രണ്ടു ഭാഷയിൽ പുസ്തകമെഴുതി ലോക റെക്കോഡിട്ട് എട്ടു വയസ്സുകാരി
text_fieldsഷാർജ: 'വളരെ ചെറുപ്പത്തിൽതന്നെ കുട്ടികളുടെ കഴിവുകൾ കണ്ടെത്താൻ ഞാൻ ആഗ്രഹിക്കുന്നു' -ഇത് ഏതെങ്കിലും മുതിർന്ന എഴുത്തുകാരുടെ വാക്കുകളല്ല. എട്ടു വയസ്സുകാരി അൽദാബി അൽ മുഹൈരിയുടെ വാക്കുകളാണ്. അത്രയേറെ പക്വതയാണവൾക്ക്. എട്ടാം വയസ്സിൽ അവൾ എഴുതിയ പുസ്തകം ഇപ്പോൾ ഗിന്നസ് റെക്കോഡിലും ഇടംപിടിച്ചിരിക്കുന്നു.
ഷാർജ പുസ്തകോത്സവത്തിലെത്തുന്ന പുസ്തകപ്രേമികളെ അതിശയിപ്പിക്കുന്നുണ്ട് ഈ ഇമാറാത്തി കുട്ടി. രണ്ടു ഭാഷകളിൽ പുസ്തകം ഇറക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടി എന്ന ഗിന്നസ് റെക്കോഡാണ് അൽദാബി സ്വന്തമാക്കിയത്. 'ഐ ഹാഡ് ആൻ ഐഡിയ' എന്ന പേരിൽ കഴിഞ്ഞ ജൂലൈ ഏഴിന് പുറത്തിറക്കിയ പുസ്തകം അറബി, ഇംഗ്ലീഷ് ഭാഷകളിലാണ് തയാറാക്കിയിരിക്കുന്നത്. ഇതിനകം 1000ത്തോളം കോപ്പികൾ വിറ്റഴിഞ്ഞു.
പുതുതലമുറ എഴുത്തുകാരെ വളർത്തിക്കൊണ്ടുവരുകയാണ് തന്റെ ലക്ഷ്യമെന്ന് അൽദാബി പറയുന്നു. ഇതിനായി 'കുട്ടികളിൽനിന്ന് കുട്ടികളിലേക്ക് പുസ്തകം' എന്ന പേരിൽ പ്രത്യേക പദ്ധതിയും തയാറാക്കിയിട്ടുണ്ട്. നാലു മുതൽ 10 വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ ഇംഗ്ലീഷിലോ അറബിയിലോ എഴുത്ത് പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യം.
കഴിഞ്ഞ ഷാർജ പുസ്തകോത്സവം മുതലാണ് അൽദാബി എഴുത്തിൽ സജീവമായി തുടങ്ങിയത്. രക്ഷിതാക്കൾക്കൊപ്പം പബ്ലിഷിങ് കോൺഫറൻസിൽ പങ്കെടുത്തത് മുതലാണ് എഴുത്തിന്റെ വഴിയിൽ കൂടുതൽ നടക്കാൻ തീരുമാനിച്ചത്. ആ കോൺഫറൻസിൽ ഇന്റർനാഷനൽ പബ്ലിഷേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ശൈഖ ബുദൂർ അൽ ഖാസിമി 'ആർക്കെങ്കിലും എന്തെങ്കിലും ചോദിക്കാനുണ്ടോ' എന്ന ചോദ്യമുന്നയിച്ചപ്പോൾ അൽദാബിയും കൈ ഉയർത്തി.
'നിങ്ങളെ പോലെ വലിയ നിലയിലെത്താൻ ഞാൻ എന്ത് ചെയ്യണം' എന്നായിരുന്നു അവളുടെ ചോദ്യം. ഇത് കേട്ട ശൈഖ ബുദൂർ അവളെ വേദിയിലേക്ക് വിളിച്ചു. 'എന്തുകൊണ്ടാണ് വലിയ ആളാവണമെന്ന് ആഗ്രഹിക്കുന്നത്' എന്നായിരുന്നു ശൈഖ ബുദൂറിന്റെ ചോദ്യം. പ്രസിദ്ധീകരണങ്ങളെ കുറിച്ചുള്ള ചിന്തകൾ എനിക്കും പങ്കിടാൻ കഴിയുമെന്ന് അവൾ മറുപടി നൽകി. 'നീയാണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഇമാറാത്തി പബ്ലിഷറെന്നും ഒരിക്കൽ ഈ വേദിയിൽ വന്ന് സംസാരിക്കാൻ കഴിയുമെന്നും' പറഞ്ഞാണ് ശൈഖ അവളെ യാത്രയാക്കിയത്.
ആറു മാസം പ്രായമുള്ളപ്പോൾ മുതൽ അവൾക്ക് പുസ്തകങ്ങളോട് ഇഷ്ടമായിരുന്നുവെന്ന് മാതാവ് മൗസ പറയുന്നു. ചെറിയ പ്രായത്തിൽതന്നെ ഗ്രഹങ്ങളുടെ പേര് പറയുമായിരുന്നു. മൂന്നു വയസ്സ് മുതൽ പുസ്തകങ്ങൾ വായിച്ചുതുടങ്ങി. നാലര വയസ്സുള്ളപ്പോൾ എഴുത്തും സജീവമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.