിറഞ്ഞുനില്ക്കുന്നു. ഗുജറാത്ത് കലാപത്തെ കേരളീയ ജീവിതത്തിന്റെ ഭാഗമാക്കുന്ന മലയാളത്തിലെ ആദ്യ നോവലായിരിക്കും ‘ഗന്ധയാമിനി’.
അപകടകരമായ വഴിയിലൂടെ കഥയെ നയിച്ച് ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി എത്തിക്കാന്‍ നോവലിസ്റ്റിന് സാധിച്ചിരിക്കുന്നു. ഇതൊരു ചെറിയകാര്യമല്ല. ജീവിതവ്യഥകളും കലാപക്കെടുതിയും നോവലിനെ ഗൗരവമുള്ളതാക്കി മാറ്റുന്നു. എന്നിരുന്നാലും രചനയിലെ ലാളിത്യം വായനക്കാരെ അനായാസം നോവലിലേക്ക് പ്രവേശിപ്പിക്കാനുള്ള വാതില്‍ തുറന്നിട്ടിരിക്കുന്നു. ശക്തമായ പ്രമേയത്തെ അയത്നലളിതമാക്കിയിരിക്കുന്നു എന്നതാണ് ഈ കൃതിയുടെ പ്രത്യേകത.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.