ആനന്ദഭാരം: അലിഖിതമായ നോവലുകളാകുന്ന മനുഷ്യരുടെ ജീവിതം
text_fieldsഓരോ വീടും അലിഖിതമായ ഓരോ നോവലുകളാണ്. ആ വീടുകളിലെ ഓരോ മനുഷ്യരും അനേകായിരം ഉപകഥകൾ പേറുന്ന കഥാപാത്രങ്ങളും. ഉള്ളിലെ വികാരവിചാരങ്ങളാലും ബാഹ്യമായ ഇടപെടലുകളാലും കഥകളുടെ വ്യാപ്തിയും ചൂടും കൂട്ടിയും കുറച്ചും കൊണ്ടേയിരിക്കുന്നു. വാക്കുകളാൽ അവയൊന്നും അടയാളപ്പെടുത്തുന്നില്ലെങ്കിലും നോവുകളായും, പുഞ്ചിരികളായും, പരിഭവങ്ങളായും, സന്തോഷമായും, നൊമ്പരമായും, കൂടിച്ചേരലുകളായും, വിടവാങ്ങലുകളായും ഓരോ നിമിഷവും ഓരോ മുഹൂർത്തവും മൂകമായോ കൂട്ടമായോ രഹസ്യമായോ പരസ്യമായോ കടന്ന് പോയ്ക്കോണ്ടേയിരിക്കുന്നു.
ജിസ ജോസിന്റെ ഏറ്റവും പുതിയ നോവലായ ആനന്ദഭാരം പറയുന്നതും ഒരു വീടിന്റെ കഥയാണ്. വീടെന്ന് പറഞ്ഞാൽ അടുത്തടുത്ത് നിൽക്കുന്ന കുറെ റെയിൽവേ ക്വാർട്ടേഴ്സുകളിൽ ഒന്ന്. അതിലെ വിവിധ മനസഞ്ചാരങ്ങളുള്ള അന്തേവാസികളുടെ സംഘർഷങ്ങളാണ്. റെയിൽവേ ജീവനക്കാരനായ വിപിനൻ എന്ന മനുഷ്യൻ, അവൻ വിവാഹം ചെയ്ത നഴ്സിങ്ങ് പഠിച്ച രത്നമേഖല, വിവാഹത്തിന്റെ അടുത്ത ദിവസം തന്നെ അപ്രതീക്ഷിതമായി കിടപ്പിലായിപോകുന്ന വിപിനന്റെ അമ്മ വിനോദിനി. പത്തു വർഷമായി കിടപ്പു രോഗിയായ വിനോദിനി, അവരെ ശുശ്രൂഷിക്കുന്ന രത്നമേഖല, രത്നത്തിന്റെ ജീവിതത്തിലേക്ക് തുടർന്ന് അടുക്കുന്നവർ, അയൽവാസികളായ പരിമളം, അവരുടെ ഭർത്താവ് ജ്ഞാനശേഖർ, മാമി മരതകം, വിപിനന്റെ ബന്ധു അജയൻ, കിടപ്പിലായ വിനോദിനിയുടെ ചികിത്സയുടെ ഭാഗമായി കടന്ന് വരുന്ന നിത്യസഹായം, മേരീ പ്രീത, ഇടക്കിടെ കടന്ന് വരുന്ന ഈ മനുഷ്യരുടെ അനുഭവങ്ങളുടെയും, അവരുടെ വാക്കുകളും ചെയ്തികളും അവർക്കും രത്നമേഖലക്കും ജീവിതത്തിൽ ഉണ്ടാക്കുന്ന ശുഭാശുഭ കാര്യങ്ങളുടെയും വികാരതീവ്രതയോടെയുള്ള അക്ഷരരൂപമാണീ നോവൽ.
അപ്രതീക്ഷിതങ്ങളും ആകസ്മികതകളും നിറഞ്ഞതാണീ മനുഷ്യജീവിതം. ഓരോ മനുഷ്യരും ഓരോ മുഹൂർത്തവും ഓരോരോ കഥകളും വികാരങ്ങളും ഒളിപ്പിച്ച് വെക്കുമ്പോൾ വായിക്കപ്പെടുന്നതിനേക്കാൾ എത്രയോ ഇരട്ടി പ്രഹരമായിരിക്കും ഉള്ളിൽ ഒളിപ്പിച്ച് വെക്കുന്നതിനെന്ന് അറിയുന്നത് അത് പേറി നടക്കുന്നവർ മാത്രം അനുഭവിക്കുന്ന സത്യമാണ്. രത്നമേഖല എന്ന സ്ത്രീ സ്വന്തം സ്വപ്നങ്ങളും ആഗ്രഹങ്ങളുമെല്ലാം ഉള്ളിലൊതുക്കി അപ്രതീക്ഷിതങ്ങളുടെ ഒരു പുതിയ ലോകത്തിലേക്ക് മാറ്റി നടപെട്ടപ്പോൾ, മാറിയ ചുറ്റുപാടുകളും മാറിയ ചിന്തകളുമായി പൊരുത്തപ്പെടാൻ നിർബന്ധിതയായപ്പോൾ, വീണ്ടും വിധിയെന്ന് വെറുതെയെങ്കിലും പറയുന്ന ആ ഒളിപ്പോരാളി അവർക്കായി ഒരുക്കിയ കളിക്കളം മറ്റൊന്നായിരുന്നു.
ജിസ ജോസിന്റെ ആദ്യ നോവലായ 'മുദ്രിത' ആദ്യ വായനയിൽ തന്നെ വളരെ ആകർഷിച്ചതായിരുന്നു. ആദ്യ രചനയിൽ സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന കഥാപാത്രങ്ങളുടെ ശക്മായ വ്യക്തിത്വങ്ങളും അവരുടെ മാനസിക സഞ്ചാരങ്ങളെ, വികാരവിചാരങ്ങളെ വായനക്കാരിലേക്കും അതേപടി പകർത്തുന്ന ആ മികവ് കുറെ കൂടി തീവ്രമായി ഈ നോവലിലും ആവർത്തിക്കുന്നു. കഥാപാത്രങ്ങളുടെ മാനസികസഞ്ചാരത്തോടൊപ്പം മനുഷ്യരുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒരിക്കലും അവസാനിക്കാത്ത അസ്ഥിരമായ ഈ ജീവിതത്തെ മറ്റൊരു തലത്തിൽ കാണുവാൻ കഥയിലെ പല അവസരങ്ങളും വഴിയൊരുക്കുന്നു.
"ചെറിമരം വെട്ടിപ്പിളർന്നാൽ
പൂക്കളെവിടെ?
വസന്തമെത്തുമ്പോൾ പക്ഷേ,
പൂക്കളാണെങ്ങും!"
മേരി പ്രീത രത്നമേഖലയോട് ഒരവസരത്തിൽ ചൊല്ലിയ കവിതയുടെ അർത്ഥം തന്നെയാണ് ഈ നോവൽ നൽകുന്ന ഊർജ്ജവും പ്രകാശവും സന്ദേശവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.