ചാതുർവർണ്യത്തിനും ജാതിചിന്തക്കുമെതിരെ നിലകൊണ്ടയാളാണ് ബുദ്ധൻ -ബാലചന്ദ്രൻ ചുള്ളിക്കാട്
text_fieldsകോഴിക്കോട്: ചാതുർവർണ്യത്തിനും ജാതിചിന്തക്കുമെതിരെ 2500 വർഷംമുമ്പേ സംസാരിച്ചയാളാണ് ശ്രീബുദ്ധനെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട്. പൂർണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച 'ബുദ്ധവെളിച്ചം- കുട്ടികളുടെ ബുദ്ധൻ' പുസ്തകം പ്രകാശനം ചെയ്ത് ശ്രീബുദ്ധനെയും ബുദ്ധമത തത്വങ്ങളെയുംകുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുമതം ഹിന്ദുത്വ രാഷ്ട്രീയവും ഹിന്ദുത്വ പ്രത്യയശാസ്ത്രവുമായി മാറിയ പരിസ്ഥിതിയിൽ ബുദ്ധന്‍റെ ഈ ദർശനങ്ങൾക്ക് ഇന്ന് വലിയ പ്രസക്തിയുണ്ട്. ആർ.എസ്.എസ് ലക്ഷ്യംവെക്കുന്ന ഹിന്ദുത്വരാഷ്ട്രം മനുസ്മൃതിയിലും ചാതുർവർണ്യത്തിലും അധിഷ്ഠിതമാണ്.
ഹിന്ദുത്വരാഷ്ട്രീയം അധികാരം ലക്ഷ്യംവെക്കുന്ന സാഹചര്യത്തിലാണ് ബുദ്ധന്‍റെ ചിന്ത പ്രസക്തമാകുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ തിന്മയാണ് ജാതിചിന്ത. ബ്രാഹ്മണനും ചണ്ഡാളനും തമ്മിൽ ഒരു വ്യത്യാസവും ഇല്ലെന്നും ചണ്ഡാളനെപ്പോലെത്തന്നെ ബ്രാഹ്മണനും സ്ത്രീയുടെ ഗർഭപാത്രത്തിൽനിന്നാണ് ഉണ്ടായതെന്നും ചുള്ളിക്കാട് പറഞ്ഞു.
ബൗദ്ധചിന്തയെ നമ്മുടെ ഭരണഘടനയിലേക്ക് സ്വാംശീകരിച്ചയാളാണ് ഡോ. അംബേദ്കർ. ബുദ്ധന്‍റെ മനുഷ്യ സമത്വമെന്ന ആശയം ജാതിവിരുദ്ധ ചിന്തയോട് സമന്വയിപ്പിക്കുകയായിരുന്നു അംബേദ്കർ. ഫ്രഞ്ച് വിപ്ലവത്തിന്‍റെ മുദ്രാവാക്യങ്ങളായ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം ആധുനിക ജനാധിപത്യ മൂല്യങ്ങളാക്കി മാറ്റിയതിൽ അംബേദ്കറിന് വലിയ പങ്കുണ്ടെന്നും ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു. ഡോ. കെ. ശ്രീകുമാർ ആമുഖ പ്രഭാഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.