ബാലസാഹിത്യകാരി സുമ പള്ളിപ്രത്തിന്റെ കൃതി അറബിയിലേക്ക്
text_fieldsവൈത്തിരി: ബാലസാഹിത്യകാരി സുമ പള്ളിപ്രം രചിച്ച ‘എന്റെ സ്വകാര്യ ദുഃഖം’ എന്ന കൃതിയുടെ അറബി വിവർത്തന പ്രകാശനം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ കെ.എം.സി.സി സ്റ്റാളിൽ അറബി ഭാഷ പണ്ഡിതനും കൊല്ലം ശ്രീനാരായണ ഗുരു ഓപൺ യൂനിവേഴ്സിറ്റി അറബിക് അക്കാദമിക് കമ്മിറ്റി ചെയർമാനുമായ ഡോ. ഹുസൈൻ മടവൂർ നിർവഹിച്ചു.
ആദ്യ കോപ്പി ഹസിൻസ്പെക്ട് ട്രേഡിങ് കമ്പനി മാനേജിങ് ഡയറക്ടർ അബൂ ഷമീർ (നാട്ടിക) ഏറ്റുവാങ്ങി. സ്വയം ആനയായി സങ്കൽപിച്ച് ആനകളുടെ ജീവിത ദുഃഖങ്ങൾ വിവരിക്കുന്ന ഈ ബാലസാഹിത്യ കൃതിക്ക് ആന സ്വയം കഥ പറയുന്നു എന്ന അർത്ഥത്തിൽ 'അൽ ഫീലു യഹ് കീ അൻ ഹയാതിഹി' എന്നാണ് അറബിയിൽ നാമകരണം ചെയ്തിരിക്കുന്നത്. ഡോ. ഷക്കീർ വാണിമേൽ മൊഴിമാറ്റം നടത്തിയ കൃതി കെ.വി. ഷറഫുദ്ദീൻ ബാഖവിയാണ് എഡിറ്റ് ചെയ്തിട്ടുള്ളത്. കോഴിക്കോട്ടെ ഷറഫീ പബ്ലിക്കേഷൻസാണ് പ്രസാധകർ. വചനം സിദ്ദീഖ്, ശറഫുദ്ദീൻ ബാഖവി, കെ.എം.സി.സി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, പഞ്ചാബി ഭാഷകളിലും കൂടാതെ ആറ് ഗോത്ര ഭാഷകളിലും ഈ കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫ്രഞ്ച്, കന്നട, സംസ്കൃതം, ഉർദു ഭാഷകളിൽ വിവർത്തനം പൂർത്തിയായി. അവ ഉടൻ പ്രസിദ്ധീകരിക്കും. കുട്ടികളിൽ മൃഗങ്ങളോടും മറ്റ് ജീവികളോടും സ്നേഹവും അനുകമ്പയും വളർത്താൻ സഹായിക്കുന്ന നല്ലൊരു ബാലസാഹിത്യ പ്രവർത്തനമാണ് സുമ പള്ളിപ്രം നിർവഹിച്ചതെന്നും ഈ മലയാള സാഹിത്യകാരിയുടെ മൃഗ വാത്സല്യവും കരുണയും അറബ് ലോകമറിയട്ടെയെന്നും ഡോ. ഹുസൈൻ മടവൂർ പറഞ്ഞു. കണ്ണൂർ സ്വദേശിയായ സുമ ഇപ്പോൾ കുടുംബ സമേതം പഴയ വൈത്തിരിയിലാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.