സൈക്കിളിൽ ലോകസവാരി നടത്തുന്ന ദേബ്നാഥിന്റെ യാത്ര പുസ്തകമാകുന്നു
text_fieldsറിയാദ്: സൈക്കിളിൽ ദേശാതിരുകൾ താണ്ടി ലോകശ്രദ്ധ നേടിയ പശ്ചിമ ബംഗാൾ സ്വദേശി സോമൻ ദേബ്‌നാഥിന്റെ യാത്രയും ജീവിതവും പുസ്തകമാകുന്നു. ദേബ്‌നാഥ് സൈക്കിൾ ചവിട്ടിയത് ട്രാക്കിലൂടെ മാത്രമല്ല, വിവിധ രാജ്യങ്ങളുടെ വ്യത്യസ്തമായ ജീവിത സംസ്കാരങ്ങളിൽ കൂടിയാണ്. യാത്രാനുഭവം, മനുഷ്യരുടെ ജീവിതം, ഗോത്ര സംസ്കാരങ്ങൾ, പ്രകൃതിയുടെ കൗതുകങ്ങൾ, ഭക്ഷണം, പാർപ്പിടം, ആതിഥേയത്വം തുടങ്ങി വൈവിധ്യങ്ങളുടെയും വൈജാത്യങ്ങളുടെയും 18 വർഷത്തെ യാത്രയും ജീവിതവുമാണ് ദേബ്നാഥ് അക്ഷരങ്ങളാക്കുക.
റിയാദിൽ ഇന്ത്യൻ എംബസി ഇൻഫർമേഷൻ വിങ് വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ദേബ്നാഥ്. ഏഴ് ഭൂഖണ്ഡങ്ങളിലൂടെ രണ്ട് ദശാബ്ദങ്ങൾ സൈക്കിൾ ചവിട്ടി നീങ്ങിയ സാഹസിക യാത്രയുടെ അനുഭവങ്ങളും പ്രതിസന്ധികളും പറയുന്ന പുസ്തകത്തിന് 'വേൾഡ് ബൈക്കിങ് ഒഡീസി 191 കൺട്രീസ് സെവൻ കോൺഡിനെൻറൽസ്' എന്ന് പേര് നൽകാനാണ് ആഗ്രഹിക്കുന്നതെന്ന് ദേബ്‌നാഥ് പറഞ്ഞു. അടുത്തവർഷം അവസാനത്തോടെ പുസ്തകം പുറത്തിറക്കും. കേവലം ഒരു യാത്രവിവരണം ആയിരിക്കില്ല പുസ്തകം. തന്റെ ആത്മകഥ കൂടിയായിരിക്കുമെന്ന് ദേബ്‌നാഥ് കൂട്ടിച്ചേർത്തു.
പശ്ചിമ ബംഗാളിലെ സുന്ദർബനിൽനിന്ന് 2004 മേയ് 27ന് സൈക്കിൾ ചവിട്ടി തുടങ്ങിയ യാത്ര ഇപ്പോൾ 170 രാജ്യങ്ങൾ പിന്നിട്ട് സൗദി അറേബ്യയിലെത്തിയിരിക്കുകയാണ്. ഇതുവരെ 1,85,400 കിലോമീറ്ററാണ് താണ്ടിയത്. ഇനി 21 രാജ്യങ്ങൾ കൂടി ബാക്കിയുണ്ട്.
ഇന്ത്യയുടെ വൈവിധ്യമായ സംസ്കാരവും പൈതൃകവും ദേശാന്തരങ്ങളിലേക്ക് പകരുകയും എയ്ഡ്സിനെതിരെ ലോകമാകെ നടക്കുന്ന ബോധവത്കരണ പ്രചാരണത്തിൽ പങ്കാളിയാകുകയുംചെയ്യുക തുടങ്ങിയവ ലക്ഷ്യംവെച്ചാണ് ദേബ്‌നാഥിന്റെ യാത്ര. ഇന്ത്യൻ എംബസിയുടെ എല്ലാ പിന്തുണയും സഞ്ചാരിക്കുണ്ടെന്ന് സെക്കൻഡ് സെക്രട്ടറി മോയിൻ അക്തർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.