നിലാവിന് മുഖക്കുരുവുമുണ്ട്
text_fields2020ലെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുസ്തകങ്ങളിൽ ഏറ്റവും മുന്നിലെത്തിയ ഒന്നായി പല തിരഞ്ഞെടുപ്പുകളിലും ഇടംപിടിച്ച നോവലാണ്, കൊൽക്കത്തയിൽ ജനിച്ച യുവ നോവലിസ്റ്റ് മേഘാ മജുംദാറുടെ ആദ്യ കൃതിയായ 'A Burning'. തൊട്ടറിയാവുന്നവിധം ഇന്ത്യൻ തന്നെയാണ് പുസ്തകം; അതും ഏവർക്കും അറിയാവുന്ന ഇന്നത്തെ ഇന്ത്യനവസ്ഥയുടെ കലർപ്പില്ലാത്ത പരിച്ഛേദം. ജുംബാ ലാഹിരി, യാ ജ്യാസി Yaa Gyasi - Homegoing), ടോമി ഓറഞ്ച് (Tommy Orange - There There) എന്നിവരെപോലുള്ള ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുമായി പ്രഥമകൃതിയിലൂടെ നോവലിസ്റ്റ് താരതമ്യംചെയ്യപ്പെട്ടു.
വർത്തമാന ഇന്ത്യ
''പൊലീസുകാർ എന്നെയും നിങ്ങളെയും പോലുള്ള സാധാരണക്കാരെ സഹായിച്ചില്ലെങ്കിൽ, അവർ മരിക്കുന്നത് പൊലീസുകാർ നോക്കിനിന്നുവെങ്കിൽ, എങ്കിൽ പിന്നെ സർക്കാറും ഒരു ഭീകരനാണ് എന്നല്ലേ അർഥം?''
കൊൽക്കത്തയിലെ ഒരു ചേരി നിവാസിയായ ജീവൻ എന്ന മുസ്ലിം യുവതിയുടെ ഈയൊരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മേഘാ മജുംദാർ രചിച്ച A Burning എന്ന നോവലിൽ എല്ലാം ആരംഭിക്കുന്നത്. അവളൊരു നടുക്കുന്ന കാഴ്ച കണ്ടതേയുള്ളൂ: ഒരു െട്രയിൻ സ്റ്റേഷനിലടുക്കുന്നു; ആൾക്കൂട്ടം കത്തിച്ചുപിടിച്ച തീപ്പന്തങ്ങൾ അതിെൻറ ജനാലകളിലൂടെ ഉള്ളിലേക്ക് എറിയുന്നു. പുറത്തുകടക്കാൻ മാർഗമില്ലാത്തവിധം കുടുങ്ങിപ്പോവുന്ന ഒട്ടേറെ മനുഷ്യർ അകത്തു കത്തിയെരിയുന്നു. ആരാണ് ഈ ഭീകരപ്രവൃത്തി നടത്തിയതെന്ന് മിക്കവാറും ദൃക്സാക്ഷിയെങ്കിലും ജീവന് കാണാനാവുന്നില്ല. തൊട്ടപ്പുറത്തെ ചേരിയിൽ കഴിയുന്നവളും അപ്പോൾ സ്ഥലത്തുണ്ടാവാൻ ഇടയായവളും എന്നിരിക്കിലും ''ഞാനാകെ കണ്ടത്...ബോഗികൾ, തീപ്പിടിത്തം, വാതിലുകൾ പുറത്തുനിന്ന് പൂട്ടിയിരുന്നു, അപായകരമാംവിധം ചുട്ടുപഴുത്തിരുന്നു'' എന്നാണ് അവൾക്കു വിവരിക്കാനാകുക. നിയമപാലകർ നോക്കിനിൽക്കെ ഒരുകൂട്ടം ആളുകൾ തടഞ്ഞിട്ട തീവണ്ടിക്കു തീവെക്കുന്നതും നൂറിലേറെ ആളുകൾ വെന്തുമരിക്കുന്നതും ഉള്ളിൽ നിറക്കുന്ന രോഷമാണ് പിറ്റേദിവസം ഫേസ്ബുക്കിൽ കുറിക്കുമ്പോൾ അവളുടെ മനസ്സിൽ. ഭർത്താവും മകളും പ്രസ്തുത സംഭവത്തിൽ വെന്തുമരിച്ചതിനെ തുടർന്ന് ദുഃഖംകൊണ്ട് ഭ്രാന്തുപിടിച്ച ഒരു സ്ത്രീയുടെ വിഡിയോ കാണുമ്പോൾ അവളതു ഷെയർചെയ്യുന്നു. ആദ്യം ആരാലും കാര്യമായി ശ്രദ്ധിക്കപ്പെടാതെപോയ പോസ്റ്റ് പൊലീസിെൻറ ധാർമിക പങ്കാളിത്തത്തെ കുറിച്ചുള്ള കമേൻറാടെ വീണ്ടും പോസ്റ്റ് ചെയ്യുമ്പോൾ കടുത്ത അമർഷവും ദുഃഖവും ഉണ്ടായിരുന്നു ജീവന്; എന്നാൽ ഒപ്പം കുറച്ചേറെ ലൈക്കുകൾ കിട്ടാനുള്ള മോഹവും. പക്ഷേ അവൾക്കറിയില്ലായിരുന്നു അതവളുടെ അറസ്റ്റിലേക്കും രാജ്യേദ്രാഹ/ ഭീകരപ്രവർത്തന ആരോപണത്തിലേക്കും നിമിത്തവും തെളിവും ആയിത്തീരുമെന്ന്.
നോവലിസ്റ്റ് മൂന്നു കഥാപാത്രങ്ങളിലൂടെയാണ് മുഖ്യമായും കഥ പറയുന്നത്. ജീവൻ തെൻറ ഫേസ്ബുക്ക് പോസ്റ്റിെൻറ പേരിൽതടവിൽകഴിയുന്നു. പി.ടി സാർ എന്ന് വിളിക്കപ്പെടുന്ന അവളുടെ മുൻ അധ്യാപകനെ അവൾക്കെതിരെ ഉപയോഗിക്കാനായി വലതുപക്ഷ രാഷ്ട്രീയം പാർട്ടിയിലേക്ക് റിക്രൂട്ട്ചെയ്തിരിക്കുന്നു. അവളുടെ പാർട്ട്ടൈം വിദ്യാർഥിനിയും താരപദവി സ്വപ്നം കാണുന്നവളുമായ ലൗലി എന്ന ഹിജഡ അഭിനയക്കളരിയിൽ പരിശീലിക്കുന്നു. ഈ മൂന്നു കഥാപാത്രങ്ങളുടെ മാറിമാറി വരുന്ന വീക്ഷണങ്ങളിലൂടെ ഇതിവൃത്തത്തിെൻറ ഉള്ളുകള്ളികളിലേക്ക് നോവലിസ്റ്റ് നടക്കുന്നു. എന്താണ് ആ ശപിക്കപ്പെട്ട ദിനത്തിൽ സംഭവിച്ചത് എന്നത് ജീവന് മാത്രമാണ് അറിയാവുന്നത്. എന്നാൽ ജീവെൻറ വിധി നിർണയിക്കാൻ കെൽപ്പുള്ള പാർട്ടിയുടെ പ്രവർത്തനങ്ങളും മറ്റു പശ്ചാത്തലങ്ങളും കൂടുതലും പി.ടി സാറിലൂടെയാണ് വ്യക്തമാകുന്നത്. ലൗലിയാകട്ടെ, സമൂഹത്തിൽനിന്ന് പ്രായോഗികമായി ബഹിഷ്കൃത എന്ന നിലയിൽ വല്ലപ്പോഴും നടക്കുന്ന അഭിനയപഠനം ഒഴികെ സാമ്പ്രദായിക വിദ്യാഭ്യാസംപോലുള്ള സാമൂഹിക ആനുകൂല്യങ്ങൾ ഒന്നും ലഭിച്ചിട്ടില്ലാത്ത, സ്വയംശിക്ഷണം നേടിയ തെരുവിെൻറ സന്തതിയാണ്. സ്പോക്കൺ ഇംഗ്ലീഷ് പഠനം അഭിനേത്രിയെന്ന നിലയിൽ മുന്നോട്ടു പോകാൻ അനിവാര്യമാണ് എന്നിടത്താണ് ജീവൻ അവൾക്ക് തുണയാകുന്നത്. അതേ ആവശ്യത്തിനു വേണ്ടി ലൗലിക്ക് നൽകാനുള്ള പുസ്തകങ്ങൾ അടങ്ങിയ പാക്കേജ് ആണ് ജീവനെ സംശയമുനയിൽ നിർത്തുന്ന തൊണ്ടിയായിത്തീരുക എന്നത് ദയനീയമായ വിരോധാഭാസമാണ്. ലൗലി പഠിച്ചതും അറിഞ്ഞതും മറ്റുള്ളവരെ നിരീക്ഷിച്ചു നേടിയെടുത്തതുമായ ധാരണകളാണ് അവളുടെ സപര്യയിൽ അവൾക്ക് സഹായമാവുന്നത്. ലൗലിയുടെ സംസാരരീതിയിൽ ഇങ്ങനെ പഠിച്ചെടുക്കുന്ന 'ഇന്ത്യൻ ഇംഗ്ലീഷി'െൻറ വികലതകൾ പ്രകടമാണ്. പി.ടി സാറിനെ സംബന്ധിച്ചിടത്തോളം ജീവെൻറ കാര്യത്തിൽ, മികച്ച കായിക ഭാവിയുള്ള വിദ്യാർഥിനിക്ക് അവളുടെ ദാരിദ്യ്രത്തിൽ തുണയാവുകയും വഴികാട്ടിയാവുകയും ചെയ്യുന്നുവെങ്കിലും അയാളുടെ പട്ടാളച്ചിട്ടയും വരണ്ട ദേശീയ ബോധവുംചേർന്ന് തെൻറ ശിഷ്യയെ സഹായിക്കാനുള്ള മനഃസ്ഥിതി ഇല്ലാതാക്കുന്നു.
''അവളെക്കുറിച്ച് ചിന്തിക്കുമ്പോൾ, അയാളുടെ ഉള്ളിൽ ഒരു പഴയ ദേഷ്യം ഉണർന്നുവരുന്നു. അവളെ ഒരു ശിഷ്യയായി അയാൾ കണ്ടുതുടങ്ങിയിരുന്നു, എന്നാൽ അവൾ അയാളെ ഒരു മാർഗദർശിയായി കണക്കാക്കിയിരുന്നില്ല. അവൾ, ഒരുപക്ഷേ, വല്ലപ്പോഴും കിട്ടുന്ന ഒരു സൗജന്യ ഉൗണ് എന്നതിനപ്പുറം അയാളെ കണക്കാക്കിയിരുന്നില്ല. അവൾ അയാളെ വിഡ്ഢിയാക്കി. ഇപ്പോൾ അയാൾക്കറിയാമായിരുന്നു, ജീവെൻറ കാര്യത്തിൽ അന്ന് മുതലേ എല്ലായ്പോഴും എന്തോ കുഴപ്പമുണ്ടായിരുന്നു. അവളുടെ ചിന്താരീതിയിൽ എന്തോ കുഴപ്പമുണ്ടായിരുന്നു.''
ഇടവും കാലവും അടയാളപ്പെടുത്തുംവിധം
നഗരത്തിെൻറ പേര് ഒരിടത്തും പറയുന്നില്ലെങ്കിലും വിക്ടോറിയ മെമ്മോറിയൽ, ബോളിഗഞ്ച് തുടങ്ങിയ സൂചകങ്ങളിലൂടെ കൊൽക്കത്തയെ തിരിച്ചറിയാം. പി.ടി സാറിെൻറ രാഷ്ട്രീയ പ്രവേശനത്തിൽ വിവരിക്കപ്പെടുന്ന ജന കല്യാൺ പാർട്ടി, നടനും രാഷ്ട്രീയ നേതാവുമായ പവൻ കല്യാണിെൻറ 2014ൽ രൂപവത്കൃതമായ ജന സേനാ പാർട്ടിയാണെന്ന് മനസ്സിലാക്കുന്നത് നോവലിെൻറ കാലവും വ്യക്തമാക്കുന്നു. ഇത് ജീവൻ അതിവേഗം തിരിച്ചറിയാൻ തുടങ്ങുന്ന പുതിയ ഇന്ത്യയിലെ സമവാക്യങ്ങളെ പശ്ചാത്തലത്തിൽ എത്തിക്കുന്നു. സർക്കാറിനെയോ പ്രധാന മന്ത്രിയെയോ വിമർശിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ കാരണമോ അല്ലെങ്കിൽ അത്തരം പോസ്റ്റുകൾ ഫോർവേഡ്ചെയ്തതിെൻറ പേരിലോ ഒട്ടേറെ പേർ തടവിലാക്കപ്പെട്ട നാട്; ആൾക്കൂട്ട കൊലകളുടെയും മുസ്ലിം വിരുദ്ധത മുഖമുദ്രയായ പൗരത്വ നിയമത്തിെൻറയും കാലം. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പൗരത്വഭേദഗതി നിയമത്തിനെതിരെ നടന്ന സമരങ്ങളിൽ ഇരയാക്കപ്പെട്ട അമ്പതിലേറെ മുസ്ലിംകളുടെ ജീവനും പള്ളികൾ ഉൾെപ്പടെ സ്വത്തുക്കളും വാർത്തയിൽപോലും വേണ്ടത്ര സ്ഥാനംപിടിക്കാതെപോയ കാലം. എൺപത്തിയഞ്ചു കഴിഞ്ഞ വയോധിക അക്ബരി സൽമാനിയെ ഹിന്ദുത്വ ഭീകരർ ചുട്ടെരിക്കുമ്പോൾ പൊലീസ് നോക്കിനിന്ന ഇടം. കുരുക്കു തയാറെങ്കിൽ ജീവൻ തികച്ചും അനുയോജ്യയാണ്: അവൾ സംഭവസമയം സ്റ്റേഷനിൽ ഉണ്ടായിരുന്നു; അവളുടെ കൈയിൽ ഒരു പാക്കേജ് ഉണ്ടായിരുന്നു; അവളുടെ കുടിലിെൻറ പരിസരത്ത് മണ്ണെണ്ണയിൽ മുങ്ങിയ ഒരു തുണിക്കഷണം ഉണ്ടായിരുന്നു; ഒരു 'ടെററിസ്റ്റ് റിക്രൂട്ടറു'മായി അവൾ ഫേസ്ബുക്കിൽ ചാറ്റ്ചെയ്തതിനു രേഖകൾ ഉണ്ടായിരുന്നു; എല്ലാത്തിനുമുപരി, സൗകര്യപൂർവം, അവളൊരു ദരിദ്ര മുസ്ലിം യുവതിയായിരുന്നു. വിചാരണകാത്ത് ഒരു വർഷക്കാലം ജയിലിലേക്കും തുടർന്ന് അനിവാര്യമായ വിധിയിലേക്കും അവൾ വലിച്ചിഴക്കപ്പെടാൻ മറ്റൊന്നും ആവശ്യമില്ലായിരുന്നു.
എന്നാൽ നോവലിസ്റ്റ് സ്തോഭജനകമായ ഇത്തരം പശ്ചാത്തലങ്ങൾ അതി നാടകീയവത്കരിക്കുകയോ അവയിൽ ഏതെങ്കിലും വശങ്ങളിൽ കൂടുതൽ ഉൗന്നുകയോ ചെയ്യുന്നില്ല. ജീവൻ അറസ്റ്റ്ചെയ്യപ്പെടുന്ന നിമിഷംമുതൽ ഒട്ടും അപ്രതീക്ഷിതമല്ലാത്ത ചാലുകളിലൂടെയാണ് ഇതിവൃത്ത വികാസമെങ്കിലും അത്തരം സാധാരണത്വം മടുപ്പിക്കാതെ ആഖ്യാനം മുന്നോട്ടുപോകുന്നത് മുഖ്യമായും നോവലിസ്റ്റിെൻറ വിവരണമിതത്വവും ചടുലതയുംകൊണ്ടാണ്. ഒരു ബലിയാടിനെ വേണ്ടിയിരുന്ന പൊലീസ് ഡിപ്പാർട്മെൻറിന് പുതിയ ഇന്ത്യ ഉറ്റുനോക്കുംവിധം ന്യൂനപക്ഷ വിഭാഗത്തിൽനിന്നുതന്നെ അത്തരം ഒരാളെ കിട്ടുന്നു എന്ന നിമിഷം അവളുടെ വിധി നിർണയിക്കപ്പെടുമെന്നതിൽ ഒട്ടും ഫിക്ഷനൽ എടുത്തുകെട്ടില്ല. പി.ടി സാർ, ലൗലി എന്നിവർക്ക് അവളുടെ നിരപരാധിത്വം തെളിയിക്കാൻ വേണ്ട മൊഴികൾ നൽകാനാവും എന്നത് ഒരു ആദർശലോക പ്രതീക്ഷയാണ് എന്നിടത്താണ് ഇപ്പറഞ്ഞ ഇന്ത്യനവസ്ഥയുടെ യഥാർഥ മുഖം വ്യക്തമാകുന്നത്. ഉദിച്ചുയരുന്ന രാഷ്ട്രീയ ഭാവി മുന്നിലുള്ള ഒരാൾക്ക് അരുമശിഷ്യയെങ്കിലും രാജ്യേദ്രാഹക്കുറ്റം ആരോപിക്കപ്പെട്ട ഒരാളുമായി ഒരിടപാടും ഗുണംചെയ്യില്ല; ആദ്യമായി മികച്ച വേഷംതേടിയെത്തുന്ന അഭിനയമോഹിക്കും ഇമേജ് നിർമിതിയും സംരക്ഷണവും പ്രധാനമാണ്. ഇരുവർക്കും സ്വയം കണ്ണടയ്ക്കാൻ വേണ്ടത്ര ഒഴികഴിവുകൾ ലഭ്യമാണ്: ഇത് തങ്ങളുടെ വരുതിയിൽ നിൽക്കുന്ന കാര്യമല്ലതന്നെ. ഉയർന്നുയർന്നുപോകാനുള്ള വിലയാണ് അത്തരം മനഃസാക്ഷി പ്രശ്നങ്ങൾ എന്നത് ഒട്ടും പുതുമയുള്ള പ്രമേയമല്ലല്ലോ.
അധികാരത്തിെൻറ ഇരകൾ
അധികാരവുമായുള്ള മുഖാമുഖത്തിൽ തോറ്റുപോകുന്ന ചെറിയ മനുഷ്യരുടെ കണ്ണാടിയായാണ് ജീവനെയും അവളുടെ കുടുംബ, സമൂഹ പശ്ചാത്തലത്തെയും നോവലിസ്റ്റ് അടയാളപ്പെടുത്തുന്നത്. കൽക്കരി ഖനനത്തിന് വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്ന ഗ്രാമത്തിലേക്ക് ഇരമ്പിയെത്തുന്ന പൊലീസും അധികൃതരും കുടുംബത്തിെൻറ ഏക ഉപജീവന ഉപാധിയായിരുന്ന പിതാവിെൻറ സൈക്കിൾ റിക്ഷ നശിപ്പിക്കുന്നതുമുതൽ അവളതു നേരിട്ടിട്ടുണ്ട്. തുടർന്ന് തകർക്കപ്പെടുന്ന കുടിലിെൻറ ചിത്രവും വീണുപോയ പിതാവിെൻറ ഓർമയുമായി അത് തുടരുന്നു. ലൗലിയുടെ കാര്യത്തിൽ തെൻറ ഇളയ സഹോദരി രാഗിണിയെ ഹിജഡയാക്കാനുള്ള സർജറി അനസ്തേഷ്യ നൽകാതെ നിർവഹിക്കുന്ന മുറിവൈദ്യൻ കാരണം പഴുപ്പു ബാധിച്ച് അവൾ മരിച്ചുപോകുന്നത് കാണേണ്ടി വന്ന ഗതികേടുണ്ട്; തെൻറ ലിംഗസ്വത്വംമൂലം സമൂഹത്തിൽനിന്ന് നിരന്തരം നേരിടേണ്ടിവന്ന അവമതിയുണ്ട്. എന്നിരിക്കിലും, പ്രഥമ കൃതിയെങ്കിലും നോവലിസ്റ്റിെൻറ കൈയടക്കം ഏറ്റവും പ്രകടമാകുന്നത് ലൗലിയുടെ പാത്രസൃഷ്ടിയിലാണ്. നോവലിെൻറ അപൂർവമായ മൃദുഭാവങ്ങൾ കടന്നുവരുന്നത് അവളിലൂടെയാണ്: ''നിലാവിന് മുഖക്കുരുവുമുണ്ട്'' എന്ന് ചന്ദ്രനെ നോക്കി നിരീക്ഷിക്കുന്ന ലൗലി അവളുടെ ദുരിത ജീവിതത്തിലും പ്രകൃതിയുടെ സൗന്ദര്യം കണ്ടെത്തുന്നുണ്ട്. വ്യാകരണരഹിതവും പതറിയ ഇന്ത്യൻ ഇംഗ്ലീഷ് ശൈലീപ്രയോഗം നിറഞ്ഞതുമായ ലൗലിയുടെ സംസാരരീതിക്ക് അതിേൻറതായ ഒരു സ്വതഃസിദ്ധ നിഷ്കളങ്ക ഭാവമുണ്ട്.
ലൗലി തെൻറ മുന്നിൽ തുറന്നുകിട്ടുന്ന അവസരം സമയോചിതം ഉപയോഗിച്ച് രക്ഷപ്പെടുമ്പോൾ, ജീവൻ അടഞ്ഞുപോകുന്നു: സഹോദരഭാവേന സഹായ വാഗ്ദാനവുമായി എത്തുന്ന യുവ ജേണലിസ്റ്റിനു മുന്നിൽ അവൾ തെൻറ കഥകൾ തുറന്നു പറയുന്നത് തെൻറ നിരപരാധിത്വം തെളിയിക്കുമെന്നും ജയിൽവിമോചിതയായി നല്ല ഭാവിയിലേക്ക് കുതിക്കാം എന്നുമുള്ള വിശ്വാസത്തിലാണ്. വാസ്തവത്തിൽ, നോവലിെൻറ ചടുലമായ മുന്നോട്ടുപോക്കിൽ ഒരിക്കലും ഇടംപിടിക്കാത്ത കുടുംബ പുരാണംപോലുള്ള പശ്ചാത്തല ധാരണകൾ വായനക്കാർക്ക് പകർന്നുകിട്ടുന്നതുതന്നെ ഈ ഭാഗത്താണ്. എന്നാൽ 'കീഴടങ്ങിയ ഭീകരവാദിയുടെ കുമ്പസാരങ്ങൾ' എന്ന തട്ടുപൊളിപ്പൻ കഥയായി മാറ്റിയെഴുതി അയാളത് വിറ്റുകളയുമെന്ന് അവൾക്ക് ഊഹിക്കാൻ കഴിയുമായിരുന്നില്ല. നിസ്സഹായതകൾക്കിടയിലും ജീവൻ നിരന്തരം നിലനിർത്താൻ ശ്രമിക്കുന്ന അതിജീവന ത്വരയും സ്വാതന്ത്ര്യ ബോധവും യഥാർഥത്തിൽ ജേണലിസ്റ്റ് 'ഗുണകാംക്ഷി' സമർഥമായി പ്രയോഗിക്കുന്ന കാപട്യത്തിൽ ദയനീയമായി മുങ്ങിപ്പോവുന്നുവെങ്കിലും അവൾക്ക് തീർത്തും മനസ്സിലാകാതെപോകുന്നില്ല. തെൻറ എഡിറ്റർ അവളുടെ കഥയെ കൂടുതൽ മികച്ചതാക്കും എന്ന് അയാൾ അവകാശപ്പെടുന്നത് അവൾക്ക് വിരോധാഭാസമായിത്തോന്നുന്നുണ്ട്: അവളുടെ കഥ കൂടുതൽ നന്നായേനെ, അവളുടെ അച്ഛെൻറ മുതുകു തകർന്നുപോയിരുന്നില്ലെങ്കിൽ, അമ്മ ആക്രമിക്കപ്പെട്ടിരുന്നില്ലെങ്കിൽ, അവൾ സ്കൂൾ പഠനം പൂർത്തീകരിച്ചിരുന്നുവെങ്കിൽ. ഇതൊന്നും സാധിക്കാതെപോയതിെൻറ വിധി നിർണയിച്ചുവെന്നും പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ വേണ്ടി വധശിക്ഷ നടപ്പിലാക്കാൻ പരമോന്നത നീതിപീഠംപോലും നിർബന്ധിതമാകുന്ന നാട്ടിൽ അവൾക്കു വേറൊരു വിധിയും സാധ്യവുമല്ല എന്നും ഉള്ളിെൻറയുള്ളിൽ അവൾ അറിഞ്ഞിരുന്നുവോ? നോവലിസ്റ്റ് ആ ചോദ്യം വായനക്കാർക്കു വിടുന്നതേയുള്ളൂ. കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളും നിരീക്ഷണങ്ങളും ആവിഷ്കരിക്കുന്നതിനു പകരം സംഭവങ്ങളും അവരുടെ പ്രവൃത്തികളുടെ അനന്തര ഫലങ്ങളും ഏറ്റവുംകുറഞ്ഞ വാക്കുകളിൽ രേഖപ്പെടുത്തുന്ന രീതിയാണ് നോവലിസ്റ്റ് ഉപയോഗിക്കുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.