പുസ്തക പരിചയം; തകഴിയുടെ അക്ഷര വിസ്മയം, തോട്ടിയുടെ മകൻ
text_fieldsഇസ്മായിൽ പതിയാരക്കര
മണ്ണിന്റെ മണമുള്ള കഥകൾ കൊണ്ട് മലയാളിക്ക് വേറിട്ട ജീവിതങ്ങളെ കാണിച്ചുകൊടുത്ത മഹാനായ എഴുത്തുകാരനാണ് തകഴി ശിവശങ്കരപ്പിള്ള. കെട്ടുവഞ്ചികളും പുഞ്ചപ്പാടങ്ങളും പുന്നമടക്കായലിലെ വള്ളം കളിയുമൊക്കെക്കൊണ്ട് സമ്പുഷ്ടമായ ആലപ്പുഴയുടെ കാർഷിക സംസ്കാരത്തെ അക്ഷരങ്ങളിലൂടെ ആവാഹിച്ച് ലോക സാഹിത്യത്തിന് സമ്മാനിച്ച അതുല്യ പ്രതിഭ കൂടിയാണ് അദ്ദേഹം.
ജ്ഞാനപീഠം ഉൾപ്പെടെ ഒട്ടനവധി പുരസ്കാരങ്ങൾ ലഭിച്ച അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായതും ഒട്ടേറെ ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടതുമായ കൃതി കറുത്തമ്മയുടെയും പരീക്കുട്ടിയുടെയും പ്രണയകഥ പറഞ്ഞ ചെമ്മീൻ ആണെങ്കിലും ഏതാണ്ട് ഇരുപത്തഞ്ചോളം നോവലുകളും ഇരുന്നൂറോളം കഥകളും തകഴി എന്ന മാന്ത്രികനായ എഴുത്തുകാരന്റെ അനുഗൃഹീത തൂലികയിൽനിന്ന് പിറവി കൊണ്ടിട്ടുണ്ടെങ്കിലും എന്നെ ഏറ്റവുമധികം ആകർഷിച്ചതും മനസ്സിനെ പിടിച്ചുകുലുക്കിയതുമായ കൃതി 1947ൽ പുറത്തിറങ്ങിയ ‘തോട്ടിയുടെ മകൻ' തന്നെയാണ്.
കാരണം പുതിയ തലമുറക്ക് ചിന്തിക്കാൻ പോലും കഴിയാത്ത തരത്തിൽ മനുഷ്യവിസർജ്യം വാരാൻ വിധിക്കപ്പെട്ട ഒരു സമൂഹം ഇവിടെ ഉണ്ടായിരുന്നു എന്ന നഗ്നയാഥാർഥ്യം വല്ലാത്ത അളവിൽ വേദനിപ്പിക്കുന്ന ഒന്നുതന്നെയായിരുന്നു. സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന സഹജീവികൾക്കും സ്വപ്നങ്ങളും പ്രതീക്ഷകളും പ്രണയവും സങ്കടങ്ങളുമുണ്ടെന്ന് അതി വൈകാരികമായി വരച്ചുകാട്ടുന്ന ഈ കൃതി വായിച്ചിട്ടില്ലാത്തവർ തീർച്ചയായും വായനക്കെടുക്കേണ്ട ഒരു പുസ്തകമാണ്. മലം വാരാനുള്ള മമ്പട്ടിയും പാട്ടയും മകനു നൽകി ആത്മാർഥതയുള്ള നല്ലൊരു തോട്ടിയായിത്തീരാൻ മകൻ ചുടലമുത്തുവിനെ ആശീർവദിച്ചശേഷം മരണത്തിലേക്ക് മടങ്ങിപ്പോകാനൊരുങ്ങുന്ന ഇഷുക്കു മുത്തുവിന്റെ രോഗപീഡകളുടെ വർണനയോടെയാണ് നോവൽ ആരംഭിക്കുന്നത്.
തോട്ടികളെ മനുഷ്യനായി കാണാൻ കൂട്ടാക്കാത്ത വ്യവസ്ഥിതിക്കെതിരെ സ്വസമൂഹത്തെ സംഘടിപ്പിച്ചു ശക്തരാക്കാൻ ഇറങ്ങിത്തിരിക്കുന്ന ചുടല മുത്തു വരുംതലമുറയെങ്കിലും ഈ നാശം പിടിച്ച ജോലിയിൽനിന്ന് രക്ഷപ്പെടാൻ മകൻ മോഹനനെ വിദ്യാഭ്യാസത്തിനായി പറഞ്ഞയക്കുന്നു.
തോട്ടിയുടെ മകൻ എന്ന നിലയിൽ സഹപാഠികളാൽ അവഗണിക്കപ്പെടുമ്പോഴും അവനെ പഠിപ്പിച്ചു സമൂഹത്തിൽ തലയുയർത്തി നടക്കുന്ന പൗരനായി വളർത്തിയെടുക്കാൻ ഏത് ത്യാഗത്തിനും ആ പിതാവ് സന്നദ്ധമായിരുന്നു. പക്ഷേ, വിധിയുടെ വൈപരീത്യം പോലെ നഗരത്തിൽ പടർന്നു പിടിക്കുന്ന കോളറ എന്ന മഹാമാരിയിൽ സ്വപ്നങ്ങൾ ബാക്കിയാക്കി ചുടലമുത്തുവും ഭാര്യയും മരണത്തിന് കീഴടങ്ങുന്നു. മാതാപിതാക്കൾ നഷ്ടപ്പെട്ട് ഒറ്റപ്പെട്ടുപോയ മോഹനൻ മമ്പട്ടിയും പാട്ടയുമെടുത്തുകൊണ്ട് തോട്ടിപ്പണിക്കുതന്നെ പോകേണ്ടി വരുന്ന ഘട്ടത്തിൽ നോവൽ നോവും നൊമ്പരങ്ങളും വായനക്കാരനു നൽകി അവസാനിക്കുകയാണ്. 126 പേജിൽ അവസാനിക്കുന്ന ഈ ചെറിയ നോവൽ ഓരോരുത്തരുടെയും ഹോം ലൈബ്രറിയിൽ ഉണ്ടായിരിക്കേണ്ട ഒന്നുതന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.